നിലക്കാത്ത ദിനരാത്രങ്ങൾ പിന്നിടുന്തോറും ഈ ക്യാമ്പ് ജീവിതം ദുഷ്കരമാവുകയാണ്. കറങ്ങുന്ന ഘടികാരമോ, മറയുന്ന കലണ്ടറോ ഇല്ലാത്തതിനാൽ ഇവിടെ ചേക്കേറിയിട്ട് എത്രനാളായെന്നു എനിക്കറിയില്ല.
ഇപ്പോൾ എന്റെ ചിന്ത ഞാൻ നിൽക്കുന്നിടത്തു തന്നെ കഴിയുക എന്നതാണ്.
ഒരു പ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച നൈരാശ്യത്തോടെ, പ്രതീക്ഷയോടെയുള്ള ഒരു തിരിച്ചു പോക്കിനായി കൂടെ വന്ന മാതാപിതാക്കൾ ഇന്ന് എന്നോടൊപ്പം ഇല്ല.
അതിനാൽ ഇനിയൊരു തിരിച്ചുപോക്കിനും ഞാൻ ഇഷ്ടപ്പെടുന്നില്ല.
എപ്പോഴും തുറന്നു കിടക്കുന്ന ഈ ക്യാമ്പിന്റെ മുൻ വാതിലിലൂടെ ക്ഷീണിച്ചവശരായി കടന്നു വരുന്ന മനുഷ്യജീവിതങ്ങൾക്കു മെത്തയൊരുക്കി കൊടുക്കുന്ന ജോലിയിൽ മാത്രമാണ് ഇന്നെന്റെ ശ്രദ്ധ.
ക്യാമ്പിലെ കലവറയിൽ കാലിയായിക്കൊണ്ടിരിക്കുന്ന ധാന്യച്ചാക്കുകൾ അവർക്കു മെത്തയായി മാറുകയും പിന്നീട് അവയിൽ തന്നെ അവരെ പൊതിഞ്ഞു കെട്ടി ക്യാമ്പിന്റെ പിൻ വാതിലിലൂടെ പുറത്തേക്കു വലിച്ചെറിയപ്പെടുന്നതു വരെ ഞാൻ അവരുടെ സഹചാരിയാണ്.
അട്ടിയിട്ടു വച്ചിരിക്കുന്ന ധാന്യച്ചാക്കുകളുടെ ഉയരം കുറഞ്ഞു വരുന്നത് ഈയിടെയായി എന്നിൽ ഒരു ഉത്കണ്ഠയുടെ ഭീതി ഉളവാക്കിത്തുടങ്ങിയിട്ടുണ്ട്.
നാളെയുടെ അനിശ്ചിതത്വത്തിൽ മുട്ടിനിൽക്കുന്ന ചിന്തകൾ അന്തേവാസികളിൽ ഭൂരിഭാഗത്തേയും ചിത്തഭ്രമത്തിന്ടെ വക്കിലെത്തിച്ചിട്ടുണ്ട്.
എരിതീയിൽ വീഴുന്ന എണ്ണ പോലെ അവരുടെ ആശങ്കകൾ ഭീതിയുടെ അഗ്നിനാളങ്ങൾ സൃഷ്ട്ടിച്ചു അവരെ അസ്വസ്ഥരാക്കിക്കൊണ്ടിരിക്കുകയാണ്.
ഇന്നു ഇവിടെ ഉച്ചത്തിലുള്ള കോലാഹലങ്ങളോ ശബ്ദങ്ങളോ ഒന്നും തന്നെ കേൾക്കാറില്ല. കൂടെ വന്നിരുന്ന കൂടുതൽ പേരും ഇന്നു എനിക്കൊപ്പം ഇല്ല.
അപരിചിതരായ കുറെ പേരുടെ ഒരു താത്കാലിക അഭയകേന്ദ്രം. നിർവികാരമായ പരസ്പരനോട്ടം അല്ലാതെ ആരും തന്നെ പരസ്പരം ഒന്നും ഉരിയാടാറില്ല.
ക്യാമ്പിനു പുറകിൽ സംസ്കരിക്കപ്പെടാത്ത മനുഷ്യ ജഡങ്ങളുടെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും ഉയരുന്ന ജീർണ്ണതയുടെ ദുർഗന്ധം, പാളികൾ ഇല്ലാത്ത ജനാലകളിലൂടെ കടന്നു അന്തേവാസികളുടെ സിരകളെ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
പണ്ട് ഒപ്പം കിടത്തി ഉറക്കിയ വളർത്തു നായയെ കാണുന്നതു തന്നെ എന്നിൽ ഇപ്പോൾ വെറുപ്പ് ഉളവാക്കുന്നു. ഇടയ്ക്കു ഈ ക്യാമ്പിന്റെ ജനാലക്കരികിൽ അവൻ വരാറുണ്ടെങ്കിലും വാല് ആട്ടി സ്നേഹം പ്രകടിപ്പിക്കാറില്ല. എന്റെ തീക്ഷ്ണ നോട്ടത്തിൽ നിന്നും എന്നിലെ മനോവികാരം അവൻ ഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു.
വലിച്ചു എറിയപെട്ട നൂറുകണക്കിന്ശവശരീങ്ങളിൽ നിന്നും ജീർണിച്ചു തുടങ്ങിയ സ്വന്തം യജമാനത്തിയുടെ ശരീരം കടിച്ചു തിന്ന നന്ദി കെട്ട ജന്തുവാണ് അവൻ.
എത്ര സ്നേഹാർദ്രമായിട്ടാണ് അമ്മ അവനെ പോറ്റി വളർത്തിയത്. അവസാനം അവൻ ആ അമ്മയെ തന്നെ….
