Site Loader

 

കോവിഡ്-19 രാജ്യത്തെത്തിയിട്ട് ആറു മാസം പിന്നിട്ടിരിക്കുന്നു. കോവിഡ് നമ്മുടെ ജീവിതമാകെ മാറ്റി മറിച്ചതോടോപ്പം പല ആഘോഷങ്ങളും ഇല്ലാതാക്കിയിരിക്കുകയോ, വീടിന്റെ നാലു ചുമരുകൾക്കുള്ളിലേക്ക് ഒതുക്കുകയോ ചെയ്തിരിക്കുന്നു.

വിഷു നാം ആഘോഷിച്ചത് ആഘോഷങ്ങളേതുമില്ലാതെ ആയിരുന്നു. ഇത്തവണ ഓണത്തിന്റെയും അവസ്ഥ വ്യത്യസ്തമല്ല.

യുവതലമുറയെ സംബന്ധിച്ചേടത്തോളം ആഘോഷങ്ങൾ അവരുടെ വ്യക്തിപരമായ വളർച്ചകൾക്കുള്ള കാരണങ്ങൾ കൂടിയാണ്. അതോടൊപ്പം തന്നെ അവരുടെ കലാപരമായ കഴിവുകൾ, സംഘടനാനേതൃത്വപരമായ അഭിരുചികൾ എന്നിവയൊക്കെ വികസിപ്പിച്ചെടുക്കാനും, ആത്മ വിശ്വാസത്തോടെ സമൂഹത്തിലെ കാര്യങ്ങളിൽ ഭാഗഭാക്കാനും അതു വഴി നല്ല പൗരന്മാരെ വാർത്തെടുക്കാനുമുള്ള പരിശീലന വേദികൾ കൂടിയാണ്. ആ സാദ്ധ്യതകളെ കോവിഡ് ഇല്ലാതാക്കിയോ?

ഇല്ല എന്ന് വേണം അനുമാനിക്കാൻ. നമ്മുടെ യുവത്വം ഇത്തവണത്തെ ഓണം പൂർവ്വാധികം ഭംഗിയാക്കി നടത്താനുള്ള ശ്രമങ്ങളിലാണ്. യുവചൈതന്യം എന്ന ഒരു കൂട്ടായ്മയിലൂടെ അവർ ഒത്തു കൂടുകയാണ്, ഓണാമാഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്.

മസ്തിഷ്‌ക അപചയരോഗങ്ങള്‍ നേരത്തെ നിര്‍ണയിക്കാന്‍ നൂതന സ്‌കാനിങ് വിദ്യയുമായി എത്തിയ, നമ്മുടെയും, മുഴുവൻ മലയാളികളുടെയും അഭിമാനമായി മാറിയ ഗവേഷകൻ ഡോ. പ്രമോദ് പിഷാരോടിയുമായി യുവചൈതന്യം നടത്തിയ പ്രത്യേക അഭിമുഖം ആണ് ഈ ലക്കത്തിലെ വിശിഷ്ട വിഭവം. ഇത്രയും വിജ്ഞാന പ്രദമായ ഒരു അഭിമുഖത്തിലൂടെ വളരെയധികം കാര്യങ്ങൾ നമുക്ക് മനസ്സിലാക്കി തരികയും, നമുക്കിടയിലെ വിജയസ്വപ്നങ്ങൾ കാണുന്ന യുവതയ്ക്ക് വിലയേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്ത അദ്ദേഹത്തിന് ഇനിയുമേറെ തിളക്കമാർന്ന വിജയങ്ങൾക്കായി എല്ലാ ആശംസകളും നേരുന്നു.

ലോകമെമ്പാടുമുള്ള മലയാളികൾക്ക്, ഓണം കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും പ്രതീകമാണ്. നമുക്കും ഒത്തു ചേരാം, ഇത്തവണ ഡിജിറ്റൽ മീഡിയാ സാദ്ധ്യതകളിലൂടെ.

ഏവർക്കും ഓണാശംസകൾ !

Leave a Reply

Your email address will not be published. Required fields are marked *