പരിണാമം എന്ന ഒരൊറ്റ നോവലിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ തന്റേതായ ഒരിടം സൃഷ്ടിച്ച എം പി നാരായണ പിള്ള എന്ന എഴുത്തുകാരനുമായുള്ള വ്യക്തിബന്ധവും അദ്ദേഹത്തിന്റെ ആർക്കും പിടികൊടുക്കാത്ത ചില സ്വഭാവ സവിശേഷതകളും നമുക്ക് മുമ്പിൽ വരച്ചു കാട്ടുന്നു സിനിമാ സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീ മുരളി മേനോൻ.
മരണവും, മരണാനന്തര ചടങ്ങുകളും ആഘോഷങ്ങളാക്കി മാറ്റുന്ന ഒരു കാലഘട്ടത്തിലാണല്ലോ നമ്മള് ജീവിയ്ക്കുന്നത്. പക്ഷെ എഴുത്തുകൊണ്ടു മാത്രം ജീവിയ്ക്കാമെന്നു കരുതി എഴുതുന്നതെല്ലാം സാഹിതീരംഗത്ത് ചര്‍ച്ചചെയ്യപ്പെടുന്ന വിധത്തില്‍ മികവുറ്റതാക്കിത്തീര്‍ത്ത, അതിലുപരി ഒരു നല്ല മനുഷ്യസ്നേഹിയും കുടിയായിരുന്ന ശ്രീ എം.പി.നാരായണപിള്ള ഈ ലോകത്തോട് യാത്ര പറഞ്ഞത് ആരുമറിയാതെയാണ്. ഇതൊക്കെ വെറുമൊരു കലാപരിപാടിയാണെന്നു പറഞ്ഞ് ആദ്യം ശബ്ദം ത്യജിച്ചും, പിന്നീട് ജീവന് ത്യജിച്ചും നമ്മളെ പറ്റിച്ചുകളഞ്ഞ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരനെ മലയാളം എക്കാലവും ഓര്‍മ്മിക്കും. സുഖിപ്പിക്കുന്ന വാക്കുകളില്‍ മയങ്ങുകയോ വിമര്‍ശനങളില്‍ പതറുകയോ ചെയ്യാതെ തനിക്കു ശരിയെന്നു തോന്നിയ കാര്യങള് തന്റേതുമാത്രമായ ഒരു വീക്ഷണകോണിലൂടെ അവതരിപ്പിച്ച ശ്രീ എം.പി.നാരായണപ്പിള്ള ഇന്നു നമ്മോടൊപ്പമില്ല.ഇതിനകം അനുശോചനക്കുറിപ്പുകളും, ചരമക്കുറിപ്പുകളും എഴുതിവെച്ച് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞവര്‍ ഭാഗ്യവാന്മാര്.
ഒരു ചരമക്കുറിപ്പോ, അനുശോചനക്കുറിപ്പോ എഴുതാന്‍ ഞാന്‍ പ്രാപ്തനല്ല. പക്ഷെ യുവജനതയുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന ശ്രീ എം.പി.നാരായണപ്പിള്ളയെക്കുറിച്ച്, അദ്ദേഹത്തിന്റെ കൃതികളിലൂടെ ചൂഴ്ന്നിറങ്ങി അതിനനുസൃതമായി അദ്ദേഹത്തെ കാണാന്‍ ശ്രമിക്കുകയും, അങ്ങനെ വ്യക്തിപരമായി അകല്‍ച്ച സൂക്ഷിക്കുകയും, ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത് ഹൃദയങ്ങളോട് സംവദിക്കാനായ് മാത്രം ഞാനീ താളുകള്‍ ഉപയോഗിക്കട്ടെ. എല്ലാ സാഹിതീ തല്പരരേയും പോലെ ശ്രീ എം.പി.നാരയണപ്പിള്ളയെ അദ്ദേഹത്തിന്റെ കൃതികളിലൂടെ അറിയുകയും, ഇഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണു ഞാന്‍. അതിനപ്പുറം അദ്ദേഹത്തെ കാണാനും, അടുത്തിടപഴകാനും ആഗ്രഹിച്ചിരുന്നുവെങ്കിലും സൌകര്യപ്പെട്ടില്ലതാനും.
ഉദ്ദേശം രണ്ടു വര്‍ഷം മുമ്പ് ഒരു ഞായറാഴ്ച സന്ധ്യയ്ക്ക് എന്റെ സുഹൃത്തായ അജിത്കുമാറിന്റെ വീട്ടില്‍ ഒരു ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. അന്ന് ഞാനായിരുന്നു ആദ്യം എത്തിച്ചേര്‍ന്ന വിരുന്നുകാരന്. ഒരഞ്ചു മിനിട്ടു കഴിഞ്ഞുകാണും ഡോര്‍ ബെല്‍ ശബ്ദിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അകത്തേക്കു കടന്നു വന്നത് ശ്രീ എം.പി. നാരായണപ്പിള്ളയും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാവതിയുമായിരുന്നു.
ഞാനെഴുന്നേറ്റ് കൈകൂപ്പി. അദ്ദേഹം തിരിച്ചും. പിന്നെ എന്റെ അടുത്ത് സോഫയില്‍ വന്നിരുന്നു. അപ്പോള്‍ അജിത്കുമാര്‍ എന്നെ പരിചയപ്പെടുത്തികൊടുത്തതിങ്ങനെ, “ഇത് മുരളി മേനോന്, അറിയപ്പെടുന്ന യുവസാഹിത്യകാരനാണ്. ബോംബെയിലും, നാട്ടിലുമൊക്കെയായി പലതിലും എഴുതുന്നുണ്ട്.” (ആരോടായാലും എന്നെ ഇങ്ങനെ പരിചയപ്പെടുത്തുക എന്നുള്ളത് അജിത്തിന്റെ സ്ഥിരം പരിപാടിയായിരുന്നു) ഒരു പ്രശസ്തനായ എഴുത്തുകാരന്റെ മുമ്പില്‍ എന്നെയിട്ടു വട്ടുതട്ടിയതിന് ഞാന്‍ അജിത്തിനെ രൂക്ഷമായ് ഒന്നു നോക്കി. പിന്നെ ഒരു ചമ്മലോടെ അദ്ദേഹത്തിനടുത്ത് തല കുമ്പിട്ടിരുന്നു. അല്പനേരത്തെ മൌനത്തിനുശേഷം ഞാന്‍ പറഞ്ഞു,
“അജിത് പറഞ്ഞതില്‍ ഒരു തിരുത്തുണ്ട്. അറിയപ്പെടുന്ന യുവസാഹിത്യകാരനല്ല, അറിയപ്പെടാന്‍ അത്യാഗ്രഹമുള്ള യുവാവാണ്.”
അദ്ദേഹം എന്റെ കുടുംബത്തെക്കുറിച്ചും മറ്റും ചോദിച്ചു. അല്പനേരത്തെ സംഭാഷണത്തിനുശേഷമാണറിയാന് കഴിഞ്ഞത് അജിത്കുമാര്‍ നാരായണപ്പിള്ളയുടെ ഭാര്യാസഹോദരനാണെന്ന്. അതെനിക്ക് അതിശയകരമായിതോന്നി. കഴിഞ്ഞ എട്ടുവര്‍ഷത്തെ സുഹൃത്ബന്ധത്തില്‍ അജിത് ഒരിക്കല്‍ പോലും നാരായണപ്പിള്ളയുമായുള്ള അയാളുടെ ബന്ധത്തെക്കുറിച്ച് എന്നോട് പരാമര്‍ശിക്കുകയുണ്ടായിട്ടില്ല. പരിണാമം നോവലിനെ ഞാന്‍ വിമര്‍ശിച്ചപ്പോഴും അജിത് അതിനെ പിന്താങ്ങുന്ന മറുപടിയാണ് പറഞ്ഞിരുന്നത്. ചെറിയ ചെറിയ ബന്ധങ്ങള്‍പോലും പൊലിപ്പിച്ചുപറയാന്‍ വെമ്പുന്നവരുടെ ഇടയില്‍ തികച്ചും വ്യത്യസ്ഥനായ ഒരാള്‍ എന്നു മാത്രമേ അജിത്തിനെക്കുറിച്ച് പറയാനാവൂ.
“ഇത്ര അടുത്ത് നമ്മള് താമസിച്ചീട്ടും,(ഏകദേശം അര കിലോമീറ്റര്‍ ദൂര വ്യത്യാസമേ ഞങ്ങളുടെ താമസസ്ഥലങ്ങള്‍ തമ്മിലുള്ളു.) അജിത്തിന്റെ ചങ്ങാതിയായിരുന്നീട്ടും ഇതുവരെ എന്തുകൊണ്ടു നമ്മള് പരിചയപ്പെടുകയുണ്ടായില്ല?”.
നാരായണപ്പിള്ള ചോദിച്ചു.പെട്ടെന്ന് ഞാന്‍ മറുപടി പറഞ്ഞതിങ്ങനെയായിരുന്നു,
“സാറിന്റെ വീട്ടില്‍ വരണമെന്നും, സാറിനെ പരിചയപ്പെടണമെന്നും വലിയ മോഹമുണ്ടായിരുന്നു എന്നുള്ളത് നേരാണ്. പക്ഷെ മറ്റുള്ളവര്‍ സാറിനെ പറ്റി പറഞ്ഞുകേട്ടതനുസരിച്ച് പരിചയമില്ലാത്തവര്‍ വീട്ടില്‍ വന്നാല്‍ ചിലപ്പോള്‍ പുറത്താക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു”.
ഞാനതു പറഞ്ഞു തീര്‍ന്നതും പ്രഭാ പിള്ള ഉറക്കെ ചിരിച്ചു. അദ്ദേഹവും മനസ്സു തുറന്നു ചിരിച്ചു. പിന്നെ കുറച്ചുനേരം അദ്ദേഹം നിലത്തു നോക്കിയിരുന്നു. പിന്നീടാണ് ഞാനതു മനസ്സിലാക്കിയത്, അദ്ദേഹം നിലത്തല്ല നോക്കിയിരുന്നത്, കാകദൃഷ്ടി എന്നൊക്കെ പറയുന്നതുപോലെ, തല അല്പം ചെരിച്ച് കുനിച്ചു പിടിച്ച് എന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഒളിഞ്ഞു വീക്ഷണം. തല ചെരിച്ചു പിടിച്ച് ഒന്നു പാളി നോക്കുന്ന ശൈലി. കണ്ടാല്‍ ആരും ചിരിച്ചുപോകും. തലയുയര്‍ത്തി അദ്ദേഹം എന്നോടു പറഞ്ഞു,
“മുരളിക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ കാണാന്‍ വീട്ടില്‍ വരാം.കെട്ടോ.”
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ആ സന്തോഷം ഞാന്‍ പ്രകടിപ്പിച്ചത് കണ്ണില്‍ കണ്ട പരിചയക്കാരോടൊക്കെ എം.പി. നാരായണപ്പിള്ള എന്നെ വീട്ടിലേക്കു ക്ഷണിച്ചു എന്നറിയിച്ചുകൊണ്ടാണ്. എന്റെ പ്രൌഢി ലോകമറിയട്ടെ എന്നൊരു മട്ട്. അല്ലെങ്കില്‍, നിങ്ങള്‍ക്കൊന്നും അദ്ദേഹത്തിന്റെ ഏഴയലത്ത് നില്ക്കാന് സാധിക്കാത്തപ്പോള്‍ ഞാനിതാ അദ്ദേഹത്തിന്റെ സുഹൃത്താവാന്‍ പോകുന്നു എന്നൊക്കെയുള്ള എന്റെ അപക്വമനസ്സിന്റെ ആന്ദോളനം. ഇതിനകം ശ്രീ പവനന്റെ മകന് സി.പി.സുരേന്ദ്രനും (ടൈംസ് ഓഫ് ഇന്ത്യ, റസിഡന്റ് എഡിറ്റര്‍, പൂനെ) അവിടെ എത്തിയിരുന്നു. വീണ്ടും കുറേ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഊണു കഴിഞ്ഞു രാത്രിയില്‍ യാത്രയില്ലെന്നു പറഞ്ഞു പിരിയുമ്പോള്‍, അടുത്ത ശനിയാഴ്ച കാണാമെന്നു പ്രത്യേകം പറയാന്‍ അദ്ദേഹം മറന്നില്ല.ശനിയാഴ്ച എത്രയും പെട്ടെന്നായെങ്കില് എന്ന കൊതിയായിരുന്നു മനസ്സില്‍.അങ്ങനെ ആ ദിവസവും വന്നു ചേര്‍ന്നു.
സന്ധ്യക്ക്, ഞാനും അജിത്തും കൂടി ബോറിവലിയിലെ ഞങ്ങളുടെ വാസസ്ഥലമായ യോഗിനഗറില് നിന്ന് ശാന്തി ആശ്രമത്തിലേക്കു നടന്നു.പത്തുമിനിറ്റിനകം ഞങ്ങള്‍ നാരായണപിള്ള താമസിക്കുന്ന പ്രസന്നപ്രഭ എന്ന ബില്‍ഡിംഗിലെത്തി. ഞങ്ങള്‍ ചെന്ന സമയം അദ്ദേഹം നടക്കാന്‍ പോയിരിക്കുകയായിരുന്നു. ദീര്‍ഘദൂരം നടക്കുക, കമ്പ്യൂട്ടറിനുമുന്നില്‍ പലതും പയറ്റിക്കൊണ്ട് ലോകം മറക്കുക, ഇടവിട്ട് ബീഡിവലിക്കുക, അതുപോലെ മധുരമില്ലാത്ത ചായ കുടിക്കുക ഇതെല്ലാം അദ്ദേഹത്തിനു പ്രിയങ്കരങ്ങളായിരുന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ ഒരു കാലന് കുടയും താങ്ങിപ്പിടിച്ച് അദ്ദേഹം കയറിവന്നു. “ങാ, മുരളി വന്നോ, ചായ കുടിച്ചോ?” അദ്ദേഹം ചോദിച്ചു. അതിനകം അജിത്തിന്റെ ചേച്ചി (പ്രഭാ പിള്ള) ഞങ്ങള്‍ക്ക് ചായ നല്‍കിയിരുന്നു. ഞാനതു പറയുകയും ചെയ്തു. “അതു സാരമില്ല ഒന്നുകൂടിയാവാം”, അദ്ദേഹം പറഞ്ഞു. പിന്നീടൊക്കെ ചായ വേണ്ടേ എന്നു ചോദിച്ചാല്‍ ഞാന്‍ മൂളുക പതിവാക്കിയിരുന്നു. കാരണം ആ ലേബലില്‍ ഒരു ചായ കൂടി അകത്താക്കുക എന്ന ഒരു നമ്പറായിരുന്നു അദ്ദേഹത്തിന്. സോഫയുടെ അരികില്‍ ബീഡിക്കുറ്റി നിറഞ്ഞ ആഷ്ട്രേയും, വക്കു പൊട്ടിയ ചായ കപ്പും എന്റെ കണ്ണില്‍ പെട്ടു.
ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഒരു സാഹിത്യവിദ്യാര്‍ത്ഥിയുടെ മനസ്സുമായാണ് ഞാനവിടെ ചെന്നതെങ്കിലും ഒന്നും പറയാന്‍ കഴിയാതെ സ്വീകരണമുറിയുടെ മൂലയില്‍ കുന്നുകൂടി കിടക്കുന്ന ദിനപത്രങ്ങളിലും, മാസികകളിലും നോക്കിയിരുന്നു. അപ്പോഴൊക്കെ കാകദൃഷ്ടിയില്ഊടെ അദ്ദേഹം തന്നെ വീക്ഷിക്കുകയാണെന്നറിഞ്ഞ് എന്റെ നാവ് ഒന്നു കൂടി ഉള്‍വലിഞ്ഞു. “അല്ലാ, മുരളി ഏതൊക്കെ പത്രങ്ങളിലാണ് എഴുതുന്നത്”. അദ്ദേഹം എനിക്കു സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി. “ധനം, ബിസിനസ്സ് ദീപിക, കലാകൌമുദി എന്നിവയില്‍ എഴുതുന്നുണ്ട്”, ഞാന്‍ പറഞ്ഞു. ധനത്തിലും, കലാകൌമുദിയിലും അദ്ദേഹവും എഴുതുന്നുണ്ടായിരുന്നു. പലപ്പോഴും പത്രക്കാര് കാശുതരാതെ പറ്റിയ്ക്കാറുണ്ടെന്നും, ചിലര്‍ മാന്യരാണെന്നും ഞാന്‍ പറഞ്ഞു. അതിനുമറുപടിയായ് അദ്ദേഹം പറഞ്ഞു, “ഇടതുകയ്യില്‍ നിന്നും ലേഖനങ്ങള്‍ വാങ്ങുമ്പോള്‍ വലതുകയ്യില്‍ കാശു കിട്ടിയിരിക്കണം എന്നാണ് എന്റെ രീതി”. ഏതൊക്കെ പത്രങ്ങളും, മാസികകളുമാണ് എഴുതാന്‍ തിരഞ്ഞെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, “ലേഖനം എഴുതിയാല്‍ ഏതിലച്ചടിക്കുമെന്നല്ല നോക്കുന്നത്, ആര്‍ക്കും നല്‍കും, കാശും വാങ്ങും, അത്ര തന്നെ”.സ്ഥിരം പംക്തികള്ക്കിതൊന്നും ബാധകമല്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ സന്ധ്യ ഇനിയും വരാനിരിക്കുന്ന സന്ധ്യകളുടേയും, കൂടിക്കാഴ്ചകളുടേയും വെറുമൊരു തുടക്കം മാത്രമായിരുന്നു. സാറേ എന്നു വിളിച്ചു തുടങ്ങിയ ഞാന്‍ അതിനകം ആ കുടുംബത്തിലെ ഒരംഗമായ് കഴിഞ്ഞിരുന്നു.
അജിത്തിനെപ്പോലെ ആ വീട്ടില്‍ വരാനും, പെരുമാറാനുമുള്ള ഒരു സ്വാതന്ത്ര്യം. അതുകൊണ്ടുതന്നെ അജിത്തിനെപ്പോലെ എനിക്കും അവര്‍ നാണപ്പേട്ടനും, പ്രഭേടത്തിയുമായി.അവര്‍ എന്നെ ഒരു അനുജനെപ്പോലെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശനിയാഴ്ചകളിലെ സായാഹ്നങ്ങള്‍ പ്രസന്നപ്രഭയില് ഫ്ലാറ്റ് നമ്പര്‍ 58ല്‍ സൂര്യനു താഴെയുള്ള എന്തിനെ പറ്റിയും ചര്‍ച്ച നടത്തുക പതിവായി. ജീവിതത്തില്‍ എനിക്ക് അന്നുവരെ ചിന്തിക്കാന്‍ കഴിയാതെ പോയ വീക്ഷണ കോണുകളിലേക്ക് അദ്ദേഹം എന്റെ ചിന്തയെ തിരിച്ചുവിട്ടു. നാണപ്പേട്ടന്റെ കാഴ്ച്ചപ്പാട് മറ്റൊരാള്‍ക്കും ഒരിക്കലും ദര്‍ശിക്കാനാവാത്തവിധം സൂക്ഷ്മമായിരുന്നു. വളരെ നിസ്സാരമെന്നു നാം കരുതിയേക്കാവുന്ന ഒരു സംഗതി അദ്ദേഹത്തിന്റെ ചിന്തയിലൂടെ പുറത്തു വരുമ്പോള്‍ നമുക്ക് പുതിയൊരനുഭവമായ് മാറുന്നു. ചിലപ്പോള്‍ ചില വാദഗതികളോട് സമരസപ്പെടാതെ വരുമ്പോള്‍ അദ്ദേഹം പറയുന്ന ഒരു പ്രത്യേക ശൈലിയുണ്ട്. “ശ്ശെടാ, ഞാന്‍ പറഞ്ഞത് മുരളിക്ക് പിടികിട്ടിയില്ല” എന്നു തുടങ്ങുന്ന ഒരു ശൈലി. ശരിയാണ്. എന്നെപ്പോലെ ഒരു സാധാരണക്കാരന് പിടിതരുന്ന വിധം ചെറിയ കാര്യങ്ങളല്ല അദ്ദേഹം പറഞ്ഞിരുന്നത്. വീണ്ടും ഞാന്‍ വാദിച്ചിരുന്നുവെന്ന് വയ്ക്കുക, അപ്പോള്‍ ശൈലിയില്‍ കുറച്ചുകൂടി മാറ്റം വരും. അതിങ്ങനെ, “ശ്ശെടാ അപ്പനേ”, എന്നു തുടങ്ങി, ഇടയ്ക്കിടെ പ്രയോഗിക്കുന്ന “നാലാലൊരു നിവൃത്തിയുണ്ടെങ്കില്‍” എന്നവസാനിക്കുന്നതില് എത്തി നില്ക്കുന്ന സംഭാഷണങ്ങള്‍. പിന്നെ ഹൃദയം തുറന്ന ചിരി.
പലപ്പോഴും എഴുതാന്‍ പോകുന്ന ലേഖനങ്ങളുടെ ആശയനങളായിരിക്കും ചര്‍ച്ചക്കു വിഷയമാകുന്നത്. ഉദാഹരണത്തിന്് ഇംഗ്ലീസ് മീഡിയത്തിലുള്ള വിദ്യാഭ്യാസം, കാമ്പസ് രാഷ്ട്രീയം, സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ വേലത്തരങ്ങള്‍ തുടങ്ങി പലതും. അതിനെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് എന്താണെന്ന് കണ്ടുപിടിക്കുകയായിരുന്നു നാണപ്പേട്ടന്റെ ഉദ്ദേശ്യം. അദ്ദേഹത്തിന്റെ ആശയങ്ങളോടുള്ള യോജിപ്പിനേക്കാള്‍ അവയ്ക്കു നമ്മുടേതായൊരു മാനം നല്‍കാനുള്ള കഴിവ് കണ്ടെത്തുകയും, അതു മനസ്സിലാക്കി അതിനേയും മറികടന്നുകൊണ്ടെഴുതി വ്യത്യസ്ഥത പുലര്‍ത്തുക എന്ന തന്ത്രമായിരുന്നു നാണപ്പേട്ടന്റേത്. ഇതൊക്കെ മനസ്സിലാക്കാന്‍ എനിക്ക് കുറേ സമയം വേണ്ടി വന്നു. പ്രസിദ്ധീകരിച്ചു വരുന്ന ലേഖനങ്ങള്‍ വായിക്കുമ്പോള്‍ മാത്രമാണ് നാണപ്പേട്ടന്റെ വിരുതുകള്‍ മനസ്സില്‍ തെളിയാറുള്ളത്. എതിര്‍പ്പുകളേയും, വിമര്‍ശനങ്ങളേയും മാടിവിളിക്കുകയും, താലോലിക്കുകയും ചെയ്യുക ഒരു ഹോബിയായ് വളര്ത്തിയെടുത്തിയിരുന്നുവെന്നു വേണം കരുതാന്‍.നമ്മുടേതായ യുക്തികൊണ്ട് അദ്ദേഹത്തിന്റെ യുക്തിയെ ഖണ്ഡിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹം സഹിഷ്ണുതയോടെ എത്ര നേരം വേണമെങ്കിലും നമുക്കായ് ചെലവിടും. പരിണാമം എന്ന അദ്ദേഹത്തിന്റെ നോവലിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ പറഞ്ഞു, “ആ നോവലിന്റെ ആദ്യ പകുതിയിലെ ആക്ഷേപഹാസ്യവും ഉദ്വേഗവും രണ്ടാം പകുതിയില്‍ ഇല്ലാതാവുകയും ഒരു മൂന്നാംകിട അപസര്‍പ്പക നോവലിലേക്ക് വഴുതിവീഴുകയും ചെയ്യുന്നുണ്ടല്ലോ“ – അതിന് അദ്ദേഹം ചിരിക്കുകമാത്രം ചെയ്തു.
ഒന്നും എതിര്‍ത്ത് പറയുകയുണ്ടായില്ല. പിന്നീട് അജിത്ത് പറഞ്ഞു, “ആദ്യ പകുതി നാണപ്പേട്ടന് വലിയ ഉത്സാഹത്തോടെ എഴുതുകയും കുറേ കഴിഞ്ഞപ്പോള്‍ എങ്ങനെയെങ്കിലും ആ നോവല്‍ അവസാനിപ്പിക്കാനുള്ള ഒരു പ്രവണത മാത്രമാണ് അദ്ദേഹം പ്രകടിപ്പിച്ചതത്രെ“.എയ്ഡ്സിനെതിരെ മരുന്നു കണ്ടുപിടിച്ചെന്നവകാശപ്പെട്ട മജീദുമായി സ്റ്റാര്‍ ടി.വി.യില്‍ ശ്രീമതി പ്രിയ ടെണ്ടുല്‍ക്കര്‍ നടത്തിയ ടോക് ഷോയില്‍ പങ്കെടുത്ത എല്ലാ ഡോക്ടേഴ്സും ചേര്‍ന്ന മജീദിനെ പരസ്യമായി വിമര്‍ശിക്കുകയും, പരിഹസിക്കുകയും, അപമാനിക്കുകയുമുണ്ടായി. ഞാനതിനെക്കുറിച്ച് നാണപ്പേട്ടനോട് പറയുകയും ചെയ്തു. ഉടനെ അദ്ദേഹം ചോദിച്ചത് പ്രിയ ടെണ്ടുല്‍ക്കറെ വിമര്‍ശിച്ചുകൊണ്ട് തനിക്കൊരു ലേഖനമെഴുതാമോ എന്നാണ്. അവര്‍ വല്ല മാനനഷ്ടക്കേസ്സും ഫയല്‍ ചെയ്താലോ എന്നു ഞാന്‍. ആ കുരുക്ക് ഞാനഴിച്ചോളാം എന്ന് നാണപ്പേട്ടന്. എന്തായാലും കരളുറപ്പില്ലാത്ത ഞാന്‍ ആ പണിക്കു പോയില്ല.
പിന്നീടൊരു ദിവസം സംഭാഷണത്തിനിടയില്‍ ഞാന്‍ നാണപ്പേട്ടനോടു പറഞ്ഞു, നാട്ടില്‍ നിന്നും മജീദിന്റെ സുഹൃത്തിന്റെ ഫോണ്‍ ഉണ്ടായിരുന്നുവെന്നും, മജീദിനുവേണ്ടി നല്ലൊരു ലേഖനം തയ്യാറാക്കുകയാണെങ്കില്‍ എനിക്ക് ഒരു പതിനായിരം രൂപയെങ്കിലും കിട്ടുമെന്നും, അതിന്റെ മുന്നോടിയായി കാറ്റലോഗും മറ്റും അയച്ചീട്ടുണ്ടെന്നുമൊക്കെ. അതിന് നാണപ്പേട്ടന് പ്രതികരിച്ചതിങ്ങനെയായിരുന്നു, “മുരളി, എഴുതുന്നതെന്തിനും കണക്കു പറഞ്ഞ് കാശുവാങ്ങണം, പക്ഷെ ഞാന്‍ കാശുതരാം താന്‍ എഴുതിക്കൊട് എന്നു പറയുന്നവര്‍ക്കുവേണ്ടി എഴുതരുത്. അതൊക്കെ മഞ്ഞപത്രങ്ങളിലെ എഴുത്തുകാര്‍ക്ക് പറഞ്ഞീട്ടുള്ളതാണ്. നമ്മുടെ ഇഷ്ടങ്ങള്ക്കനുസൃതമായിട്ടാണെഴുതേണ്ടത്, അല്ലാതെ മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതുപോലെയല്ല.” വീണ്ടും അദ്ദേഹം ഓര്‍മ്മിപ്പിച്ചു, “മജീദിനെക്കുറിച്ച് ധനം ദ്വൈവാരികയില്‍ ഞാനെഴുതിയത് അയാളെ വ്യക്തിപരമായ് അറിഞ്ഞീട്ടല്ല. വെറും സിമ്പിള്‍ ലോജിക്ക് മാത്രം. എയ്ഡ്സിനു ചികത്സിച്ച് ഏതെങ്കിലും രോഗിയെ അലോപ്പതി ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയതായ് എനിക്കറിവില്ല. മാത്രവുമല്ല ചികിത്സയുടെ കാല്‍ഘട്ടങ്ങളില്‍ ഒരുപാടു പണചെലവും. പക്ഷെ മജീദ് രോഗിയെ രക്ഷപ്പെടുത്തിയെന്ന് പല തെളിവുകളും ഹാജരാക്കുന്നു. പലരും മരിച്ചീട്ടുണ്ടാവാം. രോഗികളെ കൊല്ലാനുള്ള അധികാരം അലോപ്പതി ഡോക്ടര്‍മാര്‍ക്കു മാത്രമുള്ളതാണെന്നാണ് അവരുടെ കോലാഹലം കൊണ്ട് നാം മനസ്സിലാക്കേണ്ടത്.
“മുരളീ, എന്തായാലും നാം എഴുതുന്നതെന്തും വായനക്കാരന് ഇഷ്ടപ്പെടാനോ, വിമര്‍ശിക്കാനോ തുടങ്ങിയാല്‍ അതാണെഴുത്തുകാരന്റെ വിജയം.”
അപൂര്‍വ്വമായി മാത്രം വീണുകിട്ടുന്ന വരദാനങ്ങള്‍ പോലെ ആ വാക്കുകളെല്ലാം നാണപ്പേട്ടനെ മനസ്സില്‍ പ്രണമിച്ച് ഞാനാവാഹിച്ചെടുത്തെങ്കിലും, ശാപം കിട്ടിയ കര്‍ണ്ണനെപ്പോലെ വേണ്ടിടത്തു പ്രയോഗിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നുള്ളത് വസ്തുതമാത്രം. അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ കണ്ടറിഞ്ഞ് ദ ഇക്കണോമിസ്റ്റും (ലണ്ടന്‍) അതുപോലെ മറ്റു ചില വിദേശ മാസികകളും, അവശ്യം വേണ്ട ഡാറ്റയും വല്ലപ്പോഴുമൊക്കെ ശേഖരിച്ചെത്തിക്കുക എന്ന സേവനമാണ് അദ്ദേഹത്തിനുവേണ്ടി ഞാന്‍ ചെയ്യാന്‍ ശ്രമിച്ചത്.
നാണപ്പേട്ടന്റെ ആരോഗ്യം മോശമാവാനുള്ള കാരണങ്ങളിലൊന്ന് ക്രമം തെറ്റിയുള്ള ഭക്ഷണരീതിയും, തുടര്‍ച്ചയായുള്ള ബീഡിവലിയുമൊക്കെയായിരിക്കാം. സംഭാഷണങ്ങള്‍ക്കിടയില്‍ ഇടയ്ക്കു ചെന്ന് അടുക്കളയിലിരിക്കുന്ന ഏന്തെങ്കിലും, അത് ഇഡലിയായാലും, ചോറായാലും ബ്രെഡായാലും ശരി കുറച്ചെടുത്ത് വായിലിട്ടുകൊണ്ട് സംഭാഷണം തുടരുകയായിരുന്നു പതിവ്. ഇഷ്ടമില്ലാത്തവരാണു സന്ദര്‍ശകരെങ്കില്‍ നാണപ്പേട്ടന് മുറിയില്‍ പോയി കതകടച്ചിരിക്കും. പിന്ന വന്ന അതിഥിയെ മുഷിയാതെ പറഞ്ഞയക്കേണ്ട ഭാരിച്ച ചുമതല പ്രഭേടത്തി ഏറ്റെടുക്കുന്നു. ഔദ്യോഗികമായി തിരക്കുള്ള ശനിയാഴ്ചകളില്‍ പലപ്പോഴും എന്റെ പ്രസന്നപ്രഭ സന്ദര്‍ശനം മുടങ്ങിപ്പോയിട്ടുണ്ട്. പിന്നീട് ചെല്ലുമ്പോള്‍ പ്രഭേടത്തി പറയും. എവിടെയായിരുന്നു, കഴിഞ്ഞാഴ്ച്ച നാണപ്പേട്ടന് അന്വേഷിച്ചിരുന്നു എന്നൊക്കെ. വെറും അഞ്ചടി നാലിഞ്ച് ഉയരമുള്ള ഞാന്‍ അപ്പോഴൊക്കെ സന്തോഷം കൊണ്ട് ഉയര്‍ന്ന് ആറടി ഉയരമുള്ളവനായി നിലകൊള്ളും. നാണപ്പേട്ടന്റെ സുഹൃദ് വലയത്തില്‍ എല്ലാവരും പ്രശസ്തിയാര്‍ജ്ജിച്ചവര്‍ മാത്രമേയുള്ളുവെന്നും എന്നെപ്പോലെ ഒരു സാധാരണക്കാരന് അതൊന്നും വിധിച്ചിട്ടില്ലെന്നുമൊക്കെയുള്ള എന്റെ തോന്നലുകള്‍ തകര്‍ന്ന ഒരു സംഭവം പറയട്ടെ.
പല മലയാള സിനിമകളുടേയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള എന്റെ സുഹൃത്ത് ശ്രീ കെ.ജെ.ബോസ് നാട്ടില്‍ നിന്നും ബോംബെയിലേക്കു വന്നപ്പോള്‍ നാണപ്പേട്ടനെ ഒന്നു പരിചയപ്പെട്ടാല്‍ കൊള്ളാമെന്ന് പറഞ്ഞതനുസരിച്ച്, ഞാന്‍ ബോസിനേയും കൂട്ടി ഒരു ഞായറാഴ്ച പ്രസന്നപ്രഭയിലെത്തി. പ്രഭേടത്തിയാണ് വാതില്‍ തുറന്നത്. നാണപ്പേട്ടന് ഉറങ്ങുകയാണെന്നറിയിച്ചപ്പോള്, ബോസിനെ പ്രഭേടത്തിക്ക് പരിചയപ്പെടുത്തി വൈകീട്ട് സൌകര്യപ്പെട്ടാല്‍ വീണ്ടും വരാമെന്നു പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടുമണിക്ക് എനിക്കൊരു ഫോണ്‍ കോള്‍. അങ്ങേ തലക്കല്‍ നാണപ്പേട്ടനായിരുന്നു.
“വീട്ടില്‍ വന്നീട്ട് എന്നെ എന്തേ വിളിച്ചില്ല“ എന്ന ചോദ്യത്തിന് ഞാനിങ്ങനെ മറുപടി പറഞ്ഞു, “നാണപ്പേട്ടന് രാത്രിയൊക്കെ എഴുതാനിരുന്ന് വളരെ വൈകിയായിരിക്കുമല്ലോ ഉറങ്ങിയത്. അതുകൊണ്ട് ശല്യപ്പെടുത്തേണ്ടെന്നുകരുതി“. ഉടനെ പറഞ്ഞു, “ഹേയ്, എഴുതുകയായിരുന്നില്ല രാത്രി പരിപാടി. കമ്പ്യൂട്ടര്‍ തുറന്നുവെച്ച് അല്ലറചില്ലറ പണികള്‍ ചെയ്ത് നേരം പോയി. ഒരു കാര്യം ചെയ്യാം ഞാന്‍ മുരളിയുടെ വീട്ടിലേക്കുവരാം“. തീരെ വിശ്വസിക്കാനാവാതെ കുറച്ചു നേരം ഞാനങ്ങനെ നിന്നു. പിന്നെ പറഞ്ഞു, “അയ്യോ, നാണപ്പേട്ടന് ബുദ്ധിമുട്ടേണ്ട. ഞങ്ങളങ്ങോട്ടു വന്നേക്കാം.” നാണപ്പേട്ടന് പറഞ്ഞു, “എന്തു ബുദ്ധിമുട്ട്? നിങ്ങളെന്റെ വീട്ടില്‍ വരുന്ന ബുദ്ധിമുട്ടല്ലേ എനിക്കങ്ങോട്ടു വരാനും ഉള്ളു, മാത്രവുമല്ല, ഒരു ചെയ്ഞ്ചാവട്ടെ. ഞാനൊരു ചായ തിളപ്പിച്ച് കുടിച്ച് ഉടനെ എത്താം.”
പറഞ്ഞതുപോലെ അരമണിക്കൂറിനുള്ളില്‍ ഒരു കാലന് കുടയും കുത്തിപ്പിടിച്ച് നാണപ്പേട്ടന് എത്തി. മധുരമില്ലാത്ത ചായ കുടിക്കുന്നതിനിടയില്‍ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. ഞാന്‍ ഓരോ സുഹൃത്തുക്കളേയും തിരഞ്ഞുപിടിച്ച് നാണപ്പേട്ടന് എന്റെ വീട്ടില്‍ വന്ന സംഭവം അറിയിച്ച് ആറടി ഉയരക്കാരനായി നടന്നു. എന്റെ അപക്വ മനസ്സിന്റെ സത്യം മനസ്സിലാക്കി കൂട്ടുകാര്‍ അതൊക്കെ ക്ഷമിച്ചുകാണുമെന്നെനിക്കറിയാം. എങ്കിലും അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും ഞാന്‍ നെഞ്ചുവിരിച്ച് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ പറയും എം.പി.നാരായണപിള്ള എന്റേയും സുഹൃത്തായിരുന്നു, നാണപ്പേട്ടന് എനിക്ക് പ്രാധാന്യം നല്കിയിരുന്നുവെന്നറിഞ്ഞ് അഹങ്കരിക്കാനെനിക്കൊരു സന്ദര്‍ഭമുണ്ടായി. പക്ഷെ കനത്ത ദു:ഖഭാരത്താല്‍ വിങ്ങിയ എനിക്ക് തല ഉയര്‍ത്തിപ്പിടിക്കാനോ, നെഞ്ചുവിരിച്ചു നടക്കാനോ കഴിഞ്ഞില്ല. നാണപ്പേട്ടന് മരിച്ച വാര്‍ത്തയറിഞ്ഞ് ദോഹയില്‍ നിന്നും അജിത്തിന്റെ ചേട്ടന് (പ്രഭേടത്തിയുടെ നേരെ താഴെയുള്ള സഹോദരന്) സി.പി. രവീന്ദ്രന് രാത്രി 10 മണിക്ക് സഹാര്‍ എയര്‍പോര്‍ട്ടില്‍ എത്തുകയാണ്. ഞാനും അജിത്തും രവിച്ചേട്ടനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്കു പോകുമ്പോള്‍ അജിത്ത് പറഞ്ഞു, നാണപ്പേട്ടന്റെ മരണവിവരം അറിയിക്കാനായ് വേണ്ടപ്പെട്ട സുഹൃത്തുക്കളുടെ ടെലിഫോണ്‍ നമ്പറുകള്ക്കായ് നാണപ്പേട്ടന്റെ ഡയറി എടുത്തപ്പോള്‍ അതില്‍ എന്റെ നമ്പറുമുണ്ടായിരുന്നുവത്രെ.
അങ്ങനെ ഓര്‍ക്കാന്‍, സ്വയം മറ്റുള്ളവരുടെ മുമ്പില്‍ ഞെളിയാന്‍ ഇനി ഒന്നുമില്ല. വഴിവിട്ടു ചിന്തിക്കാനും, മനസ്സില്‍ സാധാരണ കാഴ്ചപ്പാടുകളേയും, അര്‍ത്ഥങ്ങളേയും ശീര്‍ഷാസനം ചെയ്യിക്കാനും, അദ്ദേഹം പഠിപ്പിച്ച കാര്യങ്ങള്‍ മറ്റാര്‍ക്കും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ഗുരുവാകാന്‍ അദ്ദേഹവും, ഒരു ശിഷ്യനാവാന്‍ ഞാനും തയ്യാറല്ലാതിരുന്നീട്ടും അറിവുകളുടേയും, അനുഭവങ്ങളുടേയും ലോകം എനിക്കു മുമ്പില്‍ തുറന്നിടുകയും, യാതൊരു ഗുരുദക്ഷിണയും നല്കാന് ശ്രമിക്കാതെ ഞാനതൊക്കെ എന്റെ ഹൃദയത്തിലേക്കാവാഹിക്കുകയും ചെയ്തു. കൊടുക്കല്‍ വാങ്ങലുകളില്‍ കടപ്പാടിന്റെ പ്രശ്നങ്ങളേതുമില്ലെന്ന സിദ്ധാന്തം നാണപ്പേട്ടനുണ്ടായിരുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്നു വിലപിക്കുന്ന എന്റെ മനസ്സിനെ ഞാന്‍ തന്നെ ആശ്വസിപ്പിക്കുകയാണ്. നാണപ്പേട്ടന് മൌനവ്രതത്തിലേക്ക് കടക്കുന്നതിനുമുമ്പുള്ള ഒരു ശനിയാഴ്ച പറഞ്ഞു, മുരളി ഇനി വരുമ്പോള്‍ ഞാന്‍ മൌനവ്രതത്തിലായിരിക്കും. പിന്നത്തെ ശനിയാഴ്ച ഞാന്‍ പ്രഭേടത്തിക്ക് ഫോണ്‍ ചെയ്തു ചോദിച്ചു. നാണപ്പേട്ടന് വ്രതം ആരംഭിച്ചുവോ എന്ന്. ഇല്ലെന്നായിരുന്നു മറുപടി. പ്രഭേടത്തിയും മൌനവ്രതം തുടങ്ങുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കണമെന്നു പറഞ്ഞപ്പോള്‍ അതെന്തിനാണെന്ന് തിരിച്ചു ചോദിച്ചു. അല്ലാ, എങ്കില്‍ പിന്നെ എനിക്കും മൌനവ്രതമാചരിക്കാമല്ലോ എന്നു കരുതിയാണെന്നു പറഞ്ഞ് ഞങ്ങള്‍ ചിരിച്ചു. 1998 മേയ് മൂന്നാം തിയ്യതി ഞായറാഴ്ചയാണ് ഞാന്‍ നാണപ്പേട്ടനെ അവസാനമായ് കണ്ട് സംസാരിച്ചത്.
