ആദ്യ യുവജനസംഗമം നടന്നത് 2002ലെ സമാജം സിൽവർ ജൂബിലിക്കായിരുന്നല്ലോ. അന്ന് ആ സംഗമം അത്രമേൽ യുവാക്കളുടെ പങ്കാളിത്തത്തോടും പൊലിമയോടും സംഘടിപ്പിച്ചതിന്റെ പൂർണ്ണ ബഹുമതി ബാബുവേട്ടനായിരുന്നു. ചെറിയൊരു സമുദായത്തിന്റെ, സാമ്പത്തിക പരാധീനതകൾക്കുള്ളിൽ നിന്ന് കൊണ്ട് സിൽവർ ജൂബിലി അത്രയും വിജയകരമാക്കിയത് അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും സംഘാടന പാടവവും ഒന്ന് കൊണ്ട് മാത്രമായിരുന്നു.
സമാജപ്രവർത്തനങ്ങളിലേക്ക് യുവാക്കൾ കടന്നുവരേണ്ടതിന്റെയും അവർ മുൻനിരയിൽ നിൽക്കേണ്ടത്തിന്റെയും ആവശ്യകത കണ്ടറിഞ്ഞു പ്രവർത്തിച്ചതിന്റെ പ്രഥമോദാഹരണം.
പിന്നീട് സമാജം ചരിത്രത്തിൽ നടന്ന ഓരോ പ്രധാനവും അപ്രധാനവുമായ പരിപാടികളിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണം “നിറമാല” തന്നെയായിരുന്നു. അതോടെ അദ്ദേഹം യുവതയുടെ ഇഷ്ട നായകനായിക്കഴിഞ്ഞു.
യുവാക്കളുടെ സഹവാസം എന്നും ഇഷ്ടപ്പെട്ട ബാബുവേട്ടൻ യുവാക്കൾക്കായി സമാജത്തിൽ ഒരു യുവജനസംഘടന രൂപീകരിക്കുന്നതിൽ അതീവ തല്പരനും, അതിന്റെ പ്രാരംഭ നടപടികൾക്കായി പലവട്ടം മുന്നോട്ടിറങ്ങുകയും ചെയ്തതാണ്. പക്ഷെ വിധിവൈപരീത്യം അദ്ദേഹത്തെ അതിനു തുണച്ചില്ല. അതിന്റെ പ്രാരംഭ നടപടികൾ ഭരണസമിതി നടത്തുന്നുണ്ടെന്നത് അങ്ങേയറ്റം സ്വാഗതാർഹം.
അദ്ദേഹത്തിന്റെ ഒന്നാം സ്മൃതി ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മേഖലയായ ചലച്ചിത്ര രംഗത്തെ പ്രമുഖരുടെയും സുഹൃത്തുക്കളുടെയും അനുസ്മരണങ്ങൾ ഉൾക്കൊള്ളിച്ച് യുവചൈതന്യം ജൂലൈ ലക്കം ബാബു നാരായണൻ അനുസ്മരണപ്പതിപ്പായി ഇറക്കുകയാണ്.
വെബ്സൈറ്റിനും യുവചൈതന്യം മാസികക്കും അദ്ദേഹം നൽകിയ പ്രോത്സാഹങ്ങൾ നന്ദിയോടെ സ്മരിക്കട്ടെ. ഓർമ്മകളുടെ മയിൽപ്പീലിക്കാവിൽ അദ്ദേഹത്തിന് മരണമില്ല.