നവരാത്രികാലം തുടങ്ങുന്നത് കന്നിമാസത്തിലെ ശുക്ലപക്ഷ പ്രതിപദം മുതലാണ്. ഇത് ഒൻപത് ദിവസം നീണ്ടു നിൽക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു ആഘോഷമാണ് നവരാത്രി. ഇന്ത്യയുടെ കിഴക്കും വടക്കും ഭാഗങ്ങളിൽ ദുർഗ്ഗാ പൂജ എന്ന പേരിൽ അറിയപ്പെടുന്നു. മഹിഷാസുരനെ വധിച്ച് ധർമ്മം പുലർത്താൻ ദേവി ചെയ്ത യുദ്ധത്തിന്റെ ഓർമ്മയാണ് ദുർഗ്ഗാ പൂജ.
വടക്കും വടക്കുപടിഞ്ഞാറു ഭാഗങ്ങളിലും ഇത് രാമ ലീല (ദസറ) എന്ന പേരിൽ അറിയപ്പെടുന്നു. ശ്രീരാമന്, രാവണന്റെ മേൽ ഉണ്ടായ വിജയത്തിന്റെ ഓർമ്മക്കായി ആഘോഷിക്കുന്നു. തിന്മയുടെ മേൽ നന്മയുടെ വിജയം.
തെക്കെ ഇന്ത്യയിൽ ഇത് സരസ്വതി പൂജ എന്ന പേരിൽ അറിയപ്പെടുന്നു. സ്ത്രൈണ ശക്തിയുടെ പ്രതീകം. തിന്മക്കു മേൽ നന്മ നേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കൽ, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകൾ ഏറെയാണ്. കേരളത്തിലെ നവരാത്രി ആഘോഷങ്ങൾക്കും, പൂജാവിധികൾക്കും മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് അല്പം വ്യത്യാസമുണ്ട്.
കേരളത്തിൽ ആദ്യത്തെ മൂന്നു ദിവസം ശക്തി രൂപിണിയായ ദുർഗ്ഗയും, അടുത്ത മൂന്നു ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷിയായും അവസാന മൂന്നു ദിവസം സരസ്വതീ ദേവിയുമാണ് ആരാധനാ മൂർത്തികൾ. അവസാന മൂന്നു ദിവസത്തെ ആരാധനക്കും, വ്രതാനുഷ്ഠാനങ്ങൾക്കും കേരളീയർ കൂടുതൽ പ്രാധാന്യം നൽകുന്നു. ഉത്തരേന്ത്യയിൽ എല്ലാ വീടുകളിലും നവരാത്രി പൂജയും ആഘോഷങ്ങളും നടക്കുന്നുണ്ടെങ്കിലും കേരളത്തിൽ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് നവരാത്രി ആഘോഷിക്കുന്നത്.
തങ്ങളിലെ ഉപാസനാ ശക്തിക്ക് കൂടുതൽ ഊർജ്ജം പകരുന്നതിന് ഈ നാളുകളിൽ ഉപാസകർ ഒത്തുചേരുന്നു.
പൂജാവിധികളും ജപങ്ങളും ധ്യാനവും എല്ലാം ഇതിന് ശക്തി കൂട്ടുന്നു.
മാതൃദേവിയായ ജഗദീശ്വരിയെ ഒൻപതു ഭാഗങ്ങളിലായി ഒൻപതു ദിവസങ്ങളിൽ ആരാധിക്കുന്നു. ഈ ദേവീരൂപങ്ങൾ നവദുർഗ്ഗമാർ എന്ന പേരിലറിയപ്പെടുന്നു.
പ്രഥമം ശൈലപുത്രീതി
ദ്വിതീയം ബ്രഹ്മചാരിണി
തൃതീയം ചന്ദ്രഘണ്ടേതി
കുശ്മാണ്ഡേതി ചതുർത്ഥകം
പഞ്ചമം സ്കന്ദമേതീതി
ഷഷ്ഠം കാർത്ത്യായനീച
സപ്തമം കാളരാത്രീതി
മഹാ ഗൗരീ തിച അഷ്ടമം
നവമം സിന്ധിതാ പ്രോക്ത
നവദുർഗ്ഗാ പ്രകീർത്തിത
1. ശൈലപുത്രി . ( ഹിമവാന്റെ പുത്രി)
കാളയുടെ പുറത്ത് ഒരു കൈയ്യിൽ ശൂലവും മറു കൈയ്യിൽ താമരയുമേന്തി നിൽക്കുന്ന ദുർഗ്ഗാ ഭാവം.
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നു ചേർന്ന മൂർത്തീഭാവം.
2. ബ്രഹ്മചാരിണി – ശിവപത്നിയാകുവാൻ ആഗ്രഹിച്ച് നാരദമുനിയുടെ ഉപദേശ പ്രകാരം കഠിന തപസ്സു ചെയ്തതിനാൽ ദേവിക്ക് ബ്രഹ്മചാരിണി എന്ന പേരു വന്നു. കൈയ്യിൽ ജപമാലയും കമണ്ഡലവും ഏന്തി തപസ്സു ചെയ്യുന്ന ഭാവം.
3. ചന്ദ്രഘണ്ഡ. നെറ്റിയിൽ മണിയുടെ ആകൃതിയിൽ ചന്ദ്രക്കല ഉള്ളതിനാൽ ചന്ദ്രഘണ്ഡ എന്ന പേരിൽ അറിയപ്പെടുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തു കൈകളുണ്ട്. പത്മം, ധനുസ്സ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങൾ കൈയ്യിലുണ്ട്. ചൗര്യവും ശക്തിയും ദേവി നൽകുന്നു.
4. കുശ്മാണ്ഡം – പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കുശ്മാണ്ഡം. എട്ടു കൈകളിൽ സിംഹവാഹിനിയായ ദേവി, വിവിധ ആയുധങ്ങൾ ജമാല എന്നിവ ധരിച്ചിരിക്കുന്നു.
5. സ്ക്കന്ധ മാതാ – ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം നൽകുന്ന ദിവ്യ രൂപം. നാലു കൈകളും മൂന്നു കണ്ണുകളും ഈ ദേവിക്കുണ്ട്. സ്ക്കന്ധൻ അഥവാ മുരുകന്റെ മാതാവായതിനാൽ സ് ക്കന്ധമാതാ എന്ന പേരിൽ അറിയപ്പെടുന്നു.
6. കാത്ത്യായനീ ദേവി – കാത്ത്യായന ഋഷിയുടെ പുത്രിയായി അവതരിച്ച രൂപമാണ് കാത്ത്യായനി.
7. കാളരാത്രി – കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചതുർബാഹുവായ ദേവിയുടെ വലതു കരങ്ങൾ എപ്പോഴും അനുഗ്രഹം ചൊരിയുന്നു. എല്ലാ വിധ ഭയ, ക്ലേശങ്ങളിൽ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവക്ക് ശുഭകാരി എന്ന പേരുണ്ട്.
8. മഹാഗൗരി – പ്രശാന്തതയുടെയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് ഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. അഭയവരദ മുദ്രകളും ശൂലവും ഡമരുവും ഏന്തി നിൽക്കുന്ന നാലു കൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.
9 – സിദ്ധി ധാത്രി – സർവ്വദാ ആനന്ദ കാരിയായ സിദ്ധി ധാത്രി തന്റെ ഭക്തർക്ക് സർവ്വ സിദ്ധികളും പ്രദാനം ചെയ്യുന്നു.