വര്‍ഷങ്ങള്‍ക്കു മുമ്പാണ്.. പാലക്കാട്ട് ടൗണ്‍ഹാളില്‍ ഒരു കവിസമ്മേളനം. ഒളപ്പമണ്ണ, അക്കിത്തം, ഒ.എന്‍.വി തുടങ്ങിയ പ്രമുഖരെല്ലാമുള്ള അരങ്ങ്. നിറഞ്ഞ സദസ്സ്. വേദിയിലെ പിന്‍നിരക്കസേരകളിലൊന്നില്‍ സദസ്സിന്റെ ശ്രദ്ധയില്‍പ്പെടാതെ പിടയ്ക്കുന്ന ഹൃദയവുമായി ഈയുള്ളവനുമുണ്ട്.
സ്വാഗതം, അദ്ധ്യക്ഷന്‍, ഉദ്ഘാടകന്‍, മുതിര്‍ന്ന കവികള്‍. പ്രഭാഷണവും പാരായണവും. സമയം നീണ്ടുപോയി. തിരക്കുള്ള പ്രമുഖകവികള്‍ തങ്ങളുടെ അവതരണം കഴിഞ്ഞമുറയ്ക്ക് ക്ഷമചോദിച്ച് വേദി വിട്ടുപോയി.അല്പാല്പമായി സദസ്സും പിരിഞ്ഞുതുടങ്ങി. യുവാക്കളുടെ ഊഴമായപ്പോഴെക്കും സദസ്സ് നന്നേ മുഷിഞ്ഞു. നീണ്ട ഗൂഡ്സ് വണ്ടി കടന്നുപോകുമ്പോള്‍ റെയില്‍വേ ഗേറ്റില്‍ അക്ഷമരായി കാത്തുനില്‍ക്കുന്ന യാത്രികരെപ്പോലെ, ഓരോ കവിയേയും ഉള്ളാലെ, ശപിച്ചുകൊണ്ടാണ് അവശേഷിക്കുന്ന സദസ്സ് കേട്ടിരിക്കുന്നത്.
ഒടുക്കം എന്റെ ഊഴമെത്തി. പോക്കറ്റില്‍നിന്ന് പുതിയ കവിതയെടുത്ത് പ്രസംഗപീഠത്തില്‍വെച്ച് ഞാന്‍ സദസ്സിനെ നോക്കി. കാലിക്കസേരകള്‍ക്കിടയില്‍ അങ്ങിങ്ങായി പത്തിരുപത്തിയഞ്ചുപേരുണ്ടാവും, പിറുപിറുത്തും കോട്ടുവായിട്ടും. എന്നാല്‍ മുന്‍നിരയില്‍ ഏകാകിയായി, ദത്തശ്രദ്ധനായി ഒരാള്‍! പുതിയകവിതയ്ക്ക്, വേറിട്ട ഒച്ചകള്‍ക്ക് ഏകാഗ്രതയോടെ കാതോര്‍ത്തുകൊണ്ട്. ചിത്രത്തില്‍മാത്രം കണ്ട ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു: കൃഷ്ണന്‍കുട്ടി മാഷ്!
കവിതചൊല്ലി വേദിയില്‍നിന്നിറങ്ങുമ്പോള്‍ വരാന്തയില്‍ കൃഷ്ണന്‍കുട്ടിമാഷ് കാത്തുനില്‍ക്കുന്നു. എന്നെ ചേര്‍ത്തുപിടിച്ചു. നിഷ്കളങ്കതയും വാത്സല്യവും തുളുമ്പുന്ന പതിഞ്ഞ ശബ്ദത്തില്‍ അഭിനന്ദിച്ചു. “അസ്സലായി. രാമചന്ദ്രന്‍ എവിടെനിന്നാണ്? എന്തു ചെയ്യുന്നു?”
