Site Loader

പറയാം

” ചില വേർപാടുകൾ, അത് സത്യമാണെന്നുള്ളത് ഇപ്പോഴും തോന്നാത്തത് ചിലതുണ്ട് , ഉൾമനസ്സിൽ ചിലരുണ്ട്. അവരിലൊരാളെപ്പറ്റി … ”

ആദ്യം..

തൊണ്ണൂറുകളുടെ അവസാനത്തിൽ തൃശൂർ വച്ച് നടന്ന ഒരു യോഗത്തിൽ വച്ചാണ് ബാബു ചേട്ടനെ ആദ്യം കാണുന്നത് . സമാജം വെബ്സൈറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എത്തിയവരിൽ അദ്ദേഹവും ഉണ്ടായിരുന്നു, അന്ന് തിരക്കുള്ള ഒരു സംവിധായകന്റെ അല്പസമയം ആണ് കണ്ടത്. പിന്നീട് പലവട്ടം തൃശൂർ പോകുമ്പോഴും കാണാനും സംസാരിക്കാനും സാധിച്ചിരുന്നു. പിന്നീട് വെബ്സൈറ്റിന്റേയും യുവചൈതന്യം മാസികയുടെയും ഉത്ഘാടനച്ചടങ്ങിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴും ഓർക്കുന്നു. സമാജപ്രവർത്തനങ്ങളിലേക്ക് യുവാക്കൾ കടന്നുവരേണ്ടതിന്റെയും അവർ മുൻനിരയിൽ നിൽക്കേണ്ടത്തിന്റെയും ആവശ്യങ്ങൾ അന്നേ പറഞ്ഞുവച്ചവരിൽ ഒരാൾ .

ആഘോഷങ്ങൾ സിനിമ പോലെ

പിഷാരടി സമാജത്തിന്റെ സിൽവർജൂബിലി ആഘോഷങ്ങൾ നടത്തുന്നതിന്റെ ഒരുക്കങ്ങൾ, ഒരു സംവിധായകന്റെ റോളിൽ ബാബുചേട്ടൻ , മൂന്നുദിവസത്തെ പരിപാടികളാണ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്നത്. സമാജ ചരിത്രത്തിൽ ഇത്രയും വലിയൊരു ആഘോഷം നടാടെയാണെന്നു തോന്നുന്നു. സാധാരണ ചർച്ചകൾക്കും യോഗങ്ങൾക്കും പുറമെ വേദി നിറയെ കലാപ്രകടനങ്ങൾ. ഉദ്ഘാടകരായിട്ടും കാഴ്ചക്കാരായിട്ടും അന്നത്തെ പ്രശസ്ത സിനിമാതാരങ്ങൾ. തിങ്ങി നിറഞ്ഞ അക്കാദമി ഹാൾ, രമേഷ് പിഷാരടിയുടെ ഭാഷയിൽ പറഞ്ഞാൽ “പിഷാരോടിറ്റോറിയം ” ഹാളിന്റെ കവാടം അമ്പലത്തിന്റെ ഗോപുരംപോലെയൊക്കെ സെറ്റിട്ട്, ശബ്ദവെളിച്ച വിന്യാസങ്ങളൊക്കെയായി സിനിമാ സ്റ്റൈലിൽ ഒരു ഗംഭീര വേദി. അതൊരു കാഴ്ചയായിരുന്നു.

മുപ്പതു സെക്കന്റിന്റെ വെല്ലുവിളി...

