ഒരു കടലാസു തുണ്ടിൽ അലക്ഷ്യമായി കുറിക്കുന്ന അക്ഷരങ്ങൾ ചേർന്ന് വാക്കുകളായി വിരിയുന്ന ഓർമ്മപ്പൂക്കൾ, അവ കൊണ്ട് കൊരുത്തോരു നിറമാല. പ്രിയപ്പെട്ട ബാബുവേട്ടന്.
ബാബുവേട്ടൻ എനിക്ക് ഗുരുതുല്യനാണ്. ജീവിതയാത്രയിൽ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്ത അനേകരിൽ നിന്നും തികച്ചും വ്യത്യസ്തൻ. അതു കൊണ്ടു തന്നെ ഏറ്റവും പ്രിയങ്കരനും.
സമാജത്തിന്റെ ഇന്നേ വരെ നടന്ന പരിപാടികളിൽ ഏറ്റവും പ്രൗഢ ഗംഭീരമായി നടന്ന നിറമാലയിൽ ഭാഗഭാക്കാവാനും അതിലെ എന്റെ പ്രകടനത്തിനും ബാബുവേട്ടൻ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.
ഞാനിന്നേവരെ കണ്ടുമുട്ടിയവരിൽ എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ ആ സവിശേഷ വ്യക്തിത്വം, ബാബുവേട്ടൻ, നമ്മുടെയിടയിലില്ല എന്ന തോന്നൽ ഇനിയും എന്റെ മനസ്സിലേക്ക് കടന്നു വന്നിട്ടില്ല.
ഈയിടെ ബാബുവേട്ടന്റെ വീട്ടിലേക്ക് ഞാനെത്തിയപ്പോൾ അവിടെ നിറഞ്ഞു നിന്ന ചിത്രങ്ങളോരോന്നും എന്നോട് പുഞ്ചിരിച്ചു, സംസാരിച്ചു. “മോളേ”.. എന്ന് സ്നേഹത്തോടെ വിളിച്ചു..
സന്തോഷം നിറഞ്ഞ ആ ഭാവത്തിന് ഒരു മാറ്റവുമില്ല. ബാബുവേട്ടനും ചേച്ചിയും ആ വിളിയിലൂടെയും നിറഞ്ഞ ചിരിയിലൂടെയും നമുക്ക് തരുന്നൊരു പോസിറ്റീവ് എനർജി. അത് പലവട്ടം അനുഭവിച്ചറിഞ്ഞു..
വസന്തത്തെ വരവേൽക്കാനായി മരങ്ങൾ പഴയ ഇലകൾ പൊഴിക്കുന്നതു പോലെ ജീവിതത്തിലെ ഓരോ സന്നിദ്ധഘട്ടത്തെയും അതിജീവിച്ച ബാബുവേട്ടന്റെ മനോധൈര്യവും ശക്തിയും നമുക്കൊക്കെ ഒരു പാഠമാണ്.
പൂക്കാൻ ആകാശവും, കൊഴിഞ്ഞു വീഴാൻ ഭൂമിയുമുള്ളിടത്തോളം കാലം എന്നും ഒരു നൊമ്പരമായി നീറ്റുനോവായി, മായാത്ത ഓർമ്മയായി, ചിരിച്ചു കൊണ്ട് ബാബുവേട്ടൻ നമ്മുടെ മനസ്സിലുണ്ടാവും.
ബാബുവേട്ടന് പകരം ബാബുവേട്ടൻ മാത്രം.
കൊഴിയാൻ വിധിക്കപ്പെട്ട ഇലകളാണ് നമ്മളെല്ലാം. ഒരു പുനഃർജനിയിൽ ഒരേ മരത്തിലെ ഇലകളായി അന്യോന്യം സ്നേഹം പൊഴിച്ചു നിൽക്കുന്ന ഇലകളായി വീണ്ടും കണ്ടുമുട്ടുമെന്ന വിശ്വാസത്തോടെ, ഇത് ബാബുവേട്ടന് സമർപ്പിക്കുന്നു.
Nice rendering