Site Loader

-മുണ്ടൂർ കൃഷ്ണൻ കുട്ടി

 

ഏറെക്കാലത്തിനു ശേഷം രാമപ്പിഷാരടി നാട്ടിലേക്ക് പുറപ്പെട്ടു. മിക്ക പിഷാരോടിമാരും പുറപ്പെടും പോലെ ബോംബെയിൽ നിന്നാണ് നമ്മുടെ കഥാപുരുഷനും പുറപ്പെട്ടത്. ബോംബെയെ മുംബൈ എന്ന് വിളിക്കാൻ പിഷാരടിയോ പിഷാരടിയുടെ പിന്നാലെ പുറപ്പെട്ടിറങ്ങിയ തങ്കം പിഷാരടിയോ അവർക്കും പിന്നിൽ ഇറങ്ങിയ രാജിയോ രാജിയുടെ ബ്രദർ രജനീഷോ തയ്യാറുണ്ടായിരുന്നില്ല. ബോംബെ ബോംബെ മാത്രമാണ് എന്നവർ വിശ്വസിച്ചു.

അവർ വരുന്നത് പിഷാരത്തെക്കാണ്. കൂമൻ തോട് എന്ന ഗ്രാമത്തിലേക്കാണ്. അവിടെ കൂമനോ, കൂമൻ കുളിക്കുന്ന തോടോ ഇല്ല. പിന്നെ ഈയൊരു പേര് കിട്ടാൻ കൂമനും, തോടും ഉണ്ടായേ തീരൂ എന്നൊന്നില്ലല്ലോ ..

ഇന്നും പഴം കാലത്തേക്ക് കയ്യും കാലും ചുരുട്ടി വെച്ച് കൂമൻതോട് വിശ്രമിക്കുന്നു. കൂമൻ തോടിന് കൂമനെപ്പോലെ പറക്കാനോ തോടിനെപ്പോലെ ഒഴുകാനോ വയ്യ. കാലം ഇവിടെ വീണു കിടക്കുന്നു.

“ഇതാണോ അച്ഛൻ പറയാറുള്ള ഗ്രാമം?” ചോദിച്ചത് രജനീഷ് ആയിരുന്നു. ചോദ്യം ഇംഗ്ലീഷിലുമായിരുന്നു.അച്ഛന് അവൻ ഉപയോഗിച്ചത് ഡാഡി എന്നു തന്നെയായിരുന്നു.

തങ്കത്തിനും രാജിക്കും കൈ ഇറക്കാത്ത ജാക്കറ്റായിരുന്നു വേഷം. രണ്ടു പേരും ചുണ്ടു ചുവപ്പിച്ചിരുന്നു. ചുവന്ന ചുണ്ടായതിനാൽ അവർക്ക് ഇംഗ്ലീഷിലെ വർത്തമാനം പറയാൻ പറ്റിയുള്ളൂ. രാജിക്കാവട്ടെ ബ്രദർ രജനീഷിനെപ്പോലെ ഇംഗ്ലീഷിലെ സംസാരിക്കാനറിയൂ. രാമപ്പിഷാരടിക്കും തങ്കം പിഷാരടിക്കും മലയാളം മിക്കവാറും മറന്നു പോവുകയും ചെയ്തിരിക്കുന്നു.

അത് കൊണ്ട് നാടൻ പാതയിലൂടെ നടന്ന് കൂമൻ തോട് പിഷാരത്തേക്ക് കയറുമ്പോഴേക്കും ഡാഡി തൊട്ട് കിഡ്ഡ് വരെ ഉള്ള നാലു പേരും ലേശം ഉച്ചത്തിലും ഇംഗ്ലീഷിലും വർത്തമാനം പറഞ്ഞ് പറഞ്ഞ് വഴിയോരത്ത് കാണാൻ നിന്നവരെയെല്ലാം ഞെട്ടിപ്പിച്ച് കളഞ്ഞു.

വീട്ടിലുള്ളവർ അങ്കിളും ആന്റിയും മറ്റുമായി നന്നെ ബുദ്ധിമുട്ടി. മുത്തശ്ശി കഥകളി മുദ്രയിൽ കാര്യം അറിയിക്കാൻ ശ്രമിക്കവേ വന്നു കയറിയവർ കാര്യം മനസ്സിലാവാതെ കുഴങ്ങി.

എത്രയോ കാലത്തെ വിടവിനു ശേഷമാണ് രാമപ്പിഷാരോടി കൂമൻ തോട്ടത്തിലേക്ക് വരുന്നത്. അത് കൊണ്ട് പിഷാരടി മലയാളം മറന്നു പോയതിൽ ആർക്കും അത്ഭുതം തോന്നിയില്ല.

