മണ്മറഞ്ഞ പിഷാരോടിമാരെ പറ്റി ഓർമിക്കുമ്പോൾ ആദ്യമായി ഓർമ്മിക്കേണ്ടത് തൃക്കണ്ടിയൂർ അച്യുത പിഷാരോടിയെയാണെന്നുള്ളതിൽ സംശയമില്ലല്ലോ. അത്രമാത്രം പണ്ഡിതനും പണ്ഡിതന്മാരാൽ ആദരണീയനും പ്രശസ്തനും ആയിരുന്നു അദ്ദേഹം.
ഇന്നത്തെ തിരൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുകിഴക്കാട്ടിയിട്ടാണ് തൃക്കണ്ടിയൂർ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. വെട്ടത്തു നാട് രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്ന തൃക്കണ്ടിയൂർ ക്ഷേത്ര പരിസരം ക്രിസ്തുവർഷം പതിനാറാം ശതകത്തിൽ പന്ധിന്മാരുടെ കേന്ദ്രമായിരുന്നു. തിരുമംഗലത്ത് നീലകണ്ഠൻ, വടശ്ശേരി പരമേശ്വരൻ, കേളല്ലൂർ നീലകണ്‌ഠ സോമയാജി, പുതുമന ചോമാതിരി, വാസുദേവ കവി, തുഞ്ചത്ത് എഴുത്തച്ഛൻ, തുടങ്ങിയവർ അക്കാലത്തോടടുത്ത് ആ പരിസരത്തെ പരിപൂരിതമാക്കിയവരാണ്. പണ്ഡിതനും പണ്ഡിത പുരസ്‌കർത്താവുമായിരുന്ന വെട്ടത്തു രാജാവിന്റെ കൊട്ടാരം അതിനടുത്തായിരുന്നു. അവിടെ ശിവക്ഷേത്രത്തിനു സമീപമുള്ള പിഷാരത്താണ് അച്യുതപിഷാരോടിയുടെ ജനനം. വ്യാകരണം, ജ്യോതിഷം, വൈദ്യം, അലങ്കാരം, എന്നീ ശാസ്ത്രങ്ങളിൽ മഹാപണ്ഡിതനായിത്തീർന്ന അദ്ദേഹം മേല്പത്തൂരിന്റെ ഗുരുനാഥനായതിനെപ്പറ്റി ഒരു കഥയുണ്ട്.
വിജ്‌ഞാന തൃഷ്ണയും കവിത്വ ശക്തിയുമുണ്ടായിരുന്ന മേൽപ്പത്തൂർ നാരായണ ഭട്ടതിരി വേദശാസ്ത്രാദികളിൽ പ്രാരംഭ പഠനവും പല ശാസ്ത്രങ്ങളിലും വിദഗ്ദ്ധ പഠനവും നടത്തിയ ശേഷം പതിനെട്ട് ഇരുപത് വയസ്സുള്ളപ്പോൾ തൃക്കണ്ടിയൂരിൽ ചെന്നെത്തി, അച്യുതപിഷാരോടിയുടെ അനന്തരവളെ വിവാഹം ചെയ്ത് അവിടെ താമസമാക്കി. ഭോഗാസക്തനായിത്തീർന്ന അദ്ദേഹത്തിൽ നിന്ന് വേദശാസ്ത്രപുരാണാദികളിലുള്ള തൃഷ്ണ മാത്രമല്ല, കുളി സന്ധ്യാവന്ദനം തുടങ്ങിയവയും അകലാൻ തുടങ്ങി.
ഈ വഴിമാറ്റം അച്യുതപിഷാരോടിയെ വല്ലാതെ വേദനിപ്പിച്ചു. ഒരിക്കൽ സൂര്യനുദിച്ച് ഏറെക്കഴിഞ്ഞെഴുന്നേറ്റ് പുറത്തേക്ക് വന്ന ഭട്ടതിരിപ്പാടിനെ നോക്കി ശിഷ്യരെ അഭ്യസിപ്പിച്ചു കൊണ്ടിരുന്ന അച്യുത പിഷാരോടി ഇങ്ങനെ പറഞ്ഞുവത്രെ.
‘കഷ്ടം നല്ലൊരു ബ്രാഹ്മണ ജന്മം കിട്ടിയിട്ട് അതിങ്ങനെ പാഴാക്കിക്കളയുന്നല്ലോ’. ഇത് കേട്ട് സുബുദ്ധി തോന്നിയ ഭട്ടതിരിപ്പാട് വേഗം പോയി കുളിജപങ്ങൾ നടത്തി പിഷാരോടിയുടെ അടുക്കൽ വന്നു ക്ഷമ പറഞ്ഞു ഒരു ശ്ലോകം കാഴ്‌ച വെച്ചു. അതിന്റെയർത്ഥം ഇങ്ങനെയായിരുന്നു.
‘കൃപാനിധേ, മോഹമയമായ മഹാസമുദ്രത്തിൽ മുങ്ങിപ്പോയ ഈ ഭാഗ്യഹീനനെ ജ്ഞ്യാനമയമായ പൊങ്ങുതടി തന്ന് ഉദ്ധരിക്കേണമേ’
സന്തുഷ്ടനായ അദ്ദേഹം പാണിനീയവ്യാകരണം മാത്രമല്ല, കാവ്യപ്രകാശം അലങ്കാരസർവ്വസ്വം, ദശരൂപകം മുതലായവയും പഠിപ്പിച്ചു. ഇതോടെ ആ വിജ്ഞ്യാന ഭിക്ഷുവിന്റെ ജീവിതരീതിക്കും വളരെ മാറ്റം വന്നു. ഉത്തമനായ ആ ഗുരുവിന്റെ ഉത്തമനായ ശിഷ്യൻ പിൽക്കാലത്ത് വാതരോഗബാധിതനായ ഗുരുവിൽ നിന്നും കർമ്മവിപാകദാനം സ്വീകരിച്ച് വാതരോഗിയായതും നാരായണീയ രചനയാൽ രോഗവിമുക്തനായതും മറ്റും പ്രസിദ്ധമാണല്ലോ.
ഉദ്ദണ്ഡ ശാസ്ത്രിയുടെ കാലത്ത് ജീവിച്ചിരുന്ന നാണപ്പപിഷാരോടിയുടെ വംശത്തിൽ കൊല്ലവർഷം 720നു ഇടയ്ക്കായിരുന്നു അച്യുത പിഷാരോടിയുടെ ജനനം. ജ്യോതിഷത്തിലും മറ്റും അതീവ പാണ്ഡിത്യം നേടിയിരുന്നു. ഗോളദീപിക, ജാതകാഭരണം, ഹോരോസാരോച്ചയം, അതിന്റെ പരിഭാഷ, കരണോത്തമം എന്നീ ജ്യോതിഷഗ്രന്ഥങ്ങളും പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥവും അദ്ദേഹം രചിച്ചവയാണ്.
ഒരു സഹൃദയൻ കൂടിയായിരുന്നു അദ്ദേഹം. പണ്ടൊരിക്കൽ അച്യുതപിഷാരോടിയോട് അദ്ദേഹത്തിന്റെ ജാതിയേത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ചൊല്ലിയത്രെ.
“ദേവബ്രാഹ്മണ ശുശ്രൂഷാസാഹിതൈക പാരായണ
ഈദൃശീവർത്തതേ ജാതി കേരളേഷ്വതരർത്രന”
ദേവരേയും ബ്രാഹ്മണന്മാരെയും ശുശ്രൂഷിക്കുക ശീലമാക്കിയിട്ടുള്ളവരും സാഹിത്യത്തിൽ താല്പര്യമുള്ളവരുമായ ഇത്തരത്തിലുള്ള ജാതി കേരളത്തിലുണ്ട്, വേറെങ്ങുമില്ല.
വളരെ വിജ്ഞാനപ്രദമായ ലേഖനം , വളരെനല്ല ശൈലി . നന്ദി . അച്യുതപിഷാരോടിക്കു പ്രണാമങ്ങൾ
വളെരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
ഇത്തരം ലേഖനങ്ങൾ ഇനിയും വരണെമെന്നാഗ്രഹിക്കുന്നു. പുതിയ തലമുറക്ക് വിജ്ഞാന പ്രദമാവുന്നതും , മൺ മറഞ്ഞ് പോയ നമ്മുെടെ സമുദായത്തിലെ പ്രഗൽഭൻ മാരുെടെ ജീവിതത്തിേലേക്ക് വെളിച്ചം വീശുന്നതുമായ ഇത്തരം ലേഖനങ്ങൾ ഇനിയും വരണം .
എഴത്തുകാരിക്കും , യുവെ െചെതന്യത്തിന്നും അഭിനന്ദനങ്ങൾ.