ആരാണിതാരോ തുറന്നു തരുന്നുണ്ടീ
തറവാടിൻ പൂമുഖ വാതിലുകൾ
ഉമ്മറപ്പടിയും കടന്ന് നീങ്ങുമ്പോൾ
കാണായിതോരോരോ നിഴലുകൾ ചുറ്റിലും
ഒരുപാടു കാലം കൊടികുത്തിവാണൊരാ
കരളുറപ്പുള്ള പ്രഭുക്കളാണോ ….
രാവെന്നോ പകലെന്നോ വേർതിരിവില്ലാതെ
‘ റാ ‘ നെന്നു മൂളിയ കാര്യക്കാരോ
തെക്കിനിത്തറയിൽ നിറഞ്ഞു നിൽക്കുന്നൊരാ
ഉഗ്രസ്വരൂപികൾ ഭഗവതിമാരോ
കോലായിലെന്നും കൂട്ടം പറയുന്ന
വീട്ടുകാരാകുന്ന നാട്ടുകാരോ
നടുമുറ്റച്ചതുരത്തിൽ ഇറ്റിറ്റു വീഴുന്ന
മഴനീർക്കണങ്ങൾ തൻ നൊമ്പരമോ
മഴയില്ലാ നേരത്ത് ഓടിയണയുന്ന
വെയിലിന്റെ ചൂടാർന്ന കിരണങ്ങളോ
ഒരുപാട് പാത്രങ്ങൾ ഒരുപാട് കൈകളും
ഒരുമിച്ച് ചിലച്ചോരടുക്കളയും
ഒരുപാട് നേരം ഒരുപാട് വിശപ്പിനെ
ഒരുമിച്ച് തീർത്തോരമ്മമാരോ
വടക്കേപുറത്തെന്നും താളും തകരയാൽ
കോലായ നിറയ്ക്കുന്ന വേലക്കാരോ
ആരുമില്ലാരുമില്ലിവിടം പരതിയാൽ
ആ കാലമെല്ലാം കടന്നു പോയോ
വടക്കേ കെട്ടിലെ പാതി തുറന്നൊരാ
വൈരക്കട്ടിലും കഥയതു ചൊല്ലുന്നോ
കാണായ കാഴ്ചകൾ കണ്ടൂരസിച്ചീടാൻ
കൂട്ടമായ് കന്യമാർ കൈകളും തന്നിലാകം
അരുകിലെ കോവണിപടിയതു കയറിയാൽ
നീളുമീയിരുട്ടത്ത് വഴികളിതെല്ലാം
പേരിട്ട് വിളിക്കുവാൻ ഒരുപാട് മുറികളും
ദിക്കുകൾ നാലിലും ചേർന്നു കിടപ്പാണേ
എല്ലാമിതെല്ലാം ശൂന്യമായ് കാണുമ്പോൾ
നിറയുമോ വിതുമ്പുമോ മനതാരിൻ ഓളങ്ങൾ
ഒരുപാട് ശയനത്തിൻ ശയ്യയൊരുക്കിയും
ഒരുപാട് കഥയവ പറഞ്ഞു തേങ്ങീ
അവിടന്ന് ചെറിയൊരു കോണി ചവിട്ടിയാൽ
മുകളിലായ് നരച്ചീറിൻ താവളം കാണാം
വേറിട്ട് നിൽക്കുന്ന തട്ടിൻപുറങ്ങൾ
തെക്കിനീടേതോ വടക്കിനീടേതോ
താഴേയ്ക്കിറങ്ങി വന്നിരുന്നിട്ടൊരാശ്വാസ
നിശ്വാസ നെടുവീർപ്പിൻ നേരമായീ
കാണാനിനിയും പലതുണ്ടു കാഴ്ചകൾ
കണ്ടാൽ മതിവരാതോർമ്മതൻ വീചികൾ
നടുമുറ്റക്കോണതിൽ ഒതുങ്ങിക്കിടക്കുന്ന
ചന്ദനച്ചാണതൻ മുഖമിന്നു വാടിയോ
ഒരുപാടു നെറ്റിയിൽ തിലകങ്ങൾ ചാർത്താൻ
കൂട്ടുകിട്ടാത്തൊരു പരിഭവമാണോ
മറ്റൊരു മൂലയിൽ അനങ്ങാതെ കിടക്കുന്നു
ഭീമനാം അമ്മിയും കുഴയുമുണ്ടേ
ഒരുപാട് വട്ടങ്ങൾ ചമയിച്ചൊരുക്കുവാൻ
നന്നായ് ഞരങ്ങീ വലഞ്ഞോരമ്മീ
അടുക്കളക്കോണിൽ കുഴിച്ചിട്ടിരിയ്ക്കുമാ
ആട്ടുകല്ലിന്റെ ഭാവമെന്തോ ?