സിൽവർജൂബിലി ആഘോഷകലാപരിപാടികളുടെ ഉത്ഘാടനം അന്നത്തെ പ്രശസ്ത നടി കല്പനയായിരുന്നു. നടൻ ഹരിശ്രീ അശോകനും വേദിയിലുണ്ടായിരുന്നു. ഉത്ഘാടനം കഴിഞ്ഞ് സമാജ ചരിത്രം ഒരു ഇൻട്രോ ആയി അവതരിപ്പിച്ച് കലാപരിപാടികൾ തുടരുന്ന വിധത്തിൽ ആയിരുന്നു സ്ക്രിപ്റ്റ്. വൈഷ്ണവസമാജം മുതൽ ചെറുകാടിന്റെ ജീവിതപ്പാതയും കടന്ന് മണ്മറഞ്ഞ പലരെയും പരാമർശിച്ച് വെബ്സൈറ്റും യുവചൈതന്യവുമുള്ള സമാജത്തിന്റെ ഡിജിറ്റൽ യുഗം വരെ എത്തിനിൽക്കുന്ന നമ്മുടെ മുന്നേറ്റങ്ങളും മറ്റും, ഒരു പത്ത് മിനിറ്റിൽ അവതരിപ്പിക്കുന്ന ഒരു ഇൻട്രോ ആയിരുന്നു അത്. കൊച്ചുകുട്ടികൾ മുതൽ സമാജ അംഗങ്ങളും പ്രവർത്തകരുമെല്ലാം അഭിനയിച്ചുപോകുന്നുണ്ടതിൽ. അതിൽ അവസാന ഭാഗത്ത് ഒരു മുപ്പതു സെക്കന്റിൽ ഞാനും വന്നു പോകുന്നുണ്ട്. അന്നേവരെ ഒരു സ്റ്റേജിലും കയറാത്ത എന്നെയും മറ്റുപലരെയുമെല്ലാം അഭിനയിപ്പിച്ചത് അദ്ദേഹത്തിനൊരു വെല്ലുവിളിയെ ആയിരുന്നില്ല. അതെ, എല്ലാത്തിനും ഒരു സ്ക്രിപ്റ്റും തിരക്കഥയും ഉണ്ടായിരുന്നു. അത് തന്നെയായിരുന്നു അന്നവതരിപ്പിച്ച പരിപാടികളുടെ മേന്മയ്ക്കു കാരണവും. ഒരു സംവിധായകന്റെ കയ്യടക്കം അന്നാദ്യമായി കണ്ടു .

പതിനാല് വർഷങ്ങൾക്കുശേഷം…

ഒരു പുതിയ തുടക്കം, ചില മാറ്റങ്ങൾ , ഒരു കൂടിച്ചേരൽ , എല്ലാവരും ആഗ്രഹിച്ചിരുന്നൊരു സമയത്താണ് നിറമാലയുടെ ചിന്തകൾ വരുന്നത്. 2016ൽ ഒരു മെയ് മാസത്തിൽ അത് യാഥാർത്ഥ്യമായി. നിറമാലയുടെ ആദ്യവട്ട ചർച്ചകൾ തുടങ്ങുന്നത് ആലങ്ങാട് വച്ചും പിന്നീട് ചെമ്പൂക്കാവിലെ ബാബുച്ചേട്ടന്റെ വീട്ടിൽവച്ചുമാണ്. പ്രിയ്യപ്പെട്ട ബാബുചേട്ടാ, താങ്കളില്ലായിരുന്നെങ്കിൽ അതൊരു സ്വപ്നം മാത്രമാകുമായിരുന്നു. അതാണ് സത്യം. ദിവസങ്ങൾ നീണ്ട ഷൂട്ടിങ്ങും നമ്മുടെ ഇടയിലുള്ള സിനിമാപ്രവർത്തകരും അഭിനേതാക്കളും അണിയറക്കാരും, സ്ക്രിപ്റ്റും തിരക്കഥയും, സംഭാഷണങ്ങളും ബഡ്ജറ്റ് ചർച്ചകളും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പാട്ടൊരുക്കലും…

അതൊരു സിനിമ തന്നെയായിരുന്നോ ? അത്രയേറെ സാങ്കേതിക മികവോടെയാണ് നിറമാല സംവിധാനം ചെയ്തത്. അണിയറയിൽ രസകരമായ ഒരുപാട് കാര്യങ്ങളുണ്ട് , ഓർത്തെടുത്ത് പറയാം..

ആലങ്ങാട് യോഗം…

നിറമാലയുടെ പ്രാഥമികചർച്ച നടന്നത് ആലങ്ങാട് ഷാരത്തുവച്ചുനടന്ന ഒരു സാധാരണ ശാഖാമാസയോഗത്തിലായിരുന്നു . അപ്പോഴൊന്നും ഇത് യാഥാർത്ഥ്യമാകുമെന്ന തോന്നലൊന്നും ഉണ്ടായിരുന്നുമില്ല. പക്ഷെ കാര്യങ്ങൾ വേഗത്തിൽ മുന്നേറി. ഏറ്റവും അടുത്ത ദിവസംതന്നെ ചൊവ്വരയിൽ നിന്ന് ഒരു സംഘം ചെമ്പൂക്കാവിലെ ബാബുച്ചേട്ടന്റെ വീട്ടിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. ചൊവ്വരയിലെ പ്രധാന യുവനേതാക്കളായിരുന്നു ആ സംഘത്തിൽ ഉണ്ടായിരുന്നത്. ആലങ്ങാട്ടെ വിജയൻ, ചൊവ്വര ജിഷ്ണു, ചെമ്മലശ്ശേരിയിൽ നിന്ന് കടുങ്ങല്ലൂരിൽ സ്ഥിരതാമസമാക്കിയ രവിച്ചേട്ടൻ, സെക്രട്ടറി ചൊവ്വര മധുച്ചേട്ടൻ കളമശ്ശേരിയിൽ നിന്ന് കെ കെ, തൃശൂരിൽ നിന്ന് ഹരികൃഷ്ണൻ എന്നിവരെല്ലാം ഒരു വൈകുന്നേരം ചെമ്പൂക്കാവിൽ ഒത്തുകൂടി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ബാബുച്ചേട്ടന്റെ പ്രിയതമ ജ്യോതിചേച്ചിയുടെ അമ്മ സംഭാവന ചെയ്ത രണ്ടായിരം രൂപയായിരുന്നു നിറമാലയുടെ ക്യാപിറ്റൽ ഫണ്ട് . അത് നൽകിയ ഊർജ്ജവും ചെറുതല്ല.

ചർച്ചകൾ മുന്നേറി. ഇനി ഒരു പേര് കണ്ടെത്തണം. അതിനും താമസമുണ്ടായില്ല. നമ്മളോട് വളരെ അടുത്തുനിൽക്കുന്ന ഐശ്വര്യമുള്ളൊരു പേര് ബാബു ചേട്ടൻ തന്നെ നിർദ്ദേശിച്ചു. അതായിരുന്നു “നിറമാല”. യഥാർത്തതിൽ ഇനി നടക്കാൻ പോകുന്ന നിറമാലയുടെ പൂർണ്ണരൂപം ബാബുച്ചേട്ടന്റെ മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം.

പൂർണാ നദിക്കരയിലേക്ക് വീണ്ടും…

നിറമാലയുടെ കരട് രൂപംകൊണ്ടപ്പോൾത്തന്നെ അത് എവിടെവച്ച് നടത്തണമെന്ന കാര്യത്തിലും തർക്കമുണ്ടായില്ല. ചൊവ്വര ശാഖയുടെ ആസ്ഥാനനഗരമായ ആലുവയിലോ പരിസരപ്രദേശങ്ങളിലോ ആവാമെന്ന് ഏകസ്വരത്തിൽ അഭിപ്രായമുയർന്നു. ഒന്നുരണ്ടു സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും നിറമാലയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഒരു ധാരണ വന്നപ്പോൾ താരതമ്യേന വലിയൊരു ഹാൾ അതും യാത്രാസൗകര്യമുള്ള സ്ഥലത്തു തന്നെ വേണമെന്ന ആവശ്യപ്രകാരം ആലുവ ദേശത്തുള്ള ഗ്രീൻപാർക്ക് ഹാളിന് നറുക്ക് വീണു. അങ്ങിനെ മെയ് 21 എന്ന തീയതിയിലേക്ക് നിറമാല ഉറപ്പിക്കപ്പെട്ടു. അപ്പോഴും ശരിക്കുമുള്ള ജോലികൾ തുടങ്ങാനിരിക്കുന്നതേയുള്ളു.

