Site Loader
രവീന്ദ്രൻ ടി. ജി

 

ഈ പ്രപഞ്ചം നിലനിൽക്കുന്നത് യജ്ഞാധിഷ്ഠിതമായ ഒരു ചാക്രിക വ്യവസ്ഥയിലാണ് എന്നുള്ളത് സനാതന ധർമ്മത്തിന്റെ ഒരു കാതലായ സിദ്ധാന്തമാണ്. ഇത് ഒരു സിദ്ധാന്തമല്ല. സത്യമാണ്. ശ്രീമദ് ഭഗവദ് ഗീതയിൽ ഭഗവാൻ പറയുന്നു:-

യജ്ഞാർത്ഥാത് കർമ്മണോ ന്യത്ര
ലോകോ യം കര്‍മ്മബന്ധനഃ
തദർത്ഥം കർമ്മ കൗന്തേയ
മുക്തസംഗ: സമാചര”                                        [ ഗീത 3/9]

യജ്ഞാധിഷ്ഠിതമല്ലാത്ത എല്ലാ കർമ്മങ്ങളും മനുഷ്യനെ വാസനാ സഞ്ചയത്തിലാഴ്ത്തി അവന്റെ അദ്ധ്യാത്മ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഇവിടെ കൃഷ്ണന്റെ ആഹ്വാനം യജ്ഞാധിഷ്ഠിതമായി കർമ്മം ചെയ്യു എന്നാണ്.
വീണ്ടും കൃഷ്ണൻ പറയുന്നു:

ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ
ശ്രേയഃ പരമവാപ്സ്യഥ”                                             [ഗീത 3/11]

പ്രപഞ്ച ഭൗതികത്തിനും അപ്പുറത്തുള്ള പ്രപഞ്ചാതീതമായ ആ പരമാത്മ ചൈതന്യത്തെ പല ദേവതാ രൂപത്തിൽ പോഷിപ്പിക്കുന്ന മനുഷ്യനെ ആ തത്വവും പരിപോഷിപ്പിക്കുന്നു. ഇതാണ് പ്രപഞ്ചഘടനയുടെ നിലനിൽപ്പിന്റെ ആധാരം. ചുരുക്കത്തിൽ ഒരു പാരസ്പര്യതയിലാണ് ഉണ്മയുടെ കുടികൊള്ളൽ.
ഈ വിശ്വ പ്രാപഞ്ചികത്തിൽ നിന്നും മനുഷ്യൻ വ്യതിചലിച്ചു. ഉപയോഗാധിഷ്ഠിതമായ [Utility oriented]  വ്യവഹാരത്തിൽ ഊന്നി, സ്വന്തമായി തനിക്ക് ആവശ്യമില്ലാത്തതും അല്ലെങ്കിൽ ഉപയോഗ മൂല്യം [Utility value] ഇല്ലാത്തതായി തീർന്നതൊക്കെ, ത്യജിക്കുക എന്നുള്ള ചിന്തയിലൂടെ, അധ:കൃതാവസ്ഥയിലേക്ക് പതിച്ചു പോയി.  ഇതിൽ നിന്നാണ്, വൃദ്ധസദനങ്ങളുടെയും മറ്റും ഉൽപ്പത്തി.  സ്വന്തം മാതാപിതാക്കളെപ്പോലും ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിത്തുടങ്ങിയപ്പോൾ, അവരെ ഒരു ഭാരമായി കണ്ടു തുടങ്ങി.

ഈ അവസരത്തിൽ, ശിവാപരാധക്ഷമാപണ സ്തോത്രത്തിൽ ഭഗവാൻ ശങ്കരാചാര്യർ പറഞ്ഞതൊന്ന് ഓർത്തുനോക്കാം.

