അഭിമുഖം
മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള ഭാഷ വളരുന്നില്ലെന്ന് പൊതുവെ പറയുന്നുണ്ടല്ലോ? എന്താണ് അതിനു കാരണം ?
മലയാള ഭാഷയെ സംബന്ധിച്ചുള്ള പ്രശ്നം പ്രധാനമായും പുതിയവാക്കുകൾ ഉണ്ടാവുന്നില്ല എന്നതാണ്. ശ്രദ്ധിച്ചു നോക്കു, നമ്മൾ വളരെക്കുറച്ചു പരിചിതമായ വാക്കുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളു. അതു കൊണ്ടു തന്നെയാണ് ഭാഷ വളരാത്തത്. പിന്നെ പുതു തലമുറക്ക് ജീവിതത്തിന്റെ പ്രായോഗികതയിലാണ് കൂടുതൽ ഊന്നൽ. അതിനാൽത്തന്നെ കേരളത്തിൽ മലയാളം പഠിക്കാതെ ഒരു കുട്ടിക്ക് ബിരുദമെടുക്കാനാവും. ഇത് മറ്റു രാജ്യങ്ങളിൽ എവിടെയും കഴിയില്ല. മാതൃഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു പത്തു വർഷം മുമ്പ് ആശയവിനിമയം കത്തുകളിലൂടെയായിരുന്നു നടന്നിരുന്നത്. ഇന്നത് മാറി. അതു കൊണ്ടു തന്നെ ഭാഷയുടെ പ്രയോഗവും മിതമായി. ഇതും ഒരു പരിധി വരെ ഭാഷ വളരാതിരിക്കാൻ കാരണമായിട്ടുണ്ട്.
സമകാലിക കവിതകൾ പലതും ഗദ്യരൂപത്തിലാണ് കാണുന്നത്. ഈ
പ്രവണത മലയാള കവിതക്കുണ്ടാക്കിയ വ്യത്യാസം എന്താണ് ?
കവിത പദ്യ രൂപത്തിലായാലും ഗദ്യരൂപത്തിലായാലും കുഴപ്പമില്ല. പ്രമേയം എങ്ങിനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. ഉള്ളില്ലാത്ത കവിത അത് ഗദ്യരൂപത്തിലായാലും, പദ്യരൂപത്തിലായാലും വായനക്കാർ സ്വീകരിക്കില്ല. പല കവിതകളും അതുകൊണ്ടുതന്നെയാണ് വായനക്കാർ തള്ളിക്കളഞ്ഞ് അപ്രത്യക്ഷമാവുന്നത്.
പുതിയ കവികൾ പലരും മന:പൂർവ്വം കവിതയിൽ വക്രത കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അങ്ങിനെ വന്നാൽ അത്തരം കവിതകൾ വായനക്കാർ നിഷ്കരുണം തിരസ്കരിക്കുന്നതായി കാണാം. കവിതയിൽ സ്വാഭാവികമായി വക്രത വന്നു ചേരുകയാണെങ്കിൽ കുഴപ്പമില്ല. അത് കവിതക്കിണങ്ങിയതായി മാറും. അല്ലാതെ മന:പൂർവ്വം ശ്രമിച്ചാൽ അത് കവിതയെ വികലമാക്കുകയെ ഉള്ളൂ.
അതു പറഞ്ഞപ്പോഴാണ്, നാറാണത്തു ഭ്രാന്തന്റെ 28മത് പതിപ്പ്
അടുത്തയിടെ ഇറങ്ങിയല്ലോ? ഒരു പക്ഷെ മലയാളത്തിൽ ഇറങ്ങിയ
കവിതാസമാഹാരങ്ങളിൽ ഏറ്റവുമധികം പതിപ്പുകളിറങ്ങിയത്
ഇതിന്റേതായിരിക്കും, അല്ലേ ?
അതെ. കൂടുതൽ പതിപ്പുകളുടെ കാര്യത്തിൽ മാത്രമല്ല, ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകവും ഇതു തന്നെ. വളരെക്കുറച്ചു കാലത്തിനിടക്ക് ഇത്രയധികം പതിപ്പുകൾ, രമണന്റെ പോലും വില്പ്പനയിലധികം. അതിൽ സന്തോഷമുണ്ട്.
വായന പൊതുവെ കുറഞ്ഞിട്ടു കാലമാണല്ലോ? ഇത്തരം അവസ്ഥയിൽ ഈ കവിതയുടെ വിജയം തികച്ചും അഭിമാനിക്കാവുന്നതല്ലേ ?
