രാവും പകലും പ്രണയിക്കുന്ന സന്ധ്യയിൽ നാമം ചൊല്ലൽ കഴിഞ്ഞു പൂമുഖപ്പടിയിലിരുന്നപ്പോൾ മുറ്റത്തെ മാവിൻ കൊമ്പിൽ നിന്നും കിളിക്കൂട്ടം പറന്നകന്നു. രാവിൻറെ കരവലയത്തിൽ നിന്നൂർന്നുമാറി നിശ്ശബ്ദമായ് തേങ്ങി പകൽ മാഞ്ഞുപോയി. യുഗങ്ങളായ് നീണ്ടു നിൽക്കുന്ന ആവർത്തന വിരസതയില്ലാത്ത യഥാർത്ഥ സ്നേഹം. ഉപാധികളില്ലാത്ത സ്നേഹം.. അമ്മയുടെത് മാത്രം എന്ന് പറയുന്ന പോലെ.
എന്റെ കൂട്ടുകാരി അന്നും ഇന്നും റേഡിയോ തന്നെ. അതിൽ നിന്നും മനോഹരമായ ആ ഗാനം ഒഴുകിയെത്തി.
സന്ധ്യക്കെന്തിനുസിന്ദൂരം……..
കാട്ടാറിനെന്തിനുപാദസരം,
എൻകൺമണിക്കെന്തിന്നാഭരണം
ആ വരികൾ ആവർത്തിച്ചു പാടി എന്റെടുത്തു വന്നിരുന്ന എട്ടന്റെ സോപ്പിങ്ങ് മനസ്സിലായി. രണ്ടു പവന്റെ മുല്ലമൊട്ട് മാല വാങ്ങിത്തരാമെന്ന് പറഞ്ഞിരുന്നു.
ശമ്പളം കിട്ടിയാൽ എനിക്കു വേണ്ടതെല്ലാം ഞാൻ തന്നെ വാങ്ങണം. അതിലൊരു സന്തോഷവും തോന്നാറില്ല. ഏട്ടന്റെ കൈ കൊണ്ട് ഒരു ടവൽ കിട്ടിയാലും അതാണ് എനിക്കിഷ്ടം.
നമ്മടെ മക്കൾ ജോലിക്കാരായി. അവരുടെ കാര്യം നോക്കാൻ പ്രാപ്തരായില്ലെ. രണ്ടാളും ലീവ് തീർന്നാൽ അങ്ങോട്ട് പോകും. പിന്നെ നീയും ഞാനും മാത്രം. ഇനി അവർക്കും ഒരു കുടുംബമൊക്കെ വേണ്ടേ, അവരും ജീവിക്കട്ടെ. ജീവിതം തുടങ്ങിയത് നീയും ഞാനും മാത്രമായിട്ടല്ലെ? അവസാനം വരെ നമ്മൾ ഒപ്പമുണ്ടാകും.
ഈശ്വരൻ എന്തെങ്കിലുമൊക്കെ തീരുമാനിച്ചിട്ടുണ്ടാകും. അതൊന്നും ഒരിക്കലും പിഴക്കാറില്ല.
ഇഷ്ടപ്പെട്ടതു നഷ്ടപ്പെട്ടാലും അതിലും മികച്ചതായി എന്തോ ലഭിക്കുവാനുണ്ടെന്ന പരമസത്യം. അവശേഷിക്കുന്ന ഓർമ്മകൾക്കു മേൽ അമൃതു പൊഴിക്കും. അന്നെടുത്ത തീരുമാനങ്ങൾ എല്ലാം ഇന്നു ശരി തന്നെയെന്ന് ബോധ്യമായി. വാക്കുകളാം വജ്രായുധം കൊണ്ട് മുറിവേറ്റ മനസ്സിനെ മൗമെന്ന പടച്ചട്ട കൊണ്ട് ജയിക്കാനാകുമെന്ന് കാലം തെളിയിക്കും. എല്ലാമറിയാമെങ്കിലും ഒന്നും അറിയാത്ത വിഡ്ഢിയാവുക. കിട്ടിയ ജീവിതം ഒന്ന്, കിട്ടുന്ന അനുഭവങ്ങൾ ഏറെയാണുതാനും. ഇനിയുള്ള ജീവിതം മുന്നോട്ടു പോകാൻ ഈ ആത്മവിശ്വാസം മാത്രം മതിയെനിക്ക്.
ഞാനും അച്ഛനും നിന്റെ കൂടെ തന്നെയുണ്ട്. ഏട്ടൻ സമാധാനിപ്പിച്ചു.
നാളെ അമ്പലത്തിൽ രാവിലെ പോകേണ്ട. വൈകീട്ട് ദീപാരാധന തൊഴാൻ പോകാം.
സ്വസ്ഥമായി കുറേ നേരം ആൽത്തറയിലിരിക്കാം. ദീപച്ചാർത്തിൽ തിളങ്ങുന്ന ഭഗവാന്റെ മുഖം മനസ്സിലോർത്തു സുഖമായി ഉറങ്ങാനുമാകും.
പുഴുങ്ങല്ലെരി വെള്ളത്തിലിട്ടില്ലെ നീയ്…
ആട്ടുകല്ലിൽ അരച്ച കൊഴുക്കട്ടമതി. ഉച്ചക്ക് സാമ്പാറിന് വറുത്തരക്കണത് അമ്മീലു മതീട്ടാ…
ഇതന്ന്യാ പറയണേ, രാവിലെ അമ്പലത്തിൽ തൊഴാൻ പോകാൻ പറ്റില്ല്യാന്ന്.
അച്ഛനും അമ്മേം ഭക്ഷണം കഴിക്കാൻ വന്നോളോട്ടോ. കുട്ടികൾ വന്നു വിളിച്ചു.
രണ്ടാളും കൂടി ഏതൊക്കെ സിനിമാ തീയേറ്ററിലേക്കാ പ്ലാനിട്ടിരിക്കുന്നെ? രണ്ടാൾക്കും വയസ്സായിന്ന് മറക്കണ്ടാട്ടാ. അച്ഛനോട് കറുപ്പു ജീൻസും വെള്ള ചെക്ക് ഷർട്ടും ഇടണമെന്ന് പറയല്ലേ അമ്മേ…മക്കൾ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.
അമ്മക്കിപ്പോ കടുംനിറങ്ങളാ ഇഷ്ട്ടം.
ആയുസ്സ് കുറയും തോറും ആശകൾ കൂടും മക്കളെ..
നമ്മുടെ ഒന്നാം വിവാഹവാർഷികത്തിന് എനിക്കു വാങ്ങി തന്ന കരിനീലസാരി ഇപ്പഴും എന്തു ഭംഗിയാ..
നേരം വൈകി ഇനി എല്ലാർക്കും ഉറങ്ങാം.
വാഴക്കൂമ്പ് പച്ചസാരി, ഉള്ളിത്തോൽ സിൽക്കി കളർ നൈൽ പോളിഷ് വേണ്ടേ നിനക്ക്. എണീക്ക്, കുളിച്ചു റെഡിയായി അമ്പലത്തിൽ പോണ്ടെ…ഇന്നു സെറ്റുമുണ്ട് ഉടുത്താൽ മതി.
ദാ ഇപ്പൊ റെഡിയാകാം. ഞെട്ടിയെഴുന്നേറ്റു. അപ്പുറത്തെ മുറിയിൽ അമ്മയും കുട്ടികളും സുഖമായി ഉറങ്ങുന്നു. റേഡിയോയും കൈയ്യിലെടുത്ത് ഉമ്മറത്തെ വാതിൽ തുറന്നു. ഷോകേസിലേക്കൊന്ന് തിരിഞ്ഞു നോക്കി, ഞങ്ങളുടെ വിവാഹാ ഫോട്ടോ. ഇന്ന് മെയ് 21, ഇരുപത്തഞ്ചാം വിവാഹ വാർഷികദിനം.
മുറ്റത്തെ മാവിൻ കൊമ്പിൽ കിളിക്കൂട്ടവും അണ്ണാനും എത്തിയില്ല. ഒരു മൈന മാത്രം ഇരിക്കുന്നു.ഞാൻ അടുത്തെത്തിയെപ്പോഴും അതവിടെ തന്നെ ഇരുന്നു കുറുകുന്നു.
എന്റെ കണ്ണു നിറഞ്ഞു പോയി……………വെറുതെ……….
Well wtitten