ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനായി ഗ്രന്ഥശാലയിൽ നിന്നെടുത്ത പുസ്തകത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു ഞാൻ. പാൻജിയ എന്ന ഭൂഖണ്ഡവും അതിനെ ചുറ്റിയൊഴുകിയ പാന്തലാസ്സ എന്ന സമുദ്രവും പിന്നീടുലഞ്ഞുടഞ്ഞ് പല ഭൂഖണ്ഡങ്ങളായി മാറിയ ഭൂമിശാസ്ത്രപഠനം എന്നെയാകർഷിച്ചു. ഗ്വോണ്ടമാന എന്നറിയപ്പെട്ടിരുന്ന പഴയകാല ഭൂമിയെ കുറിച്ച് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് അച്ഛൻ വിളിച്ചത്. സായാഹ്നമഴയിലൂടെ തണുപ്പ് അറപ്പുരയും കടന്ന് ഞാനിരുന്ന ചായ്പുമുറിയിൽ നിറഞ്ഞിരുന്നു. അച്ഛൻ എന്നോട് സ്റ്റോർമുറിയിൽ നിന്നും പണിയായുധങ്ങൾ സൂക്ഷിച്ചിരുന്ന ചെറിയ പെട്ടി ആവശ്യപ്പെട്ടു.
പഴയ കാൽപ്പെട്ടികളും, തടിയലമാരകളും നിറഞ്ഞ സ്റ്റോർ റൂമിൽ നിന്നും അച്ഛന്റെ പണിയായുധങ്ങളുടെ പെട്ടി മെല്ലെ കൈയിലെടുത്തു. മുത്തശ്ശിയുടെ വെറ്റിലച്ചെല്ലങ്ങളുടെ ശേഖരത്തിനരികിലൂടെ മെല്ലെ ഞാൻ പുറത്തേയ്ക്കിറങ്ങി. സ്റ്റോർ മുറിയിലെ പഴമയുടെ ഗന്ധം എന്നെയും പണിയായുധചെപ്പിനെയും പൊതിയുന്നത് പോൽ എനിയ്ക്ക് തോന്നി.
അച്ഛൻ പണിയായുധപ്പെട്ടിയിൽ നിന്നു, ചുറ്റികയും സ്ക്രൂഡ്രൈവറും കൈയിലെടുത്ത് അകത്തളത്തിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ അടുക്കളസാമാനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയ്ക്കടുത്തേയ്ക്ക് നടന്നു.
അലമാരയുടെയുള്ളിൽ ഒരു ചെറിയ തടിക്കഷണം മൂടി പോലെ ചെറിയ ആണികളാൽ ഉറപ്പിച്ച് വച്ചിരിക്കുന്നത് എനിയ്ക്ക് കാണാനായി.
അടുക്കളയുടെയടുത്തുള്ള നടുത്തളത്തിലെ തടിയലമാരയിൽ എന്റെ ബാല്യം പലപ്പോഴും തിരഞ്ഞിരുന്നത് കല്പക സൂപ്പർമാർക്കിൽ നിന്നും അമ്മ കൊണ്ടുവന്നിരുന്ന ബ്രിട്ടാനിയ ബിസ്ക്കറ്റുകളായിരുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇതേവരെയും ആ ചെറിയ തടിക്കഷണം ശ്രദ്ധിക്കാതെ പോയെതെന്തുകൊണ്ടെന്ന് ഞാനാലോചിച്ചു. അച്ഛൻ ഒരോ ആണിയും മെല്ലെ അടർത്തി മാറ്റി ആ തടിക്കഷണത്തെ അലമാരയുടെ സുരക്ഷിതത്വത്തിൽ നിന്നും കൈയിലേയ്ക്കെടുത്തു.
അച്ഛനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ട് രണ്ട് നാളേ ആയുള്ളൂ.
രണ്ട് മാസമായി അച്ഛന് സുഖമില്ല.
എന്തിനാ അച്ഛാ സുഖമില്ലാത്തപ്പോൾ ഇതെല്ലാം ചെയ്യുന്നത്
ഞാൻ ചോദിച്ചു.
