ഉണ്ടതോളം ഓണം ഇനിയും ഉണ്ണും എന്നു തോന്നുന്നില്ല.
ഇനിയും ഇത്രയേറെ ഉണ്ണുക എന്നാലും അസാദ്ധ്യം തന്നെ. ഓരോ ഓണത്തിനും നമ്മളിലെ ഊണിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വരുന്നു. കൂടാതെ ഊണ് അത്രയും നല്ലതല്ല എന്ന വൈദ്യോപദേശവും കൂടി ആകുമ്പോൾ എന്തിനു ഇനിയും ഇത്രയേറെ ഓണം എന്നത് ഒരു വലിയ ചോദ്യം തന്നെ.
ഇന്നത്തെ ഓണത്തിന് ഊണ് ആണ് പ്രധാനം. ഇത്രയേറെ ഊണ് കഴിച്ചിരുന്നത് കൊണ്ടാണോ മഹാബലിക്കു ഇത്രയും വലിയ കുടവയർ ഉണ്ടായിരുന്നത് എന്ന മകന്റെ സംശയത്തിന് ഉത്തരം നൽകുവാൻ പറ്റാതെ ചിരിയിൽ ഒതുക്കി ഇത്തവണത്തെ ഓണം ഉണ്ടു.
പിന്നെ കൃത്യമായി ആലോചിച്ചപ്പോൾ എന്തിന് വേണ്ടിയാണു ഈ മഹാബലിയെ ഇത്രയും കോമാളിയാക്കി ചിത്രീകരിച്ചത് എന്നതിന് ഉത്തരം കിട്ടിയില്ല. ഒരു രാജ്യം ഭരിച്ചിരുന്ന ഒരു യോദ്ധാവിന് ഇത്രയും വലിയ കുട വയർ വച്ചു യുദ്ധം ചെയ്യുവാൻ പറ്റുമോ???
പണ്ട് കാലത്തു യുദ്ധം രാജ ധർമ്മം ആയിരുന്നു. അതിനാൽ രാജാക്കന്മാർ അരോഗദൃഢഗാത്രന്മാരായിരുന്നു.
അങ്ങനെയുള്ള ഒരു യുഗത്തിൽ മഹാബലി ചക്രവർത്തി മാത്രം എന്താണ് ഇങ്ങനെ ആയതു എന്നതിന് ഉത്തരമായി ഈ ഭൂമിയിൽ ആക്കാലത്തു പുണ്യശാലിയായ മഹാബലി മാത്രമെ രാജാവായി ഉണ്ടായിരുന്നുള്ളൂവെന്നും അതിനാൽ വെറുതെയിരുന്ന് കുടവയർ വന്നതായിരിക്കാമെന്നു വേണമെങ്കിൽ വിശ്വസിക്കാം. ഉത്തരം നല്കാത്ത ഒരു രൂപവുമായി അങ്ങനെ മാവേലി നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു.
ഇന്ദ്രൻ വധിച്ച ബലിയെന്ന അസുരൻ മൃത സഞ്ജീവനിയാൽ ജീവൻ വീണ്ടെടുക്കുകയും യാഗങ്ങൾ ചെയ്തു മൂന്നു ലോകത്തിന്റെയും അധിപൻ ആയി എന്നും, ഭഗവാന്റെ സുദർശന ചക്രത്തെ പോലും പേടിയില്ലാതെ ഈ ലോകത്തെ ഭരിച്ചു എന്നതാണ് പുരാണം.
അങ്ങനെയുള്ള ഒരു പുരാണത്തിൽ നിന്നും മലയാളികൾ മാത്രം മഹാബലിയുടെ പേരിൽ ഓണം ആഘോഷിക്കുന്നു എന്നതും എങ്ങനെ മലയാളികളിൽ മാത്രം ഒതുങ്ങി എന്നതും ഉത്തരം കിട്ടാതെ മനസ്സിൽ ഉയരുന്ന ചോദ്യം ആണ്.
എണ്ണൂറു കോടിയോളം മനുഷ്യരുള്ള ഈ ഭൂമിയിൽ വെറും മൂന്നു കോടി മലയാളികൾ മാത്രം ആഘോഷിക്കുന്ന ഈ ആഘോഷം ഒരു തരത്തിലും ലോകത്തൊരു തരംഗം സൃഷ്ടിക്കുവാൻ പോകുന്നില്ല എന്നതിനാൽ ഏറെ ചിന്തിച്ചു തല പുണ്ണാക്കേണ്ട കാര്യം ഇല്ല.
