യാത്ര പുറപ്പെടുമ്പോൾ ആഹ്ളാദത്തേക്കാൾ ഏറെ ആശങ്കകളായിരുന്നു. അനിശ്ചിതത്വത്തിനിടയിൽ മുഴുവൻ ധൈര്യവും സംഭരിച്ച് ആ യാത്ര പോവാൻ എന്നെ എന്താണ് പ്രേരിപ്പിച്ചതെന്നറിയില്ല. ഒരുപക്ഷെ ബന്ധങ്ങളുടെ അനിർവചനീയമായ ആ അവസ്ഥാന്തരമായിരിക്കാം. അതുകൊണ്ടാണല്ലോ ഡൽഹിയിൽ നിന്ന് എട്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന ട്രയിൻ യാത്ര പുറപ്പെട്ടത്; പട്ടിന്റെ നാടായ ബനാറസിലേക്ക്.
ഏഴു ദിവസത്തെ അവധി കിട്ടിയപ്പോൾ ഡൽഹിയിലെ യൂണിവേഴ്‌സിറ്റി ചുറ്റുമതിലിനുള്ളിൽ നിന്ന് പുറത്തുചാടി എങ്ങോട്ട് പോകണമെന്നതായിരുന്നു ഒരു അണ്ടർ ഗ്രാജുവേറ്റ് ആയിരുന്ന 18കാരിയുടെ സ്വാഭാവികമായ ചിന്ത. നാട്ടിലേക്കുള്ള പോക്ക് നടക്കില്ലെന്ന് ഒരു ഇടത്തരം കുടുംബം എന്നെ ഓർമ്മിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ ഏഴു പേരടങ്ങുന്ന പെൺ സംഘത്തിനോടൊപ്പം രാജ്യ തലസ്ഥാനം അടിമുടി ചുറ്റാമെന്ന തീരുമാനത്തിലെത്തി. പക്ഷെ നാടിന്റെ വിളി കേട്ട് അങ്ങോട്ട് യാത്ര തിരിച്ച ബാക്കി അഞ്ച് പേർക്കും സ്നേഹപൂർവ്വം യാത്ര പറയുകയല്ലാതെ എനിക്കോ കൊടുങ്ങല്ലൂർകാരിയായ ഗായത്രിക്കോ വേറെ വഴിയില്ലായിരുന്നു. ഹിമാചലിൽ തനിക്കു കിട്ടിയ ഇന്റേൺഷിപ്പിൻറെ ആഹ്ളാദത്തിൽ ഇരുന്ന അവൾക്ക് വേണ്ട എല്ലാ നിർദേശങ്ങളും മുന്നെ തന്നെ അവിടെ പോയ ഞാൻ കൊടുത്തിരുന്നു.
ഒരു രാത്രിയാണ് ആ വാർത്ത ജനശ്രദ്ധ പിടിച്ചു പറ്റിയത്. നിരന്തരമായ ഫോൺ കോളുകൾക്ക് നടുവിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന എന്നെ വീണ്ടും ആശയക്കുഴപ്പത്തിലേക്ക് തള്ളി വിട്ടു കൊണ്ടാണ് ഗായത്രി അത് വന്ന് പറഞ്ഞത്; കൊറോണ വൈറസ് കാരണം ഇന്റേൺഷിപ്പ് മാറ്റി വെച്ചു!
പിറ്റേന്ന് അതിരാവിലെ ടാക്സി ഡ്രൈവറുടെ ബോറൻ പൊങ്ങച്ചവും കേട്ട് ആറ് മണിക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ്സിൽ ഓടിക്കേറി, നേരത്തേ തന്നെ ബുക്ക് ചെയ്ത സീറ്റിൽ ഇരുന്ന് ന്യൂ ഡൽഹി സ്റ്റേഷനിലെ അരിച്ചു കയറുന്ന ആ തണുപ്പിൽ നിന്ന് കൈ വീശുന്ന ആ മൂവർ സംഘ(കൃഷ്ണപ്രിയ, നേഹ, ഗായത്രി)ത്തോട് മരവിച്ച ഒരു പുഞ്ചിരി കൊടുക്കാൻ പോലും പറ്റിയില്ലല്ലോ എന്ന് ആ മാസ്ക് ശരിയാക്കി ഞാൻ ആലോചിച്ചു.