എങ്ങിനെയാകണം…

നിറമാല എങ്ങിനെയാകണം എന്ന കാര്യത്തിൽ ബാബുച്ചേട്ടനു കൃത്യമായ ഒരു രൂപം മനസ്സിലുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും പറയാറുള്ള ഒരു വാക്ക് കടമെടുത്താൽ “ഒരു കിണ്ണം കാച്ചി പരിപാടി”. നമ്മൾ ടിവിയിൽമാത്രം കണ്ടുപരിചയിച്ച അവാർഡ് ദാന ചടങ്ങുകളും, കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ വെളിച്ച വിന്യാസങ്ങളൊക്കെയുള്ള ഒരു മാസ്മരികാനുഭവം. ഇപ്പോൾ ഞെട്ടിയത് ചൊവ്വര കൂട്ടായ്മയാണ് . കാര്യങ്ങളൊക്കെ ഗംഭീരം. പറയാനെളുപ്പമാണ്, ഇതിനൊക്കെ ചിലവില്ലേ എന്നായി ചിന്തകൾ . പക്ഷെ ബാബുച്ചേട്ടന്റെ അനുഭവ പരിചയവും നിശ്ചയധാർഢ്യവും, പിന്നെ ചൊവ്വര കൂട്ടായ്മയുടെ ആത്മവിശ്വാസവും കൂടെ ഒത്തുചേർന്നപ്പോൾ നിറമാല സത്യമായിത്തീരുകയായിരുന്നു.

ക്യാമറ റോളിങ് … ആക് ഷൻ…

നിറമാലയിൽ കലാപരിപാടികൾ തുടങ്ങും മുൻപ് നമ്മുടെ സമുദായത്തിലെ പ്രഗത്ഭന്മാരെ ആദരിക്കുന്ന പ്രധാന ഭാഗത്തു ആദ്യം 25 പേരെയാണ് ഉദ്ദേശിച്ചതെങ്കിലും സമയക്കുറവുകാരണം 14 പേരിലേക്ക് ഒതുങ്ങി. ആദരിക്കേണ്ടവരെയെല്ലാം നേരിൽചെന്നുകണ്ട്, അവരുമായുള്ള അഭിമുഖം ചിത്രീകരിച്ച് ഒരു ഹ്രസ്വചിത്രംപോലെ ഒരുക്കി വേദിയിലുള്ള വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച്, അതിനുശേഷം പുരസ്കാര വ്യക്തിയെ വേദിയിലേക്ക് ആനയിക്കുക. ഇങ്ങനെയൊക്കെയാണ് സ്ക്രിപ്റ്റ് പോകുന്നത്. ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ് ഇനി നടക്കേണ്ടത്. നമുക്കേറ്റവും പ്രിയങ്കരനായ രാജൻ ചേട്ടനാണ് (രാജൻ സിത്താര) ക്യാമറ ചലിപ്പിക്കുന്നത്. സഹായികളായി മകൻ അനൂപും പിന്നെ ബാബുച്ചേട്ടന്റെ മകൻ ദർശനും എത്തിച്ചേർന്നു.

കൂട്ടത്തിൽ ലൈറ്റ് ബോയ് ആയും അസിസ്റ്റന്റുമാരായും ഫീൽഡ് ക്ലിയർചെയ്യാനും ഞങ്ങളൊക്കെത്തന്നെ. അങ്ങിനെ ഒരു കുടുംബമായി ഷൂട്ടിങ് പുരോഗമിച്ചു.

ചെത്തിപ്പൂ ചെമ്പരത്തി പവിഴമല്ലി …

ഇതോടൊപ്പം തന്നെ നിറമാലയുടെ പശ്ചാത്തല സംഗീതവും ആമുഖഗാനവും ഒരു വെബ്സൈറ്റും തയ്യാറായി കഴിഞ്ഞിരുന്നു. ശ്രീ ബി കെ ഹരിനാരായണന്റെ വരികൾക്ക് സണ്ണി പി സോണറ്റ് സംഗീതം നൽകി ബാബുച്ചേട്ടന്റെ മകൾ ശ്രവണ പാടിയ ഒരു മനോഹര ഗാനം, “ചെത്തിപ്പൂ ചെമ്പരത്തി പവിഴമല്ലി” … ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിരുന്നു. ഇതിന്റെ ഷൂട്ടിങ് നടന്നത് കൊടകരയിലെ ഗോവിന്ദാപുരം ക്ഷേത്രത്തിൽ വച്ചായിരുന്നു . ഈ ഗാനത്തിന്റെ സി ഡി പ്രകാശനവും കടുങ്ങല്ലൂരിൽവച്ച് പ്രശസ്ത ഗായിക ചിത്ര അരുൺ ഗായിക മാലിനിക്ക് നൽകി നിർവഹിച്ചു.


