ബാബുവേട്ടൻ എന്ന വ്യക്തിയെ നമുക്കെല്ലാവർക്കും അറിയാം ഓരോരുത്തർക്കും പല പല ഓർമ്മകൾ ഉണ്ടാകും. അതുകൊണ്ടു തന്നെ ഞാൻ അദ്ദേഹത്തിലെ കലാകാരനെ ആണ് ഈ അവസരത്തിൽ ഓർക്കുന്നത് .
സമാജത്തിൻറെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കിടയിലാണ് ഞങ്ങൾ പരിചയപ്പെടുന്നതും കൂടുതൽ അടുക്കുന്നതും . പിന്നീട് പലപ്പോഴും ഫോണിൽ സംസാരിക്കും. കലയല്ലാതെ മറ്റൊന്നും വിഷയമാകാറില്ല, ആയിട്ടുണ്ടെങ്കിൽ അത് എന്റെ കല്യാണമാണ്.
“കലാകാരന് പെണ്ണ് കിട്ടാൻ പാടാണ്. ഒരു പാട് ആലോചനകൾ വന്നിട്ട് അവർ എന്നെ വേണ്ട എന്ന് വച്ചിട്ടുണ്ട്.” ഒരിക്കൽ ബാബുവേട്ടൻ എന്നോട് പറഞ്ഞു.
“സിനിമാക്കാരനായത് കൊണ്ട് ആലോചന വന്ന ശേഷം ആണല്ലോ വേണ്ടാ എന്ന് പറയുന്നത്; എനിക്ക് ആലോചനകൾ വരാറേ ഇല്ല”..
എന്റെ മറുപടി കേട്ട് ബാബുവേട്ടൻ ഒന്ന് ചിരിച്ചു പെട്ടന്ന് തന്നെ ചിരി നിർത്തി. ആ തമാശക്കുള്ളിൽ നിന്നും എന്തോ ചികഞ്ഞെടുത്ത് എന്റെ തോളത്തു തട്ടി. തുളസീദളത്തിൽ പരസ്യം കൊടുത്തിട്ടു ഒരു ആലോചന പോലും വരാത്തതിന്റെ റെക്കോർഡ് എപ്പൊഴും ഞങൾ തമ്മിൽ പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു.
സ്റ്റേജ് പരിപാടികളും ടെലിവിഷൻ ഷോകളും എല്ലാം കാണുകയും വ്യക്തമായ അഭിപ്രയം പറയുകയും ചെയ്യുന്ന ആളായിരുന്നു ബാബുവേട്ടൻ. ഒരു വർഷം നൂറിൽ അധികം സിനിമയിറങ്ങുന്ന ഇൻഡസ്ട്രിയിൽ ബാബുവേട്ടനെ പോലെ ഒരാൾ ഇത്രയും വലിയ ഇടവേള എടുക്കേണ്ട ആവശ്യകത സാങ്കേതികമായി ഇല്ലായിരുന്നു. എത്ര വൈകിയാലും ചെയുമ്പോൾ ഒരു നല്ല സിനിമ വേണം ചെയ്യുവാൻ എന്ന നിർബന്ധം. വ്യത്യസ്തമായ തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരുപ്പ്. അതിനിടയിലും വലുതും ചെറുതുമായ പല സിനിമകളുടെയും പിന്നിലെ അദൃശ്യ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
എൻറെ ആദ്യ സിനിമയായ പഞ്ചവർണതത്തയുടെ തിരകഥ തൃശൂർ ഔഷധി ആയുർവേദ ആശുപത്രിയിൽ ഇരുന്നാണ് ഞാൻ എഴുതിയത്. ഞാൻ ഔഷധിയിലുണ്ടെന്നറിഞ്ഞു ബാബുവേട്ടൻ ഓടിയെത്തി. എന്റെ സുഖ വിവരം തിരക്കാൻ.
എന്തെങ്കിലും അസുഖം ഉള്ളതുകൊണ്ടല്ലെന്നും ഗവർമെന്റ് സ്ഥാപനം ആയതുകൊണ്ട് മുറിക്കു വാടക കുറവാണ് തിരുമ്മും നടക്കും. എറണാകുളത്തു ഏതു ഹോട്ടലിൽ മുറിയെടുത്താലും വലിയ വാടക കൊടുക്കേണ്ടിവരും, തിരുമ്മലൊട്ടില്ലതാനും. എന്റെ ഈ ഐഡിയ കേട്ട് ബാബുവേട്ടൻ മുറിയിലിരുന്ന് ഒരുപാട് ചിരിച്ചു. ഞാൻ തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചു. അദ്ദേഹം പല നിർദ്ദേശങ്ങളും തന്നു. ജയറാമേട്ടനെയും മമ്മുക്കയെയും ഒക്കെ വച്ച് സിനിമ ചെയ്ത ആളെന്ന നിലയിൽ അനുഭവങ്ങൾ എനിക്ക് പറഞ്ഞു തന്നു .