ആ ബോഗിയിൽ ഉണ്ടായിരുന്ന ചുരുക്കം ചില മനുഷ്യമുഖങ്ങളോട് അവർ മുഖാവരണം ഇടാത്തതുകൊണ്ടുള്ള ഒരു തരം അവജ്ഞ എന്നിൽ പ്രകടമായിരുന്നു. കൈയ്യിൽ ഉണ്ടായിരുന്ന ഒരേയൊരു സാനിറ്റൈസർ കുപ്പി തീരുമോ എന്ന ശങ്കയാൽ സ്വൽപം എടുത്ത് പുരട്ടുമ്പോൾ ഓറഞ്ചിന്റെ മണം ആ പരിസരത്തു പടരുന്നത് ഞാനറിഞ്ഞു. ആശങ്ക നിറഞ്ഞ ആ യാത്ര ഉച്ചയോടെ അവസാനിക്കുമ്പോൾ തനിക്കു വേണ്ടി വന്ന ശ്രീകൃഷ്ണേട്ടനോട് മാസ്കിനുള്ളിൽ മറഞ്ഞു പോയ ഒരു ആശ്വാസത്തിന്റെ വലിയ ചിരി കൊടുക്കാൻ ഞാൻ മറന്നില്ല.
ബനാറസ്, കാലത്തിന്റെ താളുകളിലേക്ക് പട്ടണിഞ്ഞു വന്ന സുന്ദരി. നവീനതയുടെ ചായം കടുപ്പിക്കാത്ത പുരാതനമായപട്ടണം. ചരിത്രം അടർന്നു വീണ പോലെ പ്രൗഢമായി നിലനിൽക്കുന്ന ജീർണിച്ച കവാടങ്ങൾ. റോഡരികുകളിൽ നിരത്തിവെച്ചിരിക്കുന്ന നിറക്കൂട്ടുകളും, പിച്ച്കാരികളും. ഹോളിയുടെ എല്ലാ ആഭരണവും അണിഞ്ഞു നിൽക്കുന്ന ആ പട്ടണത്തിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കുമ്പോൾ ഞാനറിഞ്ഞു മുഖാവരണങ്ങൾ അവിടുള്ളവർക്ക് അന്യമാണെന്ന്! മുന്നിൽ കണ്ട കൂറ്റൻ കവാടത്തിൽ എഴുതിയത് ഞാൻ വായിച്ചു “ ബനാറസ് ഹിന്ദു സർവകലാശാല”. ഉറക്കമൊഴിച്ച് പഠിച്ചതും, പരീക്ഷ എഴുതിയതും അവസാനം അവിടെ ചേരാനുള്ള മാർക്കില്ലെന്നറിഞ്ഞപ്പോഴുള്ള ആ നിസ്സംഗതയും എല്ലാം ആ ഒരൊറ്റ കവാടം എന്നെ ഓർമ്മിപ്പിച്ചു. ആ യൂണിവേഴ്സിറ്റിയുടെ ഓരോ ഘടകങ്ങളും മുറ തെറ്റാതെ ശ്രീകൃഷ്ണേട്ടൻ വിവരിച്ചു തരുന്നുണ്ടായിരുന്നു. IITയ്ക്കു മുന്നിലൂടെ പോയപ്പോൾ വീണ്ടും ചില ഓർമ്മപ്പെടുത്തലുകൾ അനിവാര്യമായിരുന്നു.
