മലയാള സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും മനോഹരമായ, നിഷ്ക്കളങ്കമായ ചിരി ആരുടേതാണെന്നറിയാമോ?
ബാബുവിന്റേതാണെന്ന് ഞാൻ പറയും. എല്ലാവരെയും പ്രിയപ്പെട്ടവരാക്കുന്ന, ആത്മവിശ്വാസം തുളുമ്പുന്ന ചിരി. അതിനൊരു വശീകരണ ശക്തിയുണ്ട്.
ഞാനും ബാബുവും ഏതാണ്ട് ഒരേ കാലത്ത് സിനിമയിൽ സ്വതന്ത്ര സംവിധായകരായതാണ് .1990കളിൽ. ആലപ്പുഴക്കാരനായ അനിലും ബാബുവും ചേർന്ന അനിൽബാബു കൂട്ട്കെട്ട്. അനിലിനെ നേരത്തെ പരിചയമുണ്ട്. പരിചയപ്പെട്ടതിന് ശേഷം ഞങ്ങൾ അപൂർവ്വമായി നേരിൽ കാണാറുണ്ട്. അപ്പോഴൊക്കെ നീണ്ട കാലത്തെ ആത്മ സുഹൃത്തിനെപ്പോലെ ഹൃദ്യമായി ചിരിച്ചുകൊണ്ട് അടുത്തുവരും. യാതൊരു ഫോർമാലിറ്റികളുമില്ലാതെ ഉള്ള് തുറന്ന് സംസാരിക്കും. ആരോടും ഒരു പരിഭവവും ഇല്ല. പരാതിയില്ല. നമ്മുടെ കാര്യങ്ങളും ആകാംക്ഷയോടെ തിരക്കും. അതു കൊണ്ടൊക്കെത്തന്നെയാകണം ബാബുവിനോട് എനിക്ക് വല്ലാത്തൊരു ആത്മബന്ധം തോന്നിയിരുന്നു. മനസ്സ് തുറന്ന് സംസാരിക്കത്തക്കവണ്ണം അടുപ്പം തോന്നിപ്പിക്കുന്ന ഉറച്ച ബന്ധം. ബാബുവിന്റെ സാമീപ്യം തന്നെ കുളിർമ്മ നൽകുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്.
ഓരോ വ്യക്തിയുടെയും സ്വഭാവം രൂപീകരണത്തിൽ നേർവഴിയാകാൻ പല കാരണങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ഉത്തമനായ ഗുരുവിനെ ലഭിക്കുക എന്നതാണ്. അക്കാര്യത്തിൽ ബാബു പരമ ഭാഗ്യവാനാണ്. മലയാള സിനിമയിലെ ലെജൻഡുകളിൽ ഒരാളായ ഹരിഹരൻ സാറിനെയാണ് ബാബുവിന് ഗുരുവായി കിട്ടിയത്. ഹരിഹരന്റെ ചിത്രങ്ങൾ ബാബുവിനെ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്ന് അനിൽ ബാബുമാരുടെ ചിത്രങ്ങൾ സാക്ഷ്യം. ഒരേ സമയത്ത് തുല്യ വഴികളിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോഴും ബാബുവിന്റെ സംവിധാന രീതി, അതിലെ പ്രത്യേകതകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അനിലും ബാബുവും ചേർന്നാണ് ചിത്രങ്ങൾ ചെയ്യുന്നതെങ്കിലും അവയിൽ ബാബുവിന്റെ തനത് കയ്യൊപ്പ് നമ്മളെ അതിശയിപ്പിക്കും. അവരൊന്നിച്ച് ചെയ്ത 25ഓളം സിനിമകളിലും ബാബു എത്രത്തോളം ഇൻവോൾവ് ആയിരുന്നുവെന്ന് ആ സിനിമകൾ തന്നെ വ്യക്തമാക്കിത്തരും.
കൂട്ടത്തിൽ പറയട്ടെ, അക്കാര്യത്തിൽ ഞാനും ഭാഗ്യവാനാണ്. ഭരതേട്ടനെയാണ് എനിക്ക് ഗുരുവായി ലഭിച്ചത്. തുടക്കങ്ങളിൽ ഞാനും ബാബുവും കുറെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അതിജീവനത്തിന്റെ ജീവിത സമരം.. ശരിക്കും അനുഭവിച്ചു.
ബാബുവിന്റെ എല്ലാ സിനിമകളിലും ബാബുവിന്റെ Contribution ആയി കണ്ട സവിശേഷത അത് മലയാളത്തിന്റെ പൈതൃകവുമായി നന്നേ ചേർന്ന് പോകുന്ന ആഖ്യാന രീതിയാണ് എന്നതാണ്. അതിന്റെ ഭാഗമായ ബിംബങ്ങൾ, സംഗീതം, കലാമേന്മ നിറഞ്ഞു നിൽക്കുന്ന മറ്റു രംഗങ്ങൾ… എല്ലാം ബാബുവിനെ നമുക്ക് മനസ്സിലാക്കിത്തരും.
ഹരിഹരൻ സാറിന്റെ എത്രയോ സിനിമകളിലെ എത്രയോ സീനുകൾ ബാബുവാണ് ഷൂട്ട് ചെയ്തത്. ഹരിഹരൻ സാറും എം.ടി സാറുമൊക്കെ കണ്ണടച്ച് വിശ്വസിച്ചാണ് ബാബുവിനെ ചുമതലകൾ ഏൽപ്പിച്ചിരുന്നത്. അവർക്കറിയാമല്ലോ ബാബുവിന്റെ ഉത്തരവാദിത്വ ബോധം, പ്രതിബദ്ധത. എല്ലാറ്റിനും മേലെ കലയെ ദൈവമായി കാണുന്ന ആൾ.
പ്രതിബദ്ധതയെ പറ്റി പറയുമ്പോൾ എനിക്ക് നേരിട്ടുള്ള അനുഭവം കൂടി പറയേണ്ടതുണ്ട്. ഒരു സംഘാടകൻ എന്ന നിലയിലും ബാബു ഏറ്റവും ഉയരത്തിൽ നിൽക്കുന്നു എന്ന് എനിക്ക് ബോദ്ധ്യമായ കാര്യം. ഭരതേട്ടന്റെ മരണ ശേഷം എല്ലാ വർഷവും ഭരതൻ സ്മൃതി നടത്താറുണ്ട്. അതിന്റെ നേതൃത്വം വഹിക്കുന്നത് സ്വാഭാവികമായും എന്റെ ചുമതലയാണ്. ബാബുവും എന്റെ സഹായത്തിനെത്തി. ഓരോ വർഷവും ആ പ്രോഗ്രാം ഭംഗിയാക്കാൻ എന്നെക്കാളുപരി ബാബുവാണ് കഠിനാദ്ധ്വാനം ചെയ്തിരുന്നത് എന്ന് ചൂണ്ടിക്കാട്ടാൻ സന്തോഷവും അഭിമാനവുമുണ്ട്. അരങ്ങിൽ മറഞ്ഞു നിന്ന് കൊണ്ട്, ജനശ്രദ്ധയിൽ എത്താതിരിക്കാൻ ശ്രദ്ധിച്ച് നടത്തിയിരുന്ന ആ പ്രവർത്തനം ഇപ്പോഴും കൺ മുന്നിലുണ്ട്. മറ്റൊന്നും പ്രതീക്ഷിച്ചല്ല ബാബു ആ ഉദ്യമം ഏറ്റെടുത്തത്. ഭരതേട്ടൻ എന്ന കലാകാരനോടുള്ള ആദരവ് ഒന്ന് മാത്രം. ഹരിഹരൻ സാറും എം.ടി സാറുമൊക്കെ സാക്ഷ്യപെടുത്തിയ ആ പ്രതിബദ്ധതയിൽ തുല്യം ചാർത്താൻ അങ്ങനെ എനിക്കും ഭാഗ്യം ലഭിച്ചു. ബാബുവിന്റെ നഷ്ടം ആ ചടങ്ങിനും നഷ്ടമാണ്. എന്റെ നഷ്ടങ്ങളാകട്ടെ കൂടിയിരിക്കുന്നു. ഭരതേട്ടനു ശേഷം ബാബു.
ബാബുവിന്റെ സുഹൃദ് വലയം എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. എത്രയെത്ര പേർ! പ്രസന്നമായ മുഖവും ഏതൊരു ആപദ്ഘട്ടത്തിലും തളരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ എപ്പോഴും പോസിറ്റീവായി മാത്രം ചിന്തിപ്പിക്കാനും ഉള്ള മനസ്സ് തന്നെയാണതിന് കാരണം. ബാബുവിന്റെ കുടുംബത്തിന് ഇപ്പോൾ ആ സുഹൃദ് സംഘത്തിന്റെ സ്നേഹ സന്നദ്ധതകൾ വലിയ ആശ്വാസമാണ് നൽകുന്നത് എന്നറിയുന്നു.
പിഷാരോടി സമുദായത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി യുവാക്കളുടെ വലിയൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ ബാബുവാണ് മുന്നിട്ടിറങ്ങിയത്. അവരുടെ ആദ്യ പരിപാടിയിൽ പങ്കെടുക്കാൻ ബാബുവിന് സാധിച്ചില്ല. അപ്പോഴേക്കും വിധി ബാബുവിനെ തിരിച്ചു വിളിച്ചു. പക്ഷെ ബാബുവിന്റെ മക്കളായ ദർശനും ശ്രവണയുമടക്കമുള്ള യുവ തലമുറ അതേറ്റെടുക്കുകയും ബാബു ആഗ്രഹിച്ചത് പോലെ ഗംഭീരമാക്കുകയും അതിപ്പോൾ അനായാസമായി മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്.
എനിക്ക് തോന്നുന്നത് അനിലുമായി വേർപിരിഞ്ഞ ശേഷമാണ് ബാബുവിലെ യഥാർത്ഥ സിനിമാകലാകാരന്റെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായതെന്നാണ്. ബാബുവിന്റെ ലക്ഷ്യം ഹരിഹരൻ സാറിന്റെ ചിത്രങ്ങൾ പോലെയുള്ളവയായിരുന്നു. അടിസ്ഥാനം ക്ലാസിക്കൽ ആയ വലിയ സിനിമകൾ. മലയാള സിനിമക്ക് തന്നെ അഭിമാനമാകുന്ന ആശയങ്ങൾ.അതിനുള്ള കഴിവും ആത്മവിശ്വാസവും ബാബുവിലുണ്ട്. അതിന്റെ തുടക്കം എന്ന നിലയിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രമായിരുന്നു ബാബു ഉദ്ദേശിച്ചത്. ബാബുവിന്റെ വലിയ സ്വപ്നം. എന്നോട് ഇടക്കിടക്ക് അതേപ്പറ്റി പറയും. അപ്പോഴൊക്കെ ഞാൻ ധൈര്യം കൊടുക്കാറുണ്ട്. ധൈര്യമായി തുടങ്ങിക്കോളൂ. ഞാൻ കുടെയുണ്ട്. അങ്ങനെ ആ ആശയം ഞങ്ങൾ രണ്ട് പേരും ചേർന്നുള്ള സൃഷ്ടി എന്നായി. അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴേക്കും…..
കലാകാരന്മാരെ വലിയ ബഹുമാനമായിരുന്നു ബാബുവിന്.കലയാകട്ടെ ആത്മാംശവും.മുമ്പേ സൂചിപ്പിച്ചതു പോലെ ബാബുവിന്റെ മനസ്സിലുള്ള കറ തീർന്ന, Quality സിനിമകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളു. അവ വരേണ്ടതുണ്ടായിരുന്നു. സത്യാന്വേഷിയായ കലാകാരനാണ്. സത്യ സന്ധമായ ദൃശ്യാനുഭവങ്ങൾ നൽകാനുള്ള ആവേശത്തിലുമായിരുന്നു. വേണ്ടായിരുന്നു. ഇത്ര വേഗം നമ്മളെ വിട്ടു പോകേണ്ട ആളല്ല. ഇനിയും ഒരുപാട് കർത്തവ്യങ്ങൾ ബാക്കിയുണ്ടല്ലോ.
മക്കൾ രണ്ട് പേരും കലയോട് അഭിനിവേശമുള്ളവരാണ്. മകൾ ശ്രവണ നർത്തകിയും ഗായികയും അഭിനേത്രിയുമാണ്. മകൻ ദർശനാകട്ടെ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത് അച്ഛനെ പോലെ സംവിധാനത്തിലാണ്.
മിടുക്കനാണ്. ബാബുവിന്റെ സിനിമകളുടെ തുടർച്ചകൾ ഇനി അവരിലാണ് ഞാൻ കാണുന്നത്. ബാബുവിന്റെ നഷ്ടം വളരെ വലുതാണ്. ആ നഷ്ടം അവർ നികത്തും എന്ന് ഉറപ്പാണ്. കൂടെ ശക്തി പകർന്ന് കലാകാരി കൂടിയായ ജ്യോതിയുമുണ്ടല്ലോ.
ബാബുവിന്റെ വലിയ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കപ്പെടേണ്ടതുണ്ട്. ആ ചുമതല കുടുംബത്തോടൊപ്പം ഞാനും ഏറ്റെടുക്കുകയാണ്. കാരണം, എല്ലാവർക്കുമെന്ന പോലെ ബാബു എനിക്കും വഴി കാട്ടിയാണിപ്പോൾ. ബാബുവിന്റെ വിയോഗത്തിന് ഒരു വയസ്സ് തികയുമ്പോൾ എനിക്ക് സമർപ്പിക്കാനുള്ള സ്മരണാഞ്ജലിയും അതു തന്നെ.