ജൂൺ 29നു നമുക്ക് നഷ്ടമായത് തെളിഞ്ഞു കത്തിയിരുന്ന ഒരു ദീപ നാളത്തെയാണ്. ആ പ്രകാശം പൊലിഞ്ഞതോടെ മുന്നിൽ ഇരുട്ട് നിറയുകയും നിശ്ശബ്ദത പരക്കുകയും ചെയ്തു. നിറഞ്ഞ സൗഹൃദം സമ്മാനിച്ച ആ മഹാനുഭാവൻ വിടപറഞ്ഞതോടെ തീവ്രമായ ഒരു നൊമ്പരം നെഞ്ചിനുള്ളിൽ പിടഞ്ഞു…..
എന്നാൽ ഓർമ്മകളിൽ ബാബു ഏട്ടൻ വസന്തം വിരിയിച്ച ഒരു ജീവിത വിസ്മയമാണ്. വറ്റാത്ത ഉണർവ്വിൻ്റെയും ഉത്സാഹത്തിൻ്റെയും പ്രതിരൂപമായിരുന്നു. സമാജത്തിൻ്റെ കലാവിരുന്നുകൾ അവിസ്മരണീയമാക്കാനും ചെറുപ്പക്കാരെ ആകർഷിക്കാനും അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു.
വിജയം കൊണ്ടാടിയ അനേകമനേകം സിനിമകളിലൂടെ ആസ്വാദകരുടെ മനം കവർന്നു. നിരവധി അവാർഡുകൾ അദ്യേഹത്തെ തേടിയെത്തി. സിനിമാ മോഹം എനിക്കും ആവേശമായപ്പോൾ എന്നെ കൈ പിടിച്ചുയർത്തിയതും ആ വലിയ മനുഷ്യൻ തന്നെ.
പിന്നീട് ജീവിതം മുഴുവനും അദ്ദേഹവുമായും കുടുംബവുമായും അടുത്തിടപഴകാനും പല കാര്യങ്ങളിലും ഒന്നിച്ച് പ്രവർത്തിക്കാനും കഴിഞ്ഞത് എനിക്ക് പുതിയ തിരിച്ചറിവുകൾ നേടാൻ സഹായകമായി. അദ്ദേഹത്തെപ്പോലെ തന്നെ ഉത്സാഹശീലയായ ഉത്തമ ഭാര്യ ജ്യോതിയും, കലാകാരനായ അച്ഛൻ്റെ ഗുരുത്വവും അനുഗ്രഹവും ഏറ്റുവാങ്ങിയ ചലച്ചിത്ര നായികയായ ശ്രവണയും, ഛായാഗ്രാഹകനും സംവിധായകനുമായ ദർശൻ പിഷാരോടിയും തിളക്കമുള്ള രത്നങ്ങളായി വളർന്നു കഴിഞ്ഞു.
പല കലാവിരുന്നുകൾക്കുമായി മാസങ്ങളോളം നടത്തിയ മുന്നൊരുക്കങ്ങൾ പലപ്പോഴായി ഒന്നിച്ചുള്ള യാത്രകൾ, ചർച്ചകൾ, നർമ്മസല്ലാപങ്ങൾ, പൊട്ടിച്ചിരികൾ, ഊഷ്മളമായ നിമിഷങ്ങൾ അത് മാത്രം മതി ഒരു ഊർജ്ജ പ്രവാഹമായി ഇനിയുള്ള കാലം ജീവിക്കാൻ. ഒരു ജീവചൈതന്യമായി അനുനിമിഷം ബാബു ഏട്ടൻ നമ്മോടൊപ്പമുണ്ട്. ആ മറക്കാനാവാത്ത ചിരിയും ആ എനർജിയും നമുക്ക് തരാൻ ഭൗതിക ശരീരം ഇവിടെ ഇല്ലന്നേയുള്ളു.
തനിക്കു ചുറ്റുമുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ സ്വന്തം ആളായി മാറാനും കഴിഞ്ഞിരുന്നത് അദ്ദേഹത്തിലെ നന്മയാണ്. ആ നന്മയാണ് എൻ്റെ ബാബു ഏട്ടൻ…..!