Site Loader
സുജാത രാജൻ, ഔറംഗബാദ്

അവൾ വന്നിരുന്നു ഇന്നും. കടപ്പുറത്തെ പൂഴി മണലിൽ എന്തോ എഴുതി മായ്ച്ചു കൊണ്ടിരുന്നു അവൾ. ഇടയ്ക്കിടെ കടലിനെ നോക്കിയിരിക്കും. അവൾ ആരെന്നോ എന്തിനാണ് ഒറ്റക്ക് വന്നിരിക്കുന്നതെന്നൊക്കെ അന്വേഷിക്കാൻ അയാളുടെ മനസ്സ് വെമ്പി. പക്ഷെ അവളുടെ സ്വസ്ഥതക്ക് ഭഞ്ജനം വരുത്തുവാൻ അയാൾ ആഗ്രഹിച്ചില്ല.

ഏകാന്തതയിൽ, തിരകളെ നോക്കി ഇരിക്കുന്ന അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. അസ്തമന സൂര്യന്റെ ചുവന്ന കിരണങ്ങൾ അവളുടെ മുടിയിഴകളിൽ നിറങ്ങൾ വാരിയെറിഞ്ഞിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

നിത്യ ജീവിതചര്യയുടെ വിരസതയിൽ, കടപ്പുറത്തെ തിരമാലകളെ നോക്കി ഇരിക്കുമ്പോൾ ഒരു പുതിയ ഉണർവ് തോന്നും. ഈ തിരകളൊക്കെ കടലിൽ നിന്നും അലമുറയിട്ട് കരയിൽ അടിഞ്ഞില്ലാതെയാവുന്നതു പോലെ അല്ലെ മനുഷ്യ ജീവിതവും എന്ന് തോന്നാറുണ്ട് .

സാധാരണ ഒഴിവു ദിവസങ്ങളിൽ മാത്രം കടപ്പുറത്തു വരാറുള്ള തനിക്കു ദിവസവും ഇവിടേക്ക് വരാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ആകർഷണത അവൾക്കു ഉണ്ടെന്നു അയാൾക്ക് തോന്നി. ഇന്ന് എന്തായാലും അവളോട് സംസാരിക്കണം എന്ന് തീരുമാനിച്ചാണ് അയാൾ കടപ്പുറത്ത് എത്തിയത്. ദൂരെ നിന്നും അവളെ നോക്കിയിരിക്കെ അവൾ പതുക്കെ എഴുന്നേറ്റു വെള്ളത്തിന്നരികത്തേക്കു പോകുന്ന കണ്ട് അയാളും എണീറ്റു. വലിയ തിരകൾ വന്നടിഞ്ഞപ്പോൾ അവൾ തന്റെ കൈകുമ്പിളിൽ കുറച്ചു വെള്ളം എടുത്ത് തലയിൽ ഭക്തിപൂർവ്വം ഒഴിക്കുന്നത് കണ്ടു.

ദൂരെ നിന്നും ഒരു വൻ തിര ആരവത്തോടെ വരുന്നത് കണ്ട അയാൾ ഭയന്ന് അവളുടെ അരികിലേക്ക് ഓടി. പകുതിയോളം വെള്ളത്തിലായ അവളെ കൈ പിടിച്ചു വലിച്ചപ്പോൾ അവൾ ശക്തിയായി കുതറി മാറാൻ ശ്രമിച്ചു. “കുട്ടി എന്താ കാണിക്കണ് , ആത്മഹത്യ ശ്രമം ആണോ?” അവൾ അമ്പരപ്പോടെ നോക്കി. അവളെ ഒരു വിധത്തിൽ വെള്ളത്തിൽനിന്നും തിരിച്ചു കൊണ്ടുവന്നു. അവശയായ അവളുടെ മുഖ ഭാവം ഏതോ കഥ പറയാൻ വെമ്പുന്ന ഒരു എഴുത്തുകാരിയുടെതു പോലെ തോന്നിച്ചു. വിതുമ്പി കൊണ്ട് അവൾ ചോദിച്ചു എന്തിനാണ് നിങ്ങൾ എന്നെ രക്ഷിച്ചത്? ഉത്തരം ഒന്നും പറയാതെ അയാൾ അവളെ നനവ് തട്ടാത്ത മണലിൽ മെല്ലെ ഇരുത്തി.

