കെ.പി.നാരായണപിഷാരടി മാഷുടെ അനുസ്മരണയോഗം സംഗീത നാടക അക്കാദമിയുടെ അങ്കണത്തില്‍ (കെ.ടി.മുഹമ്മദ് തീയറ്റര്‍ ) വെച്ച് നടക്കുന്നു. എം. പി. സുരേന്ദ്രേട്ടന്‍റെ (മാതൃഭൂമി) നിര്‍ദ്ദേശമനുസരിച്ച് അവതാരകനായി എത്തിയതായിരുന്നു ഞാന്‍. യോഗം കഴിഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ സുരേന്ദ്രേട്ടന്‍ എന്നെ ഒരാള്‍ക്ക് പരിചയപ്പെടുത്തി, മുഖത്ത് തെളിമയുള്ള ഊര്‍ജ്ജസ്വലമായ ചിരിയുള്ള ഒരാള്‍.
‘’ബാബു.. ഇത് ഹരി…’
അനില്‍ ബാബുമാര്‍ എന്ന സംവിധായകരെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, അവരുടെ സിനിമകള്‍ ഒരുപാട് ഇഷ്ടത്തോടെ കണ്ടിട്ടുണ്ടെങ്കിലും, നേരിട്ട് ആദ്യമായിട്ടായിരുന്നു കാണുന്നത്. ഞാന്‍ അദ്ദേഹത്തെ ആദരവോടെ തൊഴുതു.
‘ഹരീ… നന്നായി ’
അദ്ദേഹം എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. കൈ വിടാതെ തന്നെ സംസാരിച്ചുകൊണ്ട് എന്നെ കുറച്ചപ്പുറത്തേക്ക് കൊണ്ടുപോയി. ആ നടത്തത്തില്‍ ഞാന്‍ എത്തിയത് അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് തന്നെ ആയിരുന്നു, ഏറെ പ്രിയപ്പെട്ട ഒരു അനിയന്‍റെ സ്ഥാനത്ത് !
അദ്ദേഹത്തിന്‍റെ വീട് എനിക്ക് കുടുംബം തന്നെയായി. ജ്യോതി ചേച്ചിയും അപ്പുവും ശ്രവണയും അമ്മയും എനിക്ക് ബാബുവേട്ടനെ പോലെ തന്നെ പ്രിയപ്പെട്ടവരായി.
ബാബുവേട്ടന്‍റെ കീഴില്‍ ഞാന്‍ കെട്ടിയാടിയ വേഷങ്ങള്‍ എത്രയാണ്? …അറിയില്ല.
‘’വലുതോ ചെറുതോ എന്നുള്ളതല്ല, നമ്മളെ കൊണ്ട് പറ്റുന്ന ഒരു ജോലി / സഹായം നമ്മളോടൊരാള്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ അത് ചെയ്ത് കൊടുക്കുക’’. ഒരിക്കല്‍ ബാബുവേട്ടന്‍ പറഞ്ഞു.
അത് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നുള്ള വാചകങ്ങള്‍ ആയിരുന്നു, അത് തന്നെയായിരുന്നു ബാബുവേട്ടന്‍. നമ്മുടെ ദുഖവും കണ്ണീരും നമുക്ക് മാത്രം കാണാനും അനുഭവിക്കാനും ഉള്ളതാണെന്നും നമ്മുടെ ചിരിയും സന്തോഷവും മാത്രമാണ് ചുറ്റുമുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കണ്ടതെന്നും ജീവിതത്തിന്‍റെ അവസാനം വരെ വിശ്വസിച്ച ഒരു മനുഷ്യന്‍.
ആദ്യമായി ഒരു ക്യാമറക്ക് മുന്‍പില്‍ നിന്നത്, അഭിമുഖത്തിനിരുന്നു കൊടുത്തത്, എല്ലാം ബാബുവേട്ടന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ്. ആങ്കറിംഗ്, വോയ്സ് ഓവര്‍, പ്രോഗ്രാമുകളുടെ സ്ക്രിപ്റ്റിംഗ്, പാട്ടെഴുത്ത് അങ്ങനെ ബാബുവേട്ടന്‍റെ കൂടെ കൂടി ചെയ്യാത്ത പണികളില്ല. അദ്ദേഹത്തിന്‍റെ ചുരുക്കം ചില കഥാ ചര്‍ച്ചകളിലും പങ്കാളി ആയിട്ടുണ്ട്. തനിക്ക് വന്ന രോഗത്തെ പോലും പോസിറ്റീവായി ചിരിച്ചുകൊണ്ട് നേരിടാന്‍ ഒരുപക്ഷേ ബാബുവേട്ടന് മാത്രമേ കഴിയുമായിരുന്നുള്ളൂ.
ഇതൊരു ഓര്‍മക്കുറിപ്പല്ല, മറിച്ച് തനിക്ക് പ്രിയപ്പെട്ട ഓരോരുത്തരിലൂടെയും അനുനിമിഷം ജീവിച്ചു കൊണ്ടിരിക്കുന്ന ഒരാളിന്‍റെ ജീവിതകുറിപ്പാണ് .
“ഹാ ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ ”
==========