വെബ്‌സൈറ്റ് ഉത്ഘാടനത്തിനും ഒരു പ്രത്യേകതയുണ്ടായിരുന്നു . പെരിയാറിന്റെ തീരത്തുള്ള അനിലേട്ടന്റെ വീട്ടിൽ പുഴത്തീരത്തിനോട് ചേർന്നുള്ള സ്ഥലത്തു സംഗീതത്തിന്റെയും നൃത്തത്തിന്റെയും വരയുടെയും അകമ്പടിയിൽ ഒരു ഉത്ഘാടനം. മൂഴിക്കുളം ശാലയിലെ വിവേകിന്റെ ഗാനത്തിന് നൃത്തം വച്ച ഡോ RLV ശാലിനിയും ഒപ്പം സന്ദർഭോചിതമായി ചിത്രം വരച്ചുകൊണ്ട് രാജി പിഷാരസ്യാരും, കാണികളായി ഒട്ടനവധിപേരും. വെബ്സൈറ് ഉത്ഘാടനം ചെയ്തത് മുണ്ടുർ കൃഷ്ണൻകുട്ടിച്ചേട്ടന്റെ സഹോദരിയും അനിലേട്ടന്റെ അമ്മയുമായ പാർവ്വതി പിഷാരസ്യാർ. അതൊരു വേറിട്ട അനുഭവമായിരുന്നു

നിറമാല സമൂഹമാധ്യമങ്ങളിലൂടെ…

നിറമാലയുടെ പ്രചാരണത്തിന് സോഷ്യൽ മീഡിയയുടെ പങ്ക് ചെറുതല്ല. നിറമാലയുടെ വാട്സ്ആപ് ഗ്രൂപ്പിലെ ദിവസേനയുള്ള ലൈവ് പ്രോഗ്രാമുകളും ഫേസ്ബുക്/വെബ്സൈറ്റ് അപ്ഡേഷനുകളും കൂടുതൽ പേരിലേക്ക് നിറമാലയെക്കുറിച്ച് അറിയുവാൻ സഹായിച്ചു.

നിറമാലയുടെ എല്ലാ എഡിറ്റിങ് ജോലികളും മുന്നൊരുക്കങ്ങളും ഇതിനോടകം തയ്യാറായി കഴിഞ്ഞിരുന്നു. മൂന്നുദിവസം മുൻപേതന്നെ ബാബുച്ചേട്ടൻ ആലുവയിലെത്തിച്ചേർന്നു. സ്ക്രിപ്റ്റിംഗ് അന്തിമഘട്ടത്തിലായി. വേദിയൊരുക്കുന്നതിനുള്ള സജ്ജീകരണങ്ങൾ തലേദിവസം തന്നെ തുടങ്ങി. സിനിമാലോകത്ത് പ്രവർത്തിച്ചു പരിചയമുള്ളവർ തന്നെയായിരുന്നു അവരും. എൽഇഡി വാൾ, പാർ ലൈറ്റ്സ്, അത്യാധുനിക ഓഡിയോ മിക്സറുകൾ തുടങ്ങി അന്നേവരെ കാണാത്ത ഡിജിറ്റൽ സംവിധാനങ്ങൾ ആണ് ഒരുക്കുന്നത്.

2016 മെയ് 21..