മഞ്ഞിച്ച മഞ്ഞയും, കടുംകാപ്പി നിറവും കലർന്ന നിരനിരയായ ക്വാർട്ടേഴ്സുകൾക്കിടയിലൂടെ പോകുമ്പോൾ ചില ക്ളീഷേ ചിന്തകൾ എന്നിലൂടെ കടന്നു പോയിരുന്നു. ക്വാർട്ടേഴ്സെത്തിയപ്പോൾ ചുമലിലുള്ള ബാഗ് എടുത്ത് നിലത്തുവെച്ച് ഉമ്മറത്തു തന്നെ നിന്നിരുന്ന അന്നേച്ചിക്കും ആര്യക്കും അപ്പുവിനും നമസ്കാരം പറയാൻ ഞാൻ മറന്നില്ല. തലയിലൂടെ തണുത്ത വെള്ളം ഒഴിക്കുമ്പോൾ കുളിമുറിക്കു പുറത്തുനിന്ന് രണ്ടാം ക്ളാസ്സിൽ പഠിക്കുന്ന അപ്പു ചോദിക്കുന്നതു കേട്ടു “അമ്മേ ചേച്ചി ഇന്നിവിടെ കിടക്ക്വോ? ” എന്ന്. നാടൻ രുചിയുള്ള ഭക്ഷണം കഴിഞ്ഞ് ക്യാരംസ് കളിക്കാൻ ഇരിക്കുമ്പോൾ BHUൽ BSc(H) Statistics പഠിക്കുന്ന ആര്യയോട് വിശേഷങ്ങൾ ചോദിക്കാൻ തിടുക്കമായിരുന്നു എനിക്ക്. വൈകീട്ട് സൈക്കിളിൽ അടുത്തുള്ള മിന്നു ചേച്ചിയുടെ വീട്ടിൽ എന്നെ കൊണ്ടുപോകാൻ ആര്യക്കും.
ദിവസങ്ങൾ കടന്നുപോകുമ്പോൾ കൊറോണ അതിന്റെ മൂർദ്ധന്യത്തിലേക്ക് പിടിമുറുക്കുന്നത് ഞാനറിഞ്ഞു. അതുകോണ്ടുതന്നെ പുറത്തധികം പോകേണ്ട എന്നു തന്നെ ശ്രീകൃഷ്ണേട്ടൻ പറഞ്ഞു. അതിൽ ഞാൻ തൃപ്തയായിരുന്നെങ്കിലും എന്നെ എങ്ങോട്ടും കൊണ്ടു പോകാൻ പറ്റാത്തതിലുള്ള നീരസം ആര്യക്കും അന്നേച്ചിക്കും ഉണ്ടായിരുന്നു. തെല്ല് ആശങ്കയോടെ ആണെങ്കിലും അടുത്തുള്ള വിശ്വനാഥ ക്ഷേത്രത്തിലും, സങ്കട് മോചനിലും, ദുർഗ്ഗാക്ഷേത്രത്തിലും അവർ എന്നെ കൊണ്ടുപോയി.
തണുത്ത മാർബിൾ പതിച്ച ക്ഷേത്രാങ്കണത്തിലൂടെ നടക്കുമ്പോൾ മനസ്സിൽ ചിന്ത മറ്റു പലതുമായിരുന്നു. ഫോട്ടോകളെല്ലാം കൃത്യമായി സ്റ്റാറ്റസ് ഇടുന്നതു കൊണ്ടും, സുരക്ഷിതത്വമുള്ള ഒരിടത്തായതുകൊണ്ടും,ഹോളി ആഘോഷിക്കാൻ പോയ ഒറ്റ മകളുടെ കാര്യം ഓർത്ത് നാട്ടിലുള്ള അച്ഛനും അമ്മക്കും വേവലാതി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഹോളികാ ദഹൻ കാണുമ്പോഴും, അടുത്തുള്ള ദീദീമാരുടെ വീട്ടിൽ പോയി മുഖമാകെ മഞ്ഞയിൽ കുളിച്ച് സെൽഫിയെടുക്കുമ്പോഴും ആദ്യ ഹോളിയുടെ അമ്പരപ്പും, കൗതുകവും എന്നിൽ നിന്ന് വിട്ടുമാറിയില്ല. ഗുജിയയും, ഗുലാബ് ജാമുനും പേരറിയാത്ത ഒരുപാട് മധുരപലഹാരങ്ങളും കഴിച്ച് മതിമറക്കുമ്പോഴും ഡൽഹിയിൽ തനിച്ചുള്ള ഗായത്രിയും, പടർന്നു കയറുന്ന രോഗവും മനസ്സിൽ നീറ്റലായിരുന്നു.