രണ്ടാം വരവിൽ അദ്ദേഹം ചെയ്ത “നൂറ വിത്ത് ലവ്” മികച്ച തിരക്കഥയുള്ള വിജയസാദ്ധ്യത ഉള്ള ഒരു ചിത്രം തന്നെ ആയിരുന്നു. അതിന്റെ ഷൂട്ടിങ്ങിനിടയിലാണ് ആദ്യമായി വയ്യായ്മ വരുന്നത്. എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ ഞാൻ പോയി കണ്ടു. തനിക്കു അസുഖം വന്നതിനേക്കാൾ ഒരു നിർമാതാവിന് സിനിമ ഇടയിൽ വച്ച് നിർത്തിവെക്കേണ്ടി വന്നതിലുള്ള വിഷമം ആയിരുന്നു കൂടുതലും. ആ സിനിമ ബാബുവേട്ടൻ ഉദ്ദേശിച്ചത് പോലെയൊന്നും ചെയ്തു തീർക്കാൻ അസുഖം അദ്ദേഹത്തെ സമ്മതിച്ചില്ല.
മരണത്തിനു ഒരാഴ്ചമുമ്പ് ആശുപത്രിയിൽ ഞാൻ ബാബുവേട്ടനെ കാണാൻ പോയി. തിരിച്ചറിഞ്ഞു, കാര്യമായി ഒന്നും സംസാരിച്ചില്ല. എന്റെ സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഞാൻ അവിടെയെത്തിയത്. അദ്ദേഹം നമ്മെ വിട്ടു പോയ ദിവസം ഞാൻ വൈകിയാണ് എത്തിയത്. ഷൂട്ടിങ്ങിന്റെ തിരക്ക് മൂലമാണ് വൈകിയത് എന്ന് ഞാൻ പിന്നീട്ട് ജ്യോതിചേച്ചിയോടു പറഞ്ഞു. “അതെനിക്കറിയാല്ലോ” എന്നാണ് ജ്യോതിച്ചേച്ചി മറുപടി പറഞ്ഞത്. കലയ്ക്ക് വ്യക്തിപരമായ കാര്യങ്ങളേക്കാൾ പ്രാധാന്യം കൊടുക്കണം എന്ന ബാബുവേട്ടന്റെ ഫിലോസഫിയോടു ജ്യോതിച്ചേച്ചി എന്നേ പൊരുത്തപെട്ടതാണ്.
ചിലർ പറയാറുണ്ട് ഒരു മനുഷ്യന്റെ കലാസൃഷ്ടികളിൽ അയാളുടെ വ്യക്തിത്വം ചിലപ്പോഴെല്ലാം നിഴലിക്കും എന്ന്. അങ്ങനെ നോക്കുമ്പോൾ ബാബുവേട്ടൻ ചെയ്തതെല്ലാം നർമത്തിൽ പൊതിഞ്ഞ കുടുംബ ചിത്രങ്ങൾ ആണ്. ഒരു വലിയ രക്തച്ചൊരിച്ചിലോ, നന്മയില്ലാത്ത ഒരു കൊടും വില്ലനെയോ ഒന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഞാൻ കണ്ടിട്ടില്ല.
വില്ലന്മാർ കരുണയില്ലാതെ കടന്നു വരുന്നവരാണ്. ബാബുവേട്ടന്റെ ജീവിതത്തിൽ അത് രോഗമായി എത്തി. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയിൽ എനിക്കൊരു ക്രിസ്ത്യൻ പാസ്റ്ററുടെ വേഷം ഉണ്ടായിരുന്നു. എന്റെ കഥാപാത്രം കഥാന്ത്യത്തിൽ മരിക്കും. ലൊക്കേഷനിൽ വച്ച് ഒരിക്കൽ ബാബുവേട്ടൻ ചോദിച്ചു. “നിന്നെ കൊല്ലാൻ എനിക്ക് മനസ് വരുന്നില്ല. സിനിമയിലാണെങ്കിലും മരിക്കാൻ നിനക്കു പേടിയുണ്ടോ ?
ഞാൻ പറഞ്ഞു, “എല്ലാവരുടെയും ജീവിതത്തിൽ ഉറപ്പുള്ള ഒരേ ഒരു കാര്യമാണത്, അതൊരു സത്യമാണ് അത് ഉൾക്കൊള്ളുക.
അത്രമാത്രം.