അങ്ങിനെ എല്ലാവരും കാത്തിരുന്ന ആ ദിവസം വന്നെത്തി. ഏകദേശം 500 പേരെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആയിരത്തിനോടടുത്ത് കാണികൾ വന്നെന്നാണ് കണക്ക്. രാവിലെ 10 മണിക്ക് തന്നെ രജിസ്ട്രേഷനും മറ്റ് നടപടിക്രമങ്ങളും ആരംഭിച്ചു . ഉച്ചക്ക് ഒരു പ്രതിഭാ സംഗമവും പിന്നെ മറ്റു കലാപരിപാടികളും വൈകുന്നേരം പുരസ്കാര ചടങ്ങും കലാപരിപാടികളും എന്നതാണ് സ്ക്രിപ്റ്റ് . ഉത്ഘാടകനായിട്ട് പ്രശസ്ത സംവിധായകൻ ലാൽ ജോസ്, നമ്മുടെ സ്വന്തം സംവിധായകൻ മാധവ് രാംദാസ്, ദിനേശ് പ്രഭാകർ, അരുൺ രാഘവൻ പിന്നെ നമുക്ക് പ്രിയങ്കരനായ രമേഷ് പിഷാരടി, ഗൗതം പിഷാരടി അങ്ങിനെ അതിസമ്പന്നമായ ഒരു വേദിയിൽ ഒട്ടനവധി പ്രഗത്ഭരെ സാക്ഷിനിർത്തിയും നിറമാല അവതരിക്കപ്പെട്ടു..

നിറമാല കഴിഞ്ഞതും ഒരേയൊരു ചോദ്യം മാത്രം അവശേഷിച്ചു. അതിതായിരുന്നു. ഇനി എന്നാണ് നിറമാലയുടെ രണ്ടാം ഭാഗം ഉണ്ടാകുക ? ഈ നാലുവർഷത്തിനിപ്പുറം ഇപ്പോഴും ഒരു മറുപടി പറയുക ബുദ്ധിമുട്ടാണ്. കാരണം ഒരു സ്വപ്നമായിരുന്ന നിറമാലയെ യാഥാർത്ഥ്യമാക്കിയ ബാബു ചേട്ടൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. എത്ര വേഗമാണ് കാലം കടന്നുപോകുന്നത്…

“താങ്കൾ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇല്ല, ഞങ്ങൾ അങ്ങിനെ കരുതുന്നുമില്ല. അതങ്ങിനെ വിചാരിക്കാനാണിഷ്ടം, അതുമതി ”

താങ്കളുടെ പ്രിയപ്പെട്ടവരിൽ ഒരാൾ…

വാൽക്കഷ്ണം…

നിറമാലയ്ക്ക്` മാനസികമായും സാമ്പത്തികമായും പിന്തുണ നൽകിയവർ ഏറെയുണ്ട്. രാജൻ സിതാര ചേട്ടനും കുടുംബവും ഒക്കൽ അനിലേട്ടൻ, ഗോപേട്ടൻ, മുംബൈ മുരളിയേട്ടൻ, മുംബൈ ലക്കിടി ശശിയേട്ടൻ, ഡോ ശാലിനി RLV , ചിത്ര അരുൺ, സന്ധ്യ മുംബൈ, ബിജോയ് ചെന്നൈ, ചൊവ്വര ശാഖ , മറ്റു ശാഖ അംഗങ്ങൾ അങ്ങിനെ എഴുതിയാൽ തീരില്ല. വിട്ടു പോയവർ ക്ഷമിക്കുക.

ഇനി , നിറമാലയ്ക്കു രണ്ടാം ഭാഗമുണ്ടോ എന്ന് ചോദിച്ചവർക്കു ഉത്തരം, ഉണ്ടാവും .. ഉണ്ടാവണം. കാരണം ബാബുവേട്ടൻ ആഗ്രഹിച്ചിരുന്നതും ഇതൊരു തുടർച്ചയാവണം എന്നാണല്ലോ. ഈ കെട്ടകാലമൊന്നു കഴിഞ്ഞോട്ടെ ….

ടീം നിറമാല

One Reply to “ഓർമ്മപ്പൂക്കളുടെ നിറമാല”

  1. മനോജേ ഓർമ്മകൾ കണ്ണുനിറക്കുന്നു മനസും..ബാബുവേട്ടൻ എന്നും മനസ്സിൽ നിറമാലയായിരിക്കും..നിറമാലയും …..

Leave a Reply

Your email address will not be published. Required fields are marked *