മുണ്ടൂരിൻറെ ഇളയ സഹോദരി പാർവ്വതി അദ്ദേഹത്തിൻറെ വ്യക്തി വൈശിഷ്ട്യത്തെയും ജനസമ്മിതിയെയും നമുക്കു മുമ്പിൽ വരച്ചു കാട്ടുന്നു.
അന്ന് ആകാശവാണിയിൽ സ്വന്തം കഥ എന്ന പരിപാടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും കേൾക്കുന്നവർക്ക് എല്ലാം മനസ് വിങ്ങുന്ന ഒരു അവസ്ഥയായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. മുണ്ടൂരും കാറളത്തും പിന്നെ ഇതു കേൾക്കുന്ന എല്ലാവരും കഥയിൽ അലിഞ്ഞ് നീറുകയായിരുന്നു. ഏട്ടൻറെ എല്ലാ കഥകളും വേറിട്ടതും തനതായ ശൈലിയുള്ളതായിരുന്നു എങ്കിലും മൂന്നാമതൊരാൾ ഒരുപടി മുന്നിലായിരുന്നു. സ്വന്തം അനുഭവങ്ങൾ അതേപോലെ പകർത്തിയതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്.
ഷാരത്തെ ഉമ്മറത്ത് പുസ്തകങ്ങളുടെയും കത്തുകളുടെയും ഇടയിൽ ചാരുകസേരയിൽ ഏട്ടനിരിക്കുന്നുണ്ടാകും. പവിഴമല്ലികൾ മുറ്റം മുഴുവനും വീണു കിടക്കുന്നതു അഴികൾക്കിടയിലൂടെ കാണാം. നിഷ്കളങ്കമായ ചിരിയിലൂടെ എപ്പോഴും എല്ലാവരെയും കാത്തിരിക്കുന്ന ഏട്ടനെയാണോർമ്മ.
സ്നേഹനിധിയായ രാധയുടെ വേർപാടിനുശേഷം നല്ലേപ്പുള്ളിയിൽ നിന്നും വീണ്ടും മുണ്ടൂരിലേക്കു താമസം മാറ്റി. പിന്നെ ഏട്ടനും ഉണ്ണിക്കും എന്നും കൂട്ട് അമ്മിണിയേടത്തിയായിരുന്നു. ഇഷ്ടാനിഷ്ടത്തിനൊത്തു എല്ലാം ഉണ്ടാക്കിക്കൊടുക്കും. വൈകുന്നേരം ദോശയാണ് പതിവ്. കൂട്ടത്തിൽ അമ്മിയിൽ അരച്ച ഉള്ളി ചമ്മന്തിയാണിഷ്ടം. മിക്കവാറും എല്ലാ ദിവസവും ആരെങ്കിലുമൊക്കെ ഏട്ടനെ കാണാൻ വരും. വർത്തമാനങ്ങളൊക്കെ കഴിഞ്ഞ് എന്തെങ്കിലുമൊക്കെ ഒന്നിച്ചിരുന്നു കഴിച്ചിട്ടേ അവരെ വിടൂ.
എല്ലാ പ്രായക്കാരുമായും അവർക്കിഷ്ടമായ രീതിയിൽ അനായാസമായി ഇടപഴകാൻ ഏട്ടന് ഒരു പ്രത്യേക മിടുക്കുണ്ടായിരുന്നു. ആദ്യമായി കാണുകയാണെങ്കിലും എത്രയോ കാലത്തെ പരിചയമുള്ളപോലെയുള്ള പെരുമാറ്റം. പരിചയപെടുന്നവരോടൊക്കെ ഒരു സുഹൃദ്ബന്ധം എന്നും കാത്തു സൂക്ഷിച്ചിരുന്നു. പാലക്കാട്ടെ പൊതു പരിപാടികളിൽ എന്നും നിറ സാന്നിധ്യമായിരുന്നു. അതൊക്കെ കഴിഞ്ഞ് രാത്രി ഇടവഴിയിലൂടെ ഒരു ടോർച്ചുമായി മെല്ലെ വഴിയിൽ കാണുന്നവരോടൊക്കെ വർത്തമാനം പറഞ്ഞു കൊണ്ടേ ഷാരത്തെത്തുള്ളു .
പാലാട്ട് രഘുവിന്റെ മോളുടെ പിറന്നാളിന് ആരെയൊക്കെ വിളിക്കണം എന്ന ലിസ്റ്റുണ്ടാക്കുമ്പോൾ കുട്ടികൾ പറഞ്ഞ ആദ്യ പേര് ഏട്ടന്റെതായിരുന്നു. അത്രയും അടുത്ത ബന്ധമായിരുന്നു കുട്ടികളുമായി. കുട്ടികളുടെ പേരിടാൻ എന്നും ഉത്സാഹമായിരുന്നു . ഷാരത്തെ എല്ലാ കുട്ടികൾക്കും പേരിട്ടത് ഏട്ടൻ തന്നെ.
നാടകത്തിനും പ്രസംഗത്തിനും പങ്കെടുക്കാൻ മുമ്പിലുണ്ടാവും. സംഗീതത്തിലും വലിയ കമ്പമായിരുന്നു. ഭൂപെൻ ഹസാരികയുടെ പാട്ടുകളും, ഇംഗ്ലീഷ് കൺട്രി മ്യൂസിക് ഒക്കെ ഞങ്ങളും കേൾക്കാനിടയായതു അങ്ങനെയാണ്. എല്ലാ തരത്തിലുള്ള സംഗീതവും കേൾക്കാനിഷ്ടമാണ്. കർണാടിക് മ്യൂസിക് പഠിക്കാൻ പോയത് റിട്ടയറാവുന്ന സമയത്താണ്.
ജ്യോതിയുടെ മകൾ ജിതയെയും അപ്പുവിന്റെ മകൾ ചിത്രയെയും കവിതാപാരായണത്തിനു തയ്യാറാക്കുന്നത് ഏട്ടനാണ്. കുട്ടികൾ ഇറയത്തിരുന്നു ചൊല്ലുന്ന ഉടകുടവും, സഫലമീയാത്രയും ഇന്നും ഓർമയിലുണ്ട്.
ബഹുമുഖ പ്രതിഭയാണെങ്കിലും ഞാൻ എന്ന ഭാവം തീരെയില്ലാത്ത വ്യക്തിത്വം. ഒരു നാടിന്റെ മുഴുവൻ സ്നേഹവും ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് മുടക്കാതെ മുണ്ടുർ യുവജനവായന ശാല നടത്തുന്ന വാർഷിക അനുസ്മരണ യോഗങ്ങളും പുരസ്‌കാര ദാനവും പിന്നെ അതിൽ പങ്കെടുക്കുന്ന കലാസാഹിത്യ പ്രതിഭകളും അതിനു പിന്നിൽ പ്രവർത്തിക്കുന്ന കുറെ നല്ല മനസ്സുകളും…
അമ്മിണിയേടത്തിയുടെ വേർപാടിനുശേഷം മാലതിയാണ് ഏട്ടന്റെ ഭക്ഷണ കാര്യങ്ങൾ നോക്കിയിരുന്നത്. വയ്യാണ്ടായപ്പോ കുറച്ചുകാലം എന്റെയടുത്തു വന്നു താമസിച്ചു. സുഹൃത്തുക്കളും നാട്ടുകാരും പിന്നെ അറിയുന്ന എല്ലാവരും എപ്പോഴും വന്നിരുന്നത് കാരണം അസുഖമാണെന്ന കാര്യം ഏട്ടനെ അലട്ടിയതേയില്ല.
തീരെ വയ്യാണ്ടായപ്പോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2005 ജൂൺ മാസത്തിൽ യാത്രയായി. പതിനഞ്ചു കൊല്ലമായെന്നു തോന്നുന്നതേയില്ല. ഇപ്പോഴും ഓർമകൾക്ക് ഒരു തിളക്കക്കുറവുമില്ല.
ഓർമ്മകൾക്കെന്തു മധുരം.. എന്നിലെ കലാവസനയെ അറിഞ്ഞ് എഴുതുവാൻ പ്രോത്സാഹിപ്പിച്ച ആ മഹത് വ്യക്തിയുടെ
ഒരിക്കലും മായാത്ത ഓർമ്മകൾക്ക് മുൻപിൽ എന്റെ കൂപ്പുകൈ….🙏