യുവചൈതന്യത്തിൻറെ മുൻ പത്രാധിപ സമിതി അംഗമായ കെ പി രാമദാസ് തൻറെ മുണ്ടൂരിലേക്കുള്ള ആദ്യ യാത്രയിലൂടെ മുണ്ടൂരിലേക്കും, കൃഷ്ണൻ കുട്ടിയേട്ടന്റെ രചനാ ശൈലിയിലേക്കും നമ്മെ കൂടെക്കൂട്ടുന്നു..
മുണ്ടൂർ – പാലക്കാടിനടുത്ത ഒരു ചെറുഗ്രാമം. മൂന്നു മലകളാൽ ചുറ്റപ്പെട്ട, റോഡിനിരുവശവും നെൽപ്പാടങ്ങൾ. കത്തുന്ന വേനലിലെ നട്ടുച്ചക്കും വയൽ വരമ്പിലൂടെ നടക്കുമ്പോൾ വഴി തെറ്റിയെത്തിയ ചെറു ചൂടുകാറ്റ് നിങ്ങളെ തഴുകിയേക്കാം. അത് അനുഭവിച്ചറിയണം. അതിലുമേറെ നിരവധി പ്രത്യേകതകളുണ്ട് മുണ്ടൂരിന്.
നമുക്കു പതിയേ ഒരു യാത്ര തുടങ്ങാം. എന്റെ നിഴലായി നിങ്ങളും പോരിക. ചെത്തമില്ലാതെ എന്നെ മറികടക്കാതെ എന്റെ പിൻ നിഴലായി പോരിക.
നമ്മളിപ്പോൾ മുണ്ടുരിൽ ബസ്സിറങ്ങി കവലയിലെ ചെറു കടകളും താണ്ടി പാട വരമ്പത്തേക്കിറങ്ങുകയാണ്. മീന മാസത്തിലെ ഈ നട്ടുച്ചയല്ലായിരുന്നെങ്കിൽ, കൊയ്ത്തിനു മുമ്പായിരുന്നെങ്കിൽ, വരമ്പിനിരുവശത്തും തലയാട്ടി നിൽക്കുന്ന നെൽക്കതിരിൽ ഉമ്മ വച്ച് ഇളം കാറ്റ് നമ്മളെ തഴുകി ഒഴുകി മറഞ്ഞേക്കാം. ഇപ്പോളാവട്ടെ വിണ്ടുകീറിയ പാടങ്ങളിൽത്തട്ടി പ്രതിബിംബിക്കുന്ന കത്തുന്ന സൂര്യന്റെ ചൂടിൽ ഒട്ടാശ്വാസമായി വരണ്ട കാറ്റു മാത്രം കൂട്ടായി. വിഷമിക്കണ്ട ഇനിയും കുറച്ചു ദൂരം കൂടിയെയുള്ളു. നമ്മളെത്താറായി. അടച്ചിടാത്ത ഗേറ്റിനരുകിലെത്തും മുന്നേ വഴിതെറ്റി വന്ന ഒന്നുരണ്ടു കാറ്റുകൾ തഴുകി കടന്നുപോയി. ഇനി നിങ്ങൾ സൂക്ഷിക്കണം ഒച്ചയുണ്ടാക്കരുത് അമിതമായ ആഹ്ളാദത്താൽ എന്നെ മറന്നു മുന്നോട്ടു പോവരുത്. ഞാൻ ബെല്ലടിക്കാൻ പോവുകയാണ്. ചിലപ്പോൾ അല്പം കാത്തു നിൽക്കേണ്ടി വന്നേക്കാം, അക്ഷമരാവരുത്.
ബെല്ലിന്റെ ശബ്ദം നിലക്കുന്നതിനു മുമ്പേ അകത്ത് ഒരാളനക്കം. വെയിൽ കത്തിത്തിളച്ച കാഴ്ചക്കപ്പുറത്തു നിന്നും ഇറങ്ങി വരുന്ന ആളെ നിങ്ങൾ കണ്ടുവോ? മുഖം നിറഞ്ഞ ചിരിയുമായി വന്ന് എന്റെ കൈകൾ കൂട്ടിപ്പിടിച്ച് അകത്തേക്കാനയിക്കുന്ന ആളെ നിങ്ങൾക്കു പരിചയമുണ്ടോ? ആ സ്നേഹം തുളുമ്പുന്ന ചിരിയിൽ ലയിച്ച് നിങ്ങൾ നിങ്ങളെ മറന്നു പോവുന്നില്ലേ ?
അതേ നമ്മൾ നിൽക്കുന്നത് സാക്ഷാൽ കഥാ പുരുഷൻ, കൃഷ്ണൻ കുട്ടിയേട്ടന്റെ വീട്ടിലാണ്. ഒറ്റക്കാണെങ്കിലും അദൃശ്യ സാന്നിദ്ധ്യമായി മറ്റാരെയൊ നിങ്ങൾ തിരയുന്നുണ്ടോ? ആ മൂന്നാമത്തെ ആൾ മുണ്ടൂരിന്റെ ഉള്ളിൽത്തന്നെ ഉണ്ട്.
ഇനി നിങ്ങൾ സ്വതന്ത്രരാണ്. ഞാൻ കൃഷ്ണൻ കുട്ടിയേട്ടന്റെ കഥയുടെ കാണാമറയത്തെ കഥകൾ കേൾക്കാൻ വന്നതാണ്.
അകത്തിരിക്കണോ ?
കൃഷ്ണൻ കുട്ടിയേട്ടന്റെ കുശലം…
നല്ല ചൂടല്ലേ ? വഴി കണ്ടെത്താൻ വിഷമിച്ചില്ലല്ലോ?
ചോദ്യങ്ങൾക്കു പിന്നാലെ ചോദ്യങ്ങൾ…
ഇവിടെത്തന്നെയിരിക്കാം
ഞാൻ ഉമ്മറത്തിണ്ണയിൽ വിശാലമായിരുന്നു. മുന്നിലെ ചാരുകസാലയിൽ കഥാ പുരുഷനും.
പതുക്കെപ്പതുക്കെ കഥകളുടെ മായാലോകത്തിലേക്ക് കൈകൂട്ടിപ്പിടിച്ച് എന്നോടൊപ്പം കൃഷ്ണൻ കുട്ടിയേട്ടനും. സമയമേറെക്കഴിഞ്ഞിരുന്നു. സൂര്യൻ അസ്തമയത്തിനായുളള തയ്യാറെടുപ്പിൽ കഥയുടെ സ്വപ്ന ലോകത്തു നിന്ന് യാഥാർത്ഥ്യത്തിന്റെ ഉഷ്ണത്തിലേക്ക് ഉണർന്നെണീറ്റു. യാത്ര പറയാൻ തോന്നുന്നില്ല. പറയാൻ ബാക്കിയായ, പറഞ്ഞു തീരാത്ത കഥകളുടെ സ്വപ്ന ലോകം മാറി നിന്ന് കൊതിപ്പിക്കുന്നു. യാത്രയാവാതെ വയ്യല്ലോ? മടക്ക യാത്ര തുടങ്ങുകയാണ്.
റോഡരികു വരെ എന്നോടൊപ്പം കൃഷ്ണൻ കുട്ടിയേട്ടനും. ഒരിക്കൽ കൂടി കൈ കൂട്ടിപ്പിടിച്ച് ഇനിയെന്നാ കാണാ.. ഒരു ചോദ്യത്തിലെ യാത്രാമൊഴി. കവലയിലെ ബസ് സ്റ്റോപ്പിലെത്തി പിൻ തിരിഞ്ഞു നോക്കുമ്പോഴും നിഴൽ പോലെ. മുഖം നിറഞ്ഞിറങ്ങുന്ന ആ സ്നേഹം വഴിഞ്ഞൊഴുകുന്ന ചിരി എന്നിക്കു കാണാം.
എന്നെ വെറുതെ വിട്ടാലും(1) എന്നു അശരീരി കേൾക്കുന്നുണ്ടോ? ചെത്തമുണ്ടാക്കാതെ നിങ്ങളും എന്റെ കൂടെപ്പോരിക. പുതിയ കഥകൾക്കായി നമുക്ക് വീണ്ടും വരാം ഈ മുറ്റത്തേക്ക്.
**********
മുണ്ടൂരിലേക്കുള്ള എന്റെ ആദ്യ യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. വിശദമായ പുനർവായന ആവശ്യപ്പെടുന്ന ലാളിത്യമാർന്ന കഥകളുടെ മായാ പ്രപഞ്ചമാണ് മുണ്ടൂരിന്റെ കഥകൾ, സാധാരണക്കാരായ കഥാപാത്രങ്ങൾ, നമ്മുടെ ചുറ്റുവട്ടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ. വൈകാരിക മുഹൂർത്തങ്ങൾ, വാക്കുകൾക്കിടയിലെ അർദ്ധവിരാമങ്ങൾ. ഇതെല്ലാം ചേർന്നതാണ് ആ രചനാ ശൈലി.
വായനക്കാരന്റെ ചിന്തയിലേക്ക് വ്യാഖ്യാനത്തിനുള്ള സാദ്ധ്യതകൾ ബാക്കി വെച്ച് അപൂർണ്ണതയിലും പൂർണ്ണമാവുന്ന എഴുത്തിന്റെ രീതിശാസ്ത്രം. സാഹിത്യ കുതുകികൾക്ക് പഠിക്കാനേറെയുണ്ടതിൽ.
പറഞ്ഞു തീരാത്ത കഥകൾ പോലെ മനസ്സിൽ ഊറി നിറയുന്ന ചിന്തകൾ. എത്ര പറഞ്ഞാലും മതി വരില്ല. ഓരോ കഥയും വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒപ്പം ചിലവഴിച്ച കുറച്ചു നേരവും ഓർമ്മകളുടെ കുത്തൊഴുക്കും മനസ്സിൽ നിറയും.
ഓർമ്മകളിലിന്നും വിടർന്നൊരാ ചിരി ബാക്കിയുണ്ട്.
ഓർമ്മകൾക്ക് മരണമില്ലല്ലോ?
(1) കഥയുടെ പേര്
ഗംഭീരം