“നിങ്ങൾ ഒരു ആർട്ടിസ്റ്റാണ്”
വികാരഭരിതനായി നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് അദ്ദേഹമത് പറയുമ്പോൾ എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
പറഞ്ഞത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകരായ ഇരട്ടകളിൽ ഒരാളാണ്. അനിൽ ബാബു കൂട്ടുകെട്ടിലെ ബാബു എന്ന ബാബുനാരായണൻ. ബാബുവിന്റെ ആ വാചകം എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി ഞാൻ ഉള്ളിൽ സൂക്ഷിക്കുന്നു. അന്നും ഇന്നും എന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ഒരു പക്ഷെ ആ വാചകവും സ്വാധിനിച്ചിട്ടുണ്ടാകാം.
ആരാണ് ഒരു ആർട്ടിസ്ററ്? വെറുമൊരു കലാകാരൻ മാത്രമാണോ? ബാബു സൂചിപ്പിച്ച കലാകാരന്റെ അർത്ഥം വളരെ വലുതാണ്. യഥാർത്ഥ കലാകാരന് നിരീക്ഷണ ശക്തി ഏറിയിരിക്കണം. അതോടൊപ്പം ഏതൊരു സാഹചര്യ ത്തോടും പൊരുത്തപ്പെട്ട്, കൂടെയുള്ള വരുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും അറിഞ്ഞ് അതിനനുസരിച്ച് വിട്ടുവീഴ്ചകൾ ചെയ്ത് സഹകരിച്ച് കൂട്ടായ്മയിൽ അലിഞ്ഞു ചേരാൻ മനസ്സുള്ളവൻ കൂടി ആയിരിക്കണം.
ബാബു അന്നതാണ് ഉദ്ദേശിച്ചതെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു. എന്നിലെ എന്നെയാണ് ബാബു ചൂണ്ടിക്കാണിച്ചു തന്നിരിക്കുന്നത്. അങ്ങനെ പറയാൻ മറ്റൊരു വലിയ ആർട്ടിസ്റ്റിനേ കഴിയൂ. ബാബു വളരെ വലിയ ആർട്ടിസ്റ്റാണ്.
മലയാള സിനിമാഹാസ്യ രംഗത്തെ മൂടി ചുടാമന്നൻമാരിൽ ഒരാൾ എന്ന് യാതൊരു സംശയവും കൂടാതെ പറയാവുന്ന ശ്രീ ഹരിശ്രീ അശോകനാണ് യുവ ചൈതന്യത്തിന് ഈ പഴയ ഓർമ്മ പങ്ക് വെക്കുന്നത്. ബാബു പ്രിയ ജനങ്ങളെയെല്ലാം വെടിഞ്ഞ് സ്വർഗ്ഗം പൂകിയിട്ട് ഒരു വര്ഷമാകുന്നതിന്റെ ദു:ഖ സ്മരണയിൽ യുവചൈതന്യം പ്രത്യേക പതിപ്പായി പ്രസിദ്ധികരിക്കുന്നതിന്റെ ഭാഗമായി ശ്രീ അശോകനോട് അനുഭവ കുറിപ്പ് തരണമെന്ന് അപേക്ഷിക്കുകയായി രുന്നു. അനിൽ ബാബു കൂട്ടായ്മയിൽ ഇറങ്ങിയ നിരവധി സിനിമകളിലെ അവിഭാജ്യ താരമായിരുന്നല്ലോ ശ്രീ അശോകൻ.
ശ്രീ അശോകൻ സമ്മതിച്ചു. പൂർണ്ണമായും സഹകരിച്ചു. ആർട്ടിസ്റ്റ് എന്ന് ഒരിക്കൽ കൂടി നമുക്ക് കാണിച്ചു തന്നു….
വീണ്ടും ഹരിശ്രീ അശോകന്റെ വാക്കുകളിലേക്ക് വരാം.
ബാബുവിന്റെ ആ വാക്കുകൾ ജനിച്ച സാഹചര്യത്തിലേക്ക് സീനുകൾ പിന്നിലേക്ക് മറിയുകയാണ്. ഹൃദയഹാരിയായ ഫ്ലാഷ് ബാക്ക്.
കാലമിപ്പോൾ 24 വർഷം പുറകിലാണ്. കൃത്യമായി പറഞ്ഞാൽ 1996. ഒറ്റപ്പാലത്ത് അനിൽ ബാബുമാർ സംവിധാനം ചെയ്യുന്ന മന്നാഡിയാർ പെണ്ണിന് ചെങ്കോട്ടചെക്കൻ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. വളരെ ശ്രദ്ധിക്കപ്പെടുന്ന, പ്രധാന വേഷങ്ങളിലൊന്ന് ചെയ്യാൻ എന്നെയും ക്ഷണിച്ചിട്ടുണ്ട്. അനിലും ബാബുവും കൂടെ നേരത്തെ കഥ പറഞ്ഞു തന്ന്, റോൾ വിശദമാക്കി തന്നിട്ടുണ്ട്. സത്യത്തിൽ അന്നെനിക്ക് സിനിമകൾ കുറഞ്ഞു നിൽക്കുന്ന കാലമായിരുന്നു. ഒരു ഹിറ്റ് എന്റെയും ആവശ്യമായിരുന്നു. ഈ സിനിമ എനിക്കൊരു ബ്രേക്ക് ആവുമെന്ന് ഉറപ്പുണ്ടായിരുന്നു.
എന്നോട് എത്താൻ ആവശ്യപ്പെട്ട ദിവസം തന്നെ ഒറ്റപ്പാലത്തെത്തി. ബാബുവിനെയും അനിലിനെയും കണ്ടു. പക്ഷെ അവരുടെ മുഖത്ത് എന്തോ വല്ലാത്തോരു വിഷമം തങ്ങി നിൽക്കുന്നുണ്ടെന്ന് തോന്നി. അവർക്ക് എന്നോട് എന്തോ പറയാ നുണ്ടെന്ന് ആ മുഖ ഭാവങ്ങൾ അടയാള പ്പെടുത്തുന്നുണ്ട്. എന്നാൽ ഒന്നും പറയുന്നുമില്ല. വിവരമറിയാതെ ഞാനും വിഷമത്തിലായി.
കുറച്ച് കഴിഞ്ഞപ്പോൾ പ്രൊഡക്ഷൻ ഇന്ചാര്ജ്ജ് ശ്രീ മോഹനൻ വന്നു. അദ്ദേഹം കാര്യം വിശദികരിച്ചു.
“അശോകൻ. ഒരു പ്രശ്നമുണ്ട്. സത്യത്തിൽ നിങ്ങൾക്ക് പറഞ്ഞ വേഷം ജഗതി ചേട്ടനുള്ളതായിരുന്നു. നേരത്തെ ബുക്ക് ചെയ്തിട്ടുള്ളതാണ്. അതിനിടയിൽ ഈയിടെ അദ്ദേഹത്തിന് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതറിയാമല്ലോ. ഷൂട്ടിംഗി നെത്താൻ സാധിക്കില്ല എന്നറിയിച്ചിരുന്നു. അങ്ങനെ യാണ് ആ വേഷം അശോകനിലേ ക്കെത്തിയത്. പ്രശ്നങ്ങൾ ഒഴിവായെന്നും എത്താമെന്നും ജഗതി ചേട്ടൻ അറിയിച്ചു. ഈ വിവരം അശോകനോട് പറയാൻ ബാബുവിനെയാണ് ഏൽപ്പിച്ചിരുന്നത്. പക്ഷെ അശോകനോട് ഇത് പറയാൻ പറ്റില്ല എന്ന് ബാബു തീർത്തു പറഞ്ഞു. അത്കൊണ്ട് ആ ഉത്തരവാദിത്ത്വം എനിക്കായി. പറഞ്ഞുറപ്പിച്ച വേഷമല്ല അശോകന്. മറ്റൊന്നാണ്. സഹകരിക്കണം”
കുറച്ചു സമയം ഞാൻ ഒന്നും പറയാനാകാതെ നിന്നു. വലിയൊരു പ്രതീക്ഷയാണ് ഇല്ലാതായത്. പക്ഷെ അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരി. ഇത് സിനിമയാണ്. സെന്റിമെൻറ്സിന് സ്ക്രീനിൽ മാത്രമാണ് സ്ഥാനം.
മോഹനേട്ടാ. എനിക്ക് വിഷമമില്ല എന്ന് പറഞ്ഞാൽ അത് കളവാകും. പക്ഷെ ഡയറക്ടേഴ്സിന്റെ തീരുമാനമാണ് ശരി. ജഗതി ചേട്ടൻ ഗ്രേറ്റ് ആര്ടിസ്റ്റാണ്. എത്രയോ ഉയരങ്ങളിൽ നിൽക്കുന്നയാൾ. തീർച്ച യായും എന്നേക്കാൾ മൂല്യം അദ്ദേഹത്തിന് തന്നെയാണ്. “ഡയറക്ടേഴ്സിനോട് പറഞ്ഞൊളു. എനിക്ക് യാതൊരു എതിർപ്പു മില്ലാന്ന്. വേഷം എന്നതിനെക്കാൾ അനിൽ ബാബുമാരുടെ ചിത്രം എന്നത് തന്നെയാണ് ഞാൻ മുഖ്യമായി കാണുന്നത്. ഇക്കാര്യത്തിൽ അവരുടെ സങ്കടം എനിക്ക് മനസ്സിലാകും. “ജഗതിച്ചെട്ടന് തീരുമാനിച്ച വേഷം എനിക്ക് തരാം എന്ന് അവർ വിചാരിച്ചത് തന്നെ എനിക്കൊരു കോമ്പ്ലിമെന്റല്ലേ മോഹനേട്ടാ?” ഞാൻ പറഞ്ഞൊപ്പിച്ചു
മോഹനേട്ടൻ കൈ തന്ന് പോയി. അന്ന് ഷൂട്ടിങ്ങ് കഴിഞ്ഞ് ബാബു എന്റെ റൂമിൽ വന്നു. നിറഞ്ഞ കണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ടാണ് ആ വാക്കുകൾ… എന്നെ ചിന്തിപ്പിച്ച, ഇപ്പോഴും ഓർമ്മിപ്പിക്കുന്ന വാക്കുകൾ പറഞ്ഞത്. “നിങ്ങൾ ഒരു ആർട്ടിസ്റ്റാണ്”.
ബാബുവിന്റെ മറ്റൊരു ആർട്ടിസ്റ്റ് വിളിയും ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. 1993-ൽ സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയുടെ ഷൂട്ടിങ്ങ് സമയം. എനിക്കും അതിലൊരു ചെറിയ വേഷം ഉണ്ടായിരുന്നു. അനിൽ ബാബുമാരുടെ സിനിമയിൽ ആദ്യമായി കിട്ടുന്ന വേഷമാണ്. അവർ വിളിച്ച് തന്ന വേഷമല്ല. പ്രൊഡക്ഷൻ കൺട്രോളർ മുഖാന്തിരം കിട്ടിയതാണ്. അന്ന് ഞാൻ പിടിച്ചു കയറി വരുന്നതേയുള്ളു.
എന്റെ ഭാഗം ഷൂട്ട് ചെയ്ത ശേഷം അവർ തമ്മിൽ സംസാരിക്കുന്നത് ഞാൻ യാദൃശ്ചികമായി കേൾക്കാനിടയായി. എന്നെ പറ്റിയാണെന്നും മനസ്സിലാക്കി.
“അശോകൻ ഒന്നാന്തരമൊരു ആർട്ടിസ്റ്റാണ്. ചെറിയ റോളുകളിൽ ഒതുക്കപ്പെടേണ്ടവനല്ല”.
ആ സമയത്ത് ആ വാചകങ്ങൾ എനിക്ക് തന്ന ആത്മവിശ്വാസം ചില്ലറയല്ല. ആ വാചകങ്ങൾ വെറുതെ പറഞ്ഞതല്ല എന്ന് കാലം പിന്നീട് തെളിയിച്ചു. അവരുടെ പിന്നീടുള്ള സിനിമകളിൽ എനിക്ക് ശക്തമായ റോളുകൾ തന്നു. കുടുംബ വിശേഷം, ഹാർബർ, അരമന വീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, പകൽ പൂരം…
രണ്ട് ഘട്ടങ്ങളിലെയും ആർട്ടിസ്റ്റ് പ്രയോഗത്തിന് രണ്ട് അർത്ഥമായിരുന്നു. രണ്ടും ഒരു കലാകാരന് ഊർജ്ജം പകരുന്നവ.
ഞാൻ കണ്ടിട്ടുള്ള ബാബു ഒരിക്കലും മനസ്സിൽ സംവിധായകന്റെ തൊപ്പി വെച്ചിട്ടുള്ള ഗൗരവക്കാരനല്ല. സെറ്റിലെ ആരെയും സ്വന്തം കുടുംബാംഗമായി കാണുന്നയാൾ. ആർട്ടിസ്റ്റുകളോടും ടെക്നി ഷ്യൻസിനോടും എന്തിന് ചായ കൊണ്ടു വരുന്നവരോടുമടക്കം ലളിതമായി സ്നേഹ ത്തോടെ പെരുമാറുന്നയാൾ. എല്ലാവരു ടെയും വിവര വിശേഷങ്ങൾ കാര്യമായി ചോദിച്ചറിയുന്നയാൾ. ആശ്വാസം പകരുന്നയാൾ.
ബാബു എപ്പോഴും പറയാറുണ്ട്. ഞാൻ വളരെ സെന്റിയാണെന്ന്. ശരിയാണ്. എനിക്ക് സങ്കടം വരാൻ അത്ര വലിയ കാരണമൊന്നും വേണ്ട. വിഷമം മുഖത്ത് തെളിഞ്ഞു നിൽക്കുകയും ചെയ്യും. ബാബുവിന്റെ സെറ്റിലാണെങ്കിൽ ബാബു എപ്പോഴും അത് കണ്ടെത്തും. അപ്പോൾ അടുത്തു വന്നിരുന്നു ഒരു സഹോദരനെ പോലെ കെട്ടിപ്പിടിച്ച് കാരണം ചോദിക്കും. ആശ്വസിപ്പിക്കും. ഉപദേശിക്കും. എല്ലാവ രുടെ കാര്യത്തിലും ഉണ്ട് ഉത്തരവാദിത്വം പോലെ ആ കരുതൽ.
ബാബുവിന്റെ സ്ക്രിപ്റ്റ് സെൻസ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്ക്രിപ്റ്റിലെ ഓരോ വാചകത്തിലും വരെ വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ യോജിച്ച ദൃശ്യങ്ങൾ തെളിയും. അതു പോലെ എന്നെ ആകർഷിച്ച മറ്റൊരു വിശേഷത അദ്ദേഹത്തിന്റെ അസാമാന്യ മായ നർമ്മബോധമാണ്. ഒരു നല്ല തമാശ കേട്ടാൽ ആസ്വദിച്ച് ചിരിക്കും. അനിൽ ബാബു മാരുടെ ചിത്രങ്ങളിലെ നർമ്മ രംഗങ്ങൾ ആർക്ക് മറക്കാനാകും?
ബാബുവിന്റെ ചിത്രങ്ങളിൽ അഭിനയിക്കു മ്പോൾ ആർക്കും യാതൊരു ടെൻഷനു മുണ്ടാകില്ല. വളരെ ശാന്തമായി കാര്യങ്ങൾ വിശദികരിച്ചു തരും. ഏത് തെറ്റും ക്ഷമയോടെ എത്ര പ്രാവശ്യം വേണ മെങ്കിലും തിരുത്താൻ അവസരം തരും. ഓരോ ആര്ടിസ്റ്റിന്റെയും ഉള്ളിന്റെ ഉള്ളിലുള്ള കഴിവുകളെ പുറത്ത് കൊണ്ടു വരാൻ ബാബുവിന് അസാമാന്യ കഴിവാണ്. കുറെ സിനിമകൾ ഒരുമിച്ച് ചെയ്യാൻ സാധിച്ചത് കൊണ്ടാകണം, നമ്മളോട് ബാബു ഒരു സീൻ വിശദീകരിക്കുമ്പോൾ തന്നെ അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമായി മനസ്സിലാകും.
എന്നിലെ ആര്ടിസ്റ്റിനെ സംബന്ധിച്ചെട ത്തോളം മറക്കാനാകാത്ത ഒരനുഭവം കൂടിയാണ് ഈയിടെ ലഭിച്ചത്. അനിൽ ബാബുമാരുടെ കുസൃതി എന്ന സിനിമയിൽ നായകനാകാനുള്ള ഭാഗ്യം അവർ എനിക്കാണല്ലോ തന്നത്. ഈയിടെ ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്ന സിനിമയിലും ഞാനാണ് നായകൻ. അതിന്റെ അസോസിയേറ്റ് ഡയരക്ടർ ദർശനും. അങ്ങനെ അച്ഛന്റെയും മകന്റെയും കീഴിൽ അഭിനയിക്കാനുള്ള അപൂർവ അവസരം എനിക്ക് കൈവന്നു. ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക് ഹാസ്യം തെരഞ്ഞെടുത്തിട്ടുണ്ട്.
ബാബു ഇല്ലാതായിട്ട് കൊല്ലം ഒന്ന് കഴിയുന്നു. പ്രിയ ജനങ്ങൾക്കൊപ്പം മലയാള സിനിമക്കും ആ വിയോഗം വളരെ വലിയ നഷ്ടമാണ്. ബാബുവിന്റെ കുടുംബത്തി നുണ്ടായ ആഘാതത്തെ തരണം ചെയ്യാൻ അവർക്ക് ശക്തി കൊടുക്കണേ എന്നാ ണെന്റെ പ്രാർത്ഥന. എന്താവശ്യത്തിനും ഞാൻ അവർക്കൊപ്പമുണ്ടാകും. അതെന്റെ കടമയായിട്ടാണ് ഞാൻ കാണുന്നത്.
അതെ, ബാബു എന്നെ സംബന്ധിച്ചിട ത്തോളം സുഹൃത്തും അതേസമയം സഹോദരനുമാണ്. ഞങ്ങളുടെ കുടുംബ ങ്ങൾ തമ്മിലും നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ഭാര്യ ജ്യോതി എനിക്ക് സ്വന്തം സഹോദരിയെ പോലെയാണ്. മക്കളായ ദർശനും ശ്രവണക്കും എന്റെ കുട്ടികളുടെ സ്ഥാനമാണ്. ദർശനും സിനിമാരംഗത്താണ് ശ്രദ്ധ കേന്ദ്രികരിച്ചിരി ക്കുന്നത് എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. അച്ഛന്റെ കഴിവുകൾ മകനും ലഭിച്ചിട്ടുണ്ട്.
ബാബുവിനെ പറ്റി ഓർമ്മിക്കാൻ, പറയാൻ ഇനിയും ഒരുപാടുണ്ട്. അത് പിന്നീടൊ രിക്കൽ.
ബാബുവിന്റെ സ്മരണയ്ക്ക് മുന്നിൽ ഒരു പിടി കണ്ണീർപ്പൂക്കൾ മാത്രം അർപ്പിച്ചു കൊണ്ട്.
നിങ്ങളുടെ ഹരിശ്രീ അശോകൻ.