അങ്ങനെയാണ് മാഷെ നേരില്‍ പരിചയപ്പെടുന്നത്. അന്നത്തെ അഭിനന്ദനം ഭംഗിവാക്കല്ലായിരുന്നു എന്ന് പിന്നീട് ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന എന്റെ കവിതകളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് വല്ലപ്പോഴും കണ്ടുമുട്ടുന്ന അവസരങ്ങളില്‍ അദ്ദേഹം പ്രകടിപ്പിക്കാറുള്ള അഭിപ്രായങ്ങള്‍ എന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
ആയിടെ കലാകൗമുദിയില്‍ വന്ന ‘നിലാപ്പിശുക്കുള്ള രാത്രിയില്‍’ എന്ന കഥ വായിച്ച് അസ്വസ്ഥഹൃദയനായി ഞാന്‍ മാസ്റ്റര്‍ക്ക് എഴുതി. തറവാട്ടുതൊടിയില്‍നിന്ന് ചന്ദനമരം കടത്തുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നത് മലയാണ്‍മയുടെ മരവിച്ച സ്വത്വം തന്നെ എന്ന്. മടക്കത്തപാലില്‍ മാഷുടെ മറുപടി വന്നു. ‘രാമചന്ദ്രനെപ്പോലുള്ള വായനക്കാര്‍ എന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു!’
പുറമേയ്ക്കു ശാന്തനും നിശ്ശബ്ദനും; ഉള്ളില്‍ സംഘര്‍ഷഭരിതനും – അങ്ങനെയാണ് ആ വ്യക്തിത്വമെന്ന് ഏറെയൊന്നും അടുത്തറിയാത്ത എനിക്കുപോലും തോന്നിയിട്ടുണ്ട്. ഉള്ളിലെ വ്യഥകളാണ് മാഷില്‍നിന്ന് കഥകളായി പുറത്തുവന്നത്. ഘടനയുടെ ചട്ടക്കൂടില്‍ നില്‍ക്കുമ്പോഴും ‘സഹ്യന്റെ മകനെ’പ്പോലെ അദ്ദേഹത്തിന്റെ മസ്തകത്തില്‍ ഉന്മാദം നിറഞ്ഞു. അത് ചങ്ങലകളില്ലാത്ത മറ്റൊരു ലോകത്തുകൂടി സഞ്ചരിച്ചു. അസാധാരണ സ്വഭാവവിശേഷങ്ങളുള്ള കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം സ്ഥിതവ്യവസ്ഥിതിയുടെ വിലക്കുകളെ ലംഘിച്ചു. കൃഷ്ണസങ്കല്പത്തിന്റേയും രാസലീലയുടേതുമായ ആത്മീയപശ്ചാത്തലത്തില്‍ രണ്ടു സ്ത്രീകളുടെ പ്രകൃതിവിരുദ്ധബന്ധത്തെ ആവിഷ്കരിച്ച ‘മാതുവിന്റെ കൃഷ്ണത്തണുപ്പ്’ കൃഷ്ണന്‍കുട്ടിമാഷുടെ തെറിച്ച ആഖ്യാനത്തിന് ദൃഷ്ടാന്തമാണ്.
എങ്കിലും കഥാകൃത്തെന്ന നിലയില്‍ മാഷെ ശ്രദ്ധേയനാക്കിയത് ‘മൂന്നാമതൊരാള്‍’ തന്നെ. ലോകകഥയില്‍ത്തന്നെ മികച്ചതെന്ന് ആ കഥയെപ്പറ്റി ആത്മനിഷ്ഠമെങ്കിലും ഏകകണ്ഠമായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നു വായിക്കുമ്പോഴും ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്ന അതിന്റെ സവിശേഷമായ ആഖ്യാനതന്ത്രം വിശദമായ പഠനമര്‍ഹിക്കുന്നു. അഭാവത്തിന്റെ ഭാവമെന്നോ, മരണം പിന്തുടരുന്ന ജീവിതമെന്നോ, പ്രകൃതിയില്‍നിന്നു വേറിട്ട മനുഷ്യാവസ്ഥയെന്നോ പല നിലകളിലുള്ള പാരായണങ്ങള്‍ക്ക് സാദ്ധ്യത നല്‍കുന്ന ഒരാഖ്യാനഘടനയാണ് അതിന്. എന്നാല്‍ മുകള്‍ത്തട്ടിലാകട്ടെ, ഭാര്യ നഷ്ടപ്പെട്ട ഒരാളുടേയും അയാളുടെ കുടുംബത്തിന്റേയും ഓര്‍മ്മകള്‍ മാത്രവും.
