ബാബുഏട്ടൻ എന്ന വ്യക്തി പ്രഭാവത്തിൻെറ ചിറകിൻ കീഴിൽ സുഖമായി കഴിഞ്ഞുകൂടുകയും ആ സ്നേഹവാത്സല്യങ്ങൾ ധാരാളം അനുഭവിക്കുകയും ചെയ്ത വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിൻെറ ഭൗതിക വേർപാട് വലിയൊരു ആഘാതമാണ് ഉണ്ടാക്കിയത്.
ശൂന്യതയിൽ നിന്ന് വലിയൊരു വിസ്മയലോകം തീർത്ത് നമ്മെ അത്ഭുതപ്പെടുത്തുന്ന മാന്ത്രികനായിട്ടാണ് പൊതുവെ ബാബുഏട്ടനെ നോക്കിക്കാണാറ്.
സമുദായംഗങ്ങളുടെ ഐക്യവും സംഘടനയുടെ കെട്ടുറപ്പും ഒക്കെ ഒലിച്ചു പോവും എന്ന് തോന്നിപ്പിച്ച ഒരു പ്രതിസന്ധി ഘട്ടത്തിൽ ഉയർന്നു വന്ന ആശയമാണ് നിറമാല. എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന ചിന്തമാത്രമെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു.
അതിന് രൂപവും ഭാവവും നല്കി യാഥാർത്ഥ്യമാക്കിയത് ബാബുഏട്ടൻെറ മാത്രം കഴിവാണ്.
ഇവിടെ ഞങ്ങൾ എന്നുപറയുന്ന ചെറിയൊരു സംഘം സിത്താര രാജേട്ടൻ, ചൊവ്വരമധുച്ചേട്ടൻ, വിജയൻ, രവി, മനോജ്, കൃഷ്ണകുമാർ, അനിലേട്ടൻ, ജിഷ്ണു , ”പിന്നെ കാഴ്ച്ചക്കുവേണ്ടി ഈ ഞാനും”.
വിസ്മയങ്ങളുടെ ദിനങ്ങളായിരുന്നു നിറമാല സംഘടിപ്പിക്കാൻ വേണ്ടി നടന്ന രണ്ടു മാസക്കാലം.
തനിക്കുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളെയും കഠിനമായ വേദനകളേയും മനസ്സാന്നിദ്ധ്യം കൊണ്ട് അതിജീവിച്ചാണ് നിറമാലയ്ക്ക് വേണ്ടി ബാബുഏട്ടൻ അഹോരാത്രം ഓടിനടന്നത്. രാജേട്ടനും വിജയനും രവിയും ബാബുഏട്ടൻെറ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് നിഴലുപോലെ കൂടെ ഉണ്ടായിരുന്നു.
നിറമാല തയ്യാറെടുപ്പുകൾക്കിടയിൽ എനിക്ക് ചെറിയൊരു ബൈക്ക് അപകടത്തിൽ പെട്ട് വീട്ടിൽ ഇരിക്കേണ്ടി വന്നു. നിറമാലയ്ക്ക് വേണ്ടി “work from home” മാത്രമെ ആ ദിനങ്ങളിൽ പറ്റിയിരുന്നുള്ളു. ഓടിനടക്കാൻ പറ്റാതിരുന്ന ആ സമയത്തും എന്നെയും കൂടി ടീ മിൻെറ ഒപ്പം കൂട്ടി നിർത്താൻ ബാബുഏട്ടൻ വളരെയധികം ശ്രദ്ധിച്ചിരുന്നു.
നമ്മുടെ യുവജനങ്ങളെ വേദികളിലേക്കും മുൻ നിരകളിലേക്കും എത്തിക്കാനും കലാപരമായ ചിന്തകളെ കുറെക്കൂടി ഉയർത്തി അതിൽ ഒരു പ്രൊഫണലിസം കൊണ്ടുവരാനും സദാസമയവും ബാബുഏട്ടൻ പ്രചോദനം നല്കിക്കൊണ്ടിരുന്നു.
നിറമാല എന്ന പരിപാടി എങ്ങിനെയുണ്ടാവും എന്ന് തൊട്ടു തലേദിവസം വരെ ഞങ്ങൾക്കുപോലും പൂർണമായും അറിയില്ലായിരുന്നു.
ബാബു നാരായണൻ എന്ന വിഖ്യാത സംവിധായകൻെറ കഴിവ് അല്ലെങ്കിൽ മഹത്വം നിറമാല ദിവസമാണ് ശരിക്കും അനുഭവിക്കാൻ കഴിഞ്ഞത്.
പ്രതീക്ഷിച്ചതിലും അത്ഭുതകരമായ വിസ്മയങ്ങൾ സംഘാടകരായ നമ്മളെ വേറൊരു ലോകത്തിലെത്തിച്ചു.
വ്യക്തിപരമായി ബാബുഏട്ടനുമായുള്ള അനുഭവങ്ങളെക്കുറിച്ചും സമുദായത്തിൻെറ കലാപരമായ ചിന്തകളെ ഉണർത്താൻ ബാബുഏട്ടൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള കാര്യങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ആ സ്മരണകൾ നിലനിർത്തി എൻെറ മനസ്സിൽ ബാബുഏട്ടനെ അമരനായി നിലനിർത്തുകയാണ്.