പതിവുപോലെ അന്നും കിഴക്ക് പൂമുഖത്ത് പ്രഭാതസന്ധ്യയെ നുകർന്നും പുണർന്നും,കണ്ടും കേട്ടും ചാരുകസേരയിൽ ചാഞ്ഞിരിക്കുമ്പോൾ … …., കോലായിൽ തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയിലെ ചെടിക്കൊരിളക്കം.
അനങ്ങാതെ, ഒച്ചയുണ്ടാക്കാതിരുന്നു നോക്കി. ഒരു കിളി അതിനുള്ളിലെന്തോ ധൃതി പിടിക്കുന്നു. അതാ …. അത് പാറിപ്പോയി !
പതുക്കെ ചട്ടിയിലേക്കെത്തിച്ചു നോക്കി. അപ്പോൾ അതാണല്ലേ കാര്യം! ചെടിയ്ക്കിടയിൽ വൃത്താകൃതിയിൽ ഒരു കൂട് നിർമിക്കുന്നു. മിണ്ടാപ്രാണികൾ പോലും സൂര്യോദയത്തോടൊപ്പം കർമ്മനിരതരാകുന്നു. കൊക്കിലൊതുങ്ങാവുന്നത്ര നാരുകളും മറ്റുമായി അത് വീണ്ടും വന്നു ചേർന്നു. കൊണ്ടു വന്നതെല്ലാം വൃത്തത്തിൽ പിണച്ചു ചേർത്തു വച്ച് പാറി അകന്നു.
അകത്ത് വന്ന് സ്വയമാരാഞ്ഞു. ‘ ആ കിളിക്കെന്തേ ഈ ഇടം തന്നെ കൂടുവക്കാനായി കണ്ടെത്താൻ തോന്നിയതെന്ന് ? ‘ കർക്കിടകം പിറന്നേയുള്ളൂ…. രാമായണക്കിളി എന്തൊക്കെയോ ഓർമ്മപ്പെടുത്തിയതാകുമോ ?
‘ സകല ശുകകുല വിമല തിലകിത കളേബരേ !
സാരസ്യ പീയൂഷ സാര സർവ്വസ്വമേ !
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുത്സ്ഥ ലീലകൾ കേട്ടാൽ മതിവരാ . ‘
ജി.. അതെ….. , അന്നേ ദിവസം ക്ഷേത്ര സന്നിധിയിൽ രാമായണ പ്രഭാഷണം അരങ്ങേറാനുണ്ട്. മഹാമുനി വാൽമീകിയും തുഞ്ചത്താചാര്യനുമൊക്കെ മനസ്സിൽ തെളിഞ്ഞു…..
“കൂജന്തം രാമ രാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാ ശാഖാം
വന്ദേ വാൽമീകി കോകിലം “
“കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിക്കിനി എന്തു വേണം “
സന്ധ്യാ സ്നാനവും ജപവും കഴിഞ്ഞ് ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. അമ്പരപ്പിക്കുമാറുള്ള കൂട്ടമൊന്നുമില്ലെങ്കിലും ഉട്ടുപുരയെ ധന്യമാക്കുന്നൊരു സദസ്സ്. കലിയുഗവരദനെ ധ്യാനിച്ച് –
“വന്ദേ ശക്തിധരം ദേവം
ശിവശക്തി സമുദ്ഭവം
സമസ്തരിപു ശാസ്താരം
ശാസ്താരം ച നമാമ്യഹം” –
ഏവരേയും പ്രദോഷസന്ധ്യാവന്ദനമറിയിച്ചു. ഒന്ന് – രാജ്യമുപേക്ഷിച്ചുള്ള ത്യാഗമാണെങ്കിൽ, രണ്ട് – രാജ്യമപേക്ഷിച്ചുള്ള ത്യാഗമാണ്. ഭാരതീയ സംസ്കാരത്തിന് കെട്ടുറപ്പു നൽകുന്ന രാമായണവും മഹാഭാരതവും. കർക്കിടവും രാമായണവും പാരായണവുമെല്ലാം വിഷയങ്ങളാക്കി ഭക്തജനങ്ങളുമായി സംവദിച്ചു. കടയുമ്പോഴും കുടയുമ്പോഴും ചികയുമ്പോഴും തോരാതെ മുത്തുകൾ പൊഴിക്കുന്ന പുരാണേതിഹാസ സാഗരങ്ങൾ. ……. ശാസ്താവിന് ശീവേലി എഴുന്നള്ളേണ്ടതിനാൽ അധികനേരം ആറാടേതെയും ആടിക്കാതേയും വിരാമമിട്ടു. നന്ദിയും പ്രസാദവും ആവോളം സ്വീകരിച്ച് ആനന്ദലബ്ധിയോടെ തിരിച്ചു.
