Site Loader
സുരേഷ് ബാബു, വിളയിൽ

ഇതെഴുതുന്ന ആൾക്കും വായനക്കാർക്കും ഉള്ള പൊതു ഘടകം എന്താണ്?  നാമെല്ലാം മനുഷ്യരാണ്. നാളെയല്ലെങ്കിൽ തൊട്ടടുത്ത നിമിഷം കൂടി ഇവിടെ ഉണ്ടാവുമോ എന്നതിന് യാതൊരു ഉറപ്പുമില്ല.

എന്നിട്ടും സദാ ഇവിടെ ഇങ്ങനെ തന്നെ ഉണ്ടാകും എന്ന മിഥ്യാബോ ത്തിന് നാമെല്ലാം അടിമപ്പെട്ടിരി ക്കുന്നു. ശരിയല്ലേ?

ജനനവും മരണവും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. അതിനിടയിലുള്ള പെൻഡുല ചലനം മാത്രമാണ് ജീവിതം.

അതവിടെ നില്ക്കട്ടെ… ഒരു കഥൈ സൊല്ലട്ടുമാ….

എൻ്റെ അമ്മക്ക് ഒരു കൂട്ടുകാരിയുണ്ടായിരുന്നു. പേര് തങ്ക. ഞങ്ങളവരെ തങ്കമ്മ എന്ന് വിളിച്ചു. അമ്മക്ക് തങ്ക എന്നാൽ ജീവൻ്റെ ജീവനാണ്. വീട്ടിൽ വരുമ്പോൾ അടുക്കളയിലെ ബെഞ്ചിൽ കാലുകളിളക്കി ഒരു സ്കൂൾകുട്ടിയെ പോലെ തങ്കയിരിക്കും. വഴി മറന്ന വീട് കണ്ടെത്തിയ പോലെ ഒരു സന്തോഷഭാവം ആ മുഖത്ത് കളിയാടും.

ഒരു വീർപ്പ് സംസാരിച്ച് തീർത്ത് തങ്ക മടങ്ങുമ്പോൾ രണ്ടാൾക്കും സങ്കടം വരും.

വരും ദിവസങ്ങളിൽ തങ്ക മാത്രമാവും അമ്മയുടെ വിഷയം. അച്ഛൻ വളരെ ചെറുപ്പത്തിലേ മരിച്ചു പോയ തങ്കയെ പറ്റി പറയുമ്പോൾ അമ്മയുടെ കണ്ണു നിറയും.

ചെറുപ്പത്തിലേ വിധവയായ മകളെ ഓർത്ത് സങ്കടം മൂത്ത അമ്മമ്മയും അമ്മാവന്മാരും അന്നത്തെ ആചാരങ്ങൾക്ക് വിരുദ്ധമായി അവരെയെല്ലാം വീട്ടിലേക്ക് കൊണ്ടു വന്നു. അയൽക്കാരായത് കൊണ്ട് അന്ന് മുതൽ തങ്കമ്മയും അമ്മയും നല്ല കൂട്ടുകാരായി.

തങ്കയെ കുറിച്ച് സദാ വാചാലയാകുന്ന അമ്മ ഇടക്കെല്ലാം തങ്ക കാണിച്ച കുസൃതിത്തരങ്ങളും പറയും .അത് കേൾക്കാനായിരുന്നു ഞങ്ങൾക്കധികം ഇഷ്ടം.

ഒരിക്കൽ, വലുതായാൽ ആരാവാനാണ് ആഗ്രഹം എന്ന ചോദിച്ച മാഷോട് ടീച്ചറാകണം,  ഡ്രൈവറാകണം, പോസ്റ്റ്മാനാകണം, എന്നെല്ലാം കുട്ടികൾ പറഞ്ഞപ്പോൾ തങ്ക പറഞ്ഞ ഉത്തരമോർത്ത് അമ്മ പൊട്ടിചിരിക്കും.

എന്തായിരുന്നു അതെന്നറിയാൻ ഞാനും അനിയൻ മുരളിയും തിരക്കുകൂട്ടി.

ചോറ്റുകലത്തിലെ വെള്ളം തിളച്ച് അടുപ്പിൽ തൂവി തീയ് കെട്ടത് കണ്ട് ദേഷ്യം പിടിച്ച അമ്മയൊന്നും മിണ്ടിയില്ല. അടുപ്പ് വീണ്ടും കത്തി തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു.

“എന്താ അമ്മേ തങ്കമ്മ പറഞ്ഞത് ?”

അമ്മ അപ്പോഴും ഒന്നും മിണ്ടിയില്ല.

പുക കലങ്ങിയ കണ്ണിൽ തിളയ്ക്കുന്ന ദേഷ്യം കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും പിന്നെയൊന്നും ചോദിച്ചില്ല.

ഞാനും മുരളിയും  കുറേ നേരം മുഖത്തോട് മുഖം നോക്കിയിരുന്നു.

“എന്താവും തങ്കമ്മ പറഞ്ഞിട്ടുണ്ടാവുക? ”

” വിമാനത്തിൻ്റെ ഡ്രൈവറാകും എന്നാവും.”

“ഏയ്… അതല്ല, വിമാനമാകും എന്നാവും “.

” അയ്ന് വിമാനത്തിന് ജീവൻണ്ടോ? അതും കൂടി അറിയാത്ത പൊട്ടൻ… പൊട്ടാ… പൊട്ടാ…”

മുരളിയപ്പോൾ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട് അമ്മ ഓടി വന്നു.

“അമ്മേ, അമ്മേ, തങ്കമ്മ എന്താവാൻ ള്ള ആഗ്രഹാ പറഞ്ഞത്?”

“പൊയ്ക്കോ അവ്ട്ന്ന്. ആ കുട്ടീനെ കരയിപ്പിച്ചതും പോരാ “.

അമ്മ എൻ്റെ നേരെ കയ്യോങ്ങി.

കണ്ണീർച്ചാലുകൾക്കിടയിലൂടെ വെളിച്ചം ചിതറിച്ച ചിരിയുമായി മുരളി ചോദ്യം ആവർത്തിച്ചപ്പോൾ അമ്മയുടെ ദേഷ്യം എങ്ങോ പോയ് മറഞ്ഞു.ആ കൈകളിൽ തൂങ്ങി ഞങ്ങൾ രണ്ടാളും ചോദിച്ചു.

”പറയൂ അമ്മേ, തങ്കമ്മ എന്തേ പറഞ്ഞു?

അമ്മ നിർത്താത്ത ചിരിക്കിടയിൽ ഇങ്ങനെ പറഞ്ഞു.

ഇനിക്കെൻ്റെ മാഷെ…. ചാവ്…വോളം ജീവിച്ചാ മതി.. ”

“ങും. അദാപ്പോ വല്യ കാര്യം “?

ഞങ്ങൾ രണ്ടാളും ഒരുമിച്ചു ചോദിച്ചു.

എന്നാൽ ഇപ്പോൾ ഈ നിമിഷം തങ്കമ്മ പറഞ്ഞതിനെ ഞാൻ പൂർണമായും പിന്താങ്ങുന്നു. തങ്കമ്മ പറഞ്ഞതാണ് ശരി. അതൊരു വലിയ കാര്യം തന്നെ.

ഇന്ന് നാം അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥ സമാനതയില്ലാത്തതാണ്. മുമ്പാരും ഇതനുഭവിച്ചിട്ടില്ല. ആർക്കും കേട്ടുകേൾവി പോലും ഇല്ല .

അഭിമാനിക്കാനൊരു ശരീരം പോലുമില്ലാത്ത വിഷവ്യാപിയായ കോവിഡ് 19 എന്ന ഈ ഇത്തിരിക്കുഞ്ഞൻ വൈറസ് മനുഷ്യരാശിയെ മുഴുവൻ ബന്ദിയാക്കി ജീവിതത്തിനും മരണത്തിനും ഇടയിൽ  നിർത്തി വിലപേശുകയാണ്.

ലോകം മുഴുവൻ ഈ മൈക്രോസ്കോപ്പിയന് മുമ്പിൽ അന്തിച്ചു നില്ക്കുകയാണ്. ഈ അമ്പത്തെട്ടാം വയസ്സിൽ ഞാൻ മനസിലാക്കുന്നു. തങ്കമ്മേ… നിങ്ങൾ പറഞ്ഞതാണ് സത്യം .

മരണം വരെ യാതൊരല്ലലും അലട്ടും ഇല്ലാതെ ജീവിക്കാൻ മോഹിക്കുന്നത് തന്നെ വലിയ കാര്യം. അതിലും വലിയ മോഹം എന്തിനാണ്?

(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *