Site Loader
രമ പ്രസന്ന പിഷാരോടി

 

മേൽവിലാസം തേടി ചില ചിന്തകൾ അനുവാദം ചോദിക്കാതെ ശിരസ്സിലെ ജാലകങ്ങൾ തുറന്ന് സ്ഫോടനാത്മകമായ വിഭ്രമം സൃഷ്ടിച്ച് ബാവുൾ ഗായകരെ പോലെ ചടുലതാളം മുഴക്കി ഏകതാരമീട്ടി ഏകാന്തതയുടെ നിത്യഗോപുരങ്ങൾ തകർത്ത് ബീഥോവൻ്റെ സിംഫണിയിലെത്തി നിൽക്കുമ്പോൾ പ്രകാശവർഷങ്ങൾ നിമിഷങ്ങളായി മാറുന്നു. ഒരു നിമിഷത്തിൽ മനസ്സ് യാത്ര ചെയ്യുന്നതിൻ്റെ സ്പീഡോമീറ്റർ അപകടസാദ്ധ്യതയില്ലാതെ ഉയർന്ന് പോകുന്ന തീക്കനൽ സായാഹ്നത്തിൽ ബാക്ക് ടു ദി ഫ്യൂച്ചറിലുണ്ടാകാനിടയുള്ള ഒരു യന്ത്രമാപിനിയിലാണിപ്പോൾ ചിന്തകളുടെകൊളാഷ്.

അഴികളില്ലാത്ത വീടിനിപ്പോൾ ഒരു അഴിയുണ്ട്. ദൃശ്യാദൃശ്യമായ ആകസ്മികതകളിൽ നിന്ന് കൊടുമുടികളിൽ നിന്ന് ഭൂമിയെ സ്പർശിച്ച് ചിന്തകൾ ദേശദേശാന്തരങ്ങളിലേയ്ക്ക് യാത്രചെയ്യുന്നു. കടിഞ്ഞാണും, തേരാളിയുമില്ലാതെ രഥയോട്ടം നടത്തുന്നവരാണ് മനസ്സിലെ ചിന്തകളുടെ അശ്വങ്ങൾ.

തുടക്കവുമവസാനവുമില്ലാതെ മനസ്സ് സഞ്ചരിക്കുന്ന പാതകളിലിരുന്ന് ബാക്ക് ടു ദി ഫ്യൂച്ചർ എന്താവും എന്നാലോചനയിലിരിക്കുമ്പോൾ ചിന്തകളുടെ ലോകത്തിലൊരു പണിപ്പുര ഉയർന്നുയർന്നു വരുന്നു. പുതിയ യന്ത്രപ്പുരകളിൽ കാറിനെന്നപോൽ മനുഷ്യർക്കും തൊട്ടാൽ ശബ്ദിക്കുന്ന ബീപ് ബീപ് എന്നൊരു യന്ത്രം. ഒരു ചെറിയ റിമോട്ട് കൺട്രോൾ. കാറിൽ അറിയാതെ തൊട്ടാൽ ആപൽ സൂചനയുടെ ബീപ് ഉയരും പോലെ ഒരു വൈറസ് അരികിലെത്തിയാൽ ബീപ്ബീപ് എന്ന് അപായമണി മുഴക്കുന്ന യന്ത്രം. വാച്ച് പോലെ കൈയിൽ കെട്ടാനാകുന്നത്. ഒളിക്യാമറ പോലെ പെന്നിൻ്റെ മൂടിയിലൊളിപ്പിക്കാം അന്യഗ്രഹഹ ജീവികളെ പോലെയുള്ള വൈറസ് അരികിൽ വന്നാൽ യന്ത്രം അലേർട്ട് തരും. ബീപ് ബീപ് എന്ന അലേർട്ട് കേട്ടാലുടൻ നാം ചെയ്യേണ്ടത് ഒരു ബട്ടൺ ഓണാക്കുക മാത്രം. പാരച്ച്യൂട്ട് പോലെ ഒരു വൈറസ് പ്രൂഫ് കവചം നമ്മെ പൊതിയും .

അലൻ സോളി, വാൻ ഹ്യൂസൻ, പീറ്റർ ഇംഗ്ളണ്ട് ഇതേ പോലെ പേരുകളുള്ള പ്രമുഖ ബ്രാൻഡ് കവചങ്ങൾ മാർക്കറ്റിൽ ലഭ്യമാകും. തിരുപ്പൂരിൽ ഒറിജനലിനോടൊപ്പം ബ്രാൻഡ് കോപ്പിയും നിർമ്മിക്കാനാരംഭിക്കും . കവചത്താൽ മൂടിയ നമ്മളുടെ മുഖം തിരിച്ചറിയാൻ ഐഡൻറിറ്റി കോഡ് ഉണ്ടാകും. അത് പ്രസ് ചെയ്യുമ്പോൾ ഒരു സ്ക്രീനിൽ നമ്മുടെ മുഖം തെളിയും.

