മഴയുടെ ആരവങ്ങളില്ലാതെ ഒരു കർക്കിടകം കൂടി ……
ജലവും വായുവും എന്നു വേണ്ട പ്രപഞ്ചമാകെ അസ്വസ്ഥമായി ക്കൊണ്ടിരിക്കവേ ശരീരവും മനസ്സും ഒരുപോലെ ശുദ്ധമാവാൻ തീവ്ര പരിശ്രമത്തിലാണ് നമ്മൾ ഓരോരുത്തരും.
പൂർവ്വികർ പകർന്നു തന്ന അറിവുകൾ ഓരോന്നും കാലാതീതമാണ്. പക്ഷെ അവ കണ്ടെത്താനും പ്രയോജനപ്പെടുത്താനും നമുക്ക് കഴിയാറില്ല.
തിരക്കെന്ന ഒറ്റവാക്കിലേയ്ക്ക് ജീവിതം ചുരുങ്ങുമ്പോൾ വേണ്ട രീതിയിൽ ശാരീരിക മാനസിക ആരോഗ്യം ഇല്ലാതാവുന്നു…..ജീവിത ശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താൻ കഴിയാതെ വരുമ്പോൾ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല.
കൊറോണ പോലുള്ള മഹാമാരികൾ നമ്മെ ചിന്തിപ്പിയ്ക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ വളരെ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുന്ന ജീവി മനുഷ്യരാണ്.സാമൂഹികജീവിയായതു കൊണ്ടു മാത്രമല്ല ഭൂമിയിൽ സൃഷ്ടിച്ച എന്തും നമുക്കുള്ളതാണ് എന്ന സ്വാർത്ഥ ചിന്ത. വെട്ടിപ്പിടിയ്ക്കാനും അടിച്ചു നിരത്താനും മാളികകൾ പണിയാനും നമുക്ക് വീതിച്ചു തന്നതാണല്ലോ ഭൂമി. കൊറോണ എന്ന അദൃശ്യസഞ്ചാരി പ്രകൃതിയുടെ തനതായ രൂപം ദൃശ്യമാവാൻ കൂടി കാരണമായി.
മലിനമായ പുഴകൾ തെളിഞ്ഞതും അന്തരീക്ഷത്തിൽ വായുമലിനീകരണകുറഞ്ഞതും ചെറിയ ഉദാഹരണങ്ങൾ മാത്രം. കോൺക്രീറ്റ് പാകിയ മുററത്തെ അലങ്കാരച്ചെടി കളോടുള്ള പ്രിയത്തിനിടയിൽ . നമുക്കിടയിൽ തന്നെ പരിചിതരായിരുന്ന ഒരു പാട് ഔഷധ സസ്യങ്ങളെ മറന്നു..
ആചാരങ്ങളെന്ന പേരിൽ ഉണ്ടാക്കിയത് വെറും അന്ധവിശ്വാസങ്ങളല്ല. മറിച്ച് വളരെ ശാസ്ത്രീയമായ ഋതുചര്യ ആണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് മാത്രം. കർക്കിടകത്തിലെ രാമായണ മാസാചരണവും മൈലാഞ്ചിയിടലും … ദശപുഷ്പം ചൂടലും ഒക്കെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിലേയ്ക്കുള്ള വഴികളാണ്.
മഴക്കാല രോഗങ്ങൾ തടയാൻ കഴിയുന്ന നല്ലൊരു ഔഷധമാണ് മൈലാഞ്ചി . അതു പോലെ തന്നെ കറുക, വിഷ്ണുക്രാന്തി, തിരുതാളി’ , നിലപ്പന, പൂവാം കുരുന്നില, ഉഴിഞ്ഞ, കയ്യോന്നി, ചെറൂള, മുയൽ ചെവിയൻ ,മുക്കുറ്റി എന്നീ ദശപുഷ്പങ്ങൾ വെറും കാടും പടലും അല്ല. ഔഷധ ഗുണമുള്ള പ്രകൃതിയുടെ ദാനമാണവ. ഓരോ വിത്തും വേരും തോലും ഇലയും പല രൂപത്തിൽ ഔഷധ രൂപത്തിൽ അമൃതായി മാറുന്നു.
അതുകൊണ്ടു തന്നെ ” നാസ്തി സസ്യം അനൗഷധം” എന്ന ആചാര്യ വചനം അന്വർത്ഥമാണ്. ആയൂർവേദ വിധിപ്രകാരം എണ്ണ തേപ്പും കർക്കിടക കഞ്ഞിയും ഒക്കെ ശരീരത്തിന്റെ സുഖാവസ്ഥ നിലനിർത്താൻ സഹായിക്കുന്നവയാണ്. പഞ്ചകർമ്മ ചികിത്സ വളരെ പ്രാധാന്യമർഹിക്കുന്നു.
പ്രകൃതിയോട് ആജ്ഞാപിയ്ക്കാതെ പ്രകൃതിയെ കേൾക്കാൻ ഒരിത്തിരി ക്ഷമ കാണിച്ചാൽ മനുഷ്യന്റെ വിശേഷ ബുദ്ധി തികച്ചും അനുഗ്രഹമാകും. ഭൂമിയുടെ എല്ലാ അവകാശികൾക്കും …
ധന്യ പ്രശാന്തിന്റെ ഒരു നല്ല ലേഖനം വായിച്ചു ഞാൻ ധന്യനായി