പിഷാരോടി സമാജത്തിനു പുരോഗമനപരമായി പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് യുവജനവിഭാഗത്തിനു പുനരുദ്ധാരണം ഉണ്ടായത്. സമാജത്തിനു പല സന്ദർഭർഭങ്ങളിലും യൂത്ത് വിംഗ് ഉണ്ടാവുകയും കാര്യമായി ഒന്നും ചെയ്യാൻ പറ്റാതെ അവയൊക്കെ നിജ്ജീവമായിപ്പോവുകയുമാണുണ്ടായത്. അതിനെല്ലാം വിപരീതമായി അതിനു പുതിയൊരു മുഖം സംഭാവന ചെയ്തു കൊണ്ടാണ് 2002ൽ പുതിയ യൂത്ത് വിംഗ് രൂപീകൃതമായത്. സമാജത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായ സമാജം വെബ്സൈറ്റും യുവചൈതന്യം ഇന്റെർനെറ്റ്
മാസികയും യുവജനങ്ങളുടെ സംഭാവനയാണ്. എല്ലാ ശാഖയിലും യുവജന സാന്നിദ്ധ്യം അറിയിക്കുവാൻ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സാധിച്ചത് ചെറിയ കാര്യമല്ല.
സമാജത്തിന്റെ പ്രവർത്തനങ്ങളിൽ പകുതിയിലധികം അറിഞ്ഞോ, അറിയാതെയോ യുവജനങ്ങളെ ലക്ഷ്യമാക്കിയാണ്. അതിൽ പ്രധാനം വിദ്യാഭ്യാസ മേഖലയിൽ സമാജം ചെയ്തു വരുന്ന സഹായങ്ങളാണ്. കൂടാതെ വിവാഹ സഹായം തുടങ്ങിയവയും യുവാക്കളെ ഉദ്യേശിച്ചു തന്നെ. മേൽപറഞ്ഞ കാര്യങ്ങളുടെ തിരിച്ചറിവാണ് ഇന്നത്തെ യുവജന വിഭാഗത്തിന്ന് ദിശാബോധം നൽകുന്നത്.
കലാപരിപാടികളിൽ പങ്കെടുക്കുന്നതു മാത്രമാണ് യുവജനങ്ങളുടെ ലക്ഷ്യം എന്നു പലരും തെറ്റി ധരിച്ചിരിക്കുന്നതു ഖേദകരമാണ്.
സമത്വത്തെക്കുറിച്ചും മറ്റും രാഷ്ടീയ നേതാക്കൾ ഘോര ഘോരം പ്രസംഗിച്ചു നടക്കാറുണ്ടെങ്കിലും ജാതി മത അടിസ്ഥാനത്തിലുള്ള വിഭാഗീയത ഒരു യാഥാർത്ഥ്യമാണ്, അനുഭവസത്യമാണ്. സംവരണ നിയമങ്ങളുടെ കരാളഹസ്തങ്ങളിൽ നിന്നും നമ്മുടെ സമുദായത്തിലെ വളരുന്ന തലമുറയെ രക്ഷിച്ചെടുക്കുക എന്നതാണ് യുവജന വിഭാഗത്തിൻ്റെ പരമപ്രധാനമായ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള മാർഗങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കഴിഞ്ഞ നാലുവർഷങ്ങളിലായി യുവജനങ്ങളുടെ സാന്നിദ്ധ്യം ചെറുതാണെങ്കിലും സമാജത്തിൻ്റെ എല്ലാ പ്രവർത്തന മേഖലകളിലേക്കും വ്യാപിപ്പിക്കാൻ കഴിഞ്ഞു.
യുവാക്കളാണ് സമുദായത്തിൻ്റെയും സമൂഹത്തിൻ്റെയും ശക്തി എന്ന തിരിച്ചറിവുള്ള വ്യക്തികൾ സമാജത്തിൻ്റെ മുൻനിരയിലുണ്ട് എന്നത് വലിയ അനുഗ്രഹമാണ്.
നമ്മുടെ ഇടയിലെ യുവാക്കൾക്ക് സുരക്ഷിതത്വ ബോധവും ലക്ഷ്യ ബോധവും ഐക്യ ബോധവും നൽകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇനി തുടങ്ങേണ്ടത്. പല സമുദായങ്ങളും പ്രത്യേകിച്ച്
ഇതര മതത്തിലുള്ള സംഘടനകൾ ചെറു മേഖലകളായി തിരിഞ്ഞ് ആഴ്ചതോറും യുവാക്കളുടെ യോഗം വിളിക്കുകയും അവർക്കു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
പ്രഗത്ഭമതികളുടെ ക്ലാസുകൾ തങ്ങൾക്കു പഠിക്കേണ്ട വിഷയങ്ങൾ തിരഞ്ഞെടുക്കുവാനും, തൊഴിൽ അന്യോഷകർക്ക് അവരുടെതായ മേഖലകൾ തിരഞ്ഞെടുക്കുവാനും വളരെ അധികം ഉപകരിക്കുന്നു.
