Site Loader

കാലത്തിന്റെ നാൾവഴിയിൽ കയ്യൊപ്പ് പതിപ്പിച്ച് കൃഷ്ണൻ കുട്ടിയേട്ടൻ യാത്രയായിട്ട് 15 വർഷം. ഏർപ്പെട്ട മേഖലകളിലൊന്നിലും രണ്ടാമനായില്ലെന്ന കയ്യൊപ്പ്. ചെറുകാടിനു ശേഷം കേരളീയ രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കാനായ സമുദായാംഗമായിരുന്നു അദ്ദേഹം. ഇരുവരും യാത്ര ചെയ്ത സമാനമായ ജീവിതപ്പാതയിലെ മുള്ളുകളും പൂവുകളും ഇതിനു കാരണമാകാം.

അര നൂറ്റണ്ടിനപ്പുറത്തെ പോസ്റ്റ് ഗ്രാജുവേഷനും, സവർണ്ണ പശ്ചാത്തലവും വരേണ്യനാകാനുള്ള പശ്ചാത്തലമായിരുന്നു. പിന്നെ ബ്യൂറോക്രാറ്റുകളുടെ ചില്ലുമേടകളിലൊന്നിൽ അടിസ്ഥാന വർഗ്ഗതിന്റെ വിയർപ്പും രോദനവും, വേദനയും ഏശാതെ ശിഷ്ടകാലം സുഖമായി കഴിക്കാം. മുകളിലുവരെ സേവിച്ചും, താഴെയുള്ളവരെ ഭൽസിച്ചും, മറ്റുള്ളവരുടേത് വെട്ടിപ്പിടിച്ചും പ്രമാണിയാവാം. പക്ഷെ, സാമൂഹ്യപ്രതിബന്ധതയെന്ന താന്തോന്നിത്തവും, വിഡ്ഢിത്തവും കൃഷ്ണൻ കുട്ടിയേട്ടനു നല്കിയത് വേറിട്ടൊരു ജീവിതപ്പാതയായിരുന്നു.

അദ്ദേഹത്തിലലിഞ്ഞു ചേർന്ന വിശ്വാസപ്രമാണങ്ങളുടെ ദൃഢത എന്നും രാഷ്ട്രീയക്കാരന്റെ അതിർത്തി രേഖകൾക്കപ്പുറത്തായിരുന്നു. സ്ഥാനമാനങ്ങളുടെ ലാഭനഷ്ടക്കണക്കെടുപ്പുകൾ അറിയാത്ത കൃഷ്ണൻ കുട്ടിയേട്ടനെ പ്രലോഭിപ്പിക്കാൻ രാഷ്ട്രീയക്കാർക്ക് സാധിച്ചിരുന്നുമില്ല.

തുളസീദളത്തിന്റെ ആരംഭകാലം മുതല്ക്കു തന്നെ ദളത്തിലെഴുതാനും അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. ഒരു സമുദായിക സംഘടനയുടെ പ്രസിദ്ധീകരണത്തിന്റെ തീരെ ഗ്ളാമറസല്ലാത്ത പത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്നും ലാഭനഷ്ടക്കണക്കുകളും, പുരോഗമനാത്മക ഇമേജ്-കീപ്പിംഗ് രോഗവും അദ്ദേഹത്തെ തടഞ്ഞതേ ഇല്ല. തുളസീദളത്തിലൂടെ പിഷാരടിമാർ കാലങ്ങളായി ആർജ്ജിച്ച സംസ്കാരിക മഹത്വത്തെയും, സ്ത്രീത്വത്തെ ബഹുമാനിക്കുന്ന(സ്ത്രീധന വിരുദ്ധ നിലപാടുകൾ തുടങ്ങിയവ) സംസ്കാരവിശേഷം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെയും ചൂണ്ടിക്കാണിച്ചു. അതോടൊപ്പം തന്നെ സമുദായത്തിൽ കടന്നു കൂടുന്ന ചില ദുഷ്പ്രവണതകളായ വിവാഹ-മറ്റടിയന്തിര ധൂർത്തുകൾ തുടങ്ങിയവയേയും തന്റെതായ രീതിയിൽ പ്രതികരിച്ചു.

ടി പത്മനാഭൻ, എം കൃഷ്ണൻ നായർ തുടങ്ങിയ മലയാളസാഹിത്യത്തിലെ അതികായന്മാർ വിശ്വസാഹിത്യത്തിലേക്ക് അനായാസമായി കടന്നു ചെല്ലുമെന്ന് അഭിപ്രായപ്പെട്ട ‘മൂന്നാമതൊരാൾ’ എന്ന കഥയിലൂടെയും മറ്റും മാത്രം പരിചയപ്പെട്ട ഒരനുവാചകൻ അദ്ദേഹത്തെ നേരിട്ടുകാണുവാനിടയായാൽ സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിനു മുമ്പിൽ പ്രണമിച്ചു പോകുമെന്നുറപ്പാണ്‌.

മാതൃകാ അദ്ധ്യാപകൻ, നല്ല വാഗ്മി, മികച്ച സംഘാടകൻ എന്നീ നിലകളിലും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച കൃഷ്ണൻ കുട്ടിയേട്ടൻ, ഒടുവിൽ സിനിമ-ടി.വി മാധ്യമരംഗത്ത് അഭിനയം, എഴുത്ത് എന്നീ മേഖലകളിലും കയ്യൊപ്പ് ചാർത്തുകയുണ്ടായി.

സൗമ്യവും ദീപ്തവുമായ, സമുദായസ്നേഹിയായ ഈ ‘മൂന്നാമതൊരാളുടെ’ അനുഗ്രഹം ഇനിയും നമ്മുടെ പുരോഗമനാത്മക പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുമെന്നുറപ്പാണ്‌.

അദ്ദേഹത്തിന്റെ സ്മരണക്കു മുമ്പിൽ യുവചൈതന്യം 2020 ജൂൺ ലക്കം സമർപ്പിക്കുന്നു.

കോവിഡ്-19 മഹാമാരിയാൽ രണ്ടുമാസക്കാലമായി ലോകമെമ്പാടുമുള്ള ജനത വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയുകയാണ്‌. കോവിഡ് കാലം നമ്മുടെ ജീവിത സമവാക്യങ്ങൾ മാറ്റിയെഴുതുന്നു. സ്വയം നോക്കിക്കാണാനും ഇതുവരെ നാം അനുവർത്തിച്ചു പോന്ന പല ധൂർത്തുകളും അനാവശ്യങ്ങളും ഉപേക്ഷിക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും നാം പഠിച്ചേ പറ്റൂ. പഴഞ്ചൊല്ലുകൾ പലതും അർത്ഥവത്താകുന്ന കാലം. വരും തലമുറക്ക് അവയൊക്കെ പകർന്നു നൽകി, ജാഗ്രതയോടെ മുന്നേറാം.

One Reply to “സൌമ്യം, ദീപ്തം”

  1. മുണ്ടുർ കൃഷ്ണൻ കുട്ടിയേട്ടനെ കുറിച്ചുള്ള എഡിറ്റോറിയൽ വളരെ നന്നായിട്ടുണ്ട്.. വെബ്സൈറ്റ് ടീം ന് അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *