കഴിഞ്ഞ വർഷത്തെ ജൂൺ തട്ടിയെടുത്തത് മലയാള സിനിമയിലെ വലിയൊരു കലാകാരനെയാണ്. ജനപ്രിയ ചിത്രങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയ സ്നേഹസമ്പന്നനായ ബാബു നാരായണൻ എന്ന സ്വന്തം ബാബുവേട്ടനെ.
ഒരു വർഷത്തിന് ശേഷം ബാബുവേട്ടനെ ഓർക്കുമ്പോൾ….! എന്തോർക്കാൻ! മറന്നാലല്ലേ ഓർമ്മ എന്ന വാക്കിന് അർത്ഥമുള്ളൂ?
അങ്ങനെ മറക്കാത്ത പിൻവഴികളിലൂടെ
ഞാനിപ്പോൾ വന്നു നിൽക്കുന്നത് എന്റെ ആദ്യത്തെ സിനിമ മേൽവിലാസം റിലീസ് ചെയ്ത തുടക്കങ്ങളിലാണ്.
ആദ്യ സിനിമയുടെ റിലീസ് എന്ന് പറയുന്നത് ഏതൊരു സംവിധായകനും പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയോ വികാരമോ അങ്ങനെ എന്തൊക്കെയോ ആണ്.
മേൽവിലാസം എന്ന ചിത്രം എനിക്കും ആ ഒരു അനുഭവം തന്നെയാണ് തന്നത്. പ്രബുദ്ധരായ പ്രേക്ഷകർ ഈയുള്ളവന്റെ ഈ ചെറിയ സിനിമയെ സ്വികരിക്കുമോ? ആർക്കുമുണ്ടാകാവുന്ന സംശയം, ഭയം എനിക്കുമുണ്ടായിരുന്നു. പടം ജനം തിരസ്കരിച്ചാൽ പിന്നെ എന്ത്..?
പക്ഷെ ജനം കൂടെയുണ്ടായിരുന്നു. നിരൂപകരും. എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞു. പക്ഷെ എനിക്ക് ഒരു അഭിപ്രായം കിട്ടണമായിരുന്നു. ഞാൻ ഏറ്റവും ആഗ്രഹിച്ച അഭിപ്രായം. എനിക്കറിയാം. അതൊരു കറ തീർന്ന വീക്ഷണമായിരിക്കും എന്ന്.
അധികം കാത്തിരിക്കേണ്ടി വന്നില്ല. ബാബുവേട്ടൻ വിളിച്ചു.
രാമൂ… (അങ്ങനെയാണ് എന്നെ വിളിക്കാറ്)എന്താണ് ഞാൻ പറയേണ്ടത്? രാമു സിനിമക്ക് ഒരു പുതിയ രീതിയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. എന്റെയൊക്കെ സിനിമാസങ്കല്പത്തിൽ പോലും കടന്നു വരാത്ത ആശയം. ഒരു മുറിയിൽ ഒരു മുഴുനീള സിനിമ. ഒരു പക്ഷെ കമേഴ്ഷ്യൽ, ആർട്ട് എന്ന വകഭേദമില്ലാത്ത രീതി. രാമുവിന്റെ തുടക്കം തികച്ചും വേറിട്ട വഴിയിലൂടെ തന്നെയാണ്. അതു തന്നെയാണ് ഇനി രാമുവിന്റെ വഴി. മാറരുത്. വേറിട്ട് ചിന്തിക്കുന്നവർക്കാണ് ചരിത്രത്തിൽ സ്ഥാനം.
ബാബുവേട്ടനെപോലുള്ളവരുടെ അനുഗ്രഹം കൊണ്ട് മേൽവിലാസം മലയാള സിനിമയിൽ എനിക്ക് ചെറിയ ഒരു മേൽവിലാസം ഉണ്ടാക്കിത്തന്നു. ഞാനും എന്റെ രീതിയിലൂടെ സിനിമയുടെ ഭാഗമായി.
എന്റെ തൊഴിൽ സിനിമയാണെന്ന് തീരുമാനിച്ച് അതു പഠിക്കാനുള്ള ഇടം തേടുന്ന കാലത്ത് ബാബുവേട്ടൻ (അനിൽ ബാബു ടീം) മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. തൊടുന്നതെല്ലാം ഹിറ്റ്. മറ്റൊന്നും ചിന്തിച്ചില്ല. നേരെ ബാബുവേട്ടനെ പോയി കണ്ടു. പരിചയപ്പെട്ടു. എന്റെ ആവശ്യം പറഞ്ഞു. എന്നെ നന്നായൊന്ന് നോക്കിയ ശേഷം ബാബുവേട്ടൻ അറിയിക്കാം എന്ന് മാത്രം പറഞ്ഞു. അവിടെ നിന്ന് മടങ്ങുമ്പോൾ ബാബുവേട്ടൻ വിളിക്കും എന്നൊരു പ്രതീക്ഷ ഉള്ളിലുണ്ടായിരുന്നു. പക്ഷെ വിളിച്ചില്ല. അന്നതിൽ ചെറിയ വിഷമം തോന്നി എന്നത് സത്യം. എന്നാൽ സ്വതന്ത്ര സംവിധായകൻ ആയതോടെ എനിക്ക് മനസ്സിലായി. സിനിമയുടെ ക്യാപ്റ്റൻ സംവിധായകൻ എന്ന് പറയാമെങ്കിലും അയാൾക്കും കുറെയേറെ പരിമിതികളുണ്ട്. നിയന്ത്രണങ്ങളുണ്ട്. വേണ്ടപ്പെട്ടവരെ സഹായിക്കണം എന്നാഗ്രഹമുണ്ടെങ്കിലും പലപ്പോഴും നടക്കില്ല. ബാബുവേട്ടനോടുള്ള പരിഭവം മാഞ്ഞു പോയി. ആദരവ് ഇരട്ടിയായി.
അസുഖബാധിതനായി ആശുപത്രി സന്ദർശനങ്ങൾ പതിവായതോടെ ഒരിക്കൽ ബാബുവേട്ടൻ ചെറു ചിരിയോടെ പറഞ്ഞു.
രാമുവിന്റെ അപ്പോത്തിക്കിരി സിനിമാസീനുകൾ ഞാനിപ്പോൾ അനുഭവിച്ചു വരികയാണ്.ശരിക്കും ആ കഥാപാത്രങ്ങൾക്ക് ജീവനുണ്ട്. ഇപ്പോൾ എനിക്കറിയാം.
എന്റെ ഏറ്റവും പുതിയ ചിത്രം ഇളയരാജ റിലീസ് ചെയ്തപ്പോൾ അദ്ദേഹം രോഗം മൂർച്ഛിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിൽ ആയിരുന്നിട്ടുപോലും, സിനിമ തിയേറ്ററിൽ തന്നെ പോയി കണ്ടു.
അവിടെ നിന്നുകൊണ്ടുതന്നെ എന്നെ ഫോൺ വിളിച്ചു അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തു. അന്ന് തിയേറ്ററിന്റെ ബാൽക്കണിയിൽ നിന്ന് വളരെയേറെ കഷ്ടപ്പെട്ടാണ് കയറുകയും ഇറങ്ങുകയും ചെയ്തത്. പിന്നീട് ഹോസ്പിറ്റലിൽവച്ചു കണ്ടപ്പോൾ ഏറ്റവും അവസാനം തിയേറ്ററിൽ പോയി കണ്ട സിനിമ രാമുവിന്റെ ഇളയരാജയാണ് എന്ന് ഒരു ചെറു ചിരിയോടെ ബാബുവേട്ടൻ പറഞ്ഞപ്പോൾ എന്റെ കണ്ണുകളിൽ നനവ് പടർന്നു. ബാബുവേട്ടന്റെ ആ വാചകം ഇന്നാലോചിക്കുമ്പോൾ ഞെട്ടലാണുണ്ടാക്കുന്നത്. അന്നത് നിസ്സാരമായി പറഞ്ഞതാണെങ്കിലും അതിലൊരു പ്രവചനസ്വഭാവം ഉണ്ടായിരുന്നോ എന്ന സംശയം വല്ലാതെ മനസ്സിനെ നീറ്റുന്നുണ്ട്..
എന്റെ മൂന്നു സിനിമകളിലും വ്യത്യസ്ത തരത്തിൽ ബാബുവേട്ടൻ എനിക്ക് ശക്തി പകർന്നിട്ടുണ്ട്. ഒരു ഉത്തരവാദിത്വമുള്ള ജേഷ്ഠനെ പോലെ.