ചരിത്ര പുസ്തകത്തിൽ വായിച്ചു പഠിച്ച സാരനാഥിലെ സാഞ്ചി സ്തൂപം നേരിട്ടു കാണുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം അവിടെ വന്ന വിദേശികളെ കണ്ടപ്പോൾ തെല്ലൊന്ന് കുറഞ്ഞെന്ന് പറയാതെ വയ്യ. കാരണം മേൽ പറഞ്ഞ നീറ്റലിന്റെ ഉറവിടം അവിടമായിരുന്നല്ലോ! അവിടം ഒന്നു ഓട്ട പ്രദക്ഷിണം നടത്തി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കൈകൾ കഴുകാൻ മത്സരം തന്നെയായിരുന്നു!
വൈറസ് ബാധയെ തുടർന്ന് യൂണിവേർസിറ്റികളെല്ലാം അടച്ചെന്ന സന്ദേശം വന്നതിലൂടെ തിരിച്ച് ഡൽഹിയിലേക്ക് എടുത്ത ടിക്കറ്റ് കാൻസൽ ചെയ്യാൻ സ്വാഭാവികമായി ഞാൻ നിർബന്ധിതയായി. നാട്ടിലേക്കു പോകുന്നില്ലെന്ന് പറഞ്ഞ സുഹൃത്തുക്കളെല്ലാം “ഞാൻ നാട്ടിലെത്തി” എന്ന് വിളിച്ചു പറഞ്ഞു. മനസ്സിന്റെ ഏതോ കോണിൽ കിടന്നിരുന്ന ആ മോഹം വീണ്ടും മിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. പക്ഷെ തിരിച്ചുള്ള ടിക്കറ്റ് കാൻസൽ ചെയ്തതോടെ ആ മോഹം ഞാൻ ഉപേക്ഷിച്ചു.
ഡൽഹിയിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ്സിൽ വീണ്ടും കയറിയപ്പോൾ ഞാൻ ഓർത്തു, ശ്രീകൃഷ്ണേട്ടനും കുടുംബവും നാട്ടിലേക്കു പോയാലോ എന്ന് ചിന്തിച്ചതും, ഗായത്രി നാട്ടിലേക്കുള്ള ഫ്ളൈറ്റ് ബുക്ക് ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞതും, കാൻസൽ ചെയ്ത ദിവസം തന്നെ ടിക്കറ്റ് എടുത്ത് നാട്ടിലേക്കുള്ള ഫ്ളൈറ്റ് ഞാനും ഗായത്രിയും ബുക്ക് ചെയ്തതും എല്ലാം! എല്ലാ വിദേശികളും വന്നിറങ്ങുന്ന നെടുമ്പാശേരിയിലേക്ക് ടിക്കറ്റ് എടുത്തപ്പോൾ ചിന്ത കുറഞ്ഞ വിമാനനിരക്കിൽ മാത്രമായിരുന്നു. പക്ഷെ ട്രെയിനിൽ ചുറ്റും മാസ്കുകൾ ധരിച്ച മനുഷ്യക്കോലങ്ങൾ ഇരിക്കുമ്പോൾ എന്നിൽ അരിച്ചു കയറുന്ന ഭീതി ഞാൻ തിരിച്ചറിഞ്ഞു. പിണങ്ങി നിന്ന് യാത്രയാക്കിയ അപ്പുവിനേയും, രാത്രി സിനിമകൾ കാണാൻ ഒപ്പമിരുന്ന ആര്യയേയും, നല്ല ഭക്ഷണം വെച്ചു തന്ന അന്നേച്ചിയേയും, സുരക്ഷിതമായി നോക്കിയ ശ്രീകൃഷ്ണേട്ടനേയും ആ നിമിഷം ഞാൻ ഒരു വിങ്ങലോടെ ഓർത്തു.
