Site Loader
സംഗീത മഹേഷ്

മുറ്റത്തെ മാവിന്മേലൂഞ്ഞാലു കെട്ടണം
മറ്റന്നാളെത്തീടും മക്കളെല്ലാം

മൂത്തകായക്കുല നോക്കിയെടുക്കേണ-
മേറ്റo പ്രിയമുള്ളൊരു പ്പേരിയ്ക്കായ്.

മുറ്റമെല്ലാം കളവെട്ടിമാറ്റി, കുഞ്ഞു –
മക്കളൊന്നോടിക്കളിക്കവേണം.

പേരക്കിടാങ്ങളെ കണ്ടോരു നേരത്തു
പ്രായമൊട്ടൊന്നു കുറഞ്ഞ പോലെ

ഓണമിന്നെത്തിയ്യി വീട്ടിലും നിങ്ങളാ-
ലോണം പോലിന്നീ വീടുണർന്നു

ഓണസ്സദ്യയ്ക്കോ സ്വാദു മേറീ, യിന്നീ-
യോണ മുണ്ടെൻ്റെ മനം നിറഞ്ഞേ

ഓണത്തിനായെണ്ണിക്കാത്തിരുന്നൂ
ഓരോ ദിനവുമൊന്നോടുവാനായ്

നല്ലോണം കണ്ടോട്ടെ കൺകുളിരും വരെ,
നെല്ലിട കൂടെയെൻ കുഞ്ഞുങ്ങളെ

ഓണമാക്കേണ്ട, അടുത്തോരവധിയ്ക്കു-
ഓടി വന്നാൽ, അന്നൊരോണ മായീ

ഓമനക്കാലുകൾ ഓടിത്തിമിർക്കുന്നൊ-
രോർമ്മകളും ഞാനും മാത്രമായീ

പോകാതെ മക്കളെയെന്നു മനം വിങ്ങി
‘പോയി വരൂ’ എന്നു യാത്രയാക്കീ

ഉമ്മറത്തീറനാം കുഞ്ഞുടുപ്പും, പിന്നെ
തൃക്കാക്കരപ്പനും ബാക്കിയായി.

Leave a Reply

Your email address will not be published. Required fields are marked *