ചിത്രകലയിൽ തൻറെതായ ഒരിടം സൃഷ്ടിച്ച ഒരു അനുഗൃഹീത കലാകാരനാണ് ശ്രീ സന്തോഷ് മാവൂർ.
ചുമർ ചിത്രകലയിൽ ഗുരുവായൂർ ദേവസ്വത്തിൻറെ കീഴിലുള്ള അഞ്ചു വർഷത്തെ ദേശീയ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കി, പിന്നീട് 15 വർഷത്തോളമായി ചിത്രകലാ രംഗത്ത് പ്രവർത്തിക്കുകയും, ഇതിനകം തന്നെ ഗുരുവായൂർ ക്ഷേത്രം തുടങ്ങി പല പ്രസിദ്ധ ക്ഷേത്രങ്ങളുടെയും, പതിനേഴോളം, ചുമർ ചിത്ര പുനഃരാവിഷ്കരണങ്ങളിൽ പങ്കാളിയായി വരക്കാൻ ഭാഗ്യം സിദ്ധിച്ച ഈ കലാകാരനെ നമുക്കൊന്ന് പരിചയപ്പെടാനുള്ള അവസരമൊരുക്കുകയാണ് യുവചൈതന്യം.
എടപ്പാൾ തട്ടാൻ പടിയിൽ കളത്തിൽ പിഷാരത്ത് പരേതനായ രാമചന്ദ്ര പിഷാരോടി യുടെയും, കോഴിക്കോട് ജില്ലയിലെ മാവൂരിലെ ചിറ്റാരി പിഷാരത്ത് അമ്മിണി എന്ന നാരായണി പിഷാരസ്യാരുടെയും ആറു മക്കളിൽ അഞ്ചാമത്തെ പുത്രനായ ശ്രീ സന്തോഷ്, പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് യൂണിവേഴ്‌സൽ ആർട്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും കേരള ഗവണ്മെന്റ് നടത്തുന്ന ഡ്രോയിങ് ആൻഡ് പെയിന്റിംഗ് കോഴ്സ് പാസായി ഗുരുവായൂർ ദേവസ്വത്തിൻറെ കീഴിലുള്ള മ്യൂറൽ ആർട്ട്സ് കോഴ്‌സിൽ ചേരുകയായിരുന്നു. 2005 ൽ ഡിപ്ലോമ നേടിയ ശേഷം പൂർണ്ണമായും ചിത്രകലാ രംഗത്തേക്ക് തിരിഞ്ഞ സന്തോഷ് ഇന്ന് ഏറെ തിരക്കുകളുള്ള ഒരു ചിത്രകാരനാണ്. അവിവാഹിതനാണ്.
ശ്രീ സന്തോഷുമായി യുവചൈതന്യം പത്രാധിപസമിതിയംഗം ടി പി ശശികുമാർ നടത്തിയ അഭിമുഖത്തിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു.
ലോക ചുമർ ചിത്രരചനാ രീതിയിൽ നിന്നും വ്യത്യസ്തമാണോ കേരളീയ ചുമർ ചിത്രങ്ങളുടെ ശൈലി?
ഇവിടത്തെ ചുമർചിത്രകല (Mural Painting) എന്നു പറയുന്നത് കേരളത്തിൻറെ പാരമ്പര്യ ചിത്രകലയുടെ ഭാഗമാണ്. ഇത് കളമെഴുത്ത് എന്നു പറയുന്ന, നമ്മുടെ ദ്രാവിഡ സംസ്കാരത്തിൽ നിന്ന് വന്നിട്ടുള്ള, അഞ്ചു നിറങ്ങൾ ഉപയോഗിച്ച് ഉള്ള ഒരു ചിത്രകലയാണ്. “ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റു” എന്നു പറയപ്പെട്ട ഒരു കാലഘട്ടത്തിലെ, ആ ഒരു പഴഞ്ചൊല്ലിനെ അടിസ്ഥാനമാക്കി, ചുമരിൻറെ മുകളിൽ വരച്ചിരിക്കുന്നത് മാത്രമാണ് ചിത്രകല എന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിന്റെ, ചിത്രകലാ ശൈലിയാണിത്. ഏകദേശം ഒരു മുന്നൂറ് നാനൂറ് വർഷങ്ങൾക്കു മുന്നേയുള്ള ചിത്രങ്ങളാണ് ഇന്ന് കാണപ്പെടുന്നത്. രാജ കൊട്ടാരങ്ങളുടെ ചുവരുകളിലും അമ്പലങ്ങളിലും പള്ളികളിലും ശ്രീകോവിലിന്റെ മുകളിലും മാത്രമേ ഇത് കാണപ്പെട്ടിരുന്നുള്ളൂ. കാരണം പൊതുവായിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇത് വരച്ചിരുന്നത്.
ഇത് വരച്ചിരുന്നതാകട്ടെ, ധ്യാനശ്ലോകങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് അന്നത്തെ കാലത്ത് വരച്ചിരുന്നത്. അതു കൊണ്ടു തന്നെയാണ് ഇതൊരു പുണ്യ പ്രവൃത്തി, അല്ലെങ്കിൽ ഒരു പുണ്യമായി കരുതിയിരുന്നത്. വ്രതമെടുത്തിട്ടൊക്കെയായിരുന്നു അക്കാലത്ത് വരച്ചിരു ന്നത്. അതു കൊണ്ട് തന്നെ, സാധാരണ വീടുകളിലൊക്കെ വരച്ചു കഴിഞ്ഞാൽ അതിൻറെ ഒരു ശക്തി പോകും, അഥവാ അതിൻറെ പവിത്രത പോകും എന്ന തോന്നലു കൊണ്ടായിരിക്കാം ഇത് ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും പള്ളികളിലും മാത്രമായി ഒതുങ്ങിയതും.
ഹൈന്ദവ സംസ്കാരത്തിൻറെ കഥകളാണെങ്കിലും അല്ലാത്തതാണെങ്കിലും, കോട്ടയത്തൊക്കെ ചെറിയ പള്ളികളിലടക്കം ഇവ കാണപ്പെടുന്നുണ്ട്. കളമെഴുത്തിൽ നിന്ന് വന്നിട്ടുള്ള അഞ്ചു നിറങ്ങളുപയോഗിച്ചുള്ള ചിത്രകലയാണ് ഇത്. ഇത് നമ്മുടെ കേരളത്തിൻറെ ട്രഡീഷണൽ മ്യൂറൽ പെയിന്റിംഗ് ആണ്. എല്ലാ സംസ്ഥാനങ്ങൾക്കും അവരുടേതായ പരമ്പരാഗത ചിത്രകലാ രീതിയുണ്ട് . കേരളത്തിൻറെ ചുമർചിത്ര കല എന്നു പറയുന്നത് ഈ അഞ്ചു നിറങ്ങളുപയോഗിച്ചുള്ള, വളരെ കഷ്ടപ്പെട്ടു പഠിക്കേണ്ട ഒരു ശൈലീകൃത ആർട്ട് ആണ്. ആദ്യം ചുമര് തയ്യാറാക്കി യിട്ടു വേണം ചിത്രം വരക്കേണ്ടത്. പണ്ടത്തെ കാലത്ത് ഇപ്പോൾ കിട്ടുന്ന Synthetic (കൃത്രിമ) നിറങ്ങളൊന്നും ഇല്ലായിരുന്നു.
കടലാസില്ലാത്ത ഒരു കാലഘട്ടമായിരുന്നതു കൊണ്ട്, ചുമരിൽ
മാത്രമേ വരക്കാൻ അറിയുമായിരുന്നുള്ളു. ഗുഹാ ചിത്രങ്ങളൊക്കെയാണ് ആദ്യത്തെ ചിത്രങ്ങളെന്ന് പറയാവുന്നത്. അജന്ത ഗുഹാ ചിത്രങ്ങളും, കേരളത്തിലുള്ള ഇടക്കൽ ഗുഹാ ചിത്രങ്ങളും അതിനൊക്കെ ഉദാഹരണങ്ങളാണ്. ഭാഷാ സംസ്കാരം വരുന്നതിനു മുന്നേ ചിത്രം വരച്ചു കൊണ്ടായിരുന്നു ആളുകൾ സംവദിച്ചിരുന്നത്. പിന്നീട് കാലാന്തരത്തിൽ പേപ്പറുകളിലേക്കും കാൻവാസുകളിലേക്കും അവ മാറുകയായിരുന്നു.
ഗുരുവായരിൽ ഒരിക്കൽ തീപ്പിടുത്തമുണ്ടാവുകയും ചുമർചിത്രങ്ങളൊക്കെ നശിക്കുകയും ചെയ്തപ്പോൾ ഇവ എങ്ങനെ യാണ് പുനർ നിർമ്മിക്കണ്ടത് എന്ന് ദേവസ്വം ചിന്തിക്കുകയും, അങ്ങനെ ഇതറിയാവുന്ന ചിലരെ കണ്ടെത്തുകയും അത് വീണ്ടും വരക്കുകയുമാണുണ്ടായത്. അതിനു ശേഷമാണ്, വാദ്യകലകളുടെ കൂട്ടത്തിൽ ഈ ഒരു കലയും ദേവസ്വം പഠിപ്പിച്ചു തുടങ്ങിയത്. ഇത് പഠിച്ചെടുക്കാൻ തന്നെ അഞ്ചു വർഷത്തെ കഠിനാദ്ധ്വാനം വേണം. അതിനൊരു ശൈലീകൃതം വേണം, ധ്യാനശ്ലോകങ്ങൾ വേണം.
ചുമർചിത്രങ്ങളിൽ കണ്ടിരിക്കുന്നത് അധികവും പുരാണ കഥാപാത്രങ്ങളാണ്. അതെന്തുകൊണ്ടാണ്?
പുരാണ കഥാപാത്രങ്ങളെ മാത്രം എന്താണ് വരക്കുന്നത് എന്നു ചോദിച്ചാൽ, അന്നത്തെ കാലത്തുള്ള ഭാവന അതു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് വേണം കരുതാൻ. പുരാണങ്ങളെ വളരെ പവിത്രമായി കണ്ടിരുന്ന ഒരു സംസ്കാരമായിരുന്നു അന്നത്തേത്. ഇന്നത്തെ കാലഘട്ടത്തിലെ വേഷഭൂഷാദികളൊന്നും ഇല്ലായിരുന്നു. ദൈവങ്ങൾക്ക് ഒരു അമൂർത്തത കാണിക്കാൻ വേണ്ടിയിട്ടായിരിക്കും, താലമാന കണക്കുകളും മറ്റും വെച്ച് സാധാരണ മനുഷ്യരെ പ്പോലെയുള്ള ദൈവങ്ങൾ വേണ്ട, അവരൊക്കെ ഒരു ദൈവീകത ഉള്ളവരാണ്, സാധാരണ മനുഷ്യരുടെ മാതിരി വരക്കരുത്, എന്ന സങ്കൽപ്പങ്ങളായിരിക്കാം, ചുമർ ചിത്രങ്ങളെ ഈ കാണുന്ന ശൈലിയിലേക്കെത്തിച്ചതെന്ന് തോന്നുന്നു.
ചുമർ ചിത്രകലയിൽ കാലാന്തരങ്ങളായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ. ഇന്നും പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന വർണങ്ങൾ തന്നെ ഉപയോഗിച്ച് അന്നത്തെ രീതിയിൽ തന്നെയാണോ ചിത്രങ്ങൾ വരക്കുന്നത്?
പ്രകൃതിദത്ത (natural color) എന്നു പറയുന്ന നിറങ്ങളിലാണ് പണ്ട് ഇവ വരച്ചിരുന്നത്. ഇന്നും traditional ആയി വരക്കുമ്പോൾ വരക്കുന്ന ശൈലി ഇതുതന്നെയാണ്. ആദ്യം മഞ്ഞ, പിന്നെ ചുവപ്പ്, പിന്നെ നീല, അതിനു ശേഷം പച്ച, പിന്നെ കറുപ്പ് അങ്ങനെ വരുന്ന അഞ്ചു നിറങ്ങളുടെ ഒരു മായാപ്രപഞ്ചമാണ് ഇത്. നിറത്തിൽ ചുമരിന്റെ നിറമായ വെള്ള തന്നെയാണ് background ആയി ഉയോഗിക്കുന്നത്. വെള്ള നിറം ഇതിൽ പ്രത്യേകമായി ഉപയോഗിക്കുന്നില്ല.
അങ്ങനെയൊക്കെയുള്ള ഒരു പാരമ്പര്യ വഴിയാണിത്. വരക്കുന്ന ശൈലി തന്നെ കുറെ പഠിച്ചെടുക്കാനുണ്ട്. ഒഴുക്കുകൾ, ഒഴുക്കൻ രേഖകൾ, ബ്രഷു കൊണ്ട് വരച്ചെടുക്കേണ്ട രേഖകൾ, അതുപോലെ അതിലുപയോഗിക്കുന്ന വേഷ ഭൂഷാദികളൊന്നും ഇന്നു കാണുന്നതല്ല. അതെന്താണ്, ഏതാണ് എന്നതിനൊക്കെ ഒരു പരിധിയുണ്ട്. അതുപോലെ, നിറത്തിലും ചില കണക്കുകളും കാര്യങ്ങളുമൊക്കെയുണ്ട്. നമ്മുടെ അധികം ഭാവനയൊന്നും ഉപയോഗിക്കാൻ പറ്റുകയില്ല. അതു തന്നെയാണ് അതിൻറെ ഭംഗിയും. കല്ലിൽ നിന്നും ഇലകളിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന നിറങ്ങളാണ് പണ്ട് ഉപയോഗിച്ചിരുന്നത്. അവയിൽ വേപ്പിൻറെ പശ കൂട്ടിയിട്ടായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നത്. അതു കൊണ്ടു തന്നെ അവ washable ആയിരുന്നു. വെട്ടുകല്ലിൻറെ, സൗപർണ്ണികാ നദിയുടെ തീരത്തു നിന്നു കിട്ടുന്ന പ്രത്യേക തരം കല്ലുകൾ ശേഖരിച്ച്, ചളി കളഞ്ഞ്, കഴുകി വൃത്തിയാക്കി, കാവി നിറത്തിലുള്ള മഞ്ഞയും, കാവി നിറത്തിലുള്ള ചുവപ്പുമൊക്കെ വേർ തിരിച്ച് അരച്ച് അതിൽ വേപ്പിൻറെ പശയെല്ലാം കൂട്ടിയിട്ടൊക്കെയാണ് മഞ്ഞ, ചുമപ്പ് നിറങ്ങൾ ഉണ്ടാക്കിയിരുന്നത്. നീല നിറത്തിന് നിലക്ക് കട്ടനീലവും, പച്ചക്കക്ക് നീല അമരിച്ചെടിയുടെ ഇലകൾ ഇരവിക്കറ ചേർത്ത് അരച്ചതും , കറുപ്പിന്, നല്ലെണ്ണയിൽ ജ്വലിപ്പിച്ച ദീപനാളത്തിൽ നിന്നുമുള്ള കാർബൺ(കരി) വേപ്പിൻ പശ ചേർത്ത് അരച്ചതും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. മുളംതണ്ടിന്മേൽ പുല്ലു (ഈയാംപുല്ല്) പുഴുങ്ങി, ഉണക്കി കെട്ടിയുണ്ടാക്കിയ ബ്രഷുകളായിരുന്നു പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നത്. ഇതൊക്കെയായിരുന്നു പണ്ടത്തെ ചുമർ ചിത്രങ്ങളുടെ ശൈലി. വർഷങ്ങളോളമെടുത്തായിരുന്നു അവ വരച്ചിരുന്നത്. ഇപ്പോൾ ആ രീതി ആകെ മാറി. ചുമർ തയ്യാറാക്കിയുള്ള, കുമ്മായവും മണലും ഒക്കെ അരച്ച് ഉള്ള, രീതിയൊക്കെ മാറി. ഇന്ന് അതിനൊന്നും ആരും തയ്യാറല്ല. വളരെ ബുദ്ധിമുട്ടാണ് അപ്രകാരം വരക്കാൻ. പെട്ടെന്ന് ഒരു ചുമർ ചിത്രം വരക്കാൻ സാദ്ധ്യമല്ല. വർഷങ്ങളുടെ കഠിനാദ്ധ്വാനം വേണം. അങ്ങിനെ വല്ലവരും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് അതിന്റെ പാരമ്പര്യ നിയമ പ്രകാരം വരികയുമില്ല. കാരണം ആദ്യം മഞ്ഞ വെച്ചിട്ടു തന്നെ നമുക്ക് ചുമപ്പ് ചെയ്യാൻ പറ്റൂ. അവസാനമേ കറപ്പ് ചെയ്യാനാവു. അത്തരം നിയതമായ ക്രമ വഴികളും രീതികളും വിട്ട് ഇവ ചെയ്യാൻ ആവില്ല. അത് കൊണ്ട് തന്നെ അഞ്ചു വർഷത്തെ കഠിനാദ്ധ്വാനം കൊണ്ട് തന്നെ ഇത് സ്വായത്തമാകാനാവൂ.
എന്നാൽ ഇന്ന് നിറങ്ങളുടെ കാര്യത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. Acrylic Paint കളുംWater Colourകളും മറ്റും ഉപയോഗിച്ചു തുടങ്ങി.
കൂടാതെ അടുത്ത കാലത്തായി ചുമർ ചിത്രങ്ങൾക്ക് വീണ്ടും പ്രചാരം സിദ്ധിച്ച അവസരത്തിൽ, പലരും അവരുടെ പുതുതായി നിർമ്മിച്ച ഗൃഹങ്ങളിലും മറ്റും പൂജാമുറികൾക്ക് മുമ്പിലോ അല്ലെങ്കിൽ ഉത്തമമെന്ന് കരുതുന്ന ചുമരിൽ ഈ രീതിയിൽ ചിത്രങ്ങൾ ആലേഖനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
ഇത്തരുണത്തിൽ പറയേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. ഈ ചിത്രങ്ങൾ വരച്ചു തീരുന്നതു വരെയേ അത് കലാകാരൻറെതാകുന്നുള്ളു. അതിനപ്പുറം, അത് ദേവാലയത്തിലാണെങ്കിൽ അത് ദേവന്റെയാണ്, അല്ലെങ്കിൽ ഗൃഹനാഥൻറെയാണ്. അത് കൊണ്ട് തന്നെ ഈ സൃഷ്ടിക്കു മുമ്പായി ദേവൻറെ, അല്ലെങ്കിൽ ഗൃഹനാഥൻറെ ആജ്ഞ തേടുന്ന ഒരു ചടങ്ങും, അതേ പോലെ അങ്ങേയറ്റം ശ്രദ്ധയോടും ധ്യാനത്തോടും ചെയ്യുന്ന ഈ പ്രവൃത്തിക്കു ശേഷം ഏറ്റവും ഒടുവിലായി കണ്ണിലെ കൃഷ്ണമണിക്ക് കറുപ്പ് കൊടുത്ത് വരച്ച് പൂർത്തിയാക്കുന്ന നേത്രോന്മീലനം(കൺ തുറപ്പിക്കൽ) പ്രക്രിയയും ചെയ്താണ് ഈ ചടങ്ങ്, അഥവാ ചിത്രം വര പൂർത്തിയാക്കാറുള്ളത്. നേത്രോന്മീലനം എന്ന ഈ ചടങ്ങ് ദേവാലയങ്ങളിലാണെങ്കിൽ ദേവൻറെ പ്രതിപുരുഷനെന്ന നിലയിൽ തന്ത്രിമാരോ അല്ലെങ്കിൽ നമ്മുടെ ഗുരുനാഥന്മാരോ ആണ് ചെയ്യാറുള്ളത്. ഗൃഹങ്ങളിൽ ഗൃഹനാഥനും.
ഈ ചടങ്ങു ചെയ്തു കഴിഞ്ഞാൽ പിന്നെ ചിത്രത്തിന് ജീവൻ വന്നു എന്നാണ് പറയാറുള്ളത്. അത് കൊണ്ട് തന്നെ ഈ ചിത്ര സമർപ്പണത്തിലൂടെ ആ ചിത്രത്തെ ആ ക്ഷേത്രത്തിലെയോ ഗൃഹത്തിലെയോ ഒരംഗം ആക്കി മാറ്റുക കൂടിയാണ് ചെയ്യുന്നത്. പിന്നീട് ചിത്രകാരനുമായി ആ ചിത്രത്തിന് കെട്ടുപാടുകൾ ഉണ്ടാവരുതെന്നുള്ളൊരു വിശ്വാസം കൂടി ഇതിനു പിന്നിലുണ്ട്.
ചുമർ ചിത്രകല, അഥവാ മ്യൂറൽ പെയിന്റിഗും ക്യാൻവാസ് പെയ്ന്റിംഗും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്ന് വിശദമാക്കാമോ ?
ചുമർചിത്രകലയും ക്യാൻവാസ് പെയ്ന്റിംഗും തമ്മിലുള്ള വ്യത്യാസം … വളരെ നല്ലൊരു ചോദ്യമാണ്.
ക്യൻവാസ് എന്നാൽ പ്രതലം എന്നാണർത്ഥം. ഇപ്പോൾ ക്യാൻവാസ് roll ആയും വരുന്നുണ്ട്. ക്യാൻവാസ് ബോർഡുകളിലും ക്യാൻവാസ് റോളുകളിലും മറ്റും ആളുകൾ വരക്കുന്നുണ്ട്. Natural കളറിലും വാട്ടർ കളറിലും ക്യാൻവാസിൽ ചെയ്യാൻ പറ്റില്ല . അതിൽ acrylic കളറുകൾ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. ക്യാൻവാസിൽ acyrilic നിറങ്ങൾ കൊണ്ട് ചെയ്ത washable ആയ ചിത്രങ്ങൾക്ക് കൂടുതൽ പ്രചുര പ്രചാരം സിദ്ധിച്ചപ്പോൾ പരമ്പരാഗത രീതികളിൽ വരക്കുന്ന ചിത്രങ്ങൾ കുറഞ്ഞു. ചുമർചിത്രങ്ങളും ഇപ്പോൾ കൊണ്ടു നടക്കാൻ പറ്റുന്ന ചുമരുകളായി മാറി. ചുമർചിത്രങ്ങൾ ഇപ്പോൾ ചലിക്കുന്ന ചിത്രങ്ങളായി മാറിയിരിക്കുന്നു.
അതിൽ കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. കളറുപയോഗിക്കുന്ന ശൈലി, ആധുനിക ചിത്രകാരൻമാരുടെ കാഴ്ചപ്പാടുകൾ, അവരുടെ പരിചയസമ്പത്ത് ഇവയൊക്കെ ചുമർചിത്രങ്ങളിൽ വരാൻ തുടങ്ങി. വളരെയധികം കഴിവുള്ള ചിത്രകാരൻമാർ ഇപ്പോൾ ഉണ്ട്. അവരൊക്കെ ചുമർചിത്രങ്ങൾ വരക്കുന്നുമുണ്ട്. പഠിക്കാതെയും ചുമർ ചിത്രങ്ങളെന്ന് കരുതി വരക്കുന്ന ചിലരുമുണ്ട്. അവരുടെ വിചാരം അവർ വരക്കുന്നതാണ് ചുമർചിത്രങ്ങളെന്നാണ്. സത്യത്തിൽ ശരിക്കും പഠിക്കാതെയാണ് ഇപ്പറഞ്ഞ കൂട്ടർ വരക്കുന്നത്. ചുമർചിത്രങ്ങൾ ഇവയൊന്നുമല്ല. ശരിക്കും traditional ആയി പല അമ്പലങ്ങളിൽ പോയി കാണുകയും അതിനെ കുറിച്ച് കൂടുതലായി പഠിക്കുകയും ചെയ്താൽ മാത്രമേ ചുമർ ചിത്രം പൂർണ്ണമാവുകയുള്ളു.
മ്യൂറൽ, ഫ്രസ്കോ എന്നിങ്ങനെ രണ്ടു തരത്തിലുള്ള ചുമർ ചിത്രങ്ങൾ ഉള്ളതിൽ ഏതാണ് സന്തോഷ് ഉപയോഗിക്കുന്നത്?
ഇവ രണ്ടും ഞാനുപയോഗിക്കുന്നുണ്ട്. മറ്റു പെയിന്റിംഗുകൾ എടുത്തു കഴിഞ്ഞാൽ നമുക്ക് രണ്ടു തരം painting കൾ കാണാൻ കഴിയും ലൈറ്റ് to ഡാർക്ക് ഉം ഡാർക്ക് to ലൈറ്റും. അതായത് water colour പോലുള്ളവയിൽ ആദ്യം വരച്ചു തുടങ്ങുന്നത് വെള്ള പ്രതലത്തിൽ നിന്നാണ്. ചുമർചിത്രങ്ങളും ആ ഗണത്തിൽ പെടുന്നു. Dark ലേക്ക് പോകുന്നു. അവസാനം കറുപ്പ് മുടിയൊക്കെ ചെയ്യുന്ന ഒരു അവസ്ഥ. നേരെ തിരിച്ചിട്ടുള്ള painting ങ്ങുകളുണ്ട് Oil paintingൽ ചെയ്യുന്നത് ആദ്യം Dark color അടിച്ച് അതിൽ നിന്ന് വരച്ചു തുടങ്ങി ഏറ്റവും അവസാനം വെള്ള കളർ ഉപയോഗിക്കുകയണ് ചെയ്യുന്നത്. പക്ഷേ ചുമർചിത്രങ്ങൾക്ക് അത് പറ്റില്ല. മറ്റു paintingങ്ങുകൾക്കൊക്കെ എന്തു വേണ മെങ്കിലും ചെയ്യാം. ഒരുചിത്രം വരച്ച് തെറ്റി കഴിഞ്ഞാൽ അത് മായ്ച്ച് അതിൻ്റെ മുകളിൽ വേറെ ചിത്രം വരക്കാം. എന്നാൽ ചുമർചിത്രങ്ങളിൽ അങ്ങനെയൊന്നും പറ്റില്ല. വെള്ള നിറം പോയി കഴിഞ്ഞാൽ അത് ഒഴിച്ചു നിർത്തുക തന്നെ വേണം. പിന്നെ ചുമർചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത, ഒരു ചിത്രം വരക്കുന്നതിനു മുന്നേ ആ ചിത്രത്തിൽ എവിടെയൊക്കെ എന്തൊക്കെ വേണം എന്നതിൻ്റെ ഒരു സ്കെച്ച് നമ്മുടെ കയ്യിലുണ്ടായിരിക്കണം എന്നതാണ്. എന്നാൽ മാത്രമേ ആ ചിത്രം വിജയിക്കുകയുള്ളു. ചിത്രം വരക്കുന്നതിനിടക്ക് പെട്ടെന്നൊരു മാല കൂടി extra വരക്കാം എന്നൊക്കെ വിചാരിക്കു കയാണെങ്കിൽ, ഇതിൽ അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. ഏതൊക്കെ കളർ എവിടെയൊക്കെ, എങ്ങനെയൊക്കെ എന്ന് ആദ്യമേ തീരുമാനിക്കണം. ഓരോ രൂപങ്ങൾക്കും ഓരോ കളറുകൾ, എല്ലാം കൃത്യമായി പറയുന്നുണ്ട് പട്ടിൻറെ നിറം, ശരീരത്തിൻറെ നിറം ഇവയെല്ലാം കൃത്യമായി കൊണ്ടുവരണം. അത് നമ്മൾ ആദ്യമേ പ്ലാൻ ചെയ്യണം. മഞ്ഞ വെച്ച് കഴിഞ്ഞാൽ അവിടെ പിന്നെ നീല വെക്കാൻ പറ്റില്ല. ബലരാമന് വസ്‌ത്രത്തിന്റെ നിറം നീലയാണ്. അറിയാതെ മഞ്ഞ കൊടുത്തു പോയാൽ പിന്നെ അത് മാറ്റാൻ പറ്റില്ല. മറ്റു ക്യാൻവാസ് painting ങ്ങുകളിൽ എന്തും ചെയ്യാം. നമ്മുടെ ചിത്രം വരക്കാം, നമ്മുടെ കുട്ടിയുടെ ചിത്രം വരക്കാം. അങ്ങനെ വന്നപ്പോൾ, നമ്മളെ പോലെ ദൈവങ്ങളെയും വരക്കാൻ തുടങ്ങിയപ്പോൾ ചുമർചിത്രങ്ങൾ പ്രസക്തമല്ലാതാവുകയാണുണ്ടായത്. രവിവർമ്മ ചിത്രങ്ങളിൽ നമ്മുടെ അയലത്തോ കുടുംബങ്ങളിലോ ഉള്ള മനുഷ്യരുടെ മുഖം ദൈവങ്ങളിലേക്ക് സന്നിവേശിക്കപ്പെട്ടപ്പോൾ ആ രചനാ രീതിയും ചിത്രങ്ങളും പൊതുശ്രദ്ധ നേടുകയും പരമ്പരാഗത രീതികളിലുള്ള ആവിഷ്കാരത്തിനു മങ്ങലേൽക്കുകയും ചെയ്തു എന്നതൊരു വാസ്തവമാണ്. പിന്നീട് ആ രീതികൾ പല ചിത്രകാരൻമാരും തുടർന്നു കൊണ്ടിരുന്നു. കൂടാതെ photography യുടെ ആവിർഭാവം. ഇതെല്ലാം ചുമർ ചിത്രങ്ങൾ ഇല്ലാതെയാവുവാൻ പ്രധാന കാരണങ്ങളാണ്. ഇപ്പോൾ വീണ്ടും ചുവർ ചിത്രങ്ങൾക്ക് കുറേശ്ശേ പ്രാധാന്യം കൂടി വരുന്നുണ്ട്. ധാരാളം ആളുകൾ ഇത് പഠിക്കാൻ മുന്നോട്ട് വരുന്നുണ്ട് എന്നത് ഒരു ആശ്വാസമാണ്.
ചുമർ ചിത്രകലയിൽ കാലാന്തരങ്ങളായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ?
ചുമർചിത്രങ്ങളിൽ കാലാന്തരമായി പല മാറ്റങ്ങളും വന്നിട്ടുണ്ട് എന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ.
ഇപ്പോൾ ദൈവങ്ങളാണെങ്കിൽ പോലും മറ്റു പല രൂപങ്ങളിലും വരക്കുന്നവർ ധാരാളമുണ്ട്. പക്ഷേ ഏറ്റവും ഭംഗിയായിട്ട് നമുക്ക്, ഓർണമെൻസ്, മറ്റു ഉടയാടകൾ എല്ലാം മാറിമാറിവരുന്നതു കൊണ്ട്, വേറൊരു തലത്തിലുള്ള ആളുകളെ വരക്കുന്നതു തന്നെയാവും നന്നാവുക. പുരാണങ്ങൾ വരക്കുന്നതു തന്നെയാവും നന്നാവുക.
നമ്മുടെ മാതൃകയിലുള്ള, ഡ്രസ്സുകൾ കുറവായിട്ടും, മുലക്കച്ചയൊക്കെ കെട്ടിയ രീതിയിൽ, നമ്മുടെ ഇപ്പോഴത്തെ ആളുകളെ വരച്ചാൽ അവർക്ക് വിഷമമാവും. രാധയും കൃഷ്ണനും അല്ലെങ്കിൽ പുരാണകഥാപാത്ര ങ്ങളെയോ ഇന്നത്തെ കാലഘട്ടത്തിലുള്ള വസ്‌ത്രങ്ങൾ ഇട്ട് വരച്ചാലും ശരിയാവുകയില്ല. ഇങ്ങനത്തെ കുറെ സംഭവങ്ങൾ വരുന്നുണ്ട്. അതുകൊണ്ട് തന്നെയാവും എല്ലാവരും അതിൽ തന്നെ നിൽക്കുന്നത്. പക്ഷേ കഴിവതും അവരെല്ലാവരും മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. ഉത്സവങ്ങൾ ചെയ്യുന്നുണ്ട്. പല പല നല്ല കഴിവുള്ള ആർട്ടിസ്റ്റുകൾ വരുന്നുണ്ട്. അവരുടെ ശിഷ്യന്മാർ വരുന്നുണ്ട്. അവരൊക്കെ പുതുമയുള്ള ചിത്രങ്ങൾ വരക്കുന്നുണ്ട്, നിറങ്ങളിൽ കുറേ മാറ്റങ്ങൾ വരുത്തുന്നുണ്ട്. സ്കെച്ചുകളിൽ അധികം മാറ്റം വരുത്താൻ പറ്റില്ല. പക്ഷേ നിറങ്ങളുടെ contrastകളിൽ പല മാറ്റങ്ങളും വരുത്തുവാൻ പറ്റും. എന്നാൽ ചുമർചിത്രങ്ങളിൽ പ്രകൃതിദത്ത നിറങ്ങളിൽ ഈ മാറ്റം വരുത്തുവാൻ പറ്റില്ല. അതാണ് അതിൻറെ ഒരു മൗലികത. ചിലർ പറയുന്നുണ്ട് ഈ natural കളറുകൾ തന്നെയാണ് നല്ലത്. എന്നാൽ മറിച്ചഭിപ്രായമുള്ളവരും ഉണ്ട്. പലരും ഇതിനെ കുറിച്ച് വേണ്ടപോലെ പഠിക്കാതെ, ഇതിനെ കേടുവരുത്തുവാൻ ശ്രമിക്കുന്ന വരുമുണ്ട്. 5 വർഷം പഠിച്ച് മുഴുവനായി മനസ്സിലാക്കിയവർ ഇതിനെ നശിപ്പിക്കാൻ ഒരിക്കലും ശ്രമിക്കുകയില്ല.
ഈ രംഗത്തേക്ക് കടന്നു വരുന്ന പുതു തലമുറയോട് പറയാനുള്ളത്?
എൻറെ നിരീക്ഷണത്തിൽ വന്ന ഒരു അഭിപ്രായം പറയാം. ഇപ്പോഴത്തെ ചിത്രകല എന്നു പറഞ്ഞാൽ, ചുമർചിത്രങ്ങളിൽ അഞ്ചു നിറങ്ങളാണ് എന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. അവ ഉപയോഗിക്കുന്ന രീതികളെ കുറിച്ചും പറയുകയുണ്ടായി. ഇതിൻറെ drawing, sketch ആരും ശ്രദ്ധിക്കുന്നില്ല. രേഖാചിത്രണങ്ങളിൽ നന്നായി ശ്രദ്ധിക്കണം. ആദ്യം തന്നെ ഒരിക്കലും painting ലേക്കും കളറുകളിലേക്കും പോകരുത്. മറ്റു paintingകൾക്കൊക്കെ sketch നന്നായിട്ടില്ലെങ്കിലും നല്ല paint അടിച്ചു വെച്ചാൽ നല്ല ഭംഗി കിട്ടും. പക്ഷേ ചുമർചിത്രത്തിൽ നല്ല sketch ആണ് പിൻബലം. നല്ല ഒഴുക്കുള്ള, ഭംഗിയുള്ള സ്കെച്ച് വരക്കാൽ പഠിച്ചാൽ മാത്രമേ ചുമർചിത്രത്തിൽ വിജയിക്കാൻ പറ്റുകയുള്ളു. അതുകൊണ്ട് ആദ്യം നന്നായി വരക്കാൻ പഠിക്കുക. അതിനെ കുറിച്ച് അറിയാൻ ശ്രമിക്കുക. ചുമർചിത്രം എന്നു വെച്ചാൽ, രണ്ടു ചിത്രം വരച്ചാൽ, അല്ലെങ്കിൽ ഒരാൾ വരച്ച ചിത്രം നോക്കി വരച്ചാൽ, ചുറ്റും കൂടി നിന്നവരുടെയും Facebook ൽ ഉള്ളവരുടെയും കുറെ ലൈക്ക് കിട്ടിയതുകൊണ്ടും ചുമർചിത്രം പഠിച്ചു എന്ന് ധരിക്കുന്ന കുറെ ആളുകളുണ്ട്. അവർ ഒന്ന് തിരിഞ്ഞു നോക്കുക. നന്നായി പഠിക്കുക. പഠിച്ച് ഇതിൻറെ പാരമ്പര്യം മനസ്സിലാക്കുവാൻ ശ്രമിക്കുക. അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക എന്നുള്ളതാണ് പുതിയ തലമുറ ചെയ്യേണ്ടത്. പിന്നെ വൈലറ്റ് തുടങ്ങിയ കളറുകൾ വാരിതേച്ച് ഇതാണ് ചുമർചിത്രം എന്നു പറയുന്ന ഒരു തലമുറ വളർന്നു വരുന്നുണ്ട്. അത് അങ്ങേയറ്റം തെറ്റാണ്, നിരുത്സാഹ പ്പെടുത്തേണ്ടതാണ്. അങ്ങനെ ഒരിക്കലും ചെയ്യുത് എന്ന ഒരു അപേക്ഷയുണ്ട്. ഇതിൻറെയൊരു പരാമ്പര്യം അറിഞ്ഞു കൊണ്ട്, basics പഠിച്ച ശേഷം നമുക്ക് അതിൻറെ രീതിയിൽ എങ്ങനെ വേണ മെങ്കിലും വരക്കാം. പക്ഷേ basics പോലും അറിയാതെ ചെയ്യരുത്. ഒരു ഉദാഹരണത്തിന്, ശ്രീരാമ പട്ടാഭിഷേകം നോക്കി വരക്കാൻ, നല്ല കഴിവുള്ള ഒരു കലാകാരന്, അതുപോലെ നോക്കി വരക്കാൻ പറ്റും. പക്ഷേ അതുകൊണ്ട് ചുമർചിത്രം പഠിച്ചു എന്നു പറയുന്നതിൽ അർത്ഥമില്ല. കാരണം ശ്രീരാമ പട്ടാഭി ഷേകത്തിൽ അടുത്ത സീൻ വരക്കണമെന്നു പറഞ്ഞാൽ ബുദ്ധിമുട്ടും. ഇരിക്കണ ശ്രീരാമൻ എണീറ്റ് നിൽക്കണം എന്നു പറയുമ്പോൾ അല്ലെങ്കിൽ മറ്റൊരു കാഴ്ചപ്പാടിൽ നിന്ന്, ശ്രീരാമനും സീതയും ഇല്ലാതെ വരക്കണം എന്നു പറഞ്ഞാൽ അവർക്ക് വരക്കാൻ സാധിക്കില്ല. സ്വന്തമായി സ്കെച്ച് ഇടാൻ അറിവുണ്ടാവുകയില്ല. അതു കൊണ്ടാണ് പറയുന്നത് നന്നായി പഠിച്ച ശേഷം മാത്രമേ നമുക്ക് മാറി മാറി ചിന്തിക്കാൻ പറ്റുകയുള്ളു. ഇപ്പോൾ ഞാനൊക്കെ വളരെ വ്യത്യസ്തമായിട്ടാണ് ചുമർചിത്രങ്ങൾ വരക്കുന്നത്. അത് ചുമർചിത്രമാണ് എന്നു പോലും ഞാൻ പറയുന്നില്ല. എൻറെ ഒരു ചിത്രത്തിനു താഴെയും അത് ചുമർ ചിത്രകലയാണ് എന്ന് എഴുതിയിട്ടില്ല. അത് ഒരു സാത്ഷാത്കാരം (creativity) അല്ലെങ്കിൽ ഒരു painting എന്നു മാത്രമേ പറയാൻ പറ്റുകയുള്ളു. ഞാൻ ഇതുവരെ പഠിച്ച എല്ലാ അറിവുകളും ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം എന്നു മാത്രമേ അതിനെ പറയാൻ പറ്റുകയുള്ളു. കാണുന്നവർ വിലയിരുത്തട്ടെ. ആസ്വാദകർ ആസ്വദിക്കട്ടെ. അവർ ചിത്രങ്ങൾ ഇഷ്ടപ്പെടട്ടെ. പിന്നെ, പണ്ടുകാലത്ത് അറിവില്ലായ്മ കൊണ്ട് കയ്യും കാലുമൊക്കെ തെറ്റി, പല രീതിയിലും വരച്ചിട്ടുണ്ട്. ആ തെറ്റുകളൊക്കെ ആവർത്തിച്ചാലേ ചുമർചിത്രമാവുകയുള്ളു എന്ന് ഒരു കൂട്ടർ പറഞ്ഞു നടക്കുന്നുമുണ്ട്, അതും തെറ്റാണ്. നന്നായിട്ടു വരക്കുകയും, നന്നായിട്ട് അതിനെ കുറിച്ച് പഠിക്കുകയും ചെയ്യേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ. ഇപ്പോൾ, വരക്കുന്ന നല്ല കഴിവുള്ള കലാകാരൻമാർ ധാരാളമുണ്ട്. അവരൊക്കെ നല്ല ചിത്രങ്ങൾ വരക്കുന്നുമുണ്ട്. എല്ലാ ചിത്രകലയുടെയും അടിസ്ഥാനം drawing ഉം അതിൻറെ പിന്നിലുള്ള കുറെ പരിശ്രമങ്ങളും ആണ് എന്നും ആ പ്രയത്നങ്ങൾക്ക് പുറകിലുള്ള കഷ്ടപ്പാടുകൾ മനസ്സിലാക്കി അത് സ്വാംശീകരിച്ചു വേണം മുന്നോട്ടു പോകുവാൻ എന്നുമാണ് അവരോട് പറയാനുള്ളത്.
Santosh Mavoor is available @ 09847789806 in case you would like to learn the art.
Congrats Santhosh
അടിപൊളി സന്തോഷേട്ടാ… 🙏
അസ്സലായിട്ടുണ്ട് സന്തോഷ്…… 👌👌👌👌
വളരെ നന്നായിട്ടുണ്ട്. “നന്നായിട്ടു വരക്കുകയും, നന്നായിട്ട് അതിനെ കുറിച്ച് പഠിക്കുകയും ചെയ്യേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ “.
പഠിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു.
Congrats sir
Details very good sir best wishes
സന്തോഷിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നല്ലതു വരട്ടെ . ഞാനും ഒരു ആർട്ടിസ്റ്റാണ്.
Very nice 👌👍
Congrats mashe
Well written Shashi Etta. Thank you Santosh Mavoor for providing us insight into the traditional art and detailed explanation.
Congrats Santhosh. Good work. Got a little knowledge on mural paintimg. Proud to know about you! Best wishes !!!
Great to know about mural painting history and the importance of how it should be done very religiously. Thank you and congratulations Santhosh.
ഈശ്വരന്റെ കയ്യൊപ്പുള്ളവർക്കേ ദൈവീകമായ കല കൈ വരികയുള്ളു…..
തീർച്ചയായും ആ കയ്യൊപ്പ് ഇദ്ദേഹത്തിനുണ്ട് 🙏🌹