വേണ്ട…
എനിക്കു മുഴുമിപ്പിക്കുവാൻ സാധിക്കുന്നില്ല.
ആദ്യമെല്ലാം ശുഭ പ്രതീക്ഷകളായിരുന്നു.
സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു മാനവരാശിയുടെ പുതുപ്പിറവിക്കായി ദൈവം നൽകിയ ഒരു ഹോംവർക്ക്.
സ്വാർത്ഥത, അഹങ്കാരം, ധനത്തോടുള്ള അത്യാഗ്രഹം എന്നിവയെ ഉന്മൂലനം ചെയ്യുവാൻ വായടപ്പിച്ചു വീട്ടിലിരുത്തിയ ഹോംവർക്ക്. അതിനു മാനവരാശി നൽകിയപേരാണ് “സ്റ്റേഹോം., ബിസേഫ്”
പരസ്പരസ്നേഹം, വാത്സല്യം, സംരക്ഷണം, ഒരുമിച്ചുള്ള കുടുംബജീവിതം. ധർമ്മച്യുതികൾ മാറ്റപ്പെടുന്നു. മനുഷ്യൻ നല്ലവനാകുന്നു. അവതാരങ്ങൾ സൃഷ്ടിക്കപ്പെടാതെ ലോകം ഉയർത്തെഴുന്നേൽക്കുന്നു.
എല്ലാവരും ഒത്തൊരുമയോടെ നല്ല ഒരു മാറ്റത്തിനായി മാറുവാൻ ശ്രമിക്കുകയായിരുന്നു.
രാജ്യഭരണാധികാരികൾ, വൈദീകപണ്ഡിതന്മാർ, രാഷ്ട്രീയ നേതാക്കന്മാർ എല്ലാവരും ഒത്തൊരുമയോടെ ഘോഷിച്ചു.
“മനുഷ്യൻ സംഘടിതരല്ലെന്നും അവനിലെ എല്ലാ വിവേചനകളും മാറ്റി ഒരു സംഘടിതമായ ലോകം സൃഷിടിക്കുക വഴി ഈ കാലത്തെ അതിജീവിക്കുവാൻ സാധിക്കുമെന്നും ഒരു പുതുലോകത്തിൽ നമ്മൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കുമെന്നും വിളംബരം ചെയ്തു.
തികച്ചും പരാജിതമായ ഈ കല്പനകളോട് ഇന്ന് ഞാനുൾപ്പെടെ ഇവിടെ അവശേഷിക്കുന്ന മനുഷ്യ മനസ്സുകൾ നിരന്തരം ചോദിക്കുന്ന ചോദ്യം ഒന്നു മാത്രം.
നിന്റെ സംഘടിത ശക്തി നിന്നെ മരണത്തിൽ നിന്നും രക്ഷിച്ചുവോ??
ഹേ, മനുഷ്യാ, സംഘടിതമായ നിന്റെ ശരീരപ്രവർത്തനം നിലയ്ക്കുന്നത് വരെ മാത്രമാണ് നിന്റെയീ ജീവിതം. അതിനെ അതിജീവിക്കുവാൻ ആകാത്തിടത്തോളം കാലം നിനക്ക്മാറ്റമില്ല.
ലോകം മാറുകയാണ്.
സ്നേഹത്തിൽനിന്നും വെറുപ്പിലേക്ക്. അടുപ്പത്തിൽ നിന്നും അകലങ്ങളിലേക്ക്. സൗഹൃദങ്ങളിൽ നിന്നും ശത്രുതയിലേക്ക്. സംഗീതത്തിൽനിന്നും മൗനത്തിലേക്ക്. വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്.
ഇല്ല,
ഇനിയും ആ പഴയനാളുകൾ തിരികെ വരില്ല.
അനുഭവങ്ങൾ ഓപ്ടിമിസ്റ്റ് ആയിരുന്ന എന്നെ ഒരു പെസിമിസ്റ്റ് ആക്കിയിരിക്കുന്നു.
ഇനിയും എത്ര നാൾ ഈ ക്യാമ്പിൽ തുടരുമെന്ന് എനിക്കറിയില്ല.
അധികം താമസിയാതെ ക്യാമ്പിന്റെ പിൻവാതിലിലൂടെ എന്റെ ഈ അസംഘടിത ശരീരം വലിച്ചെറിയപ്പെടുമെന്നും ഇപ്പോൾ മൂടപ്പെട്ട മൂക്കിനും വായക്കും ഒപ്പം കണ്ണുകളും, കാതുകളും അടച്ചു കെട്ടിയ ഒരുലോകത്തെത്തി ചേരുമെന്നും എനിക്കറിയാം.
എന്നാൽ വരാനിരിക്കുന്ന ഏതോ അതിഥിക്ക് മെത്തയാകും മുമ്പേ ഒഴിയുവാൻ വെമ്പുന്ന ആ അവസാന ധാന്യച്ചാക്കിൽ കേറിപ്പറ്റുവാനുള്ള വ്യഗ്രതയിലാണ് ഇന്നു ഞാൻ.
ഈ സമയം പൊളിഞ്ഞു തുടങ്ങിയ ക്യാമ്പിന്റെ തട്ടിൽ നിന്നും വിശന്നു ഉണങ്ങി താഴോട്ടു വീണ പല്ലി ഈ എഴുത്തിനു ഭംഗം വരുത്തിയതിനാൽ, അതിനെ പുറത്തെക്കെറിഞ്ഞു കളഞ്ഞു തിരികെ വരുന്നതു വരെ, തത്കാലം വിട പറയട്ടെ.
നന്നായിട്ടുണ്ട്