വാർദ്ധക്യേ ചേന്ദ്രിയാണാം വിഗതഗതിമതിശ്ചാധിദൈവാദിതാപൈഃ
പാപൈ രോഗൈര്വിയോഗൈസ്ത്വനവസിതവപുഃ പ്രൗഢഹീനം ച ദീനമ് |
മിഥ്യാമോഹാഭിലാഷൈര്ഭ്രമതി മമ മനോ ധൂർജടേർധ്യാനശൂന്യം
ക്ഷന്തവ്യോ മേ‌ഽപരാധഃ ശിവ ശിവ ശിവ ഭോ ശ്രീ മഹാദേവ ശംഭോ”

ഇന്ദ്രിയങ്ങൾ അശക്തങ്ങളും അനിയന്ത്രിതവുമായി ഭവിച്ച്, ആധി ദൈവികം, ആധി ഭൗതികം, എന്നീ താപത്രയങ്ങളും, വേർപാടുകളുടെ ദുഖവും ചേർന്ന്, ശരീരത്തിന്റെ നാശ സമയത്ത്, അഹം എന്ന ബോധം മോഹാഭിലാഷങ്ങളിൽ കുടുങ്ങി ഭ്രമിച്ചു കൊണ്ടിരിക്കും.

സ്വന്തം കർമ്മഫലങ്ങളാൽ വന്നു ചേർന്ന, ഋണാത്മകമായ [Negative] പരിണാമമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇതിന്റെ മൂലകാരണം ഉപഭോഗ സംസ്ക്കാരത്തിൽ ഊന്നിയുറച്ച മാനസികാവസ്ഥയാണ്.  ദൈനദിന ജീവിതത്തിൽ ഉപയോഗിച്ച് വലിച്ചെറിയുക [Use & Throw] എന്ന ജീവിത രീതിയാണല്ലൊ നമ്മൾ പിന്തുടരുന്നത്. ദൗർഭാഗ്യമെന്ന് പറയട്ടെ, ഇത് ബന്ധങ്ങളിലും വന്നു ചേർന്നു. വാർദ്ധക്യത്തിൽ വിവാഹ മോചനം തേടുന്ന ദമ്പതികൾ ഇതിനുള്ള ഒരു ഉദാഹരണം മാത്രം.

പരസ്പരം സഹവർത്തിത്വവും, വിട്ടുവീഴ്ചയുമാണ്, ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരം. അപ്പോൾ ഭൗതികമായ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും, യജ്ഞാധിഷ്ഠിതമായ ഈ ഒരു കൂട്ടായ്മ വിജയപ്രദമാവാതിരിക്കുമോ? ഇതാണ് ഭഗവദ് ഗീത നൽകുന്ന സന്ദേശവും.

ഈ യജ്ഞസംസ്ക്കാരം മനുഷ്യനൊഴിച്ച്, മറ്റെല്ലാ ജീവജാലങ്ങളും പിന്തുടരുന്നു. ഉദാഹരണത്തിന് കാക്കയെ നോക്കുക, എന്തെങ്കിലും ഭോജ്യ വസ്തു കിട്ടിയാൽ, ഒരു പ്രത്യേക സ്വരത്തിൽ കരഞ്ഞ്, മറ്റു കാക്കകളെ വിളിച്ചു വരുത്തി ഒന്നിച്ച് ഭക്ഷിക്കുന്നു. മനുഷ്യനോ ശേഖരിച്ച് വച്ച് ആവശ്യാനുസരണം കഴിച്ചു തീർക്കുന്നു, ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തിരിച്ചറിയാനുള്ള വിവേക ബുദ്ധിയുണ്ടായിട്ടുപോലും.

ആദ്ധ്യാത്മിക അധ:പതനത്തിലേക്കാണ്, ഇത് വിരൽ ചൂണ്ടുന്നത്. തന്നിലുള്ള ജീവ സഫുലിംഗം പരമാത്മാവിന്റെ സത്തയാണെന്നും, അതേ പരമാത്മാവു തന്നെയാണ്, ഈ പ്രപഞ്ചത്തിന് അധിഷ്ഠാനമായി നിന്ന്,  എല്ലാവരിലും ഉണ്മയുടെ അവബോധമുണർത്തുന്നത് എന്ന് വിസ്മരിച്ച്, മനുഷ്യരാശി, നാശത്തിന്റെ ബീജാവാപം നടത്തുന്നു.

3 Replies to “ചൂഷണാധിഷ്ഠിത ഉപഭോഗ സംസ്ക്കാരം”

Leave a Reply

Your email address will not be published. Required fields are marked *