ഇന്ത്യൻ ഡിസൈനേഴ്സ് പുതിയ കവച ബ്രൈഡൽ വെയേഴ്സ് ഉണ്ടാക്കും. പേസ്റ്റൽ ബ്ളൂ, ഇൻഡിഗോ, കോപാക്ട് ഇങ്ങനെയുള്ള സ്റ്റൈലിഷ് പേരുകൾ അതിനോട് ചേർക്കപ്പെടും.

ഓസ്ക്കാർ നോമിനേഷൻ കിട്ടണമെന്ന ആഗ്രഹത്തോടെ ഹോളിവുഡ് അതീവഗൗരവമുള്ള സിനിമകൾ നിർമ്മിക്കും. അതീവ ഭീകരനായ ഒരു കൊറോണ, ലാബിൽ നിന്നിറങ്ങുന്നതും, സ്പെഷ്യൽ ഇഫക്ടും സൗണ്ടും അതിൻ്റെ ഭീകരത വർദ്ധിപ്പിക്കുന്നതും നമ്മൾ കാണും. ബോളിവുഡിൽ ഒരു പാട്ടും ആക്ഷനും റൊമാൻസും കൊറോണ സിനിമിയിൽ ചേർത്തു വയ്ക്കുമ്പോൾ മലയാളത്തിൽ, മലയാളിയുടെ റിയലിസ്റ്റിക് രീതികൾ കണ്ട് സ്വയമേധയാ തിരികെ പോകുന്ന നോവൽ കൊറോണ ഡിസംബർ 2019 എന്ന കോവിഡ് 19 ആകും ഉണ്ടാവുക. നായകനും നായികയും ഫാമിലിയും കൊറോണയ്ക്ക് യാത്രയയപ്പ് നൽകുന്ന സീനാവും അവസാനമുണ്ടാവുക.

മാളുകളിലും, മൾട്ടിപ്ള്ക്സുകളിലും കാണാറുള്ള മെറ്റൽ ഡിറ്റ്ക്ടർ പോലൊന്ന് വീടിൻ്റെ വാതിലിനരികിലുണ്ടാകും. കടന്ന് പോകുമ്പോൾ വൈറസുണ്ടെങ്കിൽ ബീപ് ബീപ് എന്നടിക്കുന്ന യന്ത്രം. പുറമെയുള്ള കവചം വാതിലിനരികിലെ ചെരുപ്പ് സ്റ്റാൻഡ് പോലെ പണിതിരിക്കുന്ന സ്റ്റെറിലൈസറിലേയ്ക്ക് വയ്ക്കുക സ്വിച്ച് ഓണാക്കുക. 20 സെക്കൻ്റിൽ വൈറസുകളില്ലാതാകുന്നു. വീടിനുള്ളിലേയ്ക്ക് കയറും മുൻപ് ഒരു സ്മോക്ക് ഫിനീഷ്.. കണ്ണുകൾ മൂടി ഈ സ്മോക്ക് വാതിലിലൂടെ ഉള്ളിലേയ്ക്ക് കയറുക. പുറമേ നിന്നുള്ള വൈറസുകൾ മുഴുവൻ അതോടെ ഇല്ലാതാകും

വീടിനുള്ളിലുമുണ്ടാകും ഒരു റിമോർട്ട് കൺട്രോൾ. ഏതെങ്കിലും പ്രതലത്തിൽ വൈറസിൻ്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ ഒരു യന്ത്രം ബീപ് ചെയ്യും അതോട് കൂടി ക്ളോസ് സർക്യൂട്ട് ടി വിയിൽ വൈറസിരികുന്ന സ്ഥലം തെളിയും.. അറ്റാക്ക് എന്ന ഓപ്ഷൻ കൊടുക്കുമ്പോൾ ആഞ്ചിയോപ്ളാസ്റ്റി പോലെ കീഹോൾ സർജറി പോലെ വൈറസിനെ ഒരു ലേസർ കരിച്ചു കളഞ്ഞിട്ടുണ്ടാകും..

യന്ത്രങ്ങളുടെ പേറ്റൻ്റിന് വേണ്ടി ലോക രാഷ്ട്രങ്ങൾ മൽസരിക്കും യന്ത്രങ്ങൾക്ക് പിടികൊടുക്കാനാവാത്ത വൈറസുകളെ എങ്ങനെ ലാബിലുണ്ടാക്കാമെന്ന് അതീവരഹസ്യമായി ശാസ്ത്രഞ്ജന്മാർ രാവും പകലും ഉറങ്ങാതെ പല ബയോളജിക്കൽ ടെസ്റ്റുകളും നടത്തും.

