“യുവ ചൈതന്യം” മാസികയിലെ താളുകളെ സമ്പന്നമാക്കുന്ന കഥാപാത്രങ്ങൾ എല്ലാ വായനക്കാർക്കും, പ്രത്യേകിച്ച് യുവ തലമുറയ്ക്ക് അനുകരണീയമായ വ്യക്തിത്വമായിരിയ്ക്കണമല്ലോ. ഈ സന്ദർഭത്തിൽ ബാബുവേട്ടനെപ്പോലെ അനുയോജ്യമായ ഒരു വ്യക്തിത്വം വേറൊരാളില്ലെന്ന് തോന്നുന്നു. വ്യക്തിത്വ വികാസത്തിനും ജീവിത വിജയത്തിനുമൊക്കെ ഉതകുന്ന പല മന്ത്രതന്ത്രാദികളുടെ തിയറികൾ ഇന്ന് ധാരാളം പുസ്തകങ്ങളിൽ കാണാമെങ്കിലും, ചില ഗുണങ്ങളെ സ്വജീവിതത്തിൽ നിരന്തരം ഉൾക്കൊണ്ട് ജീവിച്ച് വിജയം കൊയ്ത് കാണിച്ച ഒരു മഹദ് വ്യക്തിയായിരുന്നു ബാബുവേട്ടൻ.
ഞങ്ങൾ മലേഷ്യയിലായിരുന്നപ്പോൾ ഞങ്ങളുടെ കൂടെ ഒരു മാസം ബാബുവേട്ടൻ ഉണ്ടായിരുന്നു. ശാരീരികമായ അവശതകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഓരോ നിമിഷവും പൂക്കളോടും ഇളങ്കാറ്റിനോടും കൊട്ടാര സദൃശങ്ങളായ കെട്ടിടങ്ങളോടും അതീവ സന്തോഷത്തോടെ അഞ്ചിന്ദ്രിയങ്ങളിലൂടേയും സംവദിച്ചു കൊണ്ട്, ശാരീരിക പ്രയാസങ്ങൾ മറന്ന്, ഉല്ലാസവാനായ ബാബുവേട്ടനെ കാണുമ്പോൾ, ഞങ്ങൾക്ക് അദ്ദേഹത്തിന് ആഥിത്യമരുളാൻ കഴിഞ്ഞത് ഈശ്വര നിയോഗം പോലെ തോന്നുന്നു. എൻറെ വാമഭാഗം സുനിത കൂടി മലേഷ്യയിലുണ്ടായതിനാൽ ഭക്ഷണം കഴിവതും വീട്ടിലുണ്ടാക്കിയും, കൃത്യ സമയത്ത് മരുന്നുകളും മറ്റും കൊടുത്ത് അതീവ ശ്രദ്ധയോടെ ബാബുവേട്ടനെ പരിചരിയ്ക്കാൻ സാധിച്ചതിൽ കൃതാർത്ഥതയുണ്ട്.
ജൊഹോറിലുള്ള ചില്ലമ്പലത്തിൽ (Glass Temple) എത്തിയപ്പോൾ മൊബൈലിലുള്ള ആ സാധാരണ ക്യാമറ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളുമെടുത്തപ്പോൾ, ഭാവനകൊണ്ട് ഫോട്ടോഗ്രാഫിയിലൂടെ സുന്ദരങ്ങളായ ചുറ്റുപാടുകളെ അതി സുന്ദരങ്ങളാക്കുന്ന മാന്ത്രിക വിദ്യ ഞങ്ങൾ കണ്ടറിഞ്ഞു. ജൊഹോറിൽ നിന്ന് ക്വാലാലംപൂരിലേയ്ക്ക് 330 കിലോമീറ്റർ ദൂരം. ” ഇത്ര ദൂരം ടാക്സിയിലിരുന്ന് യാത്ര ചെയ്താൽ കാലിന് നീരും വേദനയും വരും. നമുക്ക് വിമാനത്തിൽ പോകാം ” .
എൻറെ വാക്കുകൾക്ക് ബാബുവേട്ടൻ അനുമതി തന്നില്ല. നമുക്ക് ബസ്സിൽ പോകാം. ചിലവ് ചുരുക്കണമെന്ന് ബാബുവേട്ടൻ. ഒടുവിൽ ഒരു ടാക്സിയിൽ യാത്ര തുടർന്നു. പല സ്ഥലങ്ങളിലും നിർത്തി, പല തരത്തിലുള്ള വിഭവങ്ങൾ അൽപസ്വൽപം രുചിച്ചു, സിനിമാ ലോകത്തെ വർത്തമാനങ്ങൾ പറഞ്ഞ് ക്വാലാലംപൂരിലെത്തി ഹോട്ടലിൽ റൂമെടുത്തപ്പോളേയ്ക്കും ബാബുവേട്ടന് ശാരീരിക അവശതകൾ കൂടി. സഹിയ്ക്കാൻ ബുദ്ധിമുട്ടുള്ള വേദനയുള്ളപ്പോളും ആ മുഖത്ത് ചിരി മായില്ലായിരുന്നു. ചിരിയ്ക്കും, ചിരിപ്പിയ്ക്കും.
ഞങ്ങളെ രണ്ടു പേരേയും ഒരുപോലെ പരിചരിച്ച് സുനിതയും. പിറ്റേ ദിവസം സ്ഥലങ്ങൾ കാണാൻ പോകാൻ കഴിയുമോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു, പക്ഷേ ബാബുവേട്ടന് സംശയമേ ഇല്ലായിരുന്നു.
പിറ്റേന്ന് രാവിലെ ബാബുവേട്ടൻ ഉഷാർ !!. ഞങ്ങൾ ചുറ്റിക്കറങ്ങി ഏകദേശം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ട്വിൻ ടവറിലെത്തി. സുനിത ടിക്കറ്റെടുക്കാൻ പോയപ്പോളേയ്ക്കും ബാബുവേട്ടന് കാലിൽ കടുത്ത വേദന തുടങ്ങി. ഞാൻ അവിടെ സോഫയിൽ കിടത്തി കാലുകൾ ഉഴിഞ്ഞു കൊണ്ടിരുന്നു. ടിക്കറ്റ് കിട്ടിയത് 2:15 നുള്ള പ്രവേശന ബാച്ചിൽ. ക്യാൻസലാവുമെന്ന് തന്നെ എൻറെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. 2:10 ന് വേദന പിന്നോക്കം വെച്ചു. തിരിച്ച് പിന്നെ റൂമിലെത്തുന്നത് വരെ പ്രശ്നങ്ങളുണ്ടായില്ല. ബാബുവേട്ടന് തൊപ്പിയോട് വലിയ ഭ്രമമായിരുന്നു. പല സ്റ്റൈലിലുള്ള തൊപ്പികൾ മലേഷ്യയിൽ നിന്ന് വാങ്ങിച്ചിരുന്നു.
അന്ന് രാത്രി ഹോട്ടലിൽ ഭക്ഷണം കഴിഞ്ഞ് കിടക്കാറായപ്പോളേയ്ക്കും ബാബുവേട്ടൻറെ ആരോഗ്യ നില വളരെ വഷളായി. അവ്യക്തമായ സംസാരം, അർദ്ധബോധാവസ്ഥ. ഞങ്ങൾ വിളിച്ച് പ്രാർർത്ഥിയ്ക്കാത്ത ദേവതകളില്ല. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരു പൊട്ട് പാരാസെറ്റാമോൾ കൂടി കൊടുക്കരുത്. അന്യ രാജ്യം. എന്തു ചെയ്യണമെന്നറിയാതെ വിയർത്തു കുളിച്ചു. ഗുരുവായൂരപ്പൻറെ കാരുണ്യം. മൂന്ന് നാല് മണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാം നോർമലായി. ഈ ഒരു സംഭവം ഇപ്പോളും ആലോചിയ്ക്കുമ്പോൾ വലിയ നടുക്കമാണ്.
മാസങ്ങൾക്ക് ശേഷം സുനിതയുടെ പാട്ടരങ്ങേറ്റ ദിവസം. നന്ദി പ്രകാശനത്തിന് എന്നെ ക്ഷണിച്ചു. അച്ഛൻറെ കൃഷ്ണാ…വിളിച്ചുള്ള കഥകളി ഗാനം..കൃഷ്ണനന്ന് രക്ഷിച്ച സംഭവം ഓർമ്മ വന്നു. ബാബുവേട്ടൻ സ്റ്റേജിന് മുന്നിൽ ആദ്യാവസാനം നോക്കി നിയന്ത്രിച്ചിരിയ്ക്കുന്നു. പക്ഷേ എൻറെ നിയന്ത്രണം പോയി. ബുദ്ധി മരവിച്ചു. നന്ദി പ്രകടനം മറ്റെന്തൊക്കെയോ ആയി മാറി.
