മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ അനുജൻ ഭരതൻറെ മകൾ, പ്രശസ്ത പിന്നണി ഗായിക ചിത്ര അരുൺ വല്ല്യച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു.
അച്ഛൻ കാണിച്ചിരുന്ന ബഹുമാനത്തോടെയുള്ള ഇഷ്ടം ആണ് വല്ല്യച്ഛനെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ കാരണം എന്ന് പറയുന്നതാവും ഉചിതം.
കുട്ടിക്കാലത്ത് “വല്ല്യച്ഛ.. ” എന്നു വിളിക്കുമ്പോൾ ‘ന്താ കുട്ട്യേ….’ ന്ന് വിളി കേൾക്കുന്ന ആളിൻറെ മഹത്വം അന്ന് തിരിച്ചറിയാൻ എനിക്ക്കഴിഞ്ഞിരുന്നില്ല…..
വലിയ സ്നേഹമായിരുന്നു വല്ല്യച്ഛന് ഞങ്ങളോട് ( എന്നോടും, ഓപ്പോളോടും).
അച്ഛൻ, അമ്മ കഴിഞ്ഞാൽ ഒരു പക്ഷേ ഞാൻ നാലാളറിയുന്ന പാട്ടുകാരി ആയി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളും വല്ല്യച്ഛനായിരിക്കും.
പലരോടും എൻറെ പാട്ടിനെ പറ്റി വലിയ ഇഷ്ടത്തോടെ, വാത്സല്യത്തോടെ സംസാരിക്കുന്ന അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്.
വല്ല്യച്ഛനെ വീട്ടിൽ ആരു കാണാൻ വന്നാലും ചായ കൊടുക്കുന്ന പോലെ തന്നെ വല്ല്യച്ഛന് നിർബന്ധമുള്ള കാര്യം ആയിരുന്നു എൻറെ പാട്ട് അവരെ കേൾപ്പിക്കുക എന്നതും.
പ്രായത്തിൻ്റെ പക്വതക്കുറവു കൊണ്ട് എനിക്ക് പാടാൻ മടിയായിരുന്നെങ്കിലും വല്ല്യച്ഛനോടുള്ള ഇഷ്ടം കൊണ്ട് പാടുമായിരുന്നു .
അതെല്ലാം എൻറെ വളർച്ചക്കുള്ള കുഞ്ഞു കുഞ്ഞു പടികളാണെന്ന് ഇന്നാണ് എനിക്ക് മനസ്സിലാവുന്നത്.
ഇന്ന് ഓരോ വേദികളും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആസ്വാദകരുടെ മുന്നിൽ നിന്ന് ചിരിച്ചു പാടാൻ കഴിയുന്നത് അന്നത്തെ വല്ല്യച്ഛൻറെ പരിശീലനമാണ് .
ഞാൻ ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് വല്ല്യച്ഛന് ഓടക്കുഴൽ അവാർഡ് കിട്ടുന്നത്. അന്ന് ഒരുപാട് ആളുകൾ കാണാനും ഫോട്ടോ എടുക്കാനുമൊക്കെയായി വീട്ടിൽ വന്നത് ഇന്നും കണ്ണിലുണ്ട് .
പിന്നീട് പല ടിവി സിരിയലിലും സിനിമയിലും ഒക്കെ വല്ല്യച്ഛനെ കണ്ടു തുടങ്ങിയപ്പോൾ ചെറിയ അഹങ്കാരത്തിൽ ഇത് എൻറെ വല്ല്യച്ഛൻ ആണെന്ന് മറ്റുള്ളവരോട് പറഞ്ഞ ഓർമ്മകളാണിന്നും മനസ്സിൽ…
എവിടന്നെങ്കിലും നല്ല കവിതയോ പാട്ടോ പ്രാർത്ഥനാഗാനമോ വല്ല്യച്ഛൻ കേട്ടാൽ, അന്നു തന്നെ ചിത്രേ..ന്ന് വിളിവരും..
വേറൊന്നിനും അല്ല..
അത് എന്നെ പഠിപ്പിക്കാൻ വേണ്ടിയാണ് .
ഇന്ന് എനിക്കു പാടുമ്പോൾ വാക്കുകളുടെ ഉച്ചാരണത്തിൽ കുറച്ചെങ്കിലും നീതി പുലർത്താൻ കഴിയുന്നുണ്ടെങ്കിൽ അത് വല്ല്യച്ഛൻറെ ശിക്ഷണം ഒന്നു കൊണ്ട് തന്നെയെന്ന് നിസ്സംശയം പറയാനാവും.
അക്ഷരങ്ങളുടെ ഉച്ചാരണ ശുദ്ധി.
അതിന് വല്ല്യച്ഛൻ ഒരുപാട് പ്രാധാന്യം കൊടുത്തിരുന്നു. ഞാൻ തെറ്റായി ഉച്ചരിച്ചാൽ അത് തിരുത്തി പഠിപ്പിക്കാനുള്ള ക്ഷമയും, കഴിവും അപാരമായിരുന്നു.
സ്വന്തം കഴിവുകൊണ്ട് ഒരു നാടിൻറെ തന്നെ യശസ്സുയർത്തിയ കലാകാരൻമാർ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും അത് സ്വന്തം വല്ല്യച്ഛനാകുമ്പോൾ അത് നമ്മുടെ കുടുംബത്തിനു തന്നെ ഒരു അഭിമാനമാണ്.
ഒരാളോടും മുഖം കറുപ്പിച്ചു വല്ല്യച്ഛൻ സംസാരിക്കില്ല. ഒരിക്കൽ പോലും അങ്ങനെ കണ്ടിട്ടില്ല. പലപ്പോഴും പലരും വല്ല്യച്ഛനെ ബുദ്ധിമുട്ടിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്താലും വല്ല്യച്ഛൻ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ ഒരക്ഷരം തിരിച്ചു പറയില്ല. ഞാൻ പലവട്ടം വല്ല്യച്ഛനോട് ചോദിച്ചിട്ടുണ്ട്, എങ്ങനെ സാധിക്കുന്നു എന്ന്. അതിനു വല്ല്യച്ഛൻറെ മറുപടി ഇതാണ്. “അവരുടെ പോലെ നമ്മളും പെരുമാറിയാൽ നമ്മളും അവരും തമ്മിലുള്ള വ്യത്യാസം എന്താണ് ?” ഔചിത്യത്തോടു കൂടി മാത്രമേ വല്ല്യച്ഛൻ എന്നും എല്ലാവരോടും പെരുമാറിയിരുന്നുള്ളൂ.
ഇന്ന് ഞാൻ പല പ്രമുഖരോടും വീട് മുണ്ടൂർ ആണെന്ന് പറയുമ്പോൾ അവരെല്ലാം മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ നാട്ടിലാണല്ലേന്ന് ചോദിക്കും. അപ്പോൾ ഞാനതെൻറെ വല്ല്യച്ഛനാണെന്ന് പറയുമ്പോൾ എനിക്കുള്ള അഭിമാനവും, അതിൻ്റെ പേരിൽ അവർ എന്നോട് കാണിക്കുന്ന ബഹുമാനവും , വാത്സല്യവും ഞാനിന്നും നുകരുന്നതോടൊപ്പം ആ സന്തോഷം മക്കൾക്കു പകരാനും ശ്രമിക്കുന്നു.
മറ്റുള്ളവർക്കെല്ലാം മുണ്ടൂർ കൃഷ്ണൻകുട്ടി പ്രഗൽഭനായ, പ്രശസ്തനായ ചെറുകഥാകൃത്താണെങ്കിലും എനിക്ക് വല്ല്യച്ഛനെന്നും ഒരു നല്ല സുഹൃത്തായിരുന്നു.
വല്ല്യച്ഛന് പ്രണാമം.