അകന്ന് നിന്ന് നോക്കി. കൂനിക്കൂടി കൂട്ടിൽ നിന്ന് ചാഞ്ഞും ചെരിഞ്ഞും ഉറ്റുനോക്കി, കിളി ചോദിയ്ക്കുന്ന പോലെ ! ‘എങ്ങനണ്ടാർന്നു ? എന്നെയോർത്തോ? നിർത്തണ്ട, തുടർന്നോളൂ……… ഇവിടം മുഴുവൻ ഭക്തി സാന്ദ്രമാക്കണം. ഞാനുണ്ട് കൂട്ടിന്’. കിളിമകളുടെ നിർദ്ദേശം വണങ്ങി വരിച്ചു. ഗീതോപദേശം തെളിഞ്ഞ് വന്നു.
“ക്ലൈബ്യം മാസ്മ ഗമ: പാർത്ഥ !
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയ ദൗർബല്യം
ത്യക്തോത്തിഷ്ഠ പരന്തപ ”
രാത്രി വളരെ വൈകി പൂമുഖവാതിലടച്ചു ഭദ്രമാക്കുമ്പോൾ എവിടെ നിന്നോ- എന്തോ ഒരു ധൈര്യം കൈവന്ന പോലെ ! സുഷുപ്തിയെ സുഖപ്രദമാക്കുവാൻ – ഐക്യത്തോടെ, ഐശ്വര്യത്തോടെ, രാമലക്ഷ്മണൻമാരുo കൃഷ്ണാർജുനൻമാരും കിളികളും വാൽമീകി മഹാമുനിയും തുഞ്ചത്താചാര്യനും ഭാരതാംബയുമെല്ലാം – സ്വപ്നലോകത്ത് കൂട്ടിനുണ്ടായി.
പുലർന്നപ്പോൾ പാതി തുറന്ന വാതിലിലൂടെ പതിയെ പൂമുഖത്തെത്തി. ചട്ടിക്ക് ചലനമൊന്നുമില്ല. മനസ്സൊന്നിടറി! നിവർന്നെത്തിച്ചു നോക്കി. ഇതിനായിരുന്നോ !! ഇത്ര ധൃതിയിൽ കൂടുവച്ചൊരുക്കം. മനോഹരമായ രണ്ടു മുടുകകൾ! അതവളാണ് – അവനല്ല. അപ്പോൾ കാര്യമായാണ്. കുറച്ചു നാൾ കൂട്ടിനുണ്ടാകുമല്ലോ! നന്നായി. ഇടയ്ക്കിടെ സല്ലപിക്കാമല്ലോ. മനസ്സിലെ മാലിന്യങ്ങളെ അടിച്ചുവാരിക്കളഞ്ഞ് മാറാല കെട്ടാതെ മനനം ചെയ്യാനൊരു കൂട്ട്. തൃപ്തിയായി. പുറത്തേക്ക് പോക്ക് വിരളം. അവൾക്കിനി നന്നായി ഉണ്ടും ഊട്ടിയും കഴിയണം.