ന്യൂഡൽഹിയിൽ വന്നിറങ്ങുമ്പോൾ അർധരാത്രിയിൽ മെട്രോ പിടിച്ചു കൂട്ടിനു വന്ന ഗായത്രിയും പാർവ്വതി ചേച്ചിയും മാസ്കുകളും, സാനിറ്റൈസർ കുപ്പികളും മറന്നിട്ടില്ലെന്ന് ഞാൻ ശ്രദ്ധിച്ചു. തിരിച്ച് പിജിയിൽ എത്തി പിറ്റേന്ന് നാട്ടിലേക്കു പോകാൻ പാക്ക് ചെയ്യുമ്പോഴും അടങ്ങാത്ത ഭീതി എന്നെ പിടിമുറുക്കിയിരുന്നു. ഭീതിക്ക് ആക്കം കൂട്ടി അറിയിപ്പും; എയർപോർട്ടിൽ പരിശോധന ഉണ്ടെന്നും ആർക്കെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവരെ എൈസൊലേഷൻ വാർഡിലേക്ക് അപ്പോൾ തന്നെ കൊണ്ടുപോകുമെന്നും. അതിസാഹസികമായ ഒരു യാത്ര എന്നു തന്നെ വിശേഷിപ്പിക്കാം.
മെട്രൊ വഴി എയർപോർട്ടിലേക്ക് പോകുമ്പോഴും, അവിടെ എത്തി ചെക്ക് ഇൻ ചെയ്യുമ്പോഴും എല്ലാം ഉള്ള പേടി, അതേ വിമാനത്തിൽ തന്നെ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ യാത്ര ചെയ്യുന്നുണ്ടെന്നറിഞ്ഞതോടെ ഇരട്ടിയായി. കൊച്ചിയിൽ ഇറങ്ങി എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന കാഴ്ച്ച തന്നെ ഒരു തുടർക്കഥയെന്നോണം മനസ്സിൽ അലയടിച്ചു. ലാത്വിയയിൽ നിന്നു വന്ന മലയാളി ആണ് അടുത്ത സീറ്റിലെന്നറിഞ്ഞപ്പോൾ കാണാൻ വിചാരിച്ച സിനിമ വേണ്ടെന്നുവച്ച് പതിവില്ലാത്ത മയക്കത്തിലേക്ക് പോയി ഞാൻ. ഒരുപക്ഷെ ആദ്യമായായിരിക്കും പുറംനാട്ടിൽ ചെന്ന് ഒരു മലയാളിയെ കണ്ട് നാട്ടിൽ എവിടാ എന്ന് പോലും ചോദിക്കാതെയിരിക്കുന്നത്! സാനിറ്റൈസർ ഇടക്കിടക്ക് ആ ഓറഞ്ച് മണം പരത്തിക്കൊണ്ടിരുന്നിരുന്നു. ഇടക്കെപ്പോഴോ പേടികൊണ്ടെന്നപോലെ മാസ്കിനടിയിൽ വരിയറിയാത്ത ഒരു പാട്ട് ഞാൻ മൂളിക്കൊണ്ടിരുന്നു. അടുത്ത സീറ്റല്ലാത്തതിനാൽ ഗായത്രി എന്തു ചെയ്യുകയാവുമെന്ന് ഞാൻ ചിന്തിച്ചു. ഇതിനെല്ലാം മുന്നെ തന്നെ നാട്ടിൽ എത്തിയ മാളുവിനോടും, ഗൗരിയോടും, നേഹയോടും, കെ. പിയോടും എല്ലാം അപ്പോൾ എനിക്ക് അസൂയ തോന്നി. വിശപ്പ് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാസ്ക് ഊരാൻ പേടിച്ച് ബാഗിലിരിക്കുന്ന ബിസ്ക്കറ്റ് സൗകര്യപൂർവ്വം ഞാൻ മറന്നു.
നാട്ടിലെ മണ്ണിൽ വിമാനം ഇറങ്ങിയാൽ ചിരിക്കുന്ന ഞാൻ അന്ന് ഒന്നു നടുങ്ങുകയാണുണ്ടായത്. പടികളിറങ്ങി എയർപ്പോർട്ടിലേക്ക് നടക്കുമ്പോൾ കാലുകൾ ആരോ പിടിച്ചു വെക്കുന്നപോലെ അനുഭവപ്പെട്ടു. എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു കാണണ്ട എന്ന് വിചാരിച്ച് വീട്ടിൽ നിന്നും ആരോടും വരണ്ട എന്നു ആദ്യമേ ഞാൻ പറഞ്ഞിരുന്നു. അതവരോട് പറഞ്ഞില്ല എന്നതാണ് സത്യം.
ഒരുപാട് മലയാളികൾ പരസ്പരമറിയാത്തവരെപ്പോലെ നടക്കുന്നു. വിചിത്രമായ കാഴ്ച്ച. എല്ലാവരുടെയും മുഖങ്ങളിൽ മാസ്കുകൾ, ചിലർക്ക് കൈയ്യുറകൾ. ചുറ്റും നിശ്ശബ്ദത. ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ബാഗേജുമായി പുറത്തേക്കു നടന്നു. നിരന്തരമായ ഫോൺ കോളുകൾ, പരിശോധന കഴിഞ്ഞോ എന്നറിയാനാണ്. പരിശോധനക്കു വേണ്ടി വരിയിൽ നിൽക്കുമ്പോൾ ഗായത്രിയോടു ഞാൻ എന്തൊക്കെയോ പിറുപിറുക്കുന്നു ണ്ടായിരുന്നു. എന്തുകോണ്ടോ അമ്മയോടു വിളിച്ചു നന്നായി പ്രാർത്ഥിച്ചോളാൻ ഞാൻ പറഞ്ഞു. എന്റെ ഊഴം എത്തിയപ്പോൾ സകല ദൈവങ്ങളേയും വിളിച്ചു ഞാൻ എന്റെ നെറ്റി കാണിച്ചു കൊടുത്തു. എനിക്കു മുന്നെ നിന്ന ഒരുപാടു പേരെ ഡോക്ടറുടെ അടുത്ത് പറഞ്ഞയക്കുന്നതു ഞാൻ കണ്ടു. ചുവന്ന നേരിയ വെളിച്ചമുള്ള ആ തെർമോമിറ്റർ എന്റെ നേർക്കു ചൂണ്ടി…. ഹ്രസ്വമായ നിശ്ശബ്ദതക്കു ശേഷം ആ മനുഷ്യൻ പറഞ്ഞു നിങ്ങൾക്കു പോകാം! നിന്ന നിൽപ്പിൽ ഞാൻ ഉറക്കെ ചിരിച്ചു കൂടെ ഗായത്രിയും വന്നപ്പോൾ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു; മനസ്സുകൊണ്ട്. വീട്ടിലേക്കു വിളിച്ചപ്പോൾ കരഞ്ഞു പ്രാർത്ഥിക്കുന്ന അമ്മയെയാണ് ആദ്യം ആശ്വസിപ്പിക്കേണ്ടി വന്നത്. പുറത്ത് കാത്തുനിന്ന ഗായത്രിയുടെ അച്ഛനും, അച്ഛച്ഛനും, അനിയത്തിയും കാറിൽ ബസ് സ്റ്റോപ്പ് വരെ വന്നു. മണിക്കൂറുകൾ കാത്തു നിന്ന് എന്നെ കോഴിക്കോട് ബസ്സിൽ കയറ്റി വിട്ടു. തിരക്കുനിറഞ്ഞ ആ ബസ്സിൽ ആളൊഴിഞ്ഞ ഒരു ചെറിയ സ്ഥലത്തു ഒതുങ്ങിക്കൂടി നീണ്ട രണ്ടര മണിക്കൂർ. ദാഹം സഹിക്കാതെ കുപ്പിയെടുത്തപ്പോൾ തൊണ്ടനനയ്ക്കാൻ കിട്ടിയ ഒരിറ്റു വെള്ളം. ആശങ്കൾക്കും, ആശയകുഴപ്പങ്ങൾക്കും ഇടയിൽ എടപ്പാളിൽ ബസ്സിറങ്ങുമ്പോൾ കൊണ്ടുപോകാനായ് വന്ന അമ്മ ഓടി വന്നില്ല, കെട്ടിപ്പിടിച്ചില്ല; ഞാനും. കാറുമായി വന്ന കുട്ടേട്ടൻ ബാഗെടുത്ത് വണ്ടിയിൽ വെച്ചു. എല്ലാവരും അകലം പാലിക്കാൻ പഠിച്ചിരിക്കുന്നുവെന്ന് സന്തോഷത്തോടെ ഞാൻ തിരിച്ചറിഞ്ഞു. വീട്ടിൽ ചെന്ന് ഡെറ്റോളിൽ മുങ്ങി കുളി കഴിഞ്ഞ്, കൊണ്ടുവന്ന ഓരോ വസ്തുക്കളും സാനിറ്റൈസ് ചെയ്ത് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിച്ചു ഞാൻ നാട്ടിലെത്തിയിരിക്കുന്നു!
14 ദിവസവും വീട്ടിലിരിക്കാൻ ഞാൻ മടിച്ചില്ല, കാരണം ആശുപത്രി എൈസൊലേഷൻ പ്രതീക്ഷിച്ച ഒരാൾക്ക് വീട്ടിലിരിക്കാൻ എന്ത് ബുദ്ധിമുട്ട്!
നാട്ടിലേക്ക് വരാൻ ധൈര്യം പകർന്ന വല്ല്യച്ഛനും, പേടി കൊണ്ട് വരണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് കൂടെ നിന്ന അച്ഛനും ഒരുപാട് കടപ്പാട്. പഠിച്ച പാഠങ്ങളും, ലഭിച്ച അനുവങ്ങളും പങ്കിടാൻ ഈ അനിശ്ചിതത്വം കാരണമായതിൽ സന്തോഷിക്കുന്നു..
അനിശ്ചിതത്വം തുടരട്ടെ……
ആശങ്കകൾക്കറുതി വരുത്താൻ……
വളരെ നല്ല ഒരു യാത്രാ വിവരണം… നന്നായി എഴുതിയിട്ടുണ്ട്… ഇനിയും എഴുത്ത് തുടരുക… എല്ലാവിധ ആശംസകളും നേരുന്നു
വിവരണം നന്നായിട്ടുണ്ട്. ഇനിയും എഴുതാൻ സമയം കണ്ടെത്തണം
വളരെ നന്നായി എഴതിയിരിക്കുന്നു. ആശംസകൾ
Well written Anagha. There may be several others, who had to venture out, having similar or other experiences. This should be an inspiration for them to come out of their shells.
അസ്സലായി വിവരണം. ഇനിയും എഴുതുക.
വളരെ വിശദമായി എഴുതിയ യാത്രാ വിവരണം. അനമോദനങ്ങൾ
അനഘ,
വിവരണം നന്നയിട്ടുണ്ട്, ഇനിയും എഴുതണം.