ക്വാലാലംപൂരിൽ നിന്ന് ജൊഹോറിൽ തിരിച്ചെത്തി. പിന്നെ പത്ത് ദിവസത്തോളം വീട്ടിനുള്ളിൽ വിശ്രമിച്ചു. പിന്നീട് സിങ്കപ്പൂരും പോയി. ആ ഒരു മാസക്കാലം ഒരുപാട് ഇഷ്ടപ്പെട്ട് പോയി ബാബുവേട്ടനെ. ബാബുവേട്ടനിലുണ്ടായിരുന്ന പോസിറ്റീവ് ആറ്റിറ്റ്യൂഡ് പലപ്പോളും മാജിക്ക് പോലെ ആശ്വാസങ്ങളും സന്തോഷങ്ങളും തന്നു. ആ യാത്ര ബാബുവേട്ടൻറെ അവസാന ഫോറിൻ ട്രിപ്പായി. ആ ഒരു മാസക്കാലം ഓരോ നിമിഷവും ബാബുവേട്ടൻ ആസ്വദിച്ചും ആനന്ദിച്ചും കഴിഞ്ഞതോർത്താൽ മനസ്സിന് ഒരു കൃതാർത്ഥത. ഒപ്പം ജ്യോതിയോടുള്ള നന്ദിയും രേഖപ്പെടുത്തുന്നു, ബാബുവേട്ടനെ ഞങ്ങളുടെ കൂടെ വിട്ടതിന്.
ഒരു സോപ്പിൻ പെട്ടി സിനിമാക്കഥ പോലെ…
ശ്രീ ബാബു നാരായണൻ 2017 ഡിസംബർ 17 നു തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ ഉണ്ണിയെക്കുറിച്ചെഴുതിയ ഒരു പോസ്റ്റ്
1974 കാലഘട്ടത്തിൽ ഞാൻ 7ലും ഗോവിന്ദമ്മാവൻറെ മകൻ ഉണ്ണികൃഷ്ണൻ 4ലും പഠിക്കുന്ന കാലം. വിളയിൽ വെച്ച് അപ്പോഴാണ് ഞാൻ അവസാനമായി ഉണ്ണിയെ കണ്ടിരുന്നത്.. പിന്നെ… പല പല കാരണങ്ങളാലും അവനെ കാണാനെനിക്ക് ഒത്തില്ല.. വിദ്യാഭ്യാസം പകുതിയിൽ നിർത്തി ഞാൻ സിനിമാ പഠനത്തിനായി മദിരാശിയിൽ. … ഉണ്ണി എവിടെയോ..?
…………………………………..
അവസാനം ഭാഗ്യവശാൽ ഉണ്ണിയെ വീണ്ടും കണ്ടുമുട്ടി. ഒരു ചലച്ചിത്ര തിരക്കഥ പോലെ….
അതും ഒരു നാൽവർ കോമ്പിനേഷനിൽ .!!!
Facebook ഉം,.Whats app ഉം, പ്രസിദ്ധ കഥകളി സംഗീതഞ്ജൻ ഗോപാലപിഷാരോടിയും, പിന്നെ, ഉണ്ണിയുടെ പ്രിയപത്നി സുനിതയുമാണിതിന് സഹായകമായത്.
അവർക്കെല്ലാം നന്ദി. .ഇവരുടെയെല്ലാം സഹായത്താൽ രണ്ടു ദിവസം മുമ്പ്. ഒറ്റപ്പാലത്ത് വെച്ച്…ആദ്യസമാഗമം.
അപ്പോൾ… അപ്പോൾ.. ക്യാമറ ഒന്നു കണ്ണടച്ചു തുറന്നു.. നല്ലൊരു സ്നാപ്പിനായി.. മലേഷ്യയിൽ പ്രസിദ്ധമായ ഒരു കമ്പനിയിൽ HOD ആയി ജേലി നോക്കുന്ന പ്രിയ സഹോദരനുമൊത്ത് ഒരു സ്നേഹ ക്ലിക്ക്.
ഉണ്ണിയെ നേരിൽ കണ്ടതിലുള്ള സന്തോഷം പങ്കു വെക്കുന്നു.
സസ്നേഹം, ബാബു നാരായണൻ
ബാബു നാരായണൻ്റെ’ സ്മരാണഞ്ജലി എല്ലാവരും എഴുതിയതു് ഒന്നിനൊന്ന് മെച്ചപ്പെട്ടതായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