അച്ഛൻ ഒന്നും സംസാരിച്ചില്ല. അച്ഛന്റെ അമ്മ അപ്പോൾ അവിടേയ്ക്ക് വന്നു.
നീയെന്തായിക്കാട്ടുന്നത്…..
ഒരു നേരം അടങ്ങിയിരിക്കില്ല..
മുത്തശ്ശിക്കിന്നും മകൻ ചെല്ലക്കുട്ടിയാണ്..
മിഥുനത്തിൽ അറുപതാകും കുട്ടിയ്ക്ക്..
ഇന്ന് ഭഗോതി സേവയും മൃത്യുഞ്ജയഹോമവുമുണ്ട് തറവാട്ടിൽ. എല്ലാവരും നേരത്തെ അങ്ങോടെത്തുക.
അതിനെന്താ മുത്തശ്ശി, ഞങ്ങളെല്ലാവരും വന്നേയ്ക്കാം
അച്ഛന്റെ അസുഖം ആദ്യം അല്പം കടുത്തതായിരുന്നു.
പിന്നീട് കുറഞ്ഞു.
നീരു വന്ന് നിറഞ്ഞ ശരീരവുമായ് അച്ഛനെ ഒരാഴ്ച്ച മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു.
കുടിക്കുമായിരുന്നു അല്ലേ?
ഒരു ഡോക്ടർ ചോദിച്ചു
ഇല്ല..
ലിവർ സിറോസിസ്സ് ഇൻ ഹെപാറ്റിക് പ്രികോമ എന്നെഴുതിയ അച്ഛൻ്റെ റിപ്പോർട്ട് വായിച്ച് അന്ന് ഒന്നും മനസ്സിലായില്ല
കഥകളിക്കാരനായ അച്ചൻ മദ്യം തൊടാത്ത ശുദ്ധ സാത്വികനെന്ന് വിശ്വസിക്കാൻ ഡോകടറും മടി കാണിച്ചു.
അച്ഛനെന്തുപറ്റി എന്നാലോചിക്കാനുള്ള വ്യാപ്തമായ അറിവ് ഡോക്ടറുടെ നിഗമനങ്ങളിൽ തട്ടിയുടഞ്ഞ് ഇടനാഴിയിലൂടെ പഞ്ഞിതുണ്ടുകളായി പറന്ന് നീങ്ങുന്നത്പോൽ എനിയ്ക്ക് തോന്നി. ഒന്നും ശരിയായി മനസ്സിലായില്ല.
പിന്നീട് അമ്മയുടെ തറവാട്ടിലെ ഡോക്ടറായ വാസു അമ്മാവൻ അമ്മയോട് പറഞ്ഞ കാര്യങ്ങൾ ചേർത്തടുക്കിയപ്പോൾ എനിക്ക് അച്ഛന്റെ അസുഖത്തെ പറ്റി ഏകദേശധാരണയുണ്ടായി.
കുടുംബത്തിലെ ഒരു കല്യാണത്തിന് അമ്പല ഊട്ടുപുരയിലെ കിണർ വൃത്തിയാക്കാൻ അച്ഛൻ മുൻ കൈയെടുത്തിരുന്നു. ഉപയോഗിക്കാതിരുന്ന ആ കിണറ്റിൽ നിറയെ കൊതുക് വളർത്തിയ കൂത്താടികളുണ്ടായിരുന്നു. ആ വെള്ളത്തിൽ നിന്നാവും അച്ഛന് ജോണ്ടിസ് വന്നത്. കല്യാണത്തിനോടി നടന്ന അച്ഛൻ ആരോഗ്യം ശ്രദ്ധിച്ചേയില്ല. അങ്ങനെയാവും അറിയാതെ പോയ ജോണ്ടിസ് അച്ഛന്റെ ലിവറിനെ മുഴുവനും ഉലച്ചുകളഞ്ഞത്.
അങ്ങനെയൊരു കാലത്താണ് അച്ഛൻ അലമാരയുടെയുള്ളിലെ ആരും ശ്രദ്ധിക്കാതെയിരുന്ന ചെറിയ രഹസ്യ അറ തുറന്നത്.