ചട്ടിയിലെ ചെടിയുടെ കാര്യം ദയനീയം ! എങ്ങിനെ നീര് നൽകും? എന്തെങ്കിലും കേടുപാടുകൾ വരുത്തലാകില്ലേ? ‘തനിയ്ക്കാവുന്ന പോലെ’ എന്ന് സ്വയം മന്ത്രിച്ച് ചെടി – വാടാതെ, തളരാതെ, വരൾച്ചയിലും – ചിരിതൂകി ഞാന്നു കിടന്നു. മിണ്ടാ ജീവനുകളെങ്കിലും അന്യോന്യം നിസ്വാർത്ഥമായ സ്നേഹ സഹകരണങ്ങൾ വച്ചു പുലർത്തുന്നവർ! പ്രകൃതിയിൽ നിന്നൊരു പാട് പാഠങ്ങൾ അറിവിലേക്കുണ്ടെന്ന് ഉറപ്പ്. ഉണ്ടില്ലെങ്കിലും ഊട്ടാനുള്ളൊരു മിടുക്ക്. വിചിത്രം തന്നെ!
“പരോപകാരായ ഫലന്തി വൃക്ഷാ:
പരോപകാരായ വഹന്തി നദ്യ:
പരോപകാരായ ദുഹന്തി ഗാവ:
പരോപകാരാർത്ഥമിദം ശരീരം”
വ്യക്തമായി മനസ്സിലിതു തെളിഞ്ഞാൽ പുണ്യം അളവറ്റതാകാം. പ്രകൃതി വിഭവങ്ങളെല്ലാം തന്നെ അന്യർക്ക് ഗുണപ്രദം. ശത്രുവിന് ആതിഥ്യമരുളുന്ന മൗനിയായ പാദപത്തെ നോക്കൂ…..
“ശത്രാവപ്യുചിതം കാര്യം
ആതിഥ്യം ഗൃഹമാഗതേ
ഛേത്തു: പാർശ്വഗതാം ഛായാം
നോപസംഹരതേ ദ്രുമ: “
നമ്രശിരസ്കരായി, വിനയാന്വിതരായി, സ്നേഹപ്രണാമങ്ങളോടെ പ്രകൃതിമാതാവിനെ അറിയാനുള്ള അനേകം സന്ദർഭങ്ങൾ മഹദ് ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിയ്ക്കുന്നതായി കാണാം. തന്റെ കാര്യനിർവ്വഹണത്തിൽ പിഴ പറ്റുകയാൽ സ്വാമിയുടെ ശാപം മൂലം ഒരു യക്ഷന് രാമഗിരിയിലെ ആശ്രമ സ്ഥാനങ്ങളിൽ ഏകാകിയായി, പ്രിയാവിരഹിതനായി പാർക്കേണ്ടി വന്നു. ദു:ഖിതയായ തന്റെ പ്രിയതമയ്ക്ക് മേഘം മുഖേന കുശല വൃത്താന്തം എത്തിക്കാനായി യക്ഷൻ മേഘത്തെ സ്വാഗതം ചെയ്യുന്നത് മഹാകവി കാളിദാസൻ ‘മേഘസന്ദേശ’ ത്തിലിങ്ങിനെ വർണിക്കുന്നു.
“പ്രത്യാസന്നേ നഭസി ദയിതാജീവിതാലംബനാർത്ഥീ
ജീമൂതേന സ്വകുശലമയീം ഹാരയിഷ്യൻ പ്രവൃത്തീം
സ പ്രത്യഗ്രൈ: കുടജകുസുമൈ: കൽപിതാർഘായ തസ്മൈ
പ്രീത: പ്രീതിപ്രമുഖ വചനം സ്വാഗതം വ്യാജഹാര . “
മഹാകവി ജി.ശങ്കരക്കുറുപ്പ് ‘ മേഘഛായ’ എന്ന തന്റെ മേഘസന്ദേശ തർജമയിൽ മേലുദ്ധരിച്ച ശ്ലോകം മനോഹരമായി ഇപ്രകാരം തർജമ പ്പെടുത്തുന്നു.