തലമുറകൾ പേരിട്ടു ക്രോഡീകരിച്ച ഈ കാലഘട്ടത്തിൽ “എക്സ്” ജനറേഷനിൽ ജനിച്ച അച്ഛന്റെ അന്നു മുതൽ ഇന്നു നമ്മൾ ജീവിക്കുന്ന “ആൽഫ” ജനറേഷൻ വരെയുള്ള ഓർമ്മക്കുറിപ്പുകൾ പങ്കിടുവാൻ ആഗ്രഹിക്കുന്ന മകന്റെ ചോദ്യത്തിന് മറുപടിയായി അതൊന്നും നിനക്കു ഇപ്പോൾ മനസ്സിലാവുകയില്ല എന്നു പറഞ്ഞു ഒഴിയുവാൻ മനസ്സ് അനുവദിച്ചില്ല.
ചില കാര്യങ്ങൾ തലമുറയായി കൈമാറേണ്ടതും അറിഞ്ഞിരിക്കുന്ന ആചാരത്തിന്റെ തത്ത്വം മനസ്സിലാക്കി കൊടുക്കേണ്ടതും മനുഷ്യ ധർമ്മം ആണ്.
ഇല്ലെങ്കിൽ അതു നമ്മൾ നമ്മളോട് തന്നെ ചെയ്യുന്ന ഒരു കടുത്ത അപരാധം തന്നെയാണ്. യുവ തലമുറയുടെ സംശയങ്ങൾ ദുരീകരിച്ചില്ലെങ്കിൽ അതു പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പരിണാമം ചിലപ്പോൾ ചെറുതായിരിക്കുകയില്ല.
സമൂഹത്തിൽ വാദ പ്രദിവാദങ്ങൾ അരങ്ങേറുന്ന കാലഘട്ടത്തിലൂടെ നമ്മൾ കടന്നു പോകുമ്പോൾ കൃത്യമായി ഒരു ഉത്തരം പറയാനാവാതെ നമ്മുടെ പിൻ തലമുറകൾ വഴി തെറ്റി ചിന്ടിച്ചാൽ നമുക്ക് തല കുനിച്ചു ഇരിക്കേണ്ടി വരുമെന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്.
ഇട കലർന്ന ഒരു സംസ്‍കാരത്തിന്റെ സങ്കീർണ്ണത നിറഞ്ഞ ഒരു ആഘോഷമായി ഇന്നത്തെ ഓണത്തെ വിശേഷിപ്പിക്കാം.
വാസ്തവത്തിൽ ഓണം ആഘോഷിക്കുന്നത് എന്തിന് എന്നു ചോദിച്ചാൽ , ഒരു അസുരനും ദാന ശീലനുമായ മഹാബലി ചക്രവർത്തിയെ മഹാവിഷ്ണു അവതരമായ വാമന മൂർത്തി പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയെന്നും
ചവിട്ടി താഴ്ത്തുമ്പോൾ ദയനീയ അവസ്ഥയിൽ വർഷത്തിൽ ഒരിക്കെലെങ്കിലും എന്റെ പ്രജകളെ കാണുവാൻ അനുവാദം തരണം എന്ന അപേക്ഷ കേട്ട് ദൈവത്തിന്റെ ഔദാര്യം എന്ന പോലെ വർഷത്തിൽ ഒരു ദിവസം വന്നു പ്രജകളെ കണ്ടു പോകുവാൻ നൽകിയ വരദാനം.
മനുഷ്യനായ മഹാബലിയെ ദൈവമായ വാമനൻ ചവിട്ടി താഴ്ത്തി. എത്രയോ ക്രൂരത നിറഞ്ഞ വിശ്വാസം. ഭൂരിപക്ഷ മലയാളികളുടെയും മനസ്സിലെ വിശ്വാസം.
കേരളം മഹാബലിക്കു മുമ്പ് ഉണ്ടായിരുന്നുവോ???
പുരാണ പ്രകാരം പരശു രാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെങ്കിൽ വാമന മൂർത്തിക്കു ശേഷമാണ് പരശു രാമൻ അവതരിച്ചത്.
ചെറുപ്പത്തിൽ വടക്കേ പറമ്പിന്റെ മാവിനടിയിൽ കൂനൻ ഉറുമ്പ് കൂട്ടി വച്ചിരിക്കുന്ന കളിമണ്ണ് കൊണ്ടു ഓണത്തപ്പനെ ഉണ്ടാക്കുമ്പോഴും തിരുവോണം നാളിൽ തുമ്പ കൊണ്ടു മൂടി ഓണത്തപ്പനെ അടയും, നേന്ത്രപ്പഴവും വച്ചു നിവേദിക്കുമ്പോഴും അതിന്റെ ഐതിഹ്യത്തിൽ വാമനനു പകരം മാവേലിക്കായിരുന്നു പ്രാധാന്യം.