തുളസിക്കും കറുകപ്പുല്ലിനും അമ്പലത്തിലെ കൊട്ടിപ്പാട്ടിനും സോപാനത്തിനും ശ്രീകോവിലിനും തറവാട്ടിലെ തെക്കിനിക്കും പുറത്തെ ഇരട്ടപ്പടിക്കും ഇംഗ്ലീഷ് കിട്ടാതെ തങ്കം പിഷാരടിയും രാമപ്പിഷാരടിയും അങ്ങോട്ടുമിങ്ങോട്ടും നോക്കി മൗനം കൊണ്ട് വർത്തമാനം പറഞ്ഞു.

ഒരു താവഴിക്കാർക്ക് മുഴുവൻ മലയാളം അറിയാതെ പോയല്ലോ എന്ന് ഖേദിച്ച് മുത്തശ്ശി ‘രാമ രാമ’ ജപിച്ചു കൊണ്ടിരുന്നു.

അമ്പലം എന്ന് പറയുന്നത് ചർച്ച് ആണോ എന്ന് രജ്നീഷ് രാജിയോട് സംശയം ചോദിച്ചപ്പോൾ “ഓൾ മോസ്റ്റ് എ ചർച്ച്’ എന്ന് കിട്ടിയ മറുപടി കൊണ്ട് രജനീഷ് തൃപ്‌തനായി.

രാമപ്പിഷാരടി ബോംബെയിൽ ഇംഗ്ലീഷ് പറഞ്ഞ് ജീവിച്ചത് പിഷാരടിക്ക് ഹിന്ദിയും മറാത്തിയും അറിയാത്തതുകൊണ്ടായിരുന്നു.

“ആർ യു സ്പീക്കിങ് ഇംഗ്ലീഷ്” എന്ന് പലരും സംശയം ചോദിച്ചിട്ടും പിഷാരടി കൂസലന്യേ ഇംഗ്ലീഷ് പറഞ്ഞു.

തങ്കത്തെ വിവാഹം ചെയ്ത് മാമോദീസ മുക്കി തങ്കം പിഷാരടിയാക്കി. തങ്കം ഇന്നും ഇംഗ്ലീഷ് പറയുമ്പോൾ കേൾക്കുന്നവരെല്ലാം ചിരിച്ചു കൊണ്ടു നിന്നതേയുള്ളൂ. കാരണം തങ്കത്തിന്റെ ഇംഗ്ലീഷിൽ ഇംഗ്ലീഷുണ്ടായിരുന്നില്ല.

ബോംബെയിലെ വീട്ടിനുള്ളിൽ ലിപ്സ്റ്റിക്കിൽ തേച്ച ചുണ്ടുകൾ മാത്രമല്ല, സിഗരറ്റു പുകക്കുന്ന ചുണ്ടുകളും ഇംഗ്ലീഷ് പരിശീലിച്ചുകൊണ്ടേയിരുന്നു.

ഇവർ എത്തിയതിന്റെ പത്താം നാൾ കണിയാറ്റെ പിഷാരത്തെ രാഘോപ്പാടിയും രണ്ടു മൂന്ന് പേരും എത്തി. അവരെക്കാണാനും സംസാരിക്കാനുമാണ് രാമപ്പിഷാരടി കുടുംബത്തെയും കൂട്ടി കൂമൻ തോട്ടിലെത്തിയത്.

വന്നവർ രാജിയെ വിസ്തരിച്ചു കണ്ടു. മകൻ നാട്ടിലില്ലാത്തതിനാൽ മകനു വേണ്ടിയും രാഘോപ്പാടി രാജിയെ കണ്ടു.

പിന്നെ എല്ലാവരും വർത്തമാനം പറയാൻ ഇരുന്നു.

“രാജി എത്ര വരെ പഠിച്ചു?”

അവളുടെ പഠിപ്പും പാസ്സും കേട്ട് രാഘോപ്പാടി അന്തം വിട്ടു.

“ബട്ട് ഷി സ്പീക്സ് എ ലാങ്‌വിജ് വിച്ച് നോ ഒൺ ക്യാൻ കാൾ ഇംഗ്ലീഷ് ”

ഇംഗ്ലീഷുമായി വന്ന ബോംബെക്കാരെല്ലാം രാഘോപ്പാടിടെ വാക്കുകൾ കേട്ട് ചമ്മിപ്പോയി .

രാഘോപ്പാടി ഇനി മലയാളം വയ്യല്ലോ എന്ന് വിഷമിച്ച് മിണ്ടാതിരുന്നു. പിന്നെ വർത്തമാനം തുടർന്നത് വിഷമിച്ചു കൊണ്ടായിരുന്നു.

രാഘോപ്പാടി ചോദിച്ചു.

“ക്യാൻ ഷി റീഡ് മലയാളം?”

“നൊ”

“സ്പീക്?”

