അച്ഛന്റെയും മുത്തശ്ശി(അച്ഛമ്മ) യുടേയും സമാഗമത്തിന് സാക്ഷിയായ അനുഭൂതിയാണ് ഇന്നത്തെ ഏറ്റവും വിലമതിക്കുന്ന ഓർമ്മ.
24 ദിവസങ്ങൾക്ക് ശേഷം അവർ നേരിൽ കാണുകയാണ്. അച്ഛനും മുത്തശ്ശിയും തമ്മിലുള്ള സംഭാഷണങ്ങളിൽ നിന്നും വീഴുന്ന പഴയ ഓർമകളും, അനുഭവങ്ങളും കേട്ടിരിക്കാൻ എന്ത് രസമാണെന്നോ? അച്ഛന്റെ എഴുത്തും, മുത്തശ്ശിയുടെ വർണ്ണനയും ഒരു പോലെ തോന്നും.
നേപ്പാൾ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അമ്മയും അച്ഛനും 14ദിവസങ്ങളോളം ക്വാറന്റെയ്ൻ (Quarantine) പാലിച്ചു വീട്ടിൽ തന്നെ സ്വസ്ഥമായി കഴിയുകയായിരുന്നു.
തങ്ങൾ കാരണം മറ്റാർക്കും ബുദ്ധിമുട്ടുണ്ടാവരുത് എന്ന് ഉറച്ച നിഷ്ഠക്കാരായതു കൊണ്ട്.. എനിക്ക് സ്വന്തം വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.
തൊട്ടടുത്തുള്ള തറവാട്ടു വീട്ടിൽ താമസിക്കുന്ന ചെറിയച്ഛൻ പ്രദീപ് മാമനും സുമമ്മായിയും എന്നെ ഏറ്റുവാങ്ങി. ആ വീട്ടിൽ പതിനാലു ദിവസങ്ങൾ ഞാനും, ചെറിയച്ഛന്റെ മക്കൾ നിരഞ്ജനും, നിവേദുമായി കഴിഞ്ഞുകൂടി.
കൊറോണ കാലത്തെ ഭീതി ഓരോ നിമിഷവും വർധിച്ചു കൊണ്ടിരുന്നു. ക്രൈംബ്രാഞ്ചിൽ S.I ആയ പ്രദീപ് മാമന് എന്നും ഡ്യൂട്ടിക്ക് പോകണം.
“പോലീസുകാർക്കെന്ത് Stay Home??..” എന്നും പറഞ്ഞു പോയ പ്രദീപ് മാമന്റെ തിരിച്ചു വരവ് അക്ഷമയോടെ കാത്ത് മുത്തശ്ശി ഇരിക്കും.
ജാഗ്രതയ്ക്കുള്ള നിർദേശങ്ങളും, പലപ്പോഴും കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരുടെ ക്ലേശങ്ങളും മകൻ മുത്തശ്ശിയുമായി പങ്കു വെക്കും. ഏത് പ്രതിസന്ധിയിലും ഭയപ്പെടാതെ ഞങ്ങൾക്കെല്ലാം പ്രചോദനവും, സാന്ത്വനവും നൽകിയ മുത്തശ്ശി അദ്ഭുതമാണ്.
നല്ല നെയ് റോസ്റ്റും ഉള്ളി ചട്ട്ണിയും, സാമ്പാറും കൂട്ടി മുത്തശ്ശിയുടെയും സുമമ്മായിയുടെയും കൈപ്പുണ്യവും പൊടിക്കൈകളുമെല്ലാമായി സ്വപ്നം പോലെ 14 ദിവസങ്ങൾ നീങ്ങി.
നേപ്പാൾ പോയി വന്ന ഒരു കൂട്ടം കഥകളും നേരിട്ട് മുത്തശ്ശിയോട് പറയാൻ വിതുമ്പുന്ന എന്റെ അച്ഛന്റെ കുഞ്ഞു മനസ്സും ഞാൻ മനസ്സി ലാക്കിയിരുന്നു .
10 ദിവസത്തെ നേപ്പാൾ ടൂറും, 14 ദിവസത്തെ ക്വറന്റെയ്ൻ പിരിയഡും കൂടിയായപ്പോൾ 24 ദിവസങ്ങളോളം മകനെ കാണാതെ..ഇന്നത്തെ ഒരു ദിവസത്തിനായി കാത്തിരുന്ന മുത്തശ്ശിയും, മകനോട് പറയാൻ വെമ്പി നിന്ന എത്രയോ കഥകളും..
വീട്ടിലെ ആവശ്യത്തിനുള്ള സാധങ്ങളെല്ലാം അമ്മ കൃത്യമായി Whatsapp- ലൂടെ അയക്കുന്ന ലിസ്റ്റും അതിൽ അമ്പലത്തിലേക്കുള്ള അരിയും, വിളക്കിനായുള്ള എണ്ണയും, അമ്മ കൃത്യമായി യാതൊരു മുടക്കവും കൂടാതെ ഏൽപ്പിച്ചു. ഒരു Alarm പോലെ എപ്പോഴും എന്നെ വിളിച്ചു ഓർമിപ്പിക്കുകയും ചെയ്തു.
അച്ഛൻ എഴുതികൊണ്ടിരിക്കുന്ന നോവൽ രൂപേണയുള്ള “വിളയിൽ” നാടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഉൾകൊള്ളിക്കുവാൻ കഴിയുന്ന കഥകൾ മുത്തശ്ശിയുടെ ഓർമകളിൽ ഭദ്രമായിരുന്നു.
ഇന്ന് 14 ദിവസങ്ങൾക്കു ശേഷം വീണ്ടും അച്ഛന്റെയും മുത്തശ്ശിയുടെയും സമാഗമത്തിൽ.. ഗതകാല സ്മരണകളും, നേപ്പാൾ വിശേഷങ്ങളും, നാട്ടിൻപുറത്തെ കഥകളും എല്ലാം ഒരു സിനിമ പോലെ എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു.
വീട്ടിൽ ചെന്നപ്പോൾ അമ്മയെന്നെ കെട്ടി പിടിച്ചു കൊണ്ട് വരവേറ്റു.. ഇനിയുള്ള 18 ദിവസങ്ങളും ജാഗ്രതയോടെ ഇരിക്കാം പ്രാർത്ഥനയോടെ..