ഈ പുസ്തകത്താളുകളിലാകെ, ഞാൻ കോറിയിട്ട അക്ഷരങ്ങളാണ്.
ഇതിലെ അവസാന അദ്ധ്യായം നിനക്കെഴുതാനായ് ഞാൻ മാറ്റിവക്കുന്നു.
നീ പൂർത്തിയാക്കുക, അവയെ നിന്റെ പുസ്തകങ്ങൾക്കിടയിൽ ഉറങ്ങാൻ അനുവദിക്കുക..
എന്റെ മാനം മുട്ടുന്ന പ്രതീക്ഷകളെ, സ്വപനങ്ങളെ ഒക്കെ നിനക്കതിൽ കാണാം.
സ്വപ്നസാക്ഷാത്കാരത്തിന്റെ തിളങ്ങുന്ന നിറങ്ങളും തലയുയർത്തി
നിന്ന അഭിമാന നിമിഷങ്ങളും നിന്റെ കണ്ണുകളിൽ അത്ഭുതം പടർത്തിയേക്കാം.
കരിപിടിച്ചുപോയ എന്റെ ഓർമ്മകളും തഴയപ്പെട്ടവന്റെ നീറ്റലും തലകുനിച്ചിറങ്ങിയ പടവുകളുടെ അദ്ധ്യായങ്ങളും നിന്റെ കണ്ണുകളിൽ നനവ് പടർത്തിയേക്കാം…
ഉദയാസ്തമയങ്ങളിൽ സിംഹഭാഗവും തീർന്നിരിക്കുന്നു.
ഇനി അവശേഷിക്കുന്നത് വളരെ തുച്ഛമായ നിമിഷങ്ങൾ ആണ്.
അസ്തമയത്തിന്റെ അവസാന പാദത്തിലേക്കു എത്തിപ്പെടുന്നത് പോലെ…
എന്റെ ശ്വാസത്തിനു പകരം പുകയുന്ന ചന്ദനത്തിരി മണം പടരുന്നവരേക്കും,
രാമായണം കാതിൽ അവസാനിക്കുംവരേക്കും, തെക്കേ പറമ്പിലെ മാവിൻ ചില്ലകൾ മുറിക്കും ഒച്ച നിന്റെ കാതിൽ പതിയുംവരേക്കും നീ എഴുതുക.
ചിതലുകൾക്ക് കൊടുക്കാതെയും മറവിയുടെ താഴിട്ടു പൂട്ടാതെയും ഇടയ്ക്ക് ആ താളുകൾ മറിച്ചുനോക്കുക.
നിന്റെ വിരൽപ്പാടുകൾ അവയെ തൊട്ട് നിൽക്കട്ടെ!
നിന്നോട് ചേർന്ന്, നീയാവാൻ കൊതിച്ച, നിന്നോട് പങ്കുവെയ്ക്കാൻ മടിച്ചു,
ഉള്ളിലടക്കിയ സ്വപ്നങ്ങളുടെ ഭാരത്താൽ കണ്ണുകൾ അടഞ്ഞുപോയ ഒരു പച്ചയായ മനുഷ്യനെ നിനക്കതിൽ വായിച്ചെടുക്കാം..
നീ.. നീ… എന്ന ഹൃദയമിടിപ്പിന്റെ ഒച്ചയും ഒന്ന് കാതോർത്താൽ നിനക്കു കേൾക്കാം…
ഇനിയുമൊരു ജന്മമുണ്ടെങ്കിൽ, ഇത് അവസാനത്തേത് അല്ലെങ്കിൽ നിന്റെ തുടുനെറ്റിയിലെ സിന്ദൂരമായും എന്നെ ചേർത്ത് വെയ്ക്കുന്ന നിന്റെ മാറിൽ ചേരും
ആലിലത്താലിയായും ഞാൻ പുനർജനിക്കും!