ഏകദേശം രണ്ട് വർഷമായിക്കാണും.
ഞാൻ ജോലി സ്ഥലത്താണ്. എന്റെ സെൽഫോൺ റിംഗ് ചെയ്യുന്നു. ബാബുവാണ്. എടുത്തു.
*ഗോപേട്ടൻ. ഞാനിവിടെ….. തുണിക്കടയിലുണ്ട്. ഒന്നിങ്ങോട്ട് വരാൻ പറ്റ്വോ? *
*അത്യാവശ്യാണോ? *
*ങ്ങാ. അങ്ങനേം പറയാം. ഹോസ്പിറ്റലിന്ന് ഇറങ്ങാൻ സാധിക്ക്വോ..?
*ശരി. വരാം.. * ഓട്ടോ പിടിച്ചു ബാബു പറഞ്ഞ ഷോപ്പിലേക്ക്.
ഓട്ടോ അങ്ങോട്ട് എത്തുന്നതിനു മുമ്പ് ഒരു കാര്യം പറയട്ടെ. എനിക്കൊരു ചീത്ത ശീലമുണ്ട്. ഒരു ഷർട്ട് ഇട്ട് കഴിഞ്ഞാൽ ചിലപ്പോൾ 4 ദിവസമൊക്കെ അതു തന്നെ ഇടും. ഇതിന്റെ പേരിൽ ഭാര്യയുടെ കുറ്റപ്പെടുത്തൽ സ്ഥിരം. അതു മൈൻഡ് ചെയ്യാറില്ല. ഷർട്ടുകൾ വേണ്ടതിലധികം പെട്ടിയിലുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. ശീലമായിപ്പോയി. ചിലപ്പോൾ കുട്ടിക്കാലത്തെ ദാരിദ്ര്യ കാലം തന്ന ശീലമായിരിക്കാം.
ഓട്ടോ, ബാബു പറഞ്ഞ ഷോപ്പിന്റെ മുന്നിൽ നിന്നു. ഇറങ്ങി.
അവിടെ ബാബു മാത്രമല്ല ജ്യോതിയുമുണ്ട്.രണ്ട് പേരും ചിരിക്കുന്നുണ്ട്…
പിന്നെ യാതൊരു മുഖവുരയുമില്ലാതെ ബാബു പറയുന്നു.*ഇങ്ങോട്ട് വേണ്ട എന്നൊന്നും പറയണ്ട. ഞാൻ ഗോപേട്ടന് രണ്ട് ഷർട്ട് എടുത്തു വെച്ചിട്ടുണ്ട്. സൈസ് എത്ര്യാ? *
സത്യം പറഞ്ഞാൽ ഞാനാകെ ചമ്മിപ്പോയി.എന്റെ ദുശ്ശിലം ബാബു കണ്ട് പിടിച്ചിരിക്കുന്നു.അത് എന്നെ മനസ്സിലാക്കാൻ ഇതിൽപ്പരം മാർഗ്ഗം ബാബുവിന് തോന്നിക്കാണില്ല. ഞാൻ ജ്യോതിയെ നോക്കി.
ഒരു സംശയോം വേണ്ട. ബാബുവേട്ടൻ കാര്യമായിട്ട് തന്നെ തരുന്നതാ..വേണ്ടെന്ന് പറയരുത്..
മനസ്സില്ലാമനസ്സോടെ ബാബു തന്ന ഷർട്ടുകൾ വാങ്ങി. പകരം ബാബുവിനു എന്തെങ്കിലും കൊടുക്കാം എന്ന് ഉള്ളിൽ തീരുമാനിക്കുകയും ചെയ്തു.
വീട്ടിലെത്തി ഭാര്യയോട് വിവരം പറഞ്ഞു. പകരം ഞാൻ ബാബുവിന് എന്താണ് കൊടുക്കുക എന്ന് ഭാര്യയുടെ വിദഗ്ദോപദേശം തേടി.
തല്ക്കാലം ഒന്നും ചെയ്യണ്ട. സന്ദർഭം വരുമല്ലോ.അപ്പോ നോക്കാം…പിന്നേ… ഇനിയെങ്കിലും ഒരു ഷർട്ട് ഒരു ദിവസം മതി ന്ന് തിരുമാനിച്ചേക്കണം..
സമ്മതിച്ചു.പക്ഷെ ഷർട്ടിന്റെ ഉപയോഗം 4 ദിവസം എന്നത് രണ്ട് ദിവസമായി എന്ന് മാത്രം.അതിലും കുറക്കാൻ മനസ്സനുവദിക്കണ്ടേ..?
ബാബുവിന്റെ ആ കടം വീട്ടാൻ സന്ദർഭം ലഭിച്ചില്ല. നേരിട്ട് കൊടുക്കാൻ ഇനി ഒരിക്കലും സാധിക്കുകയുമില്ല.
സാന്ദർഭീകമായി ഒന്ന് കൂടി പറയേണ്ടതുണ്ട്.