നാണപ്പേട്ടനും, ഞാനും കൂടി ശാന്തി ആശ്രമത്തില്‍ നിന്ന് ബോറിവലി സ്റ്റേഷനിലേക്ക് നടന്നു (നാലോ, അഞ്ചോ കിലോമീറ്റര്‍ ദൂരം വരും). നാണപ്പേട്ടന് മൌനവ്രതം തുടങ്ങിയിരുന്നതിനാല്‍ കഥകളി മുദ്ര കാട്ടിക്കൊണ്ടു നടന്നു. ഞാന്‍ കുറച്ചുനാളായിട്ടെവിടെയായിരുന്നുവെന്നായിരുന്നു ഒരു മുദ്രയുടെ അര്‍ത്ഥം.കൊങ്കണ്‍ റെയില്‍ വഴി നാട്ടില്‍ പോയി വന്നുവെന്ന് ഞാന്‍ മറുപടി കൊടുത്തു. മനസ്സിലാവുന്ന ആംഗ്യങ്ങള്‍ക്ക് ഞാന്‍ മറുപടി കൊടുത്തുകൊണ്ടിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അറിയാതെ തന്നെ ഞാനും മുദ്രകള്‍ കാട്ടാന്‍ തുടങ്ങി. അപ്പോള്‍ നാണപ്പേട്ടന് ചിരിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. വിഡ്ഢിത്തം മനസ്സിലാക്കി ഒരു ചമ്മലോടെ ഞാന്‍ സംസാരം തുടരും. പിരിയാന്‍ നേരം ചില മുദ്രകള്‍ കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. അതു മനസ്സിലാക്കിയ നാണപ്പേട്ടന് എന്റെ കീശയില്‍ നിന്നും ഒരു കഷ്ണം കടലാസ് വാങ്ങി അതിലെഴുതി കാണിച്ചു. മറ്റൊന്നുമായിരുന്നില്ലത്, കൊങ്കണ്‍ വഴി രാജധാനി പോകുന്നുണ്ടെന്നും ഇനി മുതല്‍ അതില്‍ പോയാല്‍ മതിയെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. ആ കുറിപ്പ് ഞാനിപ്പോഴും ഭദ്രമായ്, ഞങ്ങളുടെ സøഹൃദത്തിന്റെ സാക്ഷിപത്രമായ് സൂക്ഷിക്കുന്നു.കോഴികള്‍ കുഞ്ഞുങ്ങളെ കൊത്തിയാട്ടുന്നതുപോലെ മക്കള്‍ വലുതാവുമ്പോള്‍ അകറ്റിനിര്ത്തണമെന്നൊക്കെ പലപ്പോഴും ലേഖനങ്ങളിലൂടെ സൂചിപ്പിച്ചിട്ടുള്ളതിനാലാവാം ചിലരൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട്, നാരായണപിള്ളയ്ക്ക് സ്വന്തം മക്കളോടൊന്നും സ്നേഹമില്ലേ എന്ന്. അതിനുള്ള മറുപടി അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞ ഒരു സംഭവം പകര്‍ത്തുമ്പോള്‍ മനസ്സിലാക്കാം. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ……
“വീട്ടിലെപ്പോഴും കുഞ്ഞനുണ്ടാവും (രണ്ടാമത്തെ മകന് മാധവന്‍കുട്ടി, മിഡ്-ഡെ പത്രത്തിലെ ഡെപ്യൂട്ടി എഡിറ്ററാണ്) എന്തിനും ഞാനിടക്കിടെ അവനെയാണു വിളിക്കുക. ഒരു ദിവസം ഞാനവനെ വിളിച്ചിട്ടും അവന് വന്നില്ല. അപ്പോഴാണു പ്രഭ പറയുന്നത് അവന് ഏഷ്യനേജില് ജോലി കിട്ടിയെന്ന്. എന്നോട് അനുവാദം ചോദിച്ചാല്‍ പോകേണ്ടെന്ന് പറഞ്ഞാലോ എന്നു കരുതി പറഞ്ഞില്ലത്രെ. ശരിയാണ്. ചോദിച്ചാല്‍ വേണ്ടെന്നു പറയുമായിരുന്നു. എന്തോ എനിക്കു വളരെ അസ്വസ്ഥത തോന്നി.”
മക്കളും അച്ഛനുമായും ഉള്ള ബന്ധം സുഹൃത്തുക്കളെപ്പോലെ ആയിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മക്കള്‍ക്കുവേണ്ടി സ്കൂളിലായാലും, കോളേജിലായാലും, ഉദ്യോഗത്തിനായാലും ഒരു തരത്തിലുള്ള ശുപാര്‍ശയും ചെയ്തീട്ടില്ലെന്നും അതുകൊണ്ടുതന്നെ എന്തും സ്വയം ചെയ്യാനുള്ള തന്റേടം അവര്‍ നേടിയെടുത്തെന്നും, എല്ലാ കാര്യങ്ങളും മക്കളുടെ പിന്നാലെ നടന്ന് ചെയ്തു കൊടുക്കുന്നവര്‍ മക്കളെ ജീവിക്കാനറിയാത്തവരായ് വളര്ത്തുകയാണു ചെയ്യുന്നതെന്നും നാണപ്പേട്ടന് പറഞ്ഞു. (ഉശിരുള്ള രണ്ടു മക്കളില്‍ മൂത്തവന് ബാലചന്ദ്രന് (ബാലു) സീ റ്റിവിയില്‍ വര്‍ക്ക് ചെയ്യുന്നു)നാണപ്പേട്ടന്റെ ദൈവം അദ്ദേഹത്തിന്റെ പുതിയ ചിന്തകളും, യുക്തികളുമായിരുന്നെങ്കില്, പ്രഭേടത്തി ചിന്മയാ മിഷന് പ്രവര്‍ത്തനങ്ങളില്‍ മുഴുകി മുന്നോട്ടുപോയി. ഞായറാഴ്ചകളില്‍ ചിന്മയാനന്ദ ശിഷ്യന്മാര് പ്രഭേടത്തിയുടെ വീട്ടില്‍ നാരായണീയവും, ഗീതയും മറ്റും പാരായണം ചെയ്യുക പതിവാക്കിയപ്പോള്‍, നാണപ്പേട്ടന് കിടപ്പുമുറിയില്‍ തന്റേതായ യുക്തികളുമായ് മറ്റൊരു ലോകം പണിതുകൊണ്ടിരുന്നു. ഭാര്യയുടെ ദൈവവിശ്വാസത്തെക്കുറിച്ചുള്ള നാണപ്പേട്ടന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ പറഞ്ഞത് ഇങ്ങനെ, “മുരളീ ഞാന്‍ പ്രഭയോടു പറയുന്നു ഒരു ചായ ഉണ്ടാക്കിക്കൊണ്ടുവരാന്‍, അവള് ചായ ഉണ്ടാക്കിക്കൊണ്ടുതരുന്നു. കുറച്ചു കഴിയുമ്പോള്‍ പ്രഭ പറയുന്നു, അവിടെയിരിക്കുന്ന ഭഗവദ്ഗീത എടുത്തുകൊണ്ടുവരൂ എന്ന്. ഞാനതെടുത്ത് അവള്‍ക്കു കൊടുക്കുന്നു, അതിലഭിപ്രായവ്യത്യാസത്തിന്റെ പ്രശ്നമേയില്ല“. ഞാന്‍ പറഞ്ഞു, “ഞാനൊന്നും ചോദിച്ചില്ല നാണപ്പേട്ടാ”.
