പത്തപ്പിരിയത്ത് ഷാരത്തെ ചെത്തിത്തേക്കാത്ത പൂമുഖച്ചുവരിൽ മണ്ണെണ്ണ വിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ കൈ കൊണ്ട് നായയെയും പൂച്ചയെയും മനുഷ്യനെയും സൃഷ്ടിച്ചപ്പോൾ മുത്തശ്ശി പറഞ്ഞു.
“നിഴലുകൊണ്ട് കളിക്കരുത് കുട്ട്യേ“.
തല്ക്കാലം അല്പസമയത്തേക്ക് കളി നിർത്തിവെച്ചെങ്കിലും കുട്ടി വീണ്ടും കളി തുടങ്ങി. അകത്തളങ്ങളിൽ ഒളിച്ചുകളിക്കുന്ന നിഴലും വെളിച്ചവും, കുത്തഴിവാതിലിലൂടെ വീഴുന്ന സൂര്യവെളിച്ചവും എത്രകണ്ടാലും കുട്ടിക്ക് മതിയാവില്ല. ആ നിഴലും വെളിച്ചവും മുഴുവൻ കുട്ടി മനസ്സിലേറ്റി.
ആ കുട്ടിയാണ് പിൽക്കാലത്ത് കൂട്ടുകാരനായ അനിലിനൊപ്പം ചേർന്ന് അനിൽബാബുവായത്., എന്നും ഓർമ്മിക്കുന്ന അനേകം സൂപ്പർ ഹിറ്റുകൾ മലയാളസിനിമക്ക് സമ്മാനിച്ച രാമദാസ് ബാബു എന്ന ബാബു നാരായണൻ.
ചിരിച്ചു കൊണ്ടല്ലാതെ ബാബുവിനെ കണ്ടത് ഓർമ്മയിലില്ല.കണ്ണുകളിൽ നിറയെ സിനിമയെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.
ഉണർന്നിരിക്കുന്നവൻ്റെ സ്വപ്നമാണ് സിനിമയെന്ന്പറയാറുണ്ട്. അതിനെ ശരി വെക്കുന്നതായിരുന്നു ബാബുവിൻ്റെ സിനിമാ സങ്കല്പം.ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാതെ തന്നെ സിനിമയുടെ വ്യാകരണം മുഴുവൻ ബാബു ഹൃദിസ്ഥമാക്കി.
റേഡിയോനാടകങ്ങൾ കേട്ട് അത് മനസ്സിൻ്റെ തിരശ്ശീലയിൽ ഇട്ട് വീണ്ടും വീണ്ടും കാണുന്നതായിരുന്നു പണ്ടേ ഇഷ്ടം. സിനിമാശാലകളിലെ പ്രൊജക്ടർ റൂമിലെ പൊട്ടിയ റീലുകളിൽ നിന്നും ശാപമോക്ഷം നേടിയ ഫിലിം തുണ്ടുകൾ ശേഖരിക്കും. ഷാരത്തെ ജനലും വാതിലും അടച്ചിട്ട് ആ തുണ്ടുകളിൽ ടോർച്ചടിക്കും. വെള്ളത്തുണിയിൽ ചിത്രം തെളിയുമ്പോൾ ലോകം മുഴുവൻ പിടിച്ചടക്കിയ സന്തോഷമാണ്.
സത്യനേയും,നസീറിനേയും, ഉമ്മറിനേയും,ഷീലയേയും, ശാരദയേയും പിന്നെ സിനിമയും തിരിച്ചറിയുമ്പോൾ സന്തോഷം കൊണ്ട് മതിമറക്കും.. അത് മറ്റുള്ളവരെ കാട്ടി കൊടുക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദം… അത് സമാനതയില്ലാത്തതായിരുന്നു.
എടവണ്ണയിൽ സിനിമാടാക്കീസ് വന്നപ്പോൾ ഒറ്റ സിനിമ പോലും ഒഴിവാക്കിയില്ല. എല്ലാം കണ്ടു. ബസ്സിലെ ഫോട്ടോവിന് ചാർത്താൻ മാലകെട്ടിയും, കശുവണ്ടി വിറ്റും കിട്ടുന്ന പൈസ സിനിമ കാണാൻ തികയാതെ വന്നപ്പോൾ സിനിമാ പോസ്റ്ററൊട്ടിക്കുന്ന പണി ചോദിച്ചു വാങ്ങി. അങ്ങനെ ടിക്കറ്റെടുക്കാതെ യും സിനിമ കാണാമെന്നായി. ഒരു സിനിമയുടെ കാഴ്ചപ്പുറങ്ങൾ ബാബുവിൻ്റെ മനസ്സിൽ ആയിരം സിനിമകൾക്ക് ബീജാവാപംചെയ്തു.
