സമയമായി പോയിടാനെ ന്നോതിയരികിലായ്
സൗമ്യമായുണ്മയായ് നീ വന്നു നിൽക്കവെ
മനതാരിലീ ലോകബന്ധനം വിട്ടിടാ
നൊരുവടം വടം വലിയുമായ് ചുറ്റിലും നോക്കവെ
നനവാർന്ന മിഴിയുമായ് നിൽക്കുന്ന മക്കളും
കരയുന്ന പേരക്കിടാങ്ങളും, നിറവാർന്ന
സൗഹൃദം പങ്കിട്ട ചുറ്റുവട്ടങ്ങളും,
ഒരു മാത്ര യെൻ നിറയുന്നു, വഴിയുന്നു.
അതിനുമേൽ നിൻ സ്വരം സൗമ്യമായുയരുന്നു
‘സമയമായ്, പോയിടാനിനിയില്ല താമസം !
ആദ്യമായൊരു ദിനം കൂടിയീ ലോകത്തു
മാഴ്വിടാ നെൻ മനം കേഴുന്നുവെങ്കിലും,
അലറിടും കദനത്തിനലകളെൻ മേനിയെ
‘പിരിയൊല്ലെ’യെന്നോതി പുണരുന്നുവെങ്കിലും
മൃദുവായി മഞ്ഞു പോൽ കുളിരാർന്ന കൈകളാൽ
തഴുകിത്തലോടിയെൻ മിഴി നീയടച്ചല്ലൊ !
ഇനിയില്ല ഞാനെന്ന വ്യക്തിയീ, നാലുകെ-
ട്ടിനിയെന്റെതല്ലിതിൻ പടിയിറങ്ങുന്നു ഞാൻ
ഇനിയീച്ചവർപ്പും, മധുരവും കായ്ക്കുന്ന
വനികയെക്കണി കണ്ടു കൺ തുറക്കില്ല ഞാൻ
ഇനിയീക്കുളത്തിന്റെ കുളിരാർന്ന കല്പടവി-
ലാ തിരുവാതിര വരുന്നതും കാത്തിരിക്കില്ല ഞാൻ,
ഇനിയുമൊരു മാവേലി മന്നന്റെ കാലൊച്ച
കാതോർത്തു, പൂവിട്ടു, പൂവിളിക്കില്ല ഞാൻ
ഇനിയുമൊരു കഥ പറയുകെന്നോതിയണയുന്ന
അരുമക്കിടാങ്ങളോടുരിയാടുകില്ല ഞാൻ
ഇതു പലതുമോർമ്മിച്ചു പടിയിറങ്ങീടവേ
അറിയാതെയിടറിയെൻ പാദം, ചിരിച്ചു നീ,
ഇനി വരും ജന്മത്തിലിതിലെ വന്നീടുകിൽ,
കാണില്ല നാലുകെട്ടൊന്നുമീപ്പാതയിൽ,
പകരമുണ്ടായിടാം, കോൺക്രീറ്റ് വാർപ്പതിൽ
ചൂടേറ്റു വിങ്ങുന്ന പേരക്കിടാങ്ങളും,
അതു കേട്ടു ഞെട്ടി, നിൻ കുളിരുള്ള കൈത്തടം
മുറുകെപ്പിടിച്ചു ചിരിച്ചു നടന്നു ഞാൻ
ഇനി വേണ്ട ജന്മങ്ങളിലിനി വേണ്ട ജീവിതവു
മിവിടെന്റെയാത്മാവു കുടിയിരിപ്പല്ലയോ !
കവിത ചൊല്ലിക്കേൾക്കുവാൻ വിഡിയോ കാണുക