മുണ്ടൂർ കൃഷ്ണൻകുട്ടിയേട്ടന്റെ മകൻ ദിലീപൻ(ഉണ്ണി) സ്നേഹക്കടലായ തൻറെ അച്ഛനെ അനുസ്മരിക്കുന്നു .
മുണ്ടൂർ കൃഷ്ണൻകുട്ടി , എന്റെ അച്ഛൻ, മൂന്നാമതൊരാളോട് ചേർന്നിട്ട് ഈ വരുന്ന ജൂണ് 4 ന് 15 വർഷം ആകുന്നു. അച്ഛൻ എനിക്ക് നാലാം ക്ലാസ് മുതൽ ഒന്നാമതൊരാളും, രണ്ടാമതൊരാരാളും എല്ലാമെല്ലാമായിരുന്നല്ലോ…..
എന്റെ എല്ലാ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും ഒപ്പം നിന്ന അച്ഛൻ..
ഞാൻ ഓർക്കുന്നു, 2005 June നാലാം തിയ്യതി രാവിലെ അനുപുരത്ത് വീടിന്റെ മുന്നിൽ വച്ചിരുന്ന അച്ഛന്റെ ഭൗതിക ശരീരം കാണാൻ വന്ന മുണ്ടൂരിലെ മുഴുവൻ ജനങ്ങളുടെയും നിറഞ്ഞ കണ്ണുകൾ. അതിൽ ഒരാളായി ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന അതുല്യ നടൻ, തീരെ വയ്യാതിരിക്കുന്ന സമയമായിട്ട് പോലും, ആരോടും ഒന്നും പറയാതെ നിറഞ്ഞ കണ്ണുകളോടെ രണ്ടു പിടി മണ്ണ് അച്ഛന്റെ സമാധി സ്ഥലത്തു ഇട്ട് മടങ്ങിപ്പോയത്. അങ്ങിനെ എത്ര എത്ര ആളുകൾ അന്ന് വന്നു പോയി….
ജോലി കിട്ടി ഡൽഹിയിലും മുംബൈയിലും ഒക്കെയായി താമസം തുടങ്ങിയതിന് ശേഷം അച്ഛനോടൊപ്പം ഉള്ള താമസം വർഷത്തിൽ ഒന്നോ രണ്ടോ തവണ നാട്ടിൽ വരുമ്പോൾ മാത്രമായി. അന്നേക്കൊക്കെ അച്ഛൻ തിരക്കുളള ഒരു നടനുമായി കഴിഞ്ഞിരുന്നു.
പിന്നീട് ഒരുമിച്ച് കുറെ നാൾ അടുത്തിരുന്നത് എറണാകുളത്തെ Lake Shore ഹോസ്പിറ്റലിൽ അച്ഛന്റെ ചികിത്സാ സമയത്ത് ആയിരുന്നു. അന്ന് അച്ഛനോട് പല കാര്യങ്ങൾ സംസാരിച്ചിരുന്ന സമയത്ത് ഞാൻ പറഞ്ഞു.
“അച്ഛാ, ഓർക്കുന്നുണ്ടോ ഒരു രാത്രി എന്നെ ഫോണിൽ വിളിച്ച് സത്യൻ അന്തിക്കാട് അച്ഛനെ വിളിച്ചു പറഞ്ഞ കാര്യം”…. അത് ഇങ്ങനെ ആയിരുന്നു. “ഉണ്ണി..സത്യൻ വിളിച്ചിരുന്നു. എന്റെ വെങ്കിടിയായുള്ള (സ്വപ്നം സീരിയൽ) അഭിനയം കണ്ട് സത്യന്റെ അടുത്ത ചിത്രത്തിൽ എനിക്ക് പറ്റിയ ഒരു വേഷം ഉണ്ട്.. അതിൽ അഭിനയിക്കാൻ ചെല്ലാൻ പറഞ്ഞു”. ഞാൻ പറഞ്ഞു” അച്ഛാ, അതു ഗംഭീരമായി. എന്നാണ് പോകേണ്ടത്?”
അപ്പോൾ അച്ഛൻ പറഞ്ഞു” അതു ശരിയാകും എന്ന് തോന്നുന്നില്ല. സ്വപ്നത്തിന്റെ ഷൂട്ടിംഗിനായി ഇനിയും കുറേ ദിവസങ്ങൾ തിരുവനന്തപുരത്തു തന്നെ നിൽക്കേണ്ടി വരും. ഇപ്പോൾ ഇവരോട് കുറച്ചു ദിവസം മാറി നിൽക്കണം എന്ന് പറഞ്ഞാൽ അതവർക്ക് ബുദ്ധിമുട്ടാകും”. ഒരു ശരാശരി ചിന്താഗതിക്കാരനായ ഞാൻ പറഞ്ഞു” അച്ഛാ, എന്താ ഈ പറയണേ. സത്യൻ അന്തിക്കാട് പോലുള്ള ഒരു സംവിധായകൻ വിളിക്കുമ്പോൾ ഇവിടെ എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞു സമ്മതിപ്പിച്ചു പോകുകയല്ലേ വേണ്ടത്”.
അച്ഛൻ പറഞ്ഞു ” ഉം. നോക്കട്ടെ”.
കുറച്ചു ദിവസം കഴിഞ്ഞു ഞാൻ ചോദിച്ചു, “അച്ഛാ, എന്തായി സത്യൻ അന്തിക്കാടിന്റെ സിനിമ?”
“ഞാൻ കുറെ ശ്രമിച്ചു. പക്ഷേ ഇപ്പോൾ ഇവിടെ നിന്നും മാറി നിൽക്കാൻ ബുദ്ധിമുട്ടാണ്.. മറ്റൊരിക്കൽ ആകട്ടെ എന്നു സത്യനോട് പറഞ്ഞു”.
അച്ഛൻ ഒട്ടും തന്നെ ശ്രമിച്ചില്ല എന്നു എനിക്ക് ഉറപ്പായിരുന്നു. അങ്ങിനെയായിരുന്നു അച്ഛൻ. ആരെയും വേദനിപ്പിക്കാണോ മുഷിമിപ്പിക്കാനോ പറ്റാത്ത പ്രകൃതം.
ഈ അടുത്ത ദിവസം പി. രാജീവ് നാഥ് എന്ന പ്രശസ്ത സംവിധായകൻ വിളിച്ചിരുന്നു. അച്ഛന്റെ ഒരു കഥ സിനിമ ആക്കാൻ ആലോചിക്കുന്ന കാര്യം പറയാനായിരുന്നു. അച്ഛന്റെ ഓർമ്മകൾ പങ്ക് വയ്ക്കാൻ അദ്ദേഹത്തിനും വലിയ ആവേശം…
എല്ലാവർക്കും അങ്ങിനെ തന്നെ. 15 വർഷത്തിന് ശേഷം ഇന്നും അച്ഛനെ കുറിച്ച് ഓർക്കുവാനും പറയുവാനും വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവർക്കും ആയിരം നാവാണ്….
മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ മകനായി ജനിച്ചു എന്നത് വലിയ ഒരു ഭാഗ്യം എന്നല്ലാതെ ഞാൻ എന്ത് പറയാൻ….