മുത്തശ്ശി പറഞ്ഞത് അത്രയൊന്നും ശ്രദ്ധിക്കാതെ അച്ഛൻ ആ തടിക്കഷണത്തിലെ അവസാന ആണിയും അടർത്തിമാറ്റി. ആ തടിക്കഷണം രണ്ടായി അച്ഛൻ തുറന്നു. അതിനുള്ളിലെ അതിശയം അച്ഛനെന്റെ കൈയിലേയ്ക്ക് വച്ചു തന്നു.
ഒരു ചെറിയ നാണയം…
1958ലെ ഒരു പത്ത് പൈസ
എന്താ അച്ഛാ ഇത്?
ഞാൻ ചോദിച്ചു.
അതിന്റെ വിലയെന്തെന്ന് നിനക്കറിയോ?
ഇല്ല..
ഇന്നത്തെ കാലത്തെ കുട്ടികൾ… അവർക്കിങ്ങനെയൊന്നും സങ്കല്പിക്കാനേ ആവില്ല..
എനിക്കൊന്നും മനസ്സിലായില്ല..
അച്ഛനോട് ബാക്കി കഥ ചോദിക്കണമെന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും കുറെ അയൽക്കാർ അച്ഛനെ കാണാൻ വന്നു. ഈയിടെയായി വീട് നിറയെ ആൾക്കാരാണ്.
അസുഖ വിവരമറിയാനെത്തുന്നവർ, സുഹൃത്തുക്കൾ, ബന്ധുക്കൾ..
അച്ഛന്റെ അമൂല്യനിധി ഞാനെന്റെ പഠനമുറിയിലെ തെക്കെ തൊടിയിലുണ്ടായിരുന്ന ആഞ്ഞിലിവൃക്ഷത്തിൻ്റെ തടികൊണ്ട് അച്ഛൻ തന്നെ നേതൃത്വം നൽകി തങ്കപ്പനാശാരിയെക്കൊണ്ട് പണിയിപ്പിച്ച മേശയ്ക്കുള്ളിലെ വിശേഷപ്പെട്ട സാധനങ്ങൾ സൂക്ഷിക്കുന്ന വെങ്കലചിത്രപ്പണികളുള്ള ആഭരണപ്പെട്ടിയിൽ ഭദ്രമായി വച്ചു. അതിലുള്ള മറ്റ് വിശേഷപ്പെട്ട വസ്തുക്കൾ ഗുരുവായൂരപ്പന്റെ ചിത്രമുള്ള പഴയകാല പ്ലാസ്റ്റിക് മോതിരങ്ങളും, സ്ക്കൂളിൽ കവിതാരചനയ്ക്കും, തിരുവാതിര, നാടകം എന്നീ കലാപ്രവർത്തനങ്ങൾക്കും ലഭിച്ച മെഡലുകളും, , മുത്തശ്ശി തന്ന പദ്മനാഭന്റെ ചക്രക്കാശും, കുറെയേറെ മഞ്ചാടിയും, കുന്നിക്കുരുക്കളുമായിരുന്നു
പൂമുഖത്ത് തിരക്കേറിയപ്പോൾ ഞാൻ വീണ്ടും ഭൂഖണ്ഡങ്ങളുടെ തിരിവുകളിലേയ്ക്ക് നടന്നു. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഒരു ദിവസമെങ്കിലും പോകണമെന്ന് എനിയ്ക്ക് തോന്നി. ഭൂപടം നീർത്തിയിട്ട് അതിനരികിലെ തപാൽ സ്റ്റാമ്പ് പോലെയുള്ള ചെറിയ ഏഷ്യൻ രാജ്യങ്ങളെ കാണുമ്പോൾ എന്റെ മനസ്സിൽ ഭാരതവർഷം എന്ന ബൃഹത് ഭൂഖണ്ഡം ഇതിഹാസചിത്രം പോലെ വളർന്നുയർന്നു-. മാഹേന്ദ്രം, മലയം, സഹ്യൻ, ശുക്തിമാൻ, ഋഷൻ, വിസ്വൻ, പാരിയാത്ര എന്നീ ഭാരത വർഷകുലപർവതങ്ങൾ ഭൂഖണ്ഡങ്ങളുടെ തിരിവുകളിലൂടെ എന്റെയരികി ലുയരുന്നത് ഞാനറിഞ്ഞു,
പൂമുഖത്ത് വലിയ തിരുമേനിയുടെ ശബ്ദം. തിരുമേനി എന്തൊക്കെയോ പറയുന്നുണ്ട് അച്ഛന്റെ ഏങ്ങലടിയും കേൾക്കാം..
