ഓം എന്ന മന്ത്രം ജപിച്ചീടും നേരത്ത്
ഓംകാര നാഥ അണഞ്ഞീടേണം
ഓം എന്ന മന്ത്രത്തിൻ മദ്ധ്യേ വിളങ്ങുന്ന
ഓങ്കാര രൂപനാം മേഘവർണ്ണാ
നശ്വരലോകത്തിൻ ആധാരം നീയല്ലോ
നരകാന്തക, ശൗരേ നാരായണ
നമിക്കുന്നു ശ്രീഹരി, ഇന്ദിരാ കാന്തനേ
നന്ദസൂനോ നിന്റെ പാദപത്മം
മോഹിനിയായ് വന്നു ശങ്കരനെ പോലും
മോഹിതനാക്കിയ ശ്യാമവർണ്ണാ
മോഹനരൂപാ എൻ മോഹമകറേറണം
മോദേനനിൻ പദം കൈതൊഴുന്നേൻ
ഭവാബ്ധി തന്നിലായ് നീന്തീടുമീയെന്നെ
ഭഗവാനേ നിത്യവും കാത്തീടണേ
ഭാഗ്യാദ, ഗോവിന്ദ, ദേവകീനന്ദന
ഭക്തിയോടെപ്പോഴും കൈതൊഴുന്നേൻ
ഗർവ്വുകളൊക്കെ അകറ്റേണമേ എന്റെ
ഗഗന സദൃശാനാം ദാമോദരാ
ഗദപാണേ, ദേവേശാ, ഇന്ദിരാ വല്ലഭ
ഗരുഢാസനാ നിന്നെ കൈതൊഴുന്നേൻ
വഴിയേതെന്നറിയാതെ നീൽക്കുമെനിക്കുനീ
വഴികാട്ടൂ വൈകാതെ വേദരൂപാ
വന്ദനം നന്ദജാ, കാരുണ്യവാരിധേ
വാരണനാശകാ കൈതൊഴുന്നേൻ
തേടിയണയുന്ന ഭക്തരെ പാലിക്കും
തേരാളിയായൊരു ശംഖപാണേ
തേരിലായ് പാർത്ഥനെ ഗീതപഠിപ്പിച്ച
തേവരെ നിന്നെ ഞാൻ കൈതൊഴുന്നേൻ
വാതാലയം വാഴും വാതസുതപ്രഭോ
വാഴ്ത്തീടാം നിത്യവും നിൻ കഥൾ
വാതാത്മജൻ തന്റെ ഭ്രാതാവിൻ മിത്രമേ
വാരിജലോചന കൈതൊഴുന്നേൻ
സുദാമാവെന്നൊരു തോഴനെ പൂജിച്ച
സുകൃതമേ നിന്നെ ഞാൻ കൂപ്പീടുന്നേൻ
സുസ്മിതം പുണ്ടങ്ങിരിക്കും മുകുന്ദനാം
സുന്ദരാ നിന്ന ഞാൻ കൈതൊഴുന്നേൻ
ദേവകിനന്ദനാ ദാനവനാശക
ദേവേശ, കേശവാ കൈതൊഴുന്നേൻ,
ദേവേന്ദ്ര നന്ദന സാരഥിയാകിയാ
ദേവദേവാ നിന്നെ കൈതൊഴുന്നേൻ
വാതാലയം വാഴും വൈകുണ്ഠനാഥനാം
വാസുദേവ നിന്നെ കൈതോഴുന്നേൻ
വാരിജലോചന, പാണ്ഡവ രക്ഷക
വാരിജനാഭാ ഞാൻ കൈതൊഴുന്നേൻ
യാദവശ്രേഷ്ഠാ ശ്രീചക്രപാണേ, പ്രഭോ
യമസുത രക്ഷകാ തമ്പുരാനേ
യമുനപുളിനത്തിൽ സഞ്ചരിച്ചീടുന്ന
യദുകുല തിലകമേ കൈതൊഴുന്നേൻ
ഓം തത് സത്