മൂവർണ്ണക്കൊടി വാനിലുയർന്നു
നമിച്ചു നിന്നൂ ജനകോടി
മതമൈത്രിയെഴും മാനവരൊന്നായ്
പൊരുതിനേടി സ്വാതന്ത്ര്യം
അതിർത്തി കാക്കാൻ നിൽപ്പൂസൈന്യം
കൊടും തണുപ്പിൽ വിറയാതെ
പഠിച്ചു ബാല്യം ദേശഭക്തിതൻ
പവിത്രമാകും കാവ്യങ്ങൾ
അടിമയാക്കി ഭരിച്ചുപോന്നൊരു
ദുഷ്ടരെ ഒന്നായ് ഓടിക്കാൻ
കൊടുത്തു ജീവൻ പോരാളികളും
ഭാരതാംബയെ രക്ഷിക്കാൻ
വേഷ, ഭാഷ, ഭൂഷണങ്ങളിൽ
ഏറെയുണ്ടാം വൈവിധ്യം
എങ്കിലുമേവരും അണിനിരന്നു
കോർത്തു കൈകൾ ഒന്നായി
രാഷ്ട്രപിതാവിൻ സ്വപ്നം പോലെ
സമത്വ സുന്ദരം ഈ ഭൂമി
ഉദിച്ചുയർന്നു ഭാരതഭൂമിയും
പാരിനാകെ പ്രഭയേകി
പ്രകൃതിസുന്ദര മോഹനഭൂമിയിൽ
വിളഞ്ഞു നിൽപ്പൂ ധാന്യങ്ങൾ
സാഹോദര്യതനിമകൾ എങ്ങും
പടർന്നു പൊങ്ങി ലത പോലെ
പിറന്നമണ്ണിൻ പതാകവാനിൽ
പറന്നിടുന്നു സാമോദം
ജനങ്ങളൊന്നായ് സ്മരിച്ചിടുന്നു
വീരമൃത്യു വരിച്ചവരെ