ധ്വനിസാന്ദ്രമായ ഒരു കാവ്യത്തോടടുത്തു നില്‍ക്കുന്ന വാക്യശില്പങ്ങള്‍കൊണ്ടാണ് ആ കഥ രചിച്ചിരിക്കുന്നത്. ‘മൂന്നാമതൊരാളുടെ‘ സാന്നിദ്ധ്യവും ഓര്‍മ്മകളും ഇരുട്ടിന്റെ വിശേഷണങ്ങളായി മാത്രമേ വായനക്കാര്‍ക്കു ലഭിക്കുന്നുള്ളു. നോക്കൂ ചില പ്രയോഗങ്ങള്‍:
‘തണുത്തു വെറുങ്ങലിച്ചുപോയ ഇരുട്ട്‘. ‘ചീര്‍ത്തപോലെ നീലിച്ച മൗനം ഞങ്ങള്‍ക്കിടയില്‍ അനാഥപ്പെട്ടുകിടന്നു‘. ‘ഞങ്ങള്‍ക്കിടയില്‍ മൗനം വര്‍ത്തമാനം പറഞ്ഞു‘. ‘ഉറക്കം ഇരുട്ടില്‍ മറഞ്ഞുനിന്ന് നഖം കടിച്ചുതുപ്പുന്നു‘. ‘പുറത്തു തൊടിയില്‍ ഇരുട്ടു പിടയുന്നു. തെക്കെ തൊടിയിലെ മുളങ്കൂട്ടം കാറ്റില്‍ നിര്‍ത്താതെ കരയുന്നു‘.
മുമ്പു പലതവണ വായിച്ച ആ കഥ വീണ്ടുമെടുത്തു വായിക്കാന്‍ ഒരു കാരണമുണ്ടായി. ടി.വി ഓണ്‍ ചെയ്തപ്പോള്‍ അതാ കൃഷ്ണന്‍കുട്ടിമാഷ് മൂന്നാമതൊരാളെക്കുറിച്ചു പറയുന്നു! വി.ആര്‍.സുധീഷ്, മാഷെ ഇന്റര്‍വ്യൂ ചെയ്യുകയാണ്. ആ കഥയ്ക്കു നിദാനമായ തന്റെ പ്രിയതമയുടെ വേര്‍പാടിനെക്കുറിച്ചും വ്യക്തിപരമായ ദുഃഖങ്ങളെക്കുറിച്ചും മാഷ് ഹൃദയം തുറക്കുകയാണ്.
അപ്പോള്‍ എനിക്കു മാഷെ വിളിക്കണമെന്നു തോന്നി. സുഹൃത്തില്‍നിന്ന് ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍ കിട്ടി. മൊബൈലാണ്.
“കൃഷ്ണന്‍കുട്ടിമാഷല്ലെ?”
“അതെ.”
“പി.പി.രാമചന്ദ്രനാണ്.”
മാഷ് എന്തോ പറയുന്നുണ്ട്. എനിക്കൊന്നും കേള്‍ക്കാനാകുന്നില്ല. ഒരു കരകരശബ്ദം. എങ്കിലും ഞാനങ്ങോട്ടു പറഞ്ഞുകൊണ്ടിരുന്നു.
മറുപടി കരകരശബ്ദം തന്നെ. അല്പം കഴിഞ്ഞപ്പോള്‍ ആത്മഗതമെന്നോണം മാഷ് ഉച്ചരിച്ച ഒരു വാക്യം മാത്രം വ്യക്തമായി കേട്ടു:
“ഇവിടെ റേഞ്ചില്ലാ തോന്നുണു.”
ഫോണ്‍ കട്ടായി. ആ സംഭാഷണം പൂര്‍ത്തിയാക്കലുണ്ടായില്ല.
ഇന്ന് മാഷ് നമ്മുടെ റേഞ്ചിനപ്പുറത്താണ്, എല്ലാ അര്‍ത്ഥത്തിലും. എന്നാല്‍ മലയാളത്തിലെ എഴുത്തുകാരുടേയും വായനക്കാരുടേയും ഇടയില്‍ ‘മൂന്നാമതൊരാള്‍’ ആയി മാഷുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടുകൊണ്ടിരിക്കും. അപ്പോഴൊക്കെ മാഷുടെ കഥകള്‍ വേണ്ടത്ര പഠിയ്ക്കപ്പെട്ടില്ല എന്ന ഖേദം മലയാണ്‍മയുടെ മനസ്സിനെ നീറ്റിക്കൊണ്ടിരിക്കും.