ഇന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു വിഷുക്കണി ഒരുക്കാനുള്ള തിടുക്കത്തിൽ ആയിരുന്നു ഞാൻ.
അതിനിടയിൽ ഒന്ന് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിച്ചപ്പോൾ ചേട്ടന്റെ മകൾക്ക്, എന്റെ മുത്തിന് കണിക്കൊന്ന കാണിച്ചു കൊടുത്തു. അപ്പോൾ അവൾ ചോദിക്കുകയാണ്, അമ്മായിയെ ആരാണ് കണ്ണ് പൊത്തി കണി കാണിക്കുക എന്ന്. ഒരു നാലു വയസ്സുകാരിയുടെ ഉള്ളിലും കഴിഞ്ഞ വിഷു എന്തൊക്കെയോ സങ്കൽപ്പങ്ങൾ നിലനിർത്തിയിട്ടുണ്ടല്ലോ എന്നോർത്തപ്പോൾ കൗതുകം നിറഞ്ഞ ഒരു കുട്ടിക്കാലം എന്റെ ഓർമ്മയിലേക്ക് ഓടി വരികയായിരുന്നു.
കണി കണ്ടതിനുശേഷം, കൊന്നപ്പൂവും സ്വർണ്ണവും നാണയവും ഉണക്കലരിയും ചേർത്ത് കണ്ണിൽ തൊട്ട് ആ സ്വർണ്ണ പ്രഭയോടെ കണ്ണനെ ഒന്നുകൂടെ നോക്കി തൊഴുത്, ഓരോരുത്തർക്കായി അമ്മാവൻ അത് കൈമാറിത്തരുമ്പോൾ, കൗതുകത്തിനപ്പുറം അന്ന് അറിയില്ലായിരുന്നു അതിൽ ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും നല്ല നാളുകൾ നമ്മളിലേക്ക് പകർന്നു തരികയായിരുന്നു എന്ന്.
അതിനുശേഷം കിട്ടുന്ന കൈനീട്ടം ആയിരുന്നു അന്ന് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചിരുന്നത്. പിന്നെ തലേദിവസം രാത്രിയിലും കണികണ്ടതിനു ശേഷവും എല്ലാവരും ചേർന്ന് കത്തിക്കുന്ന കമ്പിത്തിരികളും മത്താപ്പുകളും പൊട്ടിച്ചിതറുന്ന ഓല പടക്കവും മാലപടക്കവും വട്ടംകറങ്ങി പ്രകാശിക്കുന്ന ചക്രവും ഇന്നും ഓർമകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഏറ്റവും രസം പടക്കം പൊട്ടിക്കാൻ പേടിയാണ് എങ്കിലും ചേട്ടനെ പോലെയും ചേച്ചിമാരെ പോലെയും എനിക്കും പടക്കം പൊട്ടിക്കണം എന്ന ആഗ്രഹം കൊണ്ട് കാട്ടികൂട്ടിയിരുന്ന കോപ്രായങ്ങൾ ആയിരുന്നു. ഈർക്കിലി തുമ്പിൽ ഓലപ്പടക്കം വച്ച് കത്തുന്ന വിളക്കിൻ തിരിയിൽ നിന്ന് കത്തിച്ച് പേടിയോടെ നീട്ടിപ്പിടിച്ച് കണ്ണടച്ചിരുന്നതും പിന്നീട് കയ്യിൽ പിടിച്ച് കത്തിച്ചെറിയാൻ ധൈര്യം നേടിയതും എല്ലാം വിഷുവിന്റെ നല്ല ഓർമ്മകൾ തന്നെ.
ആ കാലത്തിലൂടെ കുറേനേരം സഞ്ചരിച്ചു കൊണ്ടിരുന്നപ്പോഴാണ് ചേച്ചിയുടെ ഫോൺ വന്നത്. ചേച്ചിയുടെ മക്കളോട് സംസാരിക്കുന്നതിനിടയിൽ +2 വിന് പഠിക്കുന്ന മോനോട് നാളെ എപ്പോഴാ കണി കാണുന്നത് എന്ന് ചോദിച്ചപ്പോൾ വളരെ കൗതുകത്തോടെ, ലാഘവത്തോടെ എന്റെ പ്രണവ് കുട്ടൻ പറഞ്ഞ മറുപടി എന്നെ ആദ്യം ചിരിപ്പിച്ചെങ്കിലും ഏറെ നേരം ചിന്തിപ്പിക്കുകയും ചെയ്തു. ഞാൻ എണീക്കുമ്പോൾ കാണാം, കണി എങ്ങോട്ടും പോകാൻ ഒന്നും പോകുന്നില്ലല്ലോ ചിറ്റേ. ഒരു തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും നാലു പതിനേഴും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം നമ്മുടെ കാലഘട്ടത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ തെളിവാണോ?
അച്ഛനും അമ്മയും മക്കളും മാത്രമായ അണുകുടുംബ വ്യവസ്ഥ നമുക്ക് നഷ്ടപ്പെടുത്തിയത് പഴമയുടെ നല്ല നാളുകൾ ആയിരുന്നല്ലോ എന്ന തോന്നൽ വീണ്ടും ആ നല്ല കാലത്തേക്ക്കൊണ്ടു പോകുകയായിരുന്നു. ആഘോഷങ്ങൾക്കപ്പുറം അവധിക്കാലങ്ങൾ രസകരമാക്കാനും ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. മാമ്പഴം ചപ്പികുടിച്ചതും, പഴുത്ത ചക്ക തുണ്ടൻവെട്ടി തരുമ്പോൾ ചുള പറിച്ചു ആസ്വദിച്ചു നുണഞ്ഞിറക്കിയതും, ഉമ്മറത്തളത്തിൽ എല്ലാവരും ഒരുമിച്ച് ചിലവഴിച്ച സായാഹ്നങ്ങളും മാധുര്യമൂറുന്ന നല്ല നിമിഷങ്ങൾ ആയിരുന്നു.
ഇന്ന് ഒരു അവധിക്കാലത്തെ കൂടിച്ചേരലിനായി കാത്തിരുന്നത് വെറുതെയായപ്പോൾ ചാമ്പക്കയും, മാമ്പഴവും, ചക്കവറുത്തതും ഇത്തവണ എങ്ങനെയാ കഴിക്കുക എന്ന പല്ലവിയുടെയും പ്രണവിന്റെയും സങ്കടം അവരുടെ വാക്കുകളിൽ നിഴലിച്ചിരുന്നു. ഒപ്പം അവരുടെ വരവിനായി കാത്തിരുന്ന സാരംഗിയും മുത്തും കൂടെ ഞങ്ങളെല്ലാവരും അടുത്ത അവധിക്കാലത്തിനുള്ള കാത്തിരിപ്പിലാണ്.
ഇനിയുള്ള സമയം അടുത്ത തലമുറയിലേക്ക് ആ പഴയ കാലം നമുക്ക് പകർന്നു കൊടുക്കാം. നാളെകൾ അവർക്ക് നന്മയുടെയും ഐശ്വര്യത്തിന്റെയും പുത്തൻ വിഷുക്കണികളാകട്ടെ!
ഓർമ്മകളിൽ എങ്കിലും നിലനിൽക്കുന്ന തിരിച്ചു കിട്ടാത്ത ആ ബാല്യസ്മരണയിലൂടെ നമുക്കും മുന്നേറാം.
ബാല്യത്തിലെ വിഷുക്കണി നന്നായിട്ടുണ്ട്.