“നൊ”
രാഘോപ്പാടിക്ക് ഒന്നും തൃപ്തിയാവുന്നില്ലെന്ന് കണ്ട് രാമപ്പിഷാരടി വിഷമിച്ചു. അയാൾ തന്റെ ഇംഗ്ലീഷിൽ ഇങ്ങനെ പറഞ്ഞൊപ്പിച്ചു.

“ഇപ്പോൾ എത്ര കിട്ടി എന്ന് നോക്കിയാണ് വരൻറെ അന്തസ്സ് മറ്റുള്ളവർ നിശ്ചയിക്കുക എന്ന് കേൾക്കുന്നു. ഞാൻ അതിനും തയ്യാറാണ്. അഞ്ചോ ആറോ ലക്ഷം തരാൻ എനിക്കിപ്പോൾ സാധിക്കും. എനിക്ക് ഒരു മകളല്ലേ ഉള്ളൂ.

രാമപ്പിഷാരടിയുടെ ഇംഗ്ലീഷ് ഗ്രഹിക്കാൻ രാഘോപ്പാടി നന്നേ ബുദ്ധിമുട്ടി.. ബുദ്ധിമുട്ടിയാണെങ്കിലും സംഗതി പിടി കിട്ടിയപ്പോൾ രാഘോപ്പാടി മൂക്കത്ത് വിരൽ വെച്ചില്ലെന്നേയുള്ളു.

“ഐ കാണ്ട് മെയ്ക് ഔട്ട് വോട്ട് യു ആർ ട്രയിങ് ടു സേ.. ഇഫ് ഇറ്റ് ഈസ് എ ബൗട്ട് ഓഫറിങ് ഡൗറി ട് ഗെറ്റ് ദ് മാറിജ്‌ ഫിക് സ്ഡ്, ഐ പിറ്റി യു. ദിസ് സിസ്റ്റം ഈസ് ക്വയറ്റ് ഫോറിൻ ടു അവർ കമ്യൂണിറ്റി..

രാഘോപ്പാടി കൽപ്പിച്ചു കൂട്ടിയാണ് ഇംഗ്ലീഷ് പറഞ്ഞത്. സ്ത്രീധനം എന്ന നശിച്ചൊരു സമ്പ്രദായം പിഷാരോടിമാരുടെ ഇടയിലേക്കും കടത്തിക്കൊണ്ടു വരാനുള്ള പുതുമടിശ്ശീലക്കാരുടെ ശ്രമത്തിൻറെ ഒരു തെളിവാണ് രാമപ്പിഷാരോടിയുടെ വാക്കുകൾ. അതിനെതിരായുള്ള തൻറെ ധാർമിക രോഷം പ്രകടിപ്പിക്കുകയായിരുന്നു രാഘോപ്പാടി.

രാഘോപ്പാടി പിന്നീട് പച്ച മലയാളത്തിൽ ഇത്രയും കൂടി പറഞ്ഞു.

“എൻറെ മകൻ അമേരിക്കയിലെ ഒരു സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുകയാണ്. അവന് നല്ല മലയാളം സംസാരിക്കാനറിയാവുന്ന ഒരു നാടൻ പെണ്ണിനെയാണ് ആവശ്യം. അവൾ ബോംബെയിലോ ലണ്ടനിലോ, എവിടെയും പഠിച്ചോട്ടെ. ഇംഗ്ലീഷും അറിഞ്ഞോട്ടെ. പക്ഷെ, മലയാളം അറിയണം. അമ്പലത്തില് മാല കെട്ടാനറിയണം. നാട്ടിൽ വരുമ്പോഴെങ്കിലും അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് മുടിത്തുമ്പിൽ തുളസിപ്പൂ ചൂടണം. അതു കൊണ്ട് മറിച്ചൊന്നും തോന്നരുത്. നമുക്ക് ഈ ആലോചന, ഇവിടെ നിർത്തി നല്ല പരിചയക്കാരായി പിരിയാം.

രാഘോപ്പാടിയും കൂട്ടരും തിരിച്ചു പോയി.

അത്ഭുതമെന്ന് പറയട്ടെ, രാമപ്പിഷാരടിക്കും തങ്കം പിഷാരടിക്കും രാജിക്കും രജ് നീഷിനും മറന്നു പോയ മലയാലമല്ല, മലയാളം തിരിച്ചു കിട്ടി.

തിരിച്ചു പോവുമ്പോൾ അവർ മൻക്ളീഷല്ല, മലയാളമാണ് സംസാരിച്ചത്..

 

(1996 തുളസീദളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ)

2 Replies to “അവരുടെ മംഗ്ളീഷ്”

  1. മുണ്ടുർ കൃഷ്ണൻകുട്ടിയുടെ കഥ വായിച്ചു അത്യധികം സന്തോഷം തോന്നി, യുവചൈതന്യത്തെ അഭിനന്ദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *