ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ”.
നവരാത്രി എന്നു പറയുമ്പോൾ നമ്മുടെയൊക്കെ മനസ്സിലേക്ക് ഓടിയെത്തിടുന്ന ഓർമ്മ നമ്മെ ആദ്യമായി ഉണക്കലരിയിൽ എഴുത്തിനിരുത്തിയ ആ ദിനങ്ങളാവും.
ദക്ഷിണേന്ത്യയിൽ മാത്രം ഉള്ള ഒരു അനുഷ്ഠാനമായാണ് വിദ്യാരംഭം അറിയപ്പെടുന്നത്. അതിൽ തന്നെ കേരളത്തിലും തമിഴ് നാട്ടിലും കർണ്ണാടകത്തിലെ ചില ഭാഗങ്ങളിലും മാത്രം.
കേരളീയർ നവരാത്രിയുടെ ഭാഗമായി സരസ്വതീ പൂജയാണ് നടത്തുന്നത്. നവരാത്രിയുടെ ചരിത്രത്തിലേക്കും കൂടുതൽ വിശദാംശങ്ങളിലെക്കും വെളിച്ചം വീശുന്നൊരു ലേഖനം ഈ നവരാത്രിപതിപ്പിൽ ഉള്ളത് കൊണ്ട് തന്നെ അവയെപ്പറ്റി കൂടുതൽ വിസ്തരിക്കുന്നില്ല.
യുവചൈതന്യം ചാനൽ ഈ വർഷം നവരാത്രി ആഘോഷിക്കുന്നു. ഓണം, വിഷു ആഘോഷങ്ങൾ നടത്താറുണ്ടെങ്കിലും, ഇത് ഇദം പ്രഥമമായാവും സമാജം ഇത്തരത്തിൽ ഒരു നവരാത്രി ആഘോഷം നടത്തുന്നത്. ഓണാഘോഷം നടത്തിയ പോലെ ഇതും കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് നടത്തുന്നത്.
ഒക്ടോബർ 17 മുതൽ ഒമ്പത് രാവുകൾ കലയുടെ ചിലമ്പൊലികളാലും ഗാനാർച്ചനകളാലും മുഖരിതമാവും. യുവചൈതന്യം അതിനുള്ള വേദിയാവുകയാണ്.
ഓണം സ്പ്ലാഷിൽ പങ്കെടുത്തത് 60 പേരായിരുന്നുവെങ്കിൽ നവരാത്രി ക്ലാസിക് ഫെസ്റ്റിൽ എത്തിയപ്പോഴേക്കും അത് 125 ആയി. യുവചൈതന്യം ചാനലിനെ നമ്മുടെ യുവത നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നു.
യുവചൈതന്യം മാസികയുടെയും ചാനലിന്റെയും വളർച്ചക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹകരണം ആവശ്യമാണ്. മാസികയിലേക്ക് ലേഖനങ്ങൾ, കഥ, കവിത എന്നിവയും ചാനൽ സബ്സ്ക്രിപ്ഷൻ നടത്തുകയും വേണം. ചാനലിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളിൽ കഴിവുള്ളവരുടെ സഹായവും ആവശ്യമുണ്ട്.
ഒക്ടോബർ 2 നമ്മുടെ രാഷ്ട്ര പിതാവിന്റെ ജന്മദിനമാണ്. ലാളിത്യത്തിന്റെ മുഖമുദ്രയാണ് അദ്ദേഹം. യുവതലമുറ ഏറ്റവും ആദ്യം ആർജ്ജിക്കേണ്ടതും ലാളിത്യമാണ്.
ഈ വർഷം ഹരിശ്രീ കുറിക്കാൻ ഒരുങ്ങുന്ന എല്ലാ കൊച്ചു കൂട്ടുകാർക്കും ആശംസകൾ നേരുന്നു.