Site Loader
ഗോപൻ പഴുവിൽ

ലോകത്തിന് എന്തൊരു സ്പീഡായിരുന്നു. ഘടികാര സൂചികൾ മേശപ്പങ്ക പോലെ കറങ്ങുകയായിരുന്നു.

ആർക്കും സമയമില്ല. ഒന്ന് ചിരിക്കാൻ, മിണ്ടാൻ, കേൾക്കാൻ, സ്നേഹിക്കാൻ. മക്കളെയും തിരിച്ച് മാതാപിതാ ക്കളെയും പരിഗണിക്കാൻ. ഞാനൊരാളില്ലെങ്കിൽ നാളെ ഭൂമി തല കീഴായി തകർന്ന് വീഴുമല്ലോ എന്ന് നമ്മളൊക്കെ ടെൻഷനടിച്ചിരുന്നു. മനുഷ്യൻ യന്ത്രമായി മാറിപ്പോയിരുന്നു.

അപ്പോഴാണ് ഒരു പൊടിയൻകുട്ടൻ, യന്ത്രത്തിന്റെ സ്വിച്ചു് പെട്ടെന്ന് ഓഫ് ചെയ്യുന്നത്. ജീവിതത്തിന്റെ സ്‌പീഡ്‌ ഇല്ലാതെയായി. സമയസൂചിയുടെ കറക്കം വളരെ പതുക്കെയായി. സ്വന്തം വീട്ടിലും അയല്പക്കത്തും വേറെയും ജനങ്ങളുണ്ടെന്ന് കുറെ പേരെങ്കിലും മനസ്സിലാക്കുന്നത് ഇപ്പോഴാണ് എന്ന് പറയുമ്പോൾ വലിയ അതിശയോക്തി ഒന്നും തോന്നേണ്ടതില്ല.

കോവിഡ്-19 പല പുതിയ ചിന്തകൾ തരുന്നുണ്ട്. അനുഭവം തരുന്നുണ്ട്. അറിവുകളും കാഴ്ചകളും കാഴ്ചപ്പാടുകളും തരുന്നുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും തരുന്നുണ്ട്.

പ്രളയകാലത്തും ഇപ്പോൾ ഈ വൈറസ് കാലത്തും ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ടതും പരിഹസിക്കപ്പെട്ടതും ദൈവങ്ങളാണ്. പ്രത്യേകിച്ച് ഈ സമയത്ത് അതിന്റെ തീവ്രത കൂടുതലായിരുന്നു എന്നും കാണാം. പരിഹസിച്ചവരെല്ലാവരും ചോദിച്ചത് എവിടെ രക്ഷകനായ ദൈവം? രക്ഷകർ എന്ന് വിളിച്ച ദൈവങ്ങളുടെ ക്ഷേത്രങ്ങൾ അടച്ചു. ഇപ്പോൾ ഇവിടെയുള്ളത് ഡോക്ടർമാരും നേഴ്സുമാരും മാത്രമാണ് ഈശ്വരന്മാർ (പ്രളയകാലത്ത് മൽസ്യത്തൊഴിലാളികൾ). ഇതൊക്കെയായിരുന്നു വാദമുഖങ്ങൾ.

ഈ ചോദ്യങ്ങൾക്ക് മുമ്പിലാണ് ഹൈന്ദവ മത ഗ്രന്ഥങ്ങൾ തുറന്ന് വെക്കേണ്ടത് എന്ന് തോന്നുന്നു. ഹിന്ദു മതത്തിന് പ്രചാരം നൽകി ഉയർത്തിയെടുത്ത ശങ്കരാചാര്യർ പ്രധാനമായി ഒരേയൊരു സിദ്ധാന്തമേ ചുണ്ടിക്കാണിച്ചിട്ടുള്ളു. അദ്വൈതം. ഭഗവദ്ഗീത പറയുന്നത് അത് ഞാൻ തന്നെ എന്നാണ്. തത്ത്വമസിയാകട്ടെ, അർത്ഥ ശങ്കയ്ക്ക് ഇട വരാത്ത വിധം അത് നീ തന്നെഎന്നും കാണിച്ച് തരുന്നുണ്ട്. അവക്കെല്ലാം ഒരേയൊരു സാരമേയുള്ളു. ദൈവം നമ്മളിൽ തന്നെയാണെന്ന് എന്ന സാരം. അതായത് ഈശ്വരൻ നമ്മൾ തന്നെയാണെന്ന്. ആ സിദ്ധാന്തത്തിന്റെ ഭാഗമല്ലേ അവതാരങ്ങൾ?