എന്റെ വീട്ടിൽ രണ്ട് പ്ലാവുകൾ. ഒന്നിൽ ധാരാളം ചക്കകൾ ഉണ്ടാകും. പക്ഷെ കാര്യമില്ല. അതിന് ആകാശത്തേക്കാൾ പൊക്കമാണ്. അതും കൊമ്പുകൾ കുറഞ്ഞ് നേരെ മുകളിലേക്ക് പോയിരിക്കുകയാണ്. 90% ചക്കയും ആകാശത്താണ്. തോട്ടി പോലും എത്തില്ല. മുകളിലെ ചക്കകൾക്കെല്ലാം വീണു പോകാനാണ് വിധി.
രണ്ടാമത്തെ പ്ലാവ് മര്യാദക്കാരനാണ്. വലിയ പൊക്കമൊന്നും ഇല്ല. പക്ഷെ ചക്കകൾ വളരെ കുറവാണ്. മിക്കതും മൂന്നോ നാലോ മാത്രം. അതും തെക്കോട്ടു പോകുന്ന ഒരു കൊമ്പിൽ മാത്രം. അതിലെ ചക്കക്ക് നല്ല മധുരവും സ്വാദും ഉണ്ട്. ആ പ്ലാവിലെ കുറഞ്ഞത് ഒരു ചക്കയെങ്കിലും വർഷവും ബാബുവിനുള്ളതാണ്. ബാബുവിനും കുടുംബത്തിനും അതിഷ്ടവുമാണ്. ഞങ്ങൾ ആ പ്ലാവിനെ തമാശക്ക് ബാബുപ്ലാവ് എന്നാണ് വിളിച്ചിരുന്നത്.
പക്ഷെ ഈ വർഷം ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് ആ പ്ലാവിലെ തെക്കോട്ടു പോകുന്ന കൊമ്പ് ഉണങ്ങി. ഒരൊറ്റ ചക്ക പോലും ഉണ്ടായില്ല. പ്ലാവിന് മനസ്സിലായിക്കാണും അതിന്റെ ഫലത്തെ ഇഷ്ടപ്പെട്ടിരുന്നയാൾക്ക് ഇനി അത് വേണ്ടെന്ന്… അറിയാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമല്ല മരങ്ങൾക്കും ചെടികൾക്കും ഉണ്ടാകുമായിരിക്കും. (ഇപ്പോൾ എല്ലാ പ്ലാവിലെയും ചക്കകൾ അവസാനിക്കാറായ സമയമായപ്പോൾ ആ പ്ലാവിലെ മറ്റൊരു ചെറിയ കൊമ്പിൽ രണ്ട് ചക്കകൾ ഉണ്ടായിട്ടുണ്ട്. രണ്ട് ദരിദ്ര ചക്കകൾ).
ബാബു തന്ന ഷർട്ടുകൾ ജ്യേഷ്‌ഠന് അനുജൻ തന്ന സമ്മാനമായിട്ടേ ഞാൻ കരുതിയിട്ടുള്ളു. അതു കൊണ്ട് ആ കടം അങ്ങനെത്തന്നെ നിൽക്കട്ടെ. ദു:ഖവും സന്തോഷവും സമാസമം ചേർന്ന നിത്യസ്മരണക്കുള്ള സമ്മാനം.
നമ്മുടെ മത ഗ്രന്ഥങ്ങളും വിശ്വാസങ്ങളും അനുസരിച്ച് നമ്മളിലെല്ലാം ദൈവികതയുണ്ട്. ഓരോ ജന്മവും അവതാരങ്ങളാണ്. അവതാരോദ്ദേശം തീർന്നാൽ പിന്നെ തിരിച്ചു പോക്കാണ്. ബാബുവിന്റെ അവതാരോദ്ദേശം തീർന്നു. അതുകൊണ്ടാണ് വേഗം തിരിച്ചു പോകേണ്ടി വന്നത്. പക്ഷെ തിരിച്ചു കൊണ്ടുപോകാനാകാത്ത ചിലതൊക്കെ ബാബു ഇവിടെ ഇട്ടിട്ടാണ് പോയത്. ശുഭാപ്തി വിശ്വാസം…സഹായമന:സ്ഥിതി….അങ്ങനെയങ്ങനെ ഒട്ടേറെ കാര്യങ്ങൾ… അവയെ പറ്റി പറയാൻ ഒരു പാട് പേർക്ക് ഉദാഹരണങ്ങളുമുണ്ട്.
അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്….യുവത….യുവചൈതന്യം…യുവജന കൂട്ടായ്മ..
അതും സംഭവിച്ചു കഴിഞ്ഞു.ബാബുവിനുള്ള മിഴിനീരാഞ്ജലി…..
കാലമിനിയുമുരുളും….യുവത്വം വാർദ്ധക്യമാകും.വാർദ്ധക്യം സ്മരണയുമാകും. കാലത്തിന്റെ ടൈംടേബിളിൽ മാത്രം മാറ്റമില്ലാതെ…
അപ്പോഴും കാലത്തിന്റെ കിരീടത്തിൽ അനശ്വരമായ ഒരു നക്ഷത്രം തിളങ്ങി നിൽക്കും. ആ നക്ഷത്രത്തിന് ബാബുവിന്റെ മുഖമായിരിക്കും.
പ്രണാമം.
Memory