എന്തിനാണച്ഛൻ കരയുന്നത്. സത്യത്തിൽ വലിയ തിരുമേനി അങ്ങനെയൊന്നും ആരുടെയും വീടുകളിൽ പോകാറില്ല. അതായിരിക്കാം അച്ഛൻ കരയുന്നത്.
അമ്പലത്തിലെ ദീപാരാധന കഴിഞ്ഞപ്പോൾ എല്ലാവരും തറവാട്ടിലെത്തി. അവിടെ മുത്തശ്ശിയും വല്യ ചിറ്റയും പൂജയ്ക്കായുള്ള ഒരുക്കങ്ങളിലാണ്. കുളിച്ച് വെളുത്തേടം അലക്കിയിസ്തിരിയിട്ട ശുഭ്രവസ്ത്രത്തിൽ മുത്തശ്ശിയ്ക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ടെന്ന് എനിയ്ക്ക് തോന്നി.
ഭൂഖണ്ഡങ്ങളുടെ തിരിവുകളിൽ ഞാനിപ്പോൾ ഈ ചെറിയ ഗ്രാമത്തിൽ, പൂജാമന്ത്രങ്ങളുടെയിടയിൽ. നഗരത്തിലെ പാഠശാലയിൽ തത്വശാസ്ത്രങ്ങളുമില്ലാതെ ഭൂഖണ്ഡങ്ങളുടെ വ്യാപ്തി തേടുന്ന മറ്റൊരു ഞാൻ. മനസ്സിൽ ആശയങ്ങളും, ആധുനികതയും, പൗരാണികതയും പ്രത്യേകം പ്രത്യേകം വേദികൾ പണിത് വാദപ്രതിവാദം നടത്തുന്നത് പോൽ എനിയ്ക്ക് തോന്നി.
പൂജയും തിരക്കും കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ എല്ലാവരും ക്ഷീണിച്ചിരുന്നു. ഭൂഖണ്ഡങ്ങളുടെ തിരിവിലൊരുപദ്വീപിൽ, ചെറിയ ഗ്രാമത്തിലെ പഴയ എട്ട് കെട്ടിരുന്ന സ്ഥലത്ത് നഗരവൽക്കരണം നൽകിയ പുതിയ വീട്ടിലിരുന്ന് ഭൂമിയുടെ കാന്തികശക്തിയറിയാതെ, ഭൂഖണ്ഡങ്ങളുടെ അടയാളരേഖകളെയോർമ്മിക്കാതെ ഞാൻ ഉറങ്ങിപ്പോയി.
പിറ്റേന്ന് അച്ഛന് ചെക്കപ്പ് ഉണ്ടായിരുന്നു. പതിയെ പതിയെ ഭൂഖണ്ഡങ്ങളുടെ തിരിവുകളെക്കാൾ പ്രാധാന്യം ആസ്പത്രിക്കുണ്ടായി.
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്ന മറ്റൊരു ഭൂഖണ്ഡം എന്റെ മുന്നിലുയർന്നുവന്നു. വാതിൽക്കലെ സെക്യൂരിറ്റി, ബ്ലഡ് ബാങ്കിലെ തിരക്ക്, സ്പിരിറ്റിൻ്റെ, ഡറ്റോളിൻ്റെ ഗന്ധം, വൃത്തി കുറഞ്ഞ ജനറൽ വാർഡുകൾ, ദൈന്യം നിറയും മുഖവുമായ് നീങ്ങും രോഗികളും അവരുടെ ബന്ധുക്കളും, ദൈന്യത്തിന്റെയും, പ്രത്യാശയുടെയും മുഖരൂപമുള്ള ഭൂഖണ്ഡം
അച്ഛനെ കിടത്തി ചികൽസിച്ച വാർഡിൽ കുറെയേറെ ആളുകളുണ്ടായിരുന്നു. ഡ്യൂട്ടി ഡോക്ടേർസ് വാർഡിനോട് ചേർന്ന ഒരു ഗ്ലാസ് മുറിയിൽ ഉണ്ടാകും. ഒരാഴ്ച്ചക്കുള്ളിൽ മൂന്ന് മരണം ഞാൻ കണ്ടു. മരണത്തെ നിർവികാരതയോടെ കണ്ട് നടന്ന് നീങ്ങും ഡോക്ടേഴ്സ്. ഒന്നോ രണ്ടോ ഓക്സിജൻ സിലിണ്ഡർ മാത്രമായിരുന്നു ആ വാർഡിലുണ്ടായിരുന്നത്. ഒരു ദിവസം ഒരു രോഗിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ മാറ്റി വേറൊരു ഹൃദയാഘാതരോഗിയ്ക്ക് ഘടിപ്പിച്ചു. അതിനെ ചൊല്ലി വാർഡിൽ വലിയ ശബ്ദകോലാഹലം നടന്നു. ഹൃദയാഘാതം വന്ന യുവാവിന്റെ ഒരു ബന്ധു സഹോദരി ആസ്പത്രിയിലെ നേഴ്സ് ആയിരുന്നു. രണ്ട് രോഗികളും മരിക്കുന്നത് നിസ്സഹായതോടെ കാണേണ്ടി വന്നു
സ്പിരിറ്റ് ലാമ്പിലും ചൂടുവെള്ളത്തിലും താഴ്ത്തി അണുവിമുക്തമാക്കിയ ഒരേയൊരു സിറിഞ്ച് കൊണ്ടായിരുന്നു എല്ലാവർക്കും കുത്തിവയ്പ് നടത്തിയിരുന്നത്. 1987 ൽ അത്രയൊക്കെ പുരോഗതിയെ മെഡിക്കൽ കോളേജ് ആസ്പത്രിക്കുണ്ടായിരുന്നുള്ളൂ.
അച്ഛന്റെ ഒരാഴ്ച ആസ്പത്രിവാസത്തിനിടയിലായിരുന്നു മലയാളത്തിലെ പ്രശസ്തനായ ഒരു സംഗീതജ്ഞൻ മരിച്ചത് മരിച്ചത്. ആ സായാഹ്നത്തിൽ കുറെയേറെ ആളുകൾ വാർഡിലേയ്ക്ക് ആകെയസ്വസ്ഥതയോടെ കയറിവന്നു. ബോട്ടിലുകളിൽ രക്തവും, മരുന്നുകളുമായി ഡ്യൂട്ടി ഡോക്ടേർസ്സും, മാലാഖമാരും അങ്ങോട്ടുമിങ്ങോട്ടും ഓടി. മരണം പതിയിരിക്കും ഇടനാഴികളിലൂടെ നടന്ന് ഗായകരായ ഇരട്ടസഹോദരിൽ ഒരാൾ യാത്രയായി.
അച്ഛന്റെ അസുഖം ഭേദമായി, മരുന്നുകൾ അച്ഛന്റെ ശരീരത്തിലെ നീരൂറ്റിയെടുത്തു. അച്ഛൻ പഴയപടിയായി. പക്ഷെ മരുന്നിന്റെ പാർശ്വഫലങ്ങൾ അച്ഛനെ വശം കെടുത്തി. ആരുമറിയാതെ അച്ഛൻ മരുന്ന് കഴിക്കാതിരുന്നു .
അന്നുച്ചയ്ക്ക് അച്ഛൻ എന്നോട് വീണ്ടും ആ തടിക്കഷണത്തേക്കുറിച്ച് പറഞ്ഞു.