ഓരോ ആപൽഘട്ടത്തിലും ആ സന്ദർഭങ്ങൾക്കനുസരിച്ച് മത്സ്യമായും ആമയായും വരാഹമായും സിംഹത്തിന്റെ ശൗര്യവും ശക്തിയും ഉള്ള മനുഷ്യനായും വലിയ കുശാഗ്രബുദ്ധിയും ചെറിയ ശരീരമുള്ള വാമനനായുമൊക്കെ അവതാരങ്ങൾ ഉണ്ടായത്.

ദൈവ സങ്കല്പവും വിശ്വാസവും മാനവനന്മയെ ഉദ്ദേശിച്ചു മാത്രമാണെന്ന് കാണാം. അജ്ഞാതമായ ശക്തി എന്ന ചിന്ത ഭയവും ഉണ്ടാക്കും. ആദിമനുഷ്യന് പ്രകൃതിയിലെ പ്രതിഭാസങ്ങളായിരുന്നു ദൈവങ്ങൾ. ആചാരങ്ങളിൽ മാറ്റം വന്നെങ്കിലും ഇപ്പോഴും ആ ദൈവങ്ങളിൽ ഒട്ടുമിക്കവരും നമ്മുടെ വിശ്വാസങ്ങളിൽ ഉണ്ട്. കേരളത്തിലെ ആര്യാവർത്തത്തിൽ ബ്രാഹ്മണ്യം സർവ്വാധിപതികളായതിന്(ഭരണമല്ല ഉദ്ദേശിച്ചത്) ശേഷമാണല്ലോ ഭക്തി പ്രസ്ഥാനവും ക്ഷേത്രങ്ങളും അനിവാര്യമായത്. അതായത് ഈശ്വരന് ക്ഷേത്രം വേണമെന്ന് മതഗ്രന്ഥങ്ങൾ അനുശാസിച്ചിട്ടില്ലെങ്കിലും ബ്രാഹ്മണനാണ് അത് നിർബന്ധമാക്കിയത്.  അതേപ്പറ്റി കാര്യകാരണ സഹിതം വിശദികരിക്കാൻ ഒരുപാടുണ്ട്. പക്ഷെ നമ്മുടെ വിഷയം അതല്ല.

അങ്ങനെയെങ്കിൽ ക്ഷേത്രങ്ങളിൽ എന്തിന് പോകണം എന്നൊരു ചോദ്യംഉയരുന്നില്ലേ? പോകുക തന്നെ വേണം. നമ്മൾ തന്നെയാണ് ഈശ്വരൻ എന്ന ഹൈന്ദവ മത തത്വത്തിന്റെ നേർ രൂപമാണ് ക്ഷേത്രം. ക്ഷേത്രം എന്നാൽ ശരീരമാണ്. ഒരു മനുഷ്യൻ നീണ്ടു നിവർന്ന് കമിഴ്ന്ന് നമസ്കരിക്കുന്ന രീതിയിലാണ് ക്ഷേത്രനിർമ്മാണങ്ങൾ എന്ന് നമ്മൾ അറിഞ്ഞിട്ടുണ്ട്. ഏകാഗ്രതയിലൂടെ, ധ്യാനത്തിലൂടെ, ഭക്തിയിലൂടെ, പ്രാർത്ഥനയിലൂടെ നമ്മൾ പോലും അറിയാതെ നമ്മൾ  ഈശ്വരനിലെത്തുന്നു. നമ്മുടെ ശക്തി, ആത്മവിശ്വാസം, ശുഭ പ്രതീക്ഷകൾ എല്ലാം നമ്മളിൽ നിറയുന്നു. അല്ലെങ്കിൽ നമ്മളറിയാത്ത നമ്മളിലെ ദൈവ ചൈതന്യം അങ്ങനെ നമുക്കനുഭവമാക്കുന്നു. പക്ഷെ ക്ഷേത്രങ്ങൾ വാണിജ്യ വൽക്കരണത്തിന് പറ്റിയ മാധ്യമമാണെന്ന് കണ്ടെത്തിയ തല്പര കക്ഷികളാണ് വിശ്വാസങ്ങളെ ആ വഴിക്ക് തിരിച്ചു വിട്ടത്. യഥാശക്തി വഴിവാട് എന്നാണല്ലോ നമ്മൾഅറിഞ്ഞിട്ടുള്ളത്. ഒരു തുളസിയില പോലും ഈശ്വരന് ഏറ്റവും പ്രിയപ്പെട്ട വഴിവാടാണ്. പക്ഷെ രത്ന കിരീടങ്ങൾ വഴിവാട് നൽകി നാലായിരം രൂപക്ക് സ്‌പെഷൽ ദർശനത്തിന് ടിക്കറ്റെടുക്കുന്ന അജ്ഞാനങ്ങളാണ് മൊത്തം പരിഹാസങ്ങൾക്ക് കാരണമാകുന്നതെന്ന് ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിക്കാമെന്ന് തോന്നുന്നു.

എഴുതിത്തുടങ്ങിയത് കൊറോണകാലത്തെ കുറിച്ചാണ്. അറിയാതെ എത്തിയത് വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന വിഷയത്തിലേക്കാണ്. അതിന് കാരണം ഉള്ളിൽ തന്നെയുള്ള അമ്പലവാസിയാണ്.

കോവിഡ് കാലം നമുക്ക് പഠിപ്പിച്ച് തരുന്ന യാഥാർഥ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭാഷ സ്നേഹത്തിന്റേതാണ്. പല കുടുംബങ്ങ ളിലെയും അംഗങ്ങൾ പല നാടുകളിലായി പെട്ടു കിടക്കുകയാണ്. അന്യോന്യമുള്ള ആശങ്കകൾ വഹിച്ചു കൊണ്ട് തന്നെ നമുക്കിപ്പോൾ അയൽക്കാരനെ പറ്റി അന്വേഷിക്കാനാകുന്നുണ്ട്. രോഗാവസ്ഥയെ തടുക്കാനായില്ലെങ്കിൽ, അടച്ചു പൂട്ടൽ അനിശ്ചിതമായി നീണ്ട് പോയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തിനെ പറ്റി ആകുലപ്പെടാ നാകുന്നുണ്ട്. ഭക്ഷ്യ ധാന്യങ്ങൾ, പച്ചക്കറികൾ കിട്ടാതായാൽ എന്ത് ചെയ്യും എന്ന് ഇപ്പോഴേ കടന്ന് ചിന്തിക്കുന്നുണ്ട്. പുറത്ത്‌ ഒരു പാത്രത്തിൽ ഇത്തിരി വെള്ളവും ഭക്ഷണവും പക്ഷിമൃഗാദികളുടെ വിശപ്പും ദാഹവും മുന്നിൽ കണ്ട് സൂക്ഷിക്കുന്നുണ്ട്. സദ്യയുണ്ടതിന് ശേഷം കൈ കഴുകുന്ന സ്ഥലം അന്വേഷിച്ചിരുന്ന നമ്മളിപ്പോൾ തുടരെത്തുടരെ കൈകൾ കഴുകിക്കൊണ്ടിരിക്കുന്നുണ്ട്. അടുത്തിരി ക്കുന്നയാൾ വെറുതെയൊന്ന് ചുമച്ചാൽ മുഖപടം ഒന്ന് കൂടെ വലിച്ചിട്ട് നമ്മൾ നെറ്റി ചുളിക്കുന്നുണ്ട്.

സമയധാരാളിത്തത്തിന്റെ വിലയും ഇപ്പോൾ നമുക്കറിയാം. രാജ്യത്തിന്റെയും ലോകത്തിന്റെയും സാമ്പത്തിക അടിത്തറ തകരുന്നതിനെ പറ്റി നമുക്കിപ്പോൾ പേടിയുണ്ട്.

സർവ്വോപരി മറ്റൊരു വലിയ സത്യവും ഇപ്പോൾ നമുക്ക് മനസ്സിലാകുന്നുണ്ട്.

കൊട്ടാരത്തിൽ ശയിക്കുന്ന അംബാനിയുടെയും തെരുവിൽ കിടക്കുന്ന യാചകന്റേയും അവസ്ഥ ഇപ്പോഴെങ്കിലും ഒന്നാണെന്ന്.

ലോകത്തിന്റെ അധിപതിയാകാൻ മനുഷ്യന് മാത്രമല്ല ഒരു സൂക്ഷ്മ കണികക്ക് പോലും സാധ്യമാണെന്ന്.

അതെ. ഈ വൈറസ്സ് മുന്നറിയിപ്പിന്റെ അടയാളമാണ്.

പക്ഷെ നമ്മൾ ആ അടയാളവും മറക്കുമല്ലോ. അല്ലേ..?

മൊബൈൽ ഫോണിലെ മലയാളം ഫോണ്ടിൽ ഈ വാചകങ്ങൾ കുത്തിക്കൊണ്ടിരിക്കെ സമയം വൈകീട്ട് ആറു മണി.

ടിവിയിലിപ്പോൾ കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ്. എല്ലാ വാർത്താ ചാനലുകളിലും അദ്ദേഹം തന്നെയാണ്. ലോകമാസകലമുള്ള മലയാളികൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാത്തിരിക്കുകയാണെന്ന് ചാനലുകാർക്ക് നന്നായറിയാമല്ലോ.