കാശ്യപമഹർഷിയുടെ വീര്യത്തിൽ അദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു ചിങ്ങ മാസത്തിലെ ശുക്ല ദ്വാദശിയിലേ ആദ്യ പാദത്തിൽ അവതാരം എടുത്ത മഹാവിഷ്ണുവിന്റെ സങ്കൽപ്പം തന്നെയാണ് നമ്മുടെ മുന്നിൽ നമ്മൾ നിവേദ്യം സമർപ്പിക്കുന്ന ഓണത്തപ്പൻ.
മനുഷ്യനിലെ ദർപ്പ ശമനത്തെ (അഹങ്കാരത്തെ ഉന്മൂലനം ചെയ്യുവാൻ ) രൂപം കൊണ്ട വാമന മൂർത്തിക്ക് തന്നെയാണ് ഓണത്തിന്റെ പ്രാധാന്യം നൽകേണ്ടത്.
ബ്രഹ്മചാരി വേഷം പൂണ്ട മഹാവിഷ്ണുവിന്റെ ശരീര തേജസ്സിൽ മുഴുങ്ങിയ പുണ്യ ശാലിയായ മഹാബലി ആഗ്രഹമെന്തു തന്നെയായാലും നൽകാമെന്ന് മൊഴിഞ്ഞതിലെ അഹങ്കാരം നശിപ്പിക്കുക എന്നതായിരുന്നു ഭഗവാന്റെ ഉദ്ദേശം.
തന്റെ സർവേശ്വരത്വം ഉളവാക്കുന്ന മഹാബലിയുടെ വാക്കുകൾക്ക് മറുപടിയായി വെറും മൂന്നു അടി മണ്ണു മാത്രം ചോദിച്ചപ്പോൾ “ലോക നാഥനായ എന്നോട് ഇത്രയും ചെറിയ കാര്യം എന്തിന് ചോദിച്ചുവെന്നതും ഈ ഭൂമി മുഴുവൻ ആവശ്യപ്പെട്ടു കൊള്ളൂ” എന്നു അഹങ്കാരം നിറഞ്ഞ സ്വഭാവത്തോടെ പറയുന്ന മഹാബലിയെ ബ്രഹ്‌മാണ്ടത്തോളം വളർന്നു തിരിച്ചറിവ് നൽകുന്ന തത്ത്വമാണ് ഭഗവാൻ നമുക്ക് മനസിലാക്കി തരുന്നത്.
ലോകം മുഴുവൻ രണ്ടടിയിൽ അളന്നെടുത്ത ശേഷം ഭഗവാൻ തന്റെ മൂന്നാമത്തെ അടി ലോക നാഥനായ മഹാബലിയോട് ചോദിക്കുകയും ഉടനെ ശിരസ്സ് കുനിച്ചു “ഭഗവാനെ അങ്ങയുടെ ത്രികാലടി എന്റെ ശിരസ്സിൽ വച്ചു കൊണ്ടാലും എന്നു പറയുമ്പോൾ അഹങ്കാരത്തിൽ നിന്നും പൂർണ്ണമായും മുക്തനായ മഹാബലിയെ ഭൂമിക്ക് താഴെയുള്ള ഏഴു ലോകങ്ങളിലെ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം ) സുതല ലോകത്തിലേക്കു പറഞ്ഞയക്കുകയും ചെയ്തു എന്നു ഭാഗവതപുരാണം.
സുതലലോകമെന്നാൽ സ്വർഗത്തേക്കാൾ ശ്രേഷ്ഠമാണ്.കൂടാതെ സവർണ്ണി മന്വന്തരത്തിൽ ഇദ്രനാവുന്നത് മഹാബലി ആയിരിക്കുമെന്നും ഒടുവിൽ ഭഗവാനിൽ സായൂജ്യം അടയുമെന്നും ഭഗവാൻ അരുളി ചെയ്തു.
നർമ്മദ നദീ തീരത്തു മഹാബലി ആരംഭിച്ചിരുന്ന യാഗം ശുക്രചാര്യർ മുതലായ ബ്രഹ്മണരെ കൊണ്ടു പൂർത്തീകരിച്ചു വെന്നും വിശ്വാസം.
അതിനാൽ വിശ്വാസം എന്നത് നമ്മുടെ മനസ്സിന് ആഹ്ളാദം നൽകുന്നതായിരിക്കണം. അതിനോടൊപ്പം നമ്മുടെ ബുദ്ധിക്കു അതിനു ഉത്തരവും കിട്ടിയിരിക്കണം.
ആഘോഷം തത്വാധിഷ്ഠിതമായി ആഘോഷിക്കുവാൻ മുതിർന്നാൽ ആഘോഷത്തിനു ചിലപ്പോൾ ഭംഗി ഏറും.
ഈ കഥ കേട്ടു കഴിഞ്ഞ നിർവൃതിയിൽ കൈയിലെ മൊബൈൽ നീട്ടി പിടിച്ചു മകനും എടുത്തു ഒരു സെൽഫി.
ഒരു ഓണ കുടുംബ സെൽഫി.