അല്ലെങ്കിൽ ആർക്കാണ് അദ്ദേഹം ശക്തി പകരാത്തത്? പലപ്പോഴും തോന്നിയിട്ടുണ്ട് ബാബുവേട്ടന്റെ സിനിമകൾക്കും അദ്ദേഹത്തിന്റെ ജീവിതത്തിനും തമ്മിൽ വളരെ സാമ്യമുണ്ടെന്ന്. എന്തൊരു ഊർജ്ജമാണ് നമുക്ക് ലഭിക്കുന്നത്! എത്ര സന്തോഷം! ആവേശം! എല്ലാവരെയും ഒരേപോലെ കാണാനുള്ള മനസ്സ്. എത്ര വലിയ പ്രശ്നമായാലും നിസ്സാരമായി കാണാനുള്ള ആ വലിയ ഹൃദയ വിശാലത. ഒരാളെ പരിചയപ്പെടാൻ ബാബുവേട്ടന് യാതൊരു ഫോർമാലിറ്റികളും ആവശ്യമില്ല. ആ പരിചയപ്പെടൽ നയിക്കുക കരുത്തുറ്റ സൗഹൃദത്തിലേക്കാണ്. ആ കഴിവ് എല്ലാവർക്കും കിട്ടില്ല. ബാബുവേട്ടന്റെ പ്രസംഗങ്ങൾ തരുന്ന ആത്മവിശ്വാസത്തെപറ്റി എത്ര പേരാണ് സൂചിപ്പിച്ചിട്ടുള്ളത്.
ബാബുവേട്ടന്റെ അവസാന കാലം… അത്യന്തം അവശ നിലയിൽ ഐസിയുവിലേക്ക് ബാബുവേട്ടനെ മാറ്റുകയാണ്. സരോജ ഹോസ്പിറ്റലിൽ ഞാനും ഡോ. നാരായണ പിഷാരടിയുമുണ്ട്. ഞങ്ങളെ കണ്ടപ്പോൾ നന്നായൊന്ന് ചിരിച്ചു. ചെറിയ വാക്കുകൾ പറഞ്ഞു. പിന്നെ…മണിക്കുറുകൾ… മണിക്കുറുകൾ… കത്തിജ്വലിച്ചു നിന്ന സൂര്യൻ അസ്തമിച്ചു. ഇരുട്ട് പരന്നു.
പക്ഷെ ആ ചിരി. ഒരിക്കലും അസ്തമിക്കാത്ത ചിരി. പരിചയപ്പെട്ടവർക്കെല്ലാം എന്നും കരുത്ത് പകർന്ന ചിരി. എല്ലാ പ്രതിസന്ധികളെയും വെറും പുല്ല് പോലെ കാണണമെന്ന് കാണിച്ചു തന്ന ചിരി. ആ ചിരി എന്നും നമ്മുടെ മനസ്സിലുണ്ടാകും. അസ്തമനമില്ലാത്ത സൂര്യോർജ്ജമായി.
ബാബുവേട്ടന്റെ സിനിമ, പൈതൃകം പോലെ മക്കളായ ദർശനിലേക്കും ശ്രവണയിലേക്കും കൈമാറിയിട്ടുണ്ട്. അവർ നമ്മുടെ പ്രതീക്ഷയാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ ശക്തിയായ ജ്യോതി അവർക്കൊപ്പമുണ്ടല്ലോ.
ഇതൊരു ഓർമ്മക്കുറിപ്പല്ല. ബാബുവേട്ടനുള്ള ഈയുള്ളവന്റെ സ്നേഹാഞ്ജലി.
…. കുറിച്ചവസാനിപ്പിക്കുമ്പോൾ ടിവിയിൽ വാർത്ത
സംവിധായകൻ സച്ചി അന്തരിച്ചു.
ജൂൺ കവരുക തന്നെയാണ്. കവർന്നെടുത്തുകൊണ്ടേയിരിക്കുകയാണ്.
Really touching. Pranamam
പരേതന്റെ വ്യക്തിത്വത്തിലേക്കു കൂടുതൽവെളിച്ചം തരുന്ന ഈ അനുസ്മരണകുറുപ്പിന് മാധവ് രാംദാസിന് വളരെയധികം നന്ദി