എത്ര അനായാസമായി, വരാവുന്ന ചോദ്യങ്ങൾക്കെല്ലാം മുൻകൂർ മറുപടി പോലെ വിശദമായി, യാതൊരു നാക്കുളുക്കലുമില്ലാതെ,ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം മീഡിയക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നത്. സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും സൂക്ഷ്മമായ പ്രശ്നങ്ങൾ വരെ ഉൾക്കൊണ്ട് അതിനുള്ള പരിഹാരങ്ങൾ നിരത്തുന്നത് നമ്മൾ സന്തോഷത്തോടും അഭിമാനത്തോടും കണ്ടങ്ങിനെ ഇരുന്നുപോകും. മുഖ്യമന്ത്രിയുടെ ഓരോ ദിവസത്തെയും വാക്കുകൾ നൽകുന്ന ഊർജ്ജത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മൂല്യമളക്കാൻ അളവുകോലില്ല എന്നതാണ് സത്യം. ഇക്കാര്യത്തിൽ ഒരു കേരള മോഡൽ തന്നെ മുഖ്യ മന്ത്രി തീർത്തു കഴിഞ്ഞു.

ഇക്കാര്യത്തിൽ പ്രധാന മന്ത്രിയും ഒട്ടും വ്യത്യസ്തമല്ല എന്ന് കാണാം. ലോകത്തിന്റെ ബോസ് എന്ന് സ്വയം വിശ്വസിച്ച് എല്ലാ രാജ്യങ്ങളെയും വിരട്ടി നിർത്തിയിരിക്കുന്ന അമേരിക്ക പക്ഷെ കോവിഡിന്റെ മുമ്പിൽ സ്വയം വിരണ്ടു പോയത് നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്. വമ്പന്മാരായ ഇറ്റലിയും, ഇറാനുമൊക്ക വിറക്കുകയാണ്. അവരുടെ മുന്നിലാണ് കടുത്ത നിയന്ത്രണം എന്ന ഒറ്റ മൂലികയിലുടെ കോവിഡിനെ പരമാവധി പിടിച്ചു കെട്ടിയിരിക്കുന്നത്. കോവിഡ് ബാധിതനായ പാക്കിസ്ഥാൻ പ്രധാനമന്ത്രി പോലും നമ്മുടെ പ്രധാനമന്ത്രിയെ ഇക്കാര്യത്തിൽ പുകഴ്ത്തുകയാണെന്നറിയുക. നമ്മുടെ കുടുംബാംഗങ്ങൾ കേരളത്തോടൊപ്പം തന്നെ രാജ്യത്തിന്റെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലുമുണ്ട്.

ശക്തനായ പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും വിശ്രമമില്ലാതെ ജാഗരുകരായി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയും, ആരോഗ്യവകുപ്പും ഒരു വലിയ രക്ഷാമതിൽ പോലെ നമുക്ക് ചുറ്റുമുണ്ട്.

തിരിച്ച് അവർ ഒന്നേ ആവശ്യപ്പെടുന്നുള്ളു.

നമ്മുടെ സഹകരണം. അത് മാത്രം മതി.

 

2 Replies to “കോവിഡൻ കണ്ടറിയിച്ചത്.. കൊണ്ടറിയിച്ചതും”

  1. കോവിഡചിന്തകൾ നന്നായി.

    കോ വിദ് എന്നൊരു ഉപനിഷദ് ചോദ്യമുണ്ട്. ആരാണ് വിദ്വാൻ എന്നതാണ് ഭാഷ.
    ഉദ്ദരേതാത്മനാത്മാനം എന്നതറിയുന്ന കാലാതീതമായ ജ്ഞാനം അറിഞ്ഞവൻ തന്നെ വിദ്വാൻ.

    എന്നാൽ സോപ്പിട്ട്കൈ കഴുകി വൈറസിൽ നിന്നും രക്ഷപ്രാപിക്കാനുള്ള അറിവാണ് ഇക്കാലത്തെ ഏറ്റവും വലിയ അറിവ്. സ്വയംരക്ഷിക്കാം. എല്ലാവരിൽ നിന്നും അകന്നു നിന്ന് അവരേയും രക്ഷിക്കാം. കോവിഡനെ പറഞ്ഞയക്കാം.

    ആരോഗ്യ പ്രവർത്തകരെ വാഴ്ത്താം. നന്നായി എഴുതിയതിന് രചയിതാവിന് സ്വാസ്ഥ്യം നേരാം..

Leave a Reply

Your email address will not be published. Required fields are marked *