പഠനമുറിയിലെ മേശയ്ക്കുള്ളിൽ നിന്നും പഴയ തടിപ്പെട്ടിയിലെ അച്ഛന്റെ നിധി ഞാൻ അച്ഛന്റെ കൈയിലേയ്ക്ക് വച്ചുകൊടുത്തു. അച്ഛൻ അത് വീണ്ടും എന്റെ കൈയിലേയ്ക്ക് വച്ചു.
അതിലെ വർഷമൊന്ന് വായിക്ക്
ഞാൻ സൂക്ഷ്മതയോടെ അതിൽ നോക്കി
1958
1958ന്റെ പ്രത്യേകതയെന്തെന്ന് അറിയുമോ?
ഭൂഖണ്ഡങ്ങളുടെ തിരിവിൽ 1958 ന്റെ പ്രത്യേകതയെപ്പറ്റി എന്തെങ്കിലുമുണ്ടായിരുന്നോ?..
എനിക്കോർമ്മ വരുന്നില്ലല്ലോ.
മോളേ ആ വർഷമാണ് എന്റെ വിവാഹം നടന്നത്….
ഈശ്വരാ..
ഞാനെന്തേ ഇതൊന്നും ഇത്ര ഞാൾ ചോദിക്കാതിരുന്നത്
ഭൂഖണ്ഡങ്ങളുടെ തിരിവിലെ ചെറിയ ഗ്രാമങ്ങളിൽ ഇതേപോലെയുള്ള വിശിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
അച്ഛന്റെയും അമ്മയുടെയും വിവാഹം നാലുദിവസത്തെ ചടങ്ങായിരുന്നുവെന്നും അതൊരു വലിയ സംഭവമായിരുന്നുവെന്നും അമ്മ പറയാറുണ്ടായിരുന്നു..
കന്യാകുമാരിക്കടുത്തുള്ള വാൾവച്ചഗോഷ്ഠത്തായിരുന്നു അമ്മയുടെ അമ്മാവനോടൊപ്പം അമ്മ താമസിച്ചിരുന്നത്. അവിടെ വച്ചായിരുന്നു വിവാാഹം, അമ്മയുടെ കല്യാണത്തിന് മദ്ധ്യതിരുവതാംകൂറിൽ നിന്നും കന്യാകുമാരിയിലേയ്ക്ക് പോയി നാലു ദിവസം നീണ്ട കല്യാണാഘോഷവും കഴിഞ്ഞ് തിരികെ വന്നപ്പോഴേയ്ക്കും പെരുമഴയിൽ പാതയും പാലവും മുങ്ങിപ്പോയെന്നും വഴി കാണിക്കാൻ മുന്നോട്ട് നടന്ന ഒരു വലിയമ്മാമൻ ഒഴുകിപ്പോയെന്നും, അച്ഛൻ വെള്ളത്തിലേയ്ക്കിറങ്ങി അമ്മാമനെ രക്ഷിച്ചുവെന്നും മുത്തശ്ശി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ നടുത്തളത്തിലെ തടിയലമാരിയിൽ അച്ഛന്റെയുമമ്മയുടെയും വിവാഹത്തിന്റെ ഒരു മുദ്ര ഭദ്രമായിരിക്കുന്നു എന്ന വിശിഷ്ടമായ മഹാസംഭവം അമ്മയ്ക്ക് പോലും അറിയില്ലായിരുന്നു.
ഇതെന്താന്ന് നിനക്കറിയുമോ?
ഇല്ല..
ഇതാണ് കന്യാദാനസമയത്ത് കിട്ടിയ വരദക്ഷിണ…
വിവാഹത്തിന്റെ ഒരു ശാസ്ത്രചടങ്ങ്……
കിഴി കെട്ടി വിവാഹസമയത്ത് കൈയിൽ കിട്ടിയ അമൂല്യനിധി…
എനിക്കച്ഛനോട് വളരെ ബഹുമാനം തോന്നി..
ദശാബ്ദങ്ങളോളം അച്ഛനത് ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്നു..