ആയുധങ്ങൾ വിൽക്കുന്ന രാജ്യങ്ങൾ ഇനിയുള്ള യുദ്ധങ്ങൾ സൂക്ഷ്മാണുക്കൾ മുഖേനെയാണെന്നതിനാൽ കെട്ടിക്കിടക്കുന്ന ആയുധങ്ങൾ മൂന്നാം രാഷ്ട്രങ്ങൾക്ക് വിറ്റഴിച്ച് നഷ്ടം വരാതെ രക്ഷപ്പെടും. തോക്കും ബോംബും കെട്ടി ആളെക്കൊല്ലുന്ന തീവ്രവാദികൾ തങ്ങൾ ഇനിയെന്തിന് സ്വയം സൂയിസൈഡ് ബോംബേഴ്സ് ആകണം എന്നാലോചിച്ച് വശം കെടും

ഭൂമി അത്ര സുരക്ഷിതമായ ഇടമല്ലെന്നൊരു തോന്നൽ ഭാരതത്തിനുണ്ടായേക്കും. മംഗൾയാൻ പോലെ വേറെ ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ നിലനിർത്താനാകുമോ എന്ന് ISRO ശാസ്ത്രഞ്ജന്മാർ രാവും പകലും ഗവേഷണങ്ങളിൽ മുഴുകും..

പെൻ്റഗണിലെ ബുദ്ധികേന്ദ്രങ്ങളും, വന്മതിലരികിലെ ഇരുമ്പുമറയ്ക്കുള്ളിലെ നിഗൂഢതയും, ലോകത്തിലെ ആയുധപ്പുരകളും ചെരിയുന്ന ഗോപുരത്തിലെ ‘ക്യാമ്പനിലെ‘ എന്ന ബെൽ ടവറും, ടൈഗ്രിസ്സും, യൂഫ്രട്ടീസുമൊഴുകുന്ന ദേശപ്പെരുമയും എല്ലാമെല്ലാം അന്നുണ്ടാകുമോ എന്നറിയില്ല..

ഭൂമി മഞ്ഞുയുഗത്തിൽ നിന്ന് ശിലായുഗത്തിലൂടെ അനവധി സംസ്ക്കരണ പ്രക്രിയയിലൂടെ, പ്രകൃതിയുടെ ഋതുക്കളുടെ, സമുദ്രങ്ങളുടെ, പർവ്വതങ്ങളുടെ, നദികളുടെ പരിലാളനയിൽ ഹരിതാഭമായിരുന്ന നാളിലൊന്നിൽ മനുഷ്യനെന്ന ബുദ്ധിജീവി കളിപ്പാട്ടം പോൽ ഭൂമിയെ കാൽപ്പന്ത് കളിക്കാൻ തുടങ്ങിയ നാളിലാകാം കോവിഡ് കുടുംബം ഇങ്ങനെയൊരു ഇൻവേഷൻ എന്ന അധിനിവേശത്തിനൊരുങ്ങിയത് എന്ന രീതിയിലുള്ള അനേകമനേകം ഫിലോസഫിക്കൽ ലേഖനങ്ങൾ നമ്മൾ വായിച്ചു കൊണ്ടേയിരിക്കും…

ചിന്തകൾക്ക്ഭൂമിശാസ്ത്രപരമായ അതിരുകളില്ല. ലോകാലോകപർവ്വതം കടന്ന് ഗന്ധമാദനവും, സപ്തർഷികളുടെ ലോകവും കടന്ന് ചിന്തകൾ സഞ്ചരിക്കുന്നു. യന്ത്രങ്ങൾ മന്ത്രിക്കുന്നു. ‘ബീപ് ബീപ്’ കവചത്തിനുള്ളിലേയ്ക്ക് അഴികൾക്കുള്ളിലേയ്ക്ക് ധ്യാനത്തിലാകാം.

ആധികാരികമായി ചിന്തിക്കുമ്പോൾ സ്മാരകശിലകളിൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളിൽ നിന്നും എല്ലാ അധിനിവേശങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ വിളക്കുമായി പ്രദിക്ഷണം ചെയ്യുന്ന ഭൂമിയെയാണ് കാണാനാവുന്നത്.. മേൽ വിലാസം തേടിയോടുന്ന ചിന്തകൾ ആ വിളക്കിലെ പ്രകാശത്തിൽ നിന്ന് പ്രതീക്ഷയുടെ ചെറുതിരികൾ വീണ്ടും തെളിയിക്കുന്നുണ്ട്.. അഗ്നി എല്ലാറ്റിനും സാക്ഷിയാകുന്നു. സൂര്യനെപ്പോലെ..

Leave a Reply

Your email address will not be published. Required fields are marked *