എങ്ങനെയോ പത്താംതരം കടന്ന് കൂടി. കോഴിക്കോട് തളിയമ്പലത്തിൽ കഴകത്തിനായി അച്ഛൻ്റെ കൂടെ കൂടിയപ്പോൾ സിനിമാസ്വപ്നങ്ങൾ ക്ക് കൂടുതൽ നിറം വെച്ചു. എടവണ്ണയിലെ ഒറ്റ ടാക്കീസിന് പകരം ചുറ്റുവട്ടത്തായി അഞ്ചാറ് തിയേറ്ററു കൾ. അവിടെയെല്ലാം പുത്തൻ പടങ്ങൾ.
പുതിയ സിനിമകളുടെ റിലീസിന് മുമ്പ് റീൽപെട്ടികൾ പൂജിക്കാൻ അമ്പലത്തിലെത്തിക്കും. അതും നോക്കി നിൽക്കുമ്പോൾ പെട്ടി നിറയെ ചുരുൾ നിവരാൻ വെമ്പുന്ന ഒരു പാട് സംഭവപരമ്പരകൾ ഉണ്ടല്ലോ എന്നോർക്കും. അപ്പോൾ മേലാകെ കോരിത്തരിക്കും. തൻ്റെ മനസ്സിലെ കിനാവുകളും ഒരുനാൾ സിനിമയാക്കി ഇങ്ങനെ പെട്ടികളിൽ നിറയുന്നത് സ്വപ്നം കാണും.
സിനിമയോടുള്ള പ്രണയം ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിൻ്റെ കൂടെ കൂട്ടി. പ്രിൻ്റുപെട്ടികൾ സൈക്കിൾ കാര്യറിൽ വെച്ച് നഗരത്തിലെ സിനിമാശാലകൾ തോറും കയറി ഇറങ്ങി. കിട്ടുന്ന പണം മുഴുവൻ സിനിമാ പ്രസിദ്ധീകരണം വാങ്ങാൻ ചില വഴിച്ചു.
സിനിമയോടുള്ള പ്രണയം അക്ഷരാർത്ഥത്തിൽ തന്നെ ആ ചെറുപ്പക്കാരനെ ഭ്രാന്തനാക്കി. സിനിമാമാസികയിൽ വായിച്ച കോടമ്പാക്കം വല്ലാതെ മോഹിപ്പിച്ചു. അവിടെയെത്താൻ പണമില്ല. ആൾ സ്വാധീനമില്ല. പരിചയക്കാരില്ല. ആരും മനസ്സിലാക്കാനില്ല.
ട്രെയിൻ ടിക്കറ്റിന് പണമുണ്ടാക്കാൻ പല മാർഗ്ഗങ്ങൾ ചിന്തിച്ചു. അവസാനം ഒരു കടുംകൈ ചെയ്തു. സ്നേഹമയിയായ ഓപ്പോളുടെ സ്വർണ്ണ വളയെടുത്തു. അത് വിറ്റ് കിട്ടിയ പണവും കൊണ്ട് മദ്രാസിലേക്ക് വണ്ടി കയറി.
നിങ്ങൾ ഒന്ന് നേടാനുറച്ചാൽ അതിനു ള്ള ശ്രമം ആത്മാർത്ഥമായാൽ ഇക്കണ്ട ലോകം മുഴുവൻ ആസ്വപ്ന സാക്ഷാൽക്കാരത്തിന് വേണ്ടി ഗൂഢാലോചന നടത്തുംഎന്ന് പൗലോ കൊയ് ലോ പറഞ്ഞത് സത്യമാണ്.
ആ യാത്ര ബാബുവിനെ സംവിധായകൻ ഹരിഹരൻ്റെ അടുത്തെത്തിച്ചു. എം.ടി.തിരക്കഥയെഴുതിയ പഞ്ചാഗ്നി, നഖക്ഷതങ്ങൾ പെരുന്തച്ചൻ എന്നീ സിനിമകളുടെ അസി. ഡയറക്ടറായി. എം.ടി.തന്നെ തിരക്കഥ എഴുതിയ പ്രതാപ് പോത്തൻ സംവിധായകനായ ഋതുഭേദത്തിൻ്റെ അസോ. ഡയറക്ടറായി.
” അനഘ “എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. അക്കൊല്ലത്തെ ഫിലിം ക്രിറ്റിക്സ് അവാർഡ് ”അനഘ ” നേടി. ഏറ്റവും നല്ല നവാഗത സംവിധായകരുടെ സിനിമക്കുള്ള സംസ്ഥാന സർക്കാർ വിധി നിർണ്ണയത്തിൽ “അനഘ ” രണ്ടാമതെത്തി .
1990കൾ മലയാള സിനിമയിൽ ഇരട്ട സംവിധായകരുടെ കാലമായിരുന്നു. ബാബുവും അനിലും ചേർന്ന് മുപ്പതോളം സിനിമകളെടുത്തു. കുറഞ്ഞ ചിലവിൽ നിർമ്മിച്ച് മുതൽമുടക്ക് ലാഭസഹിതം നിർമ്മാതാവിന് തിരിച്ച് കൊടുക്കുന്ന സിനിമകളായിരുന്നു അവയെല്ലാം.
ഒരു നാൾ ആരുടെ സിനിമാറീലുകളും പെട്ടിയിലാക്കി കോഴിക്കോട്ടെ തെരുവിലൂടെ സൈക്കിൾ ചവിട്ടിയോ, അതേ കമ്പനിയുടെ സിനിമകൾ വരെ ബാബു സംവിധാനം ചെയ്തു.
സിനിമയെടുക്കുമ്പോൾ താൻ കളിച്ചു വളർന്ന പത്തപ്പിരിയം ഗ്രാമവാസി കളായിരുന്നു ബാബുവിൻ്റെ കണ്മുമ്പിൽ. അവരുടെ വിനോദ വേളകളെ പൊലിപ്പിക്കാൻ പറ്റുന്ന സിനിമകൾ ബാബു എടുത്തു.
അച്ഛൻകൊമ്പത്ത് അമ്മ വരമ്പത്ത്, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, സ്ത്രീധനം, ഭാര്യ, മാന്ത്രികച്ചെപ്പ് , പൊന്നരഞ്ഞാണം, വെൽകം ടു കൊടൈക്കനാൽ, ഉത്തമൻ, വൽക്കണ്ണാടി, രഥോൽസവം, പട്ടാഭിഷേകം, പകൽപ്പൂരം… തുടങ്ങിയവ ബാബുവിൻ്റെ ഹിറ്റ് പടങ്ങളായിരുന്നു.
പണ്ഡിതരത്നം കെ.പി നാരായണ പിഷാരോടിയെ കുറിച്ചെടുത്ത “ഓം ഗുരുഭ്യോ നമ:” എന്ന ഡോക്യൂമെൻ്ററി 2003 ലെ ഏറ്റവും നല്ല ഡോക്യൂമെന്ററിക്കുള്ളസംസ്ഥാന ദേശീയ അവാർഡുകൾ നേടി.
തിരക്ക് പിടിച്ച സിനിമാ പ്രവർത്തനങ്ങൾ ബാബുവിൻ്റെ ആരോഗ്യം ക്ഷയിപ്പിച്ചു. എന്നാൽ ആ മനസ്സ് തളർന്നില്ല. ഡോക്ടർമാർ വിലക്കിയിട്ടും പഴശ്ശിരാജ പോലുള്ള വൻ സംരഭങ്ങളിൽ ബാബു ഭാഗഭാക്കായി.
വിഷഞണ്ടുകൾ മാരകമായി ഞരമ്പുകളിൽ പിടി മുറുക്കിയിട്ടും ബാബു പതറിയില്ല. മുഖത്ത് സദാ തിളങ്ങിയ ആ ഊർജ്ജനിറവ് വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചു. എല്ലാം ഭേദമായി പൂർവാധികം ഉന്മേഷത്തോടെ ബാബു തിരിച്ചു വരുമെന്ന് എല്ലാരും കരുതി. അതിന് വേണ്ടി പ്രാർത്ഥിച്ചു.
ജീവിക്കുന്ന ഓരോ നിമിഷവും തളിതേവരുടെ അനുഗ്രഹമാണെന്ന് ബാബു എപ്പോഴും പറയും. ചിരിച്ചു കൊണ്ടല്ലാതെ ബാബുവിനെ കണ്ടിട്ടില്ല.
ബാബുവിനെ കാണാൻ തൃശൂർ സരോജ ആശുപത്രിയിൽ ചെന്നു. സന്ദർശകരെ വിലക്കിയ സമയമായിരുന്നു. കാണാൻ പറ്റിയില്ല.. സർജറി കഴിഞ്ഞ് ദിവസങ്ങൾ അധികമായി ട്ടില്ല. ഇൻഫെക്ഷൻ ഭീതിയും ഉണ്ട്. . പുറത്ത് നിന്നും ബാബുവിനെ കണ്ട് ആ പുഞ്ചിരി തൂകുന്ന മുഖം മനസ്സ് കൊണ്ട് ഏറ്റുവാങ്ങി ഞങ്ങൾ മടങ്ങി.
രണ്ടാം ദിവസം ബാബു വിട പറഞ്ഞു.
ബാബുവിന് ആത്മമിത്രത്തിൻ്റെ ഹൃദയം തൊട്ട ആദരാഞ്ജലികൾ.
ബാബുവിൻ്റെ മക്കൾ ഛായാഗ്രാഹകനും സഹസംവിധായകനുമായ ദർശനും, മകൾ ലാൽജോസ് ചിത്രത്തിലെ നായിക ശ്രവണക്കും, ബാബു തുടങ്ങിവെച്ച കലാസപര്യ പൂർത്തിയാക്കാൻ കഴിയട്ടെ.
ആശംസകൾ.