തീർച്ചയായും. സന്തോഷമുണ്ട്. വായന പൊതുവെ കുറഞ്ഞു എന്നത്
ശരിയാണ്. പക്ഷെ, വായന ഗൗരവമായി ഏടുക്കുന്നവർ ഇന്നും
ധാരാളമുണ്ട്. കാരണം, നാറാണത്തു ഭ്രാന്തൻ എഴുതിയത് എൺപതുകളുടെ ആദ്യത്തിലാണ്. അന്നെല്ലാം ധാരാളം വായനശാലകളും വായനക്കാരും ഉണ്ടായിരുന്നു. പക്ഷെ, ഈ കവിത ശ്രദ്ധേയമായത് തൊണ്ണൂറുകളിലാണ്.
കവിതകൾ ആശയങ്ങൾ നേരിട്ട് വായനക്കാരിലേക്കെത്തിക്കുന്നതാണ് പുതിയ ഒരു പ്രവണതയായി കാണുന്നത്. അതായത് കുറഞ്ഞ വാക്കുകളിൽ കൂടുതൽ ഫലിപ്പിക്കുക. അതു കൊണ്ടു തന്നെ യായിരിക്കാം കൂടുതലും ഗദ്യരൂപത്തിലാണ് പുതു കവിതകൾ പിറക്കുന്നത്. നമ്മുടെ ജീവിതത്തിലും പ്രകൃതിയിലുമെല്ലാം നിറഞ്ഞ ഈണത്തെയും, താളത്തെയും മാറ്റിനിർത്തി കവിത രചിക്കുമ്പോൾ അത് മനസ്സിൽ നിന്ന് അകന്നു പോകുന്നതായി തോന്നുന്നില്ലേ ?
ഞങ്ങൾ വായിച്ചു ശീലിച്ചത് പഴയ കവിതകളാണ്. എഴുത്തച്ഛന്റെയും മറ്റും. അത് എന്റെ കവിതയെ പ്രത്യക്ഷമായും അല്ലാതെയും സ്വാധീനിച്ചിട്ടുണ്ട്. ആഖ്യാനത്തിലും മറ്റും പുതിയ പല പരീക്ഷണങ്ങളും നടത്താറുണ്ടെങ്കിലും, ഇപ്പോഴും പഴമയിലൂന്നി
കവിതയെഴുതാനാണെനിക്കിഷ്ടം. കാരണം, മനസ്സിൽ കവിത വന്നു
നിറയുന്നതു തന്നെ ഈണവും താളവുമെല്ലാമുള്ള സമ്പൂർണ്ണ രൂപമായാണ്. വാക്കുകൾ മാത്രമായി തോന്നുക പതിവില്ല. അതിനാൽ മനസ്സിലുള്ള രൂപത്തെ അതേ പോലെ അവതരിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്.
“വഴിയേതച്ഛാ? നിന്റെ സംഭീതസ്വരം, ഞാനോ, പൊലിഞ്ഞ വാക്കായ്
നില്പ്പൂ നിൻ വഴിയേകേണ്ടുന്നോൻ“.. അങ്ങയുടെ വിഷമദശാന്തരം എന്ന കവിതയുടെ തുടക്കം അശാന്തിയുടെ ഈ പ്രതിഫലനം പല കവിതകളിലും മുഴച്ചു നില്ക്കുന്നുണ്ടല്ലോ ?
ശരിയാണ്. നമ്മുടെയെല്ലാം ആദ്യകാലങ്ങളിൽ നമുക്കു നല്കാനായി
പിന്മുറക്കാർ പലതും കരുതി വെച്ചിരുന്നു. എന്നാൽ, ഇന്നത്തെ അവസ്ഥ അതല്ല. വഴിയേറെ നടന്നു കഴിഞ്ഞിട്ടും വരും തലമുറക്ക് വഴികാട്ടാൻ നമുക്കാവുന്നില്ല. ഈ അവസ്ഥ പല കവിതകളിലും കാണാൻ കഴിയും. നമ്മൾ ജീവിക്കുന്ന ഇന്നിനെക്കുറിച്ച് ബോധവാനാവാതിരിക്കാൻ കഴിയില്ലല്ലോ? സമൂഹത്തിൽ ആരും കാണാതെ പോവുന്നത് കാട്ടിക്കൊടുക്കേണ്ട ചുമതല കവിക്കുണ്ട്. അതു കൊണ്ട് ചുറ്റുപാടുകളിൽ നല്ല ശ്രദ്ധ വേണം.
പ്രശസ്ത കവി പ്രൊ. വി മധുസൂദനനൻ നായരുമായി ശ്രീ രാമദാസ് നടത്തിയ കൂടിക്കാഴ്ചയിൽ നിന്നും
(2006 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
നല്ല ചോദ്യങ്ങള്. മികച്ചതായി
നന്നായി .വായനക്കാർ കേൾക്കാൻ ആഗ്രഹിച്ച ല ചോദ്യങ്ങൾ തന്നെ ചോദിച്ചു.