1998 മേയ് 19. കാലത്ത് എട്ടുമണി. ഞാന്‍ ഓഫീസില്‍ പോകാനിറങ്ങുമ്പോള്‍ ഫോണ്‍ ശബ്ദിക്കുന്നു. അതൊരു തല തിരിയുന്ന വാര്‍ത്തയായിരുന്നു. വാര്‍ത്തകേട്ട് ഞാന്‍ പ്രസന്നപ്രഭയിലേക്കോടുന്നു. അവിടെ അജിത്തും, ബാലുവും,കുഞ്ഞനും പ്രഭേടത്തിയും, സുരേന്ദ്രനും കരഞ്ഞുവീര്‍ത്ത മുഖവുമായ് നില്ക്കുന്നു. കൃഷ്ണരാജ് (ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എഡിറ്റര്‍) അസ്വസ്ഥനായ് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. മുറിയില്‍ നടുവിലായ് വെള്ളത്തുണി പുതച്ച് നാണപ്പേട്ടന് കിടക്കുന്നു. ഞാന്‍ സൂക്ഷിച്ചുനോക്കി. ഒറ്റനോട്ടത്തില്‍ ഉറങ്ങുകയാണന്നേ തോന്നു. ഒന്നു വിളിച്ചാല്‍ നാണപ്പേട്ടനെ ഉണര്‍ത്താന്‍ കഴിയുമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. തള്ള വിരല്‍ ചേര്‍ത്തുകെട്ടിയ പാദങ്ങളും, ചുറ്റിലും ചിതറിക്കിടന്ന ഉണക്കല്ലരിയും, തുളസിപ്പൂക്കളും, എരിഞ്ഞു കത്തുന്ന തേങ്ങാ മുറികളും, തേങ്ങുന്ന ഹൃദയങ്ങളും കണ്ട് യാഥാര്‍ത്ഥ്യവുമായ് പൊരുത്തപ്പെടാന്‍ പ്രയാസപ്പെട്ടുകൊണ്ട് ഞാന്‍ പുറത്തേക്ക് നോക്കി നിന്നു. നിയന്ത്രിക്കാനൊരുപാട് പണിപ്പെട്ട് ഇടയ്ക്കിടെ പൊട്ടിക്കരയുന്ന അജിത്തിനെ ആശ്വസിപ്പിക്കാനായ് ഒന്നു രണ്ടു തവണ ചുമലില്‍ കൈ വെച്ചെങ്കിലും പിന്നീട് അദ്ദേഹത്തെ കരയാനായ് തനിച്ചു വിട്ടു. കരയട്ടെ, ഒരുപാടു കരഞ്ഞ് മനസ്സിന്റെ ഭാരം തീരുമ്പോള്‍ മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ അജിത്തിനായെന്നു വരാം. നാട്ടില്‍ നിന്നും മറ്റുസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരാനുള്ളതുകൊണ്ട് രാത്രി ബോഡി ഫ്രീസറില്‍ വെച്ചു. പിറ്റേന്ന് കാലത്ത്, പവനന്, എം.പി.ഗോവിന്ദപ്പിള്ള, എം.ജയചന്ദ്രന് (എഡിറ്റര്‍, മലയാളം), മുംബെയിലെ കാപ്റ്റന്‍ കൃഷ്ണന് നായര്‍ എന്നിവരും, പ്രശസ്തരും അല്ലാത്തവരുമായ നിരവഡി ആളുകളും എത്തിച്ചേര്‍ന്നു.
മെയ് 20 വൈകീട്ട് മൂന്നു മണി. നാണപ്പേട്ടന് ഒരുപാടു തവണ ചവിട്ടിമെതിച്ച വഴിയിലൂടെ അദ്ദേഹത്തിന്റെ നിശ്ചലമായ ശരീരവുമായ് ആംബുലന്‍സ് വഝീരാ നാക്കയിലെ പൊതുശ്മശാനത്തിനു നേരെ നീങ്ങി. അവസാന യാത്രാമൊഴിക്കായ് അദ്ദേഹത്തിനെ അടുത്തറിഞ്ഞവരും, കേട്ടറിഞ്ഞവരും ആംബുലന്‍സിനെ അനുഗമിച്ചു.ചിത കത്തിയടങ്ങുമ്പോള്‍ സന്ധ്യ പിന്നിടുകയായിരുന്നു. ബാലുവിനേയും, കുഞ്ഞനേയും, അജിത്തിനേയും മാറി മാറി നോക്കി ഞാന്‍ കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞ് തനിച്ച് പുറത്തേക്ക്. യോഗിനഗറിലേക്ക് നടക്കുമ്പോള്‍ ഞാനറിയുന്നു ഇനിയുള്ള സായന്തനങ്ങള്‍ വിരസങ്ങളാണെന്ന്. ഈ കാലഘട്ടത്തില്‍ പാലാഴിമഥനം നടത്തിയ കടകോല് നമുക്കു നഷ്ടമായിരിക്കുന്നു. മെല്ലെ, മെല്ലെ ഇരുട്ടു പരത്തി സൂര്യന് മറയാന്‍ തുടങ്ങുന്നു. ഇനി പുലരും വരെ സൂര്യനെ നമ്മള് മറന്നുവെന്ന് വരാം. പക്ഷെ പ്രതികരണശേഷി നഷ്ടപ്പെടാത്ത മലയാളികളുടെ ഓര്‍മ്മകളില്‍ നാണപ്പേട്ടന് എന്നും ജീവിക്കും. പ്രിയപ്പെട്ട നാണപ്പേട്ടന് എന്റെ അന്ത്യ പ്രണാമം.
(എഴുത്ത് ഇവിടെ അവസാനിച്ചു. ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല)
മുരളി മേനോൻ എഴുതിയ നാരായണ പിള്ളയു മായുള്ള ബന്ധത്തെ പറ്റിയുള്ള ലേഖനം അതി മനോഹരം .
ഇഷ്ടം അറിയിച്ചതിൽ സന്തോഷം മോഹനേട്ടാ
യുവചൈതന്യത്തിനോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു
ഇഷ്ടം അറിയിച്ചതിൽ സന്തോഷം മോഹനേട്ടാ
യുവചൈതന്യത്തിനോടും എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു