അർഹനല്ലാത്തൊരാനാളിലിവൻ
സ്വന്തമർഹതയ്ക്കായി വ്യഥിച്ചിരുന്നു
അർഹതവന്നു ഭവിച്ചൊരുനാൾ
തന്റെ അർഹതയോർത്തവൻ ശങ്ക പൂണ്ടു
വീണ്ടുമൊരു ജന്മം കാംക്ഷിച്ചു
നേടുന്നൊരർഹത കൊണ്ടിവനെന്തു നേടാൻ
വ്യർത്ഥമായുള്ളൊരീ ജന്മങ്ങളാലിവൻ
ഭൗതികമല്ലാതെയെന്തു നേടി
നേട്ടങ്ങൾ തേടുന്ന ജന്മങ്ങളിലിവൻ
വ്യർത്ഥമായർഹത തേടി നടന്നു
ജന്മമരണങ്ങൾ കൂടെപ്പിറക്കുന്നി-
തർഹതയാകും നിയോഗമത്രെ
എങ്കിലും മർത്ത്യൻ പറയുന്നിതോർക്കുക
ആകസ്മികമായ് മരിച്ചുവെന്ന്
ജന്മത്തിൻശേഷം ലഭിക്കുന്നൊരർഹത
മൃത്യു വരിക്കുവാൻ മാത്രമല്ലൊ
ശാശ്വതമായുള്ള സത്യമല്ലോ മൃത്യു
മാധുര്യമേറുമനുഭവവും
പിന്നെ വിടവാങ്ങും നേരമെന്തിന്നായി
വ്യർത്ഥമായ് ദുഖം വരിക്കുന്നു മർത്ത്യൻ