പരിഭ്രമിച്ചു് ഓടി വന്ന ആളുകൾ ഒരു നിശ്വാസത്തോടെ മടങ്ങി പോയപ്പോൾ, അവൾ മെല്ലെ പറയാൻ തുടങ്ങി

…ഈ കടൽ എന്റെ ഭർത്താവിനെയും കുഞ്ഞിനേയും വിഴുങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. എനിക്ക് അവരെ നഷ്ടപെട്ട നാൾ ഞാൻ ശപഥ൦ ചെയ്തതാണ് ഈ കടലിന് ഒരു ദിവസം സ്വയം ഇരയാവണമെന്ന്. ഒരു വർഷം മുമ്പ് വരെ ഒരു സന്തുഷ്ട കുടുംബജീവിതം നയിച്ചവൾ ആയിരുന്നു ഞാൻ. രണ്ടു വയസ്സുള്ള മോനും ഭർത്താവും ഞാനും. കടൽ തീരത്ത് കളിക്കുകയായിരുന്ന മോൻ വീണപ്പോൾ ഒരു തിര അവനെ തട്ടി തെറിപ്പിച്ചു.

അലറി വിളിച്ച എന്നെ തള്ളി മാറ്റി ഭർത്താവ് അവനെ എടുക്കാനായി ഓടി. പക്ഷെ തിരിച്ചു വന്നില്ല. ഏതെങ്കിലും കരയിൽ അവരുടെ ശരീരം അടിഞ്ഞുവോ, അതോ വല്ല കടൽ ജന്തുക്കൾക്ക് ഇരയായോ എന്ന് ഈശ്വരന് മാത്രം അറിയുന്ന സത്യമായ് അവശേഷിച്ചു.

ബന്ധു എന്ന് പറയാൻ ഒരു അകന്ന ചെറിയമ്മ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. വീട്ടുകാരുടെ എതിർപ്പുകൾ എല്ലാം അവഗണിച്ച് എന്നെ സ്വീകരിച്ച അദ്ദേഹത്തോടൊപ്പം അസൂയവഹമായ ഒരു ജീവിതം നയിക്കുമ്പോഴാണ് ഈ ദുർവിധി എനിക്ക് സംഭവിച്ചത്.

ഇനി ഞാൻ ആർക്കുവേണ്ടി ജീവിക്കണം എന്ന് പറയൂ .. കടലും അതിന്ടെ രാക്ഷസഭാവമുള്ള തിരകളും എനിക്ക് വെറുപ്പാണ്, എങ്കിലും എന്റെ സ്വപ്നങ്ങൾ തകർത്ത ഈ തിരകളിൽ അലിഞ്ഞ അവരുടെ ആത്മാക്കളോടൊപ്പം ഞാനും ചേരട്ടെ. എന്നെ തടസ്സപ്പെടുത്തരുത്..

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അയാൾ സ്തംഭിച്ചു പോയി. പക്ഷെ ഉത്തരം നല്കാൻ അയാൾക്കു കഴിഞ്ഞില്ല. . തന്ടെ കൈകൾ തട്ടി മാറ്റി വീണ്ടും ഓടാൻ ശ്രമിക്കുന്ന അവളെ അയാൾ ബലമായി പിടിച്ചു.

എല്ലാ ചോദ്യങ്ങൾക്കുo മറുപടിയായി ഒരു വലിയ തിര ഉയർന്നു പൊങ്ങി, തീരത്തണഞ്ഞു ശാന്തമായി തിരിച്ചു പോയി. അതിന് പശ്ചാത്താപത്തിന്റെയോ നെടുവീർപ്പിന്റെയോ ഒക്കെ ശബ്ദമായിരുന്നു. …….

Leave a Reply

Your email address will not be published. Required fields are marked *