“ആമന്ദം ചിങ്ങമല്ലോ വരുവതുയിർവിടാ-
തോമലാൾ മേവിടാൻ സ്വ-
ക്ഷേമത്തിൻ വാർത്തയെത്തിപ്പതിനതിനെയയ-
യ്ക്കേണമെന്നാശയാലേ
ശ്യാമസ്നിഗ്ധന്നു പാലപ്പുതുമതുമലരാ –
ലർഘ്യമർപ്പിച്ചു, ‘ നന്നായ്
ശ്രീമൻ ! നീ വന്ന’തെന്നും പ്രണയ മസൃണവാ-
ക്കോതിനാൻ പ്രീതനായി. ”
പ്രകൃതി വിഭവങ്ങളോട് മഹാൻമാർ പ്രകടമാക്കുന്ന വികാരവിചാരങ്ങൾ അനിർവചനീയം ! പ്രഭാതങ്ങളും പ്രദോഷങ്ങളും തിരിഞ്ഞ് മറിഞ്ഞ് കുറേ ദിനങ്ങൾ അകന്ന് പോയി. ഇടയ്ക്കിടെ കൂടുവിട്ട് പറന്നകന്ന് ദ്രുതഗതിയിൽ തിരിച്ചെത്തുന്ന കിളിമകൾ……. അല്ല….. അമ്മക്കിളി. സൂക്ഷിച്ചു നിരീക്ഷിച്ചപ്പോളതാ……… കൂട്ടിൽ മേലോട്ടു നോക്കി വാ പൊളിച്ചിരിക്കുന്ന രണ്ട് കുഞ്ഞു കിളികൾ ! മക്കളെ മതിവരുവോളം കാണാനിതാ അച്ഛനും അമ്മയോടൊപ്പം വന്നു പോകുന്നു. ആ ചെറു ചട്ടിക്കൂടിൽ അവർ ചേർന്ന് നടത്തുന്ന സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ കുശുമ്പും കുനുട്ടും അസൂയയുമൊക്കെ തേന്നാതിരുന്നില്ല. കാലചക്രം വിരാമമില്ലാതെ വിരണ്ടോടുന്നു…….. സ്നേഹവാത്സല്യ പ്രണയത്തിന് തടസ്സമൊരുക്കുന്നവരെ ഉപദ്രവിക്കാനും അവർ മറന്നില്ല . അതെല്ലാം സ്വാഭാവികം . അധികമകറ്റാതെ കൂട് മറ്റൊരു കൊളുത്തിലേക്കു മാറ്റിയിട്ടു . അവിടെയും – മക്കളുമൊത്ത് ലീലകൾ – തുടർന്നു .
ഒരു മധ്യാഹ്നത്തിൽ – അകലെ ചില്ലകളിലിരുന്ന മാതാപിതാക്കളുടെ വിളിയ്ക്കനുസരിച്ചെന്നോണം – ആ കുഞ്ഞു കിളികൾ കൂടുവിട്ട് വിഹായസ്സിലേക്ക് കുതിച്ച കാഴ്ച ചേതോഹരം ! അവിസ്മരണീയം ! വീണ്ടുമവർ കുടുംബ സമേതം സന്ധ്യക്കെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്ത് !
അൽപം ദാഹജലം വേണോ? ‘തന്നോളൂ – ഇനിയുമെനിയ്ക്ക് കൂട്ടിനും കൂടിനും ഇടം നൽകണ്ടേ ? ഇനിയാരാണാവോ ? ആരായാലും, എന്നെക്കൊണ്ടാവുന്നത് ഞാനും‘……….. ചട്ടിയിലെ ചെടി മനസ്സ് തുറന്നു. ഇനിയും ധാരാളം സ്നേഹം തുളുമ്പുന്ന പ്രണയക്കൂടുകൾ തീർക്കാനായ് ആരെങ്കിലും പുറപ്പെടാതിരിക്കുമോ ?
കുറേയേറെ ചെടികൾ നിറച്ച ചട്ടികളുമായി , പൂമുഖവും ചാരുകസേരയും കാത്തിരിയ്ക്കുന്നു ……..
കൊള്ളാം