Site Loader
സ്മിത ഹരി

തിരികെ വരില്ലെന്നറിയാമെനിക്കെങ്കിലും,
തിരിച്ചു വേണമെനിക്കെൻറെ ബാല്യം.
തിരികെ ഞാൻ പോകുമെൻ തറവാട്ടു മുറ്റത്ത്-
തനിച്ചു ഞാൻ നിൽക്കും വിമൂകയായി .

പഴയൊരാ വീടെന്നെ മാടി വിളിച്ചിടും,
ഒരു പിഞ്ചുപൈതലായ് ഓടി ഞാൻ ചെന്നിടും,
അളവറ്റ സ്നേഹത്തിൻ ആലയമാമതിൽ-
എനിക്കെന്റെ ബാല്യം തിരിച്ചു കിട്ടും.

മുത്തശ്ശി നൽകിയ സ്നേഹത്തിൻ നെയ്യുരുള ,
മുത്തശ്ശൻ നൽകിയ ആദ്യത്തെ രണ്ടണ
എല്ലാമെനിക്കിന്നു തിരികെ വേണമെൻ-
നഷ്ട സൗഭാഗ്യങ്ങൾ തിരികെ വേണം.

മുറ്റത്തെ പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാലിൽ-
കൂട്ടരോടൊത്തോന്നാടിടേണം.
തൊഴുത്തിലെ ‘നന്ദിനി’ പൈക്കിടാവിൻ കൂടെ-
തുള്ളിക്കളിച്ചു തിമിർത്തിടേണം .

തൊടിയിലെ കശുമാവിൻ കൊമ്പിലിരുന്നാടി-
ആകാശം തൊട്ടു വന്നീടേണം.
അമ്മ തൻ സ്നേഹ ശകാരങ്ങൾ കേൾക്കേണം,
അച്ഛന്റെ ‘അമ്മാളു’വായി ചിണുങ്ങണം.

ചേച്ചി’ടടുത്തു കുറുമ്പുകാട്ടീടേണം,
വാശി പിടിച്ചു വെറുതെ കരയണം,
എല്ലാമെനിക്കു തിരിച്ചു കിട്ടേണമെൻ-
പൊയ്പോയ ബാല്യം തിരിച്ചു വേണം.

 

(യുവചൈതന്യം സെപ്തംബർ 2005 ൽ പ്രസിദ്ധീകരിച്ച കവിത )

3 Replies to “എന്റെ ബാല്യം”

Leave a Reply

Your email address will not be published. Required fields are marked *