വീണ്ടും അതെന്റെ കൈയിലേയ്ക്ക് വച്ച് തന്ന് അച്ഛൻ പറഞ്ഞു
നീയിത് സൂക്ഷിച്ച് വച്ചോണം..
ശരി..
ഞാൻ സൂക്ഷിക്കുന്ന ചെറിയ അത്ഭുത ലോകം അച്ഛൻ ശ്രദ്ധിച്ചിരിക്കുന്നു
എനിക്ക് ഭൂമിശാസ്ത്രത്തോടും, ഭൂഖണ്ഡത്തിന്റെ തിരിവുകളോടുമുള്ള ഇഷ്ടം അച്ഛൻ മനസ്സിലാക്കിയിരിക്കുന്നു.
അച്ഛന്റെ അമൂല്യനിധി ഞാൻ വീണ്ടും എന്റെ മേശയിലെ ചെറിയ വെങ്കലപ്പെട്ടിയിലേയ്ക്ക് വച്ചു.
മൂന്ന് പതിറ്റാണ്ടുകൾ ആരും കാണാതിരുന്ന അച്ഛന്റെ സ്വകാര്യ സന്തോഷം എന്തിനാണ് അച്ഛൻ പുറത്തെടുത്തതെന്ന് പിന്നീട് മനസ്സിലായി.
മിഥുനത്തിലെ അറുപതാം പിറന്നാളുണ്ണാൻ അച്ഛനുണ്ടായില്ല.
ആസ്പത്രിയും, ഡോക്ടർമാരും, മരുന്നുകളും ഭൂഖണ്ഡങ്ങളെ ചുറ്റിയോടിയപ്പോൾ അച്ഛൻ്റെ സുഹൃത്തും ജോൽസ്യനും കൂടിയായ നാരായണൻ തിരുമേനി അച്ഛനോട് പറഞ്ഞുവത്രെ.
ആയുസ്സെത്തിയിരിക്കുന്നു..
തിരിയെ പോകാനൊരു കാരണം… അത്ര്യെയുള്ളൂ ഈ രോഗം
ചികിൽസിച്ചാലും, ചിന്തിച്ചിരുന്നാലും ആയുസ്സെത്തിയാലൊന്നും ചെയ്യാനാവില്ല..
ദൈവം കണ്ണുപൊട്ടനാണെന്ന് പറഞ്ഞ് മുത്തശ്ശി ഉറക്കെ കരഞ്ഞു.
എന്നും കണ്ടുകൊണ്ടിരുന്ന മകൻ പെട്ടെന്നൊരു ദിവസം ഇല്ലാതാവുന്നതിന്റെ തീവ്രത, ദു:ഖം അന്ന് എനിയ്ക്ക് മനസ്സിലായി.
ഭൂഖണ്ഡങ്ങളുടെ തിരിവിലൂടെ ജീവൻ മെല്ലെ മൺതരികളിൽ മഴത്തുള്ളികളുമായി അലിഞ്ഞില്ലാതായിരിക്കുന്നു.
തിരിയെ വീട്ടിലെത്തി ഞാൻ പഠനമേശ തുറന്നു. ഗുരുവായൂരപ്പന്റെ ചിത്രമുള്ള പ്ലാസ്റ്റിക് മോതിരങ്ങൾക്കും, മുത്തശ്ശിയുടെ പദ്മനാഭന്റെ ചക്രക്കാശിനുമരികിൽ അച്ഛന്റെ അമൂല്യ നിധി……
ഭൂഖണ്ഡങ്ങളുടെ തിരിവുകൾ ഗ്രാമതീർഥക്കുളത്തിൽ മുങ്ങി ധ്യാനം ചെയ്യുന്നത് പോൽ എനിക്ക് തോന്നി
ഞാനത് കൈയിലെടുത്തു,
പിത്തളയും, ചെമ്പും ചേർന്ന നിറമുള്ള ഭംഗിയുള്ള ഒരു പത്ത് പൈസ….
ഹൃദയസ്പർശിയായ കഥ
രമ പ്രസന്ന പിഷാരോടിയുടെ കഥ വായിച്ചു, അഭിനന്ദനങ്ങൾ