വയ്യിനിയൊട്ടും മാവുകൾ തീർപ്പാനായ്
ഒരുപാടു കാലം തിരിഞ്ഞതല്ലേ !
ഉരലും ഉലയ്ക്കയും അകലങ്ങൾ പാലിച്ച്
കുന്താണിതന്നെ തുറിച്ചു നോക്കുന്നൂ
നെല്ലില്ല , തവിടില്ല , ഉമിയുമില്ലിപ്പോൾ
വേറിട്ടു നേടുവാനാരുമില്ലല്ലോ !
ചെമ്പും ചരക്കുമീയോട്ടു പാത്രങ്ങളും
നന്നായ് തുടച്ച് മിനുക്കിയെടുത്താൽ
കാഴ്ചയ്ക്ക് വയ്ക്കാനല്ലാതെയെന്തിന്ന്
കാണുവാൻ ആൾക്കാരോട്ടില്ല താനും
ചാണകം മെഴുകിയ നിലമിന്നു കാണുമ്പോൾ
ചമ്രം പടിഞ്ഞിരുന്നുണ്ണുവാൻ മോഹം
പുൽപായ , തെങ്ങോല തടുക്കുകൾ കാണുമ്പോൾ
പതിയേ കിടന്നൊന്നുറങ്ങുവാൻ മോഹം
കിഴക്കിനി കോലായിൽ നിന്നങ്ങു നോക്കിയാൽ
തൊട്ടടുത്തുള്ളോരു കുളമതും കാണാം
ആതിരക്കാലത്ത് തുടികൊട്ടി നീരാടാൻ
ആതിരമങ്കമാർ വരുവതുമില്ലിപ്പോൾ
കാലത്തെഴുന്നേറ്റ് നാടാകെയുണർത്തുമാ
കിണറ്റിൻ കരയിലെ തുടിയെന്തേ മിണ്ടാത്തൂ
ഒരു പാട് കാലം തിരിഞ്ഞൂതിരിഞ്ഞിപ്പോൾ
തേയുന്നു മായുന്നിതംഗങ്ങളെല്ലാം
മുല്ലത്തറയത് മോങ്ങുന്നതെന്തിനായ്
മുല്ലയും മൊട്ടും മണമതുമില്ലാഞ്ഞോ
അരികത്ത് നിൽക്കുന്ന തുളസിത്തറയുമായ്
അന്യോന്യം ഓർമകൾ പങ്കിടയാണോ !
കിഴക്കോട്ടു നോക്കിയാൽ നോക്കെത്താ പാടം
പടിഞ്ഞാട്ടു നോക്കിയാൽ കരിമ്പനക്കൂട്ടം
തെക്കും വടക്കും പറമ്പും പുരകളും
കണ്ടു നിന്നീടുവാൻ കൊതിയേറെ തോന്നുന്നു
കാലങ്ങൾ കോലങ്ങൾ മാറുന്നതാണോ !
രൂപങ്ങൾ ഭാവങ്ങൾ മാറ്റുന്നതാണോ !
ഉത്തരമില്ലെങ്കിൽ ഉത്തരം കാണുവാൻ
അകതാരിൽ തെല്ലൂറും അലിവതിനാമോ ?
കിഴക്കോട്ടെറങ്ങ്ങിയാൽ നെല്ലിയും, കുളത്തിൻ കടവിൽ ചെറു മീൻ തുടികളും, ഇളക്കി മറിക്കാൻ ആരുമില്ലേ എന്നും…
ഓർമ്മകൾ.. ഓളങ്ങൾ…