പ്രഗത്ഭരായ ധാരാളം ഗുരുജനങ്ങളുള്ള അനുഗ്രഹീത സമുദായമായ പിഷാരോടിമാർക്കും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ഏതു കോഴ്സ് തിരഞ്ഞെടുക്കണം, പഠിത്തം കഴിഞ്ഞാൽ ഏതു ജോലി നോക്കണം തുടങ്ങി പല വിഷയങ്ങളിലും തീരുമാനമെടുക്കാൻ കഴിയാതെ വലയുന്ന ധാരാളം യുവാക്കൾ നമ്മുടെ ഇടയിലുണ്ട്. അവർക്കെല്ലാം വേണ്ട രീതിയിലുള്ള സഹായങ്ങൾ നൽകാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കും. ഈ മേഖലയിലുള്ള പ്രവർത്തനമാണ് യൂത്ത് വിംഗ് അടുത്ത ഘട്ടമായി ലക്ഷ്യമിടുന്നത്.ഇതിന് നമ്മുടെ സമുദായ അംഗങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും ആവശ്യമാണ്.
അവാർഡ് ജേതാക്കളും യുവജന വിഭാഗവും
ഏറ്റവും അധികം വിദ്യാഭ്യാസ അവാർഡുകളും സ്കോളർഷിപ്പുകളും നൽകുന്ന അമ്പലവാസി സമുദായം എന്ന അംഗീകാരം പിഷാരോടി സമാജത്തിനു മാത്രം സ്വന്തമാണ്. പിഷാരോടി എജുക്കേഷണൽ സൊസൈറ്റി കഴിഞ്ഞ പന്ത്രണ്ടു പതിമൂന്നു വർഷങ്ങളായി ഈ സദ്പ്രവർത്തിയിൽ വ്യാപൃതമാണ്. ഒരു സമുദായ പ്രവർത്തനത്തിന്റെ ഉത്തമ മാതൃകയാണിത്.
യൂത്ത് വിംഗിന്റെ പുനരുദ്ധാരണ ഘട്ടത്തിൽ തന്നെ അവാർഡ് ജേതാക്കളുടെ ഒരു ക്ലബ് രൂപീകരണം എന്ന ആവശ്യം മുന്നോട്ട് വന്നിരുന്നു. നിർഭാഗ്യവശാൽ ഇതുവരെ അതിനു സാധിച്ചില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സമാജം അവാർഡുകളും സഹായങ്ങളും ഏറ്റുവാങ്ങിയ അവാർഡ് ജേതാക്കൾ ഇന്ന് സമാജത്തെ പാടെ മറന്നിരിക്കുന്നു. ഇത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല്യ. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയാണ് പുതിയ തലമുറയെ സമുദ്ധരിക്കാൻ വേണ്ടി നാം ചിലവിടുന്നത്. പല മഹാ മനസ്കരുടെയും കാരുണ്യമാണ് ഈ തുക സംഭരിക്കാൻ സമാജത്തെ സഹായിക്കുന്നത്. ഇത്രയേറെ ത്യാഗം സഹിച്ചു ചെയ്യുന്ന ഈ സദ്പ്രവർത്തിക്ക്, അത് ഏറ്റുവാങ്ങിയവരുടെ ഭാഗത്തുനിന്ന് വരുന്ന അവഗണന താങ്ങാവുന്നതിലും അപ്പുറത്താണ്. ഈ നന്ദികേടിനെ കയ്യും കെട്ടി നോക്കി നിൽക്കാൻ യൂത്ത് വിംഗിന് കഴിയില്യ. അവാർഡ് ജേതാക്കൾ സ്വയം മുന്നോട്ട് വന്നില്ലെങ്കിൽ അവരെല്ലാം സമാജത്തിന് ബാദ്ധ്യതയായവർ എന്ന പേരിൽ വിളിക്കേണ്ടി വരും.
സമാജത്തിൻറെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയവർ അതിൻറെ ഒരു അംശമെങ്കിലും തിരിച്ചുനൽകാൻ ബാദ്ധ്യസ്ഥരാണ്. അത് ഏതു തരത്തിലായാലും. അവാർഡ് നേടിയ മിടുക്കരായ സമുദായ അംഗങ്ങൾക്ക് ഈ സമാജത്തിൻറെയും സമുദായത്തിൻറെയും പുരോഗതിക്ക് വളരെയേറെ സംഭാവനകൾ നൽകാൻ കഴിയും. ഇപ്പോൾ ലോകത്തിൻറെ പല ഭാഗത്തും താമസിക്കുന്ന അവരെ ബന്ധപെടുവാനും അവരുടെ കൂട്ടായ്മ രൂപീകരിക്കുവാനുമുള്ള ശ്രമത്തിലാണ് യൂത്ത് വിംഗ്.
ഇങ്ങനെ പല വിധത്തിലുള്ള പ്രവർത്തന ലക്ഷ്യങ്ങളുമായി നീങ്ങുന്ന യുവജന വിഭാഗത്തിനും അതിൻറെ മുഖപത്രമായ യുവചൈതന്യത്തിനും എല്ലാ വിധത്തിലുള്ളവരുടെയും അകമഴിഞ്ഞ സഹായങ്ങൾ അത്യന്താപേക്ഷിതമാണ്.
കെ. പി. ഹരികൃഷ്ണൻ
പ്രസിഡണ്ട്, യൂത്ത് വിംഗ്